വിഷ്ണു വിശാൽ, വിക്രാന്ത് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഐശ്വര്യ രജിനികാന്ത് സംവിധാനം ചെയ്യുന്ന 'ലാൽ സലാം' എന്ന ചിത്രത്തിന്റെ ടീസർ പുറത്തു വിട്ട് അണിയറ പ്രവർത്തകർ. ചിത്രം അടുത്ത വർഷം പൊങ്കലിന് തിയറ്ററുകളിലെത്തും. ചിത്രത്തിൽ അഥിതി വേഷത്തിലാണ് രജനീകാന്ത് എത്തുന്നത്. ക്രിക്കറ്റിനെ അടിസ്ഥാനമാക്കിയുള്ള ഒരു സ്‌പോർട്‌സ് ഡ്രാമയായി ഒരുങ്ങുന്ന ചിത്രത്തിൽ കപിൽ ദേവും അതിഥി വേഷത്തിൽ എത്തുന്നു എന്ന് റിപ്പോർട്ടുകൾ ഉണ്ട്. ലെെക്ക പ്രൊഡക്ഷൻസാണ് ചിത്രം നിർമിക്കുന്നത്. 2015 ൽ പുറത്തിറങ്ങിയ വയ് രാജ വയ് ആണ് ഐശ്വര്യ സംവിധാനം ചെയ്ത അവസാന ചിത്രം. എട്ട് വർഷത്തിന് ശേഷം ഐശ്വര്യ ഫീച്ചർ ഫിലിം സംവിധാനത്തിലേക്ക് തിരിച്ചെത്തുന്ന സിനിമ കൂടിയാണ് ലാൽ സലാം.
ചിത്രത്തിന്റെ തിരക്കഥ നിർവഹിച്ചിരിക്കുന്നതും ഐശ്വര്യ തന്നെയാണ്. മൊയ്തീൻ ഭായ് എന്ന കഥാപാത്രമായാണ് ചിത്രത്തിൽ രജനികാന്ത് എത്തുന്നത്. ചിത്രത്തിന് സംഗീതം നൽകുന്നത് എ ആർ റഹ്മാനാണ്. പ്രവീൺ ഭാസ്‌കർ എഡിറ്റിംഗ് നിർവഹിക്കുന്നു. വിഷ്ണു രംഗസാമിയാണ് ഛായാഗ്രഹണം. ഐശ്വര്യ രജിനികാന്തിന്റെ നാലാമത്തെ സിനിമയാണ് ലാൽ സലാം. സെന്തിൽ, ജീവിത, തമ്പി രാമയ്യ, അന്തിക സനിൽ കുമാർ, വിവേക് പ്രസന്ന, തങ്കദുരെെ തുടങ്ങിയവരാണ് ചിത്രത്തിൽ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
രജിനികാന്തിന്റെയായി ഏറ്റവും ഒടുവിൽ തിയേറ്ററുകളിലെത്തിയ ചിത്രം നെൽസൺ ദിലീപ് കുമാർ സംവിധാനം ചെയ്ത ജയിലറാണ്. സൺ പിക്ചേഴ്സിന്റെ ബാനറിൽ കലാനിധി മാരൻ നിർമിച്ച ജയിലർ ഓഗസ്റ്റ് 10 നാണ് തിയറ്ററുകളിൽ എത്തിയത്. മികച്ച പ്രതികരണം നേടിയ ചിത്രം ബോക്സ് ഓഫീസിൽ നിന്ന് 500 കോടിയിലധികം വാരികൂട്ടിയിരുന്നു. ചിത്രത്തിൽ മുത്തുവേല്‍ പാണ്ട്യനെന്ന കഥാപാത്രത്തെയാണ് രജനികാന്ത് അവതരിപ്പിച്ചത്.