വർഷങ്ങൾക്ക് ശേഷം ലൈംഗിക ആരോപണം നടത്തുന്നതിൽ അർത്ഥമില്ലന്ന് തിരക്കഥാകൃത്തും സംവിധായകനുമായ അടൂർ ഗോപാലകൃഷ്ണൻ. അധികം പേരും യുവത്വത്തിന്റെ ചാപല്യങ്ങളിൽ പെട്ട് ചിലപ്പോൾ വല്ല അവിവേകങ്ങളും ചെയ്തിട്ടുണ്ടാകും. അതിനെ ഇപ്പോൾ എടുത്തുവെച്ച് അയാളെ ആത്മഹത്യയ്ക്ക് പ്രേരിപ്പിക്കുന്നതിന്റെ ആവശ്യമുണ്ടോ? വിട്ടുവീഴ്ച്ച ചെയ്യണോ വേണ്ടയോ എന്ന് തീരുമാനിക്കേണ്ടത് ആർട്ടിസ്റ്റാണ്. അമിതമായ മോഹങ്ങൾ ഉണ്ടാകുമ്പോഴാണ് ഒത്തുതീർപ്പുണ്ടാകുന്നതെന്ന് അടൂർ ഗോപാലകൃഷ്ണൻ അമൃത ടി വി യോട് പറഞ്ഞു. ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവിട്ടതിന് പിന്നാലെ മുതിർന്ന നടന്മാർക്കും സംവിധായകർക്കുമെതിരെ ലൈംഗീക ആരോപണങ്ങൾ ഉയർന്നിരുന്ന പശ്ചാത്തലത്തിലാണ് സംവിധായകന്റെ പ്രതികരണം. വരും ദിവസ്സങ്ങളിൽ ഈ വിഷയങ്ങളിൽ കൂടുതൽ നടപടികൾക്ക് ഒരുങ്ങുകയാണ് സംസ്ഥാന സർക്കാർ.
അടൂർ ഗോപാലകൃഷ്ണൻ പറഞ്ഞത്:
വിട്ടുവീഴ്ച്ച ചെയ്യണോ വേണ്ടയോ എന്ന് തീരുമാനിക്കേണ്ടത് ആർട്ടിസ്റ്റാണ്. അമിതമായ മോഹങ്ങൾ ഉണ്ടാകുമ്പോഴാണ് ഒത്തുതീർപ്പിന് തയ്യാറാകുന്നത്. അതിന് തയ്യാറായിട്ട് പിന്നീട് പരാതിയുമായി ചെന്നിട്ട് കാര്യമില്ല. സിനിമാ മേഖലയിലുള്ള എല്ലാവരും ഒരേ സ്വഭാവക്കാരല്ല. എല്ലാവരെയും ഒരേ കണ്ണുകളോടെ നമ്മൾ കാണരുത്. ചിലരുടേത് അവരുടെ കുട്ടിക്കാലത്തെ അബദ്ധ സഞ്ചാരമാകാം. എല്ലാം കഴിഞ്ഞ് അവർ യോഗ്യരായി ജീവിക്കുമ്പോഴാണ് ഈ കേസുകൾ അവർക്കെതിരെ വരുന്നത്. അനുഭവങ്ങളിലൂടെ മനുഷ്യൻ മാറുന്നുണ്ട്. 25 വർഷങ്ങൾക്ക് മുൻപ് ഒരാളോട് മോശമായി പെരുമാറി എന്ന് പറഞ്ഞ് ഇപ്പോൾ വരുന്നതിൽ അർത്ഥമുണ്ടെന്ന് തോന്നുന്നില്ല. അയാൾ ഇപ്പോഴും ജീവിക്കുന്നത് അങ്ങനെയാണെങ്കിൽ ശരി. അധികം പേരും യുവത്വത്തിന്റെ ചാപല്യങ്ങളിൽ പെട്ട് ചിലപ്പോൾ വല്ല അവിവേകങ്ങളും ചെയ്തിട്ടുണ്ടാകും. അതിനെ ഇപ്പോൾ എടുത്തുവെച്ച് അയാളെ ആത്മഹത്യയ്ക്ക് പ്രേരിപ്പിക്കുന്നതിന്റെ ആവശ്യമുണ്ടോ?
ഓരോ പ്രവർത്തിക്കും നല്ലതും ചീത്തയുമായ വശങ്ങളുണ്ട്. ഞാനൊരു മാനുഷിക വശമാണ് പറഞ്ഞത്. ഒരു പ്രായത്തിൽ തെറ്റ് ചെയ്തിട്ടുണ്ടാകാം. അതിന് വാർദ്ധക്യത്തിൽ ക്രൂശിലേറ്റണോ? അയാൾ ചിലപ്പോൾ അതിന് ശേഷം നല്ലൊരു യോഗ്യനായ വ്യക്തിയായി ജീവിക്കുകയായിരിക്കാം. ഇപ്പോൾ ഇങ്ങനെ ഒരു കേസ് പറഞ്ഞ് അയാളെ അപമാനിക്കേണ്ട ആവശ്യമുണ്ടോ എന്നെനിക്ക് അറിയില്ല. ഉറക്കെ ചിന്തിച്ചെന്നേ ഉള്ളൂ. ഞാൻ അതിനെ കാണുന്നത് അങ്ങനെയാണ്.