ജീവിതത്തിലെ ഏറ്റവും വലിയ പ്രതിസന്ധിയിൽ കൂടെ നിന്ന പി ടി തോമസിനെ ഒരിക്കലും മറക്കാനാവില്ലെന്ന് നടി ഭാവന. ഒരുപാധികളുമില്ലാതെ മറ്റൊരാളുടെ പ്രശ്നത്തിൽ കൂടെ നിൽക്കാൻ വലിയ മനസ് തന്നെ വേണം അത്തരത്തിലൊരാളായിരുന്നു അദ്ദേഹം എന്നും അതുകൊണ്ട് തന്നെ അദ്ദേഹത്തെ തനിക്കും തന്റെ കുടുംബത്തിനും ഒരിക്കലും മറക്കാൻ സാധിക്കില്ലെന്നും ഭാവന പറയുന്നു. ഈ ചടങ്ങിന് വേണ്ടി അദ്ദേഹത്തിന്റെ ഭാര്യ ഉമ ചേച്ചി വിളിക്കുമ്പോൾ എനിക്ക് അദ്ദേഹം വിളിക്കുന്നത് പോലെയാണ് തോന്നിയത് എന്നും അതുകൊണ്ട് തന്നെ ഈ ചടങ്ങിന് വരണം എന്നത് ഒരുപാട് ആഗ്രഹം തോന്നിയ കാര്യമായിരുന്നു എന്നും ഭാവന പറഞ്ഞു. തൃക്കാക്കര മണ്ഡലത്തിൽ സംഘടിപ്പിച്ച ആശാപ്രവർത്തകർക്ക് ഹൃദയാഭിവാദ്യം എന്ന പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു ഭാവന.
ഭാവന പറഞ്ഞത്:
ഉമ ചേച്ചി ഇങ്ങനെയയൊരു കാര്യം കണ്ടക്ട് ചെയ്ത് എന്നെ വിളിച്ചപ്പോൾ എനിക്ക് വരണമെന്ന് താൽപര്യമുണ്ടായിരുന്നു. പക്ഷേ പല കാരണങ്ങളാൽ ഡേറ്റ് മാറിപ്പോയപ്പോഴൊക്കെ എനിക്ക് തോന്നിയിരുന്നു ഷൂട്ടിന്റെ ഡേറ്റ് പ്രശ്നമാകുമോ, എനിക്ക് ബാംഗ്ലൂർക്ക് പോകേണ്ടി വരുമോ എന്ന്. പക്ഷേ എങ്ങനെയൊക്കെയോ ഭാഗ്യം കൊണ്ട് ഡേറ്റ് മാറിയാലും ഇത് കറക്ടായി സംഭവിച്ചു. എനിക്ക് ഇതിന്റെയൊരു ഭാഗമാകാൻ പറ്റി. പി ടി തോമസ് സാറിനെ എനിക്ക് ഒരിക്കലും മറക്കാൻ സാധിക്കില്ല, എന്റെ ജീവിതത്തിൽ ഒരു പ്രതിസന്ധിയുണ്ടായപ്പോൾ എന്റെ കൂടെ വളരെ ശക്തമായി തന്നെ നിന്ന ഒരു ആളാണ് അദ്ദേഹം. എനിക്ക് തോന്നുന്നു, നമ്മുടെ ജീവിതത്തിൽ മറ്റൊരാളുടെ പ്രശ്നത്തിൽ വളരെ അൺകണ്ടീഷണലായി കൂടെ നിൽക്കുന്ന ഒരുപാട് പേരെ നമുക്ക് കണ്ടുമുട്ടാൻ പറ്റില്ല. അങ്ങനെ നിൽക്കാൻ ഒരു മനസ്സ് വേണം. അതുകൊണ്ട് തന്നെ പി ടി തോമസ് സാറിനെ എനിക്കും എന്റെ ഫാമിലിക്കും ഒരിക്കലും മറക്കാൻ പറ്റില്ല. സാറിന്റെ വെെഫ് ഉമ ചേച്ചി വിളിക്കുമ്പോൾ എനിക്ക് അത് സാറ് വിളിക്കുന്നത് പോലെ തന്നെയാണ്. അതുകൊണ്ട് തന്നെ ഇവിടെ വരണം എന്നുള്ളത് മനസ്സിൽ ഒരുപാട് ആഗ്രഹം തോന്നിയ കാര്യമായിരുന്നു.