കൊച്ചിയിൽ സിനിമാ ചിത്രീകരണത്തിനിടെ കാറപടകത്തിൽ അഞ്ചു പേര്‍ക്ക് പരിക്ക്. നടന്‍മാരായ അര്‍ജുന്‍ അശോക്, സംഗീത് പ്രതാപ്, മാത്യു തോമസ് അടക്കം അഞ്ചു പേർക്കാണ് പരിക്കേറ്റത്. ബ്രോമാൻസ് എന്ന സിനിമയുടെ ചിത്രീകരണത്തിനിടെയാണ് അപകടം നടന്നത്. ചിത്രത്തിലെ ചേസിങ് രംഗം ചിത്രീകരിക്കുന്നതിനിടയിലായിരുന്നു അപകടം. കൊച്ചി എം.ജി റോഡിൽ വെച്ചുണ്ടായ അപകടത്തിൽ മൂവർക്കും നേരിയ പരിക്കേറ്റു.
നടൻമാരായ അർജുൻ അശോകും സംഗീത് പ്രതാപും, മാത്യു തോമസും സഞ്ചരിച്ച കാർ തലകീഴായി മറിയുകയായിരുന്നു. ചിത്രത്തിന്റെ സ്റ്റണ്ട് മാസ്റ്ററായിരുന്നു കാറോടിച്ചിരുന്നത്. പുലര്‍ച്ചെ 1.30 ഓടെയാണ് അപകടമുണ്ടായത്. വഴിയില്‍ നിര്‍ത്തിയിട്ട രണ്ടു ബൈക്കുകളില്‍ കാര്‍ തട്ടിയപ്പോള്‍ ബൈക്ക് യാത്രക്കാരായ രണ്ടു പേര്‍ക്കും പരിക്കേറ്റു. അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നു. നിയന്ത്രണം വിട്ട കാര്‍ തലകീഴായി മറിയുകയും മുന്നിലുണ്ടായിരുന്ന കാറിലിടിക്കുകയും ചെയ്തു. ഈ കാര്‍ റോഡരികില്‍ നിര്‍ത്തിയിട്ടിരുന്ന ഫുഡ് ഡെലിവറി ബോയുടെ ബൈക്കിലിടിച്ചു. തലകീഴായി മറിഞ്ഞ കാര്‍ മുന്നോട്ട് നീങ്ങി ബൈക്കുകളിലും ഇടിച്ചാണ് നിന്നത്.
അർജുൻ അശോകൻ, മാത്യു തോമസ്, മഹിമ നമ്പ്യാർ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി അരുൺ ഡി ജോസ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ബ്രോമാൻസ്. ആഷിക് ഉസ്മാൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ ആഷിക് ഉസ്മാൻ ആണ് ചിത്രം നിർമിക്കുന്നത്. ജോ ആൻഡ് ജോ, 18+ എന്നീ ചിത്രങ്ങൾക്ക് ശേഷം അരുൺ ഡി ജോസ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ബ്രോമാൻസ്. കലാഭവൻ ഷാജോൺ, ബിനു പപ്പു, ശ്യാം മോഹൻ തുടങ്ങിയവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. അരുൺ ഡി ജോസ്, തോമസ് പി സെബാസ്റ്റ്യൻ, രവീഷ് നാഥ് എന്നിവർ ചേർന്നാണ് ചിത്രത്തിന്റെ തിരക്കഥ, സംഭാഷണം എഴുതുന്നത്. അഖിൽ ജോർജാണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിർവ്വഹിക്കുന്നത്. എഡിറ്റിംഗ് ചമൻ ചാക്കോ, സംഗീതം ഗോവിന്ദ് വസന്ത.
പ്രൊഡക്ഷൻ കൺട്രോളർ- സുധാർമ്മൻ വള്ളിക്കുന്ന്, മേക്കപ്പ്-റോണക്‌സ് സേവ്യർ, കോസ്റ്റ്യുംസ്- മഷർ ഹംസ, കലാസംവിധാനം - നിമേഷ് എം താനൂർ, ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ - റെജിവാൻ അബ്ദുൽ ബഷീർ, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്-സജി പുതുപ്പള്ളി, പ്രൊഡക്ഷൻ മാനേജർ -സുജിത്,ഹിരൺ, ഡിസൈൻസ്-യെല്ലോടൂത്ത്, സ്റ്റിൽസ്-വിഘ്‌നേശ്, കണ്ടന്റ് & മാർക്കറ്റിങ്, ഡിസൈൻ-പപ്പെറ്റ് മീഡിയ, പി ആർ ഒ-എ എസ് ദിനേശ്.