Film News

കൈതി 2 വിൽ റോളക്സ് ഉണ്ടാവുമോ? കാത്തിരുന്ന് കാണേണ്ട സസ്പെൻസിനെക്കുറിച്ച് ആരാധകർക്ക് മറുപടിയുമായി സൂര്യ

'കൈതി 2' വിൽ റോളക്‌സ് ഉണ്ടാവുമോയെന്ന ചോദ്യത്തിന് മറുപടിയുമായി നടൻ സൂര്യ. ലോകേഷ് കനകരാജിന്റെ സിനിമാറ്റിക് യൂണിവേഴ്‌സിന് തുടക്കം കുറിച്ച ചിത്രമായിരുന്നു കാർത്തി നായകനായി എത്തിയ 'കൈതി'. എൽസിയുവിന്റെ രണ്ടാമത്തെ ചിത്രമായ വിക്രം എന്ന ചിത്രത്തിൽ റോളക്സ് എന്ന കഥാപാത്രമായി സൂര്യ എത്തിയിരുന്നു. ഇതിന് പിന്നാലെയാണ് കൈതി 2 വിൽ സഹോദരന്മാർ ഇരുവരും ഒന്നിച്ചെത്തുമോ എന്ന ചോദ്യം ആരാധകരിൽ ഉടലെടുത്തത്. തന്റെ പുതിയ ചിത്രമായ 'കങ്കുവ'യുടെ റിലീസുമായി ബന്ധപ്പെട്ട് പിങ്ക് വില്ലയ്ക്ക് നൽകിയ അഭിമുഖത്തിൽ 'കൈതി 2' വിനെക്കുറിച്ചുള്ള ചോദ്യത്തിന് സൂര്യ മറുപടി പറഞ്ഞു.

'കൈതി 2' വിൽ കാർത്തിക്കൊപ്പം റോളക്സ് ഉണ്ടാവുമോയെന്ന ചോദ്യത്തിന് കാത്തിരുന്നു കാണാം എന്നാണ് സൂര്യ മറുപടി പറഞ്ഞത്. ഒപ്പം റോളക്സ് എന്ന കഥപാത്രം ഇത്രയും വലിയ തരത്തിൽ പ്രേക്ഷകർ ഏറ്റെടുക്കുമെന്ന് താൻ കരുതിയിരുന്നില്ലെന്നും ലോകേഷുമായി ചേർന്നുള്ള റോളക്സിന്റെ സ്റ്റാന്റ് എലോൺ സിനിമയും 'ഇരുമ്പുകൈ മായാവി'യും ചർച്ച നടക്കുകയാണെന്നും സൂര്യ പറഞ്ഞു.

സൂര്യ പറഞ്ഞത്:

ഒരു പകുതി ദിവസത്തെ ഷൂട്ട് മാത്രമായിരുന്നു റോളക്‌സിന്റേത്. പക്ഷേ അതിൽ നിന്നും ഇത്രമാത്രം സ്നേ​ഹം റോളക്സിന് ലഭിക്കുമെന്ന് ഞാൻ ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല. വിക്രമിന് ശേഷം ഒരു ദിവസം ഞാൻ ലോകേഷിനെ കണ്ടപ്പോൾ എന്തു കൊണ്ട് റോളക്സിനെ മാത്രം വച്ചു കൊണ്ട് ഒരു സിനിമ ചെയ്തു കൂടാ എന്ന് അദ്ദേഹം ചോദിച്ചത്. അതിനെക്കുറിച്ച് രണ്ടു മൂന്ന് ചർച്ചകളും ഞങ്ങൾ‌ക്കിടെയിൽ നടന്നിരുന്നു. അദ്ദേഹത്തിന്റെയും എന്റെയും കമ്മിറ്റ്മെന്റുകളുടെ പേരിലാണ് ഇത് നീണ്ടു പോകുന്നത്. നമുക്ക് നോക്കാം. അത് മാത്രമല്ല റോളക്സിനൊപ്പം ഇരുമ്പുകൈ മായാവിയും ഞങ്ങൾ ആലോചിക്കുന്നുണ്ട്. ഇതിൽ ഏതെങ്കിലും ഒന്ന് സംഭവിക്കുമായിരിക്കും. നിലവിലുള്ള കമ്മിറ്റ്മെന്റുകൾ കാരണം ഈ രണ്ട് കഥകളിൽ ഏത് എപ്പോൾ സംഭവിക്കുമെന്ന് കണ്ടറിയാം.

ശിവയുടെ സംവിധാനത്തിൽ സൂര്യ നായകനായി എത്തുന്ന 'കങ്കുവ' നവംബർ 14 നാണ് തിയേറ്ററുകളിൽ റിലീസ് ചെയ്യുന്നത്.സൂര്യയുടെ കരിയറിലെ ഏറ്റവും മുതല്‍ മുടക്കുള്ള ചിത്രമാണ് ഇത്. പീരിയോഡിക് 3D ചിത്രമായെത്തുന്ന കങ്കുവാ പത്ത് ഭാഷകളിലായാണ് റിലീസിനെത്തുന്നത്. ബോബി ഡിയോൾ, ദിഷാ പഠാണി എന്നിവരാണ് ചിത്രത്തിൽ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ആദി നാരായണയുടെ തിരക്കഥയ്ക്ക് മദന്‍ കര്‍ക്കിയാണ് സംഭാഷണമെഴുതുന്നത്. ദേവി ശ്രീ പ്രസാദ് സംഗീത സംവിധാനവും വെട്രി പളനിസാമി ഛായാഗ്രഹണവും നിര്‍വ്വഹിക്കുന്ന ചിത്രത്തിൽ വിവേകയും മദന്‍ കര്‍ക്കിയും ചേര്‍ന്നാണ് ഗാനരചന നിര്‍വ്വഹിക്കുന്നത്.

ആ സിനിമയുടെ പേരിൽ ഞാനും പ്രിയദർശനും വഴക്കു കൂടിയിട്ടുണ്ട്, പ്രതീക്ഷിച്ച ക്ലൈമാക്സ് ആയിരുന്നില്ല സിനിമയ്ക്ക്: ജഗദീഷ്

ലോക ടൂറിസം ഓർഗനൈസേഷനിൽ അഫിലിയേറ്റ് അംഗമായി ഐസിഎല്‍

ടൊവിനോ ചിത്രം 'നരിവേട്ട'യുടെ പേരിൽ വ്യാജ കാസ്റ്റിം​ഗ് കോൾ തട്ടിപ്പ്, ആളുകൾ ജാഗ്രത പാലിക്കണമെന്ന് സംവിധായകൻ അനുരാജ് മനോഹർ

ദേശീയ ദിനം: യുഎഇയില്‍ അവധി പ്രഖ്യാപിച്ചു

സിനിമയുടെ റിവ്യൂ പറയുന്നവരെ ചോദ്യം ചെയ്യാനാകില്ല, കാശ് കൊടുത്ത് സിനിമ കാണുന്നവന് റിവ്യൂ പറയാനുള്ള അവകാശമുണ്ട്: ആർ ജെ ബാലാജി

SCROLL FOR NEXT