ദേവസ്വം വകുപ്പ് മന്ത്രി കെ രാധാകൃഷ്ണന് പയ്യന്നൂരിൽ നേരിടേണ്ടി വന്ന ജാതിവിവേചനത്തിൽ മാപ്പ് പറഞ്ഞ് നടൻ സുബീഷ് സുധി. മനുഷ്യത്വത്തിന് മുന്നിൽ ജാതിയും മതവുമില്ലെന്ന് എന്നെപ്പഠിപ്പിച്ച പയ്യന്നൂരിൽ നിന്ന് താങ്കൾക്കുണ്ടായ ദുരനുഭവത്തിൻ വ്യക്തിപരമായി ഏറെ ഖേദം രേഖപ്പെടുത്തുന്നു എന്നും ഒപ്പം അങ്ങേയറ്റം രോഷവും പ്രതിഷേധവും അറിയിക്കുന്നു എന്നും ഫേസ്ബുക്കിൽ പങ്കുവച്ച പോസ്റ്റിൽ സുബീഷ് പറഞ്ഞു. പയ്യന്നൂർ പെരുമാൾക്ക് നേദിക്കാൻ മുസ്ലിം കുടുംബത്തിൽ നിന്ന് പഞ്ചസാര കൊണ്ടുവരുന്ന മത മൈത്രിയുടെ പാഠങ്ങൾ കണ്ടാണ് തങ്ങൾ വളർന്നത്. പലപ്പോഴായി ഞാൻ തൊഴാൻ പോയിട്ടുള്ള അമ്പലത്തിൽ നിന്ന് താങ്കൾക്ക് അനുഭവപ്പെട്ട വിവേചനം പുരോഗമന ചിന്ത വിത്തെറിഞ്ഞ നാട്ടിൽ നിന്നായതിൽ താൻ ലജ്ജിക്കുന്നു എന്നും ഇത്തരം വിഷക്കൂടുകൾ ശാന്തി നടത്തുന്ന അമ്പലത്തിൽ ഇനി താൻ പോകില്ലെന്നും സുബീഷ് പറയുന്നു. പയ്യന്നൂർ എന്ന് ഏതവസരത്തിലും ഉയിര് പോലെ ഉയർത്തിക്കാട്ടുന്ന എനിക്ക് താങ്കൾക്കുണ്ടായ പ്രയാസത്തിൽ അതീവ ദുഃഖമുണ്ട്. എന്നാൽ ഏതെങ്കിലും 2 കൃമികളുടെ ദുഷ്പ്രവൃത്തി നാടിന്റെ മുഖമായോ മനസ്സായോ ആരും ഉയർത്തിക്കാട്ടരുത് എന്നും സുബീഷ് സുധി പറഞ്ഞു.
സുബീഷ് സുധിയുടെെ ഫേസ്ബുക്ക് പോസ്റ്റ്
പ്രിയപ്പെട്ട സഖാവേ..
മനുഷ്യത്വത്തിന് മുന്നിൽ ജാതിയും മതവുമില്ലെന്ന് എന്നെപ്പഠിപ്പിച്ച പയ്യന്നൂരിൽ നിന്ന് താങ്കൾക്കുണ്ടായ ദുരനുഭവത്തിൻ വ്യക്തിപരമായി ഏറെ ഖേദം രേഖപ്പെടുത്തുന്നു. ഒപ്പം അങ്ങേയറ്റം രോഷവും പ്രതിഷേധവും അറിയിക്കുന്നു. പയ്യന്നൂർ പെരുമാൾക്ക് നേദിക്കാൻ മുസ്ലിം കുടുംബത്തിൽ നിന്ന് പഞ്ചസാര കൊണ്ടുവരുന്ന മത മൈത്രിയുടെ പാഠങ്ങൾ കണ്ടാണ് ഞങ്ങൾ വളർന്നത്. അമ്പലവും പള്ളിയും ചർച്ചും ഞങ്ങൾക്ക് കൂട്ടായ്മയുടെ തുരുത്തുകളാണ്. പലപ്പോഴായി ഞാൻ തൊഴാൻ പോയിട്ടുള്ള അമ്പലത്തിൽ നിന്ന് താങ്കൾക്ക് അനുഭവപ്പെട്ട വിവേചനം പുരോഗമന ചിന്ത വിത്തെറിഞ്ഞ നാട്ടിൽ നിന്നായതിൽ ഞാൻ ലജ്ജിക്കുന്നു.. ഇത്തരം വിഷക്കൂടുകൾ ശാന്തി നടത്തുന്ന അമ്പലത്തിൽ ഇനി ഞാൻ പോകില്ല. പയ്യന്നൂർ എന്ന് എതവസരത്തിലും ഉയിര് പോലെ ഉയർത്തിക്കാട്ടുന്ന എനിക്ക് താങ്കൾക്കുണ്ടായ പ്രയാസത്തിൽ അതീവ ദുഃഖമുണ്ട്. ഏതെങ്കിലും 2 കൃമികളുടെ ദുഷ്പ്രവൃത്തി നാടിന്റെ മുഖമായോ മനസ്സായോ ആരും ഉയർത്തിക്കാട്ടരുത്.. ഇത്തരം ചിന്താഗതിക്കാരെ ഒറ്റപ്പെടുത്തി വൈവിധ്യങ്ങളെ കണ്ണിചേർക്കാൻ നമുക്ക് സാധിക്കണം.. പ്രിയ രാധാകൃഷ്ണൻ സർ നിങ്ങൾക്കുണ്ടായ പ്രയാസത്തിന് മാപ്പ്.. മാപ്പ്..മാപ്പ്
ക്ഷേത്ര ഉദ്ഘാടന ചടങ്ങിൽ താൻ ജാതിവിവേചനം നേരിട്ടെന്ന് മന്ത്രി തന്നെയാണ് വെളിപ്പെടുത്തിയത്. ഒരു ക്ഷേത്രത്തിൽ ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്തപ്പോൾ ജാതിയുടെ പേരിൽ തന്നെ മാറ്റി നിർത്തിയെന്നാണ് മന്ത്രി തുറന്നു പറഞ്ഞത്. ഈ സമീപനത്തിന് അതേ വേദിയിൽ തന്നെ പ്രതിഷേധം അറിയിച്ചതായും മന്ത്രി പറഞ്ഞിരുന്നു. കോട്ടയത്ത് ഭാരതീയ വേലൻ സൊസൈറ്റിയുടെ സംസ്ഥാന സമ്മേളനത്തിൽ സംസാരിക്കുമ്പോഴായിരുന്നു മന്ത്രിയുടെ വെളിപ്പെടുത്തൽ. "ഞാന്‍ തരുന്ന പൈസയ്ക്ക് നിങ്ങള്‍ക്ക് അയിത്തമില്ല, എനിക്കാണ് നിങ്ങള്‍ അയിത്തം കല്‍പ്പിക്കുന്നത്. പൈസയ്ക്ക് മാത്രം അയിത്തമില്ല. ഏത് പാവപ്പെട്ടവനും കൊടുക്കുന്ന പൈസയ്ക്ക് അവിടെ അയിത്തമില്ല. ആ പൂജാരിയെ ഇരുത്തിക്കൊണ്ടു തന്നെ ഞാന്‍ പറഞ്ഞു" എന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.