ഹേമ കമ്മറ്റി റിപ്പോർട്ട് പുറത്തു വിടുന്നത് എന്തെങ്കിലും തരത്തിലുള്ള പ്രശ്നങ്ങൾ സൃഷ്ടിക്കുമെന്ന് തനിക്ക് തോന്നുന്നില്ല എന്ന് നടനും എം.എൽ.എയുമായ എം മുകേഷ്. ഹേമ കമ്മറ്റി മുമ്പാകെ നാല് മണിക്കൂറോളം താൻ സംസാരിച്ചിരുന്നു എന്നും മറ്റുള്ളവർ എന്താണ് കമ്മറ്റിയോട് പറഞ്ഞിട്ടുള്ളത് എന്ന് തനിക്ക് അറിയില്ല എന്നും മുകേഷ് പറഞ്ഞു. സിനിമയിൽ മാത്രമല്ല മറ്റ് എല്ലാ മേഖലകളിലും സ്ത്രീകൾ അനുഭവിക്കുന്ന പ്രശ്നങ്ങളെ ഗൗരവത്തോടെയാണ് കാണേണ്ടതാണ് എന്നും മാധ്യമങ്ങളോട് സംസാരിക്കവേ മുകേഷ് കൂട്ടിച്ചേർത്തു.
മുകേഷ് പറഞ്ഞത്:
ഇതൊന്നും ഈ പറയുന്നത് പോലെ ഒരു കാര്യവുമില്ലാത്ത സംഭവങ്ങളാണ് എന്നാണ് എനിക്ക് തോന്നുന്നത്. ഞാൻ റിപ്പോർട്ട് വായിച്ചിട്ടില്ല, പക്ഷേ ഹേമ കമ്മറ്റിയുടെ മുമ്പിൽ ഞാൻ നാല് മണിക്കൂർ സംസാരിച്ചിരുന്നു. ഇരുപത് മിനിറ്റാണ് അവർ എന്നോട് ആവശ്യപ്പെട്ടത്. അവിടെ എത്തിക്കഴിഞ്ഞ് നിങ്ങളുടെ ഇത്രയും സമയം കണ്ടെത്തിയതിനും സിനിമയിൽ ഇത്രയും എക്സ്പീരിയൻസുള്ള ആൾ എന്ന നിലയിൽ ഇത്രയും വിവരങ്ങൾ തന്നതിനും സന്തോഷമുണ്ട് എന്നാണ് അവർ എന്നോട് പറഞ്ഞത്. വേറെ ആൾക്കാർ എന്താണ് പറഞ്ഞത് എന്നൊന്നും എനിക്ക് അറിയില്ല. പക്ഷേ ഇത് പുറത്തു വന്നാൽ എന്തെങ്കിലും പ്രശ്നം ഉണ്ടാകുമെന്ന് എനിക്ക് തോന്നുന്നില്ല. അതെല്ലാം വളരെ കാര്യ ഗൗരവമുള്ള കാര്യങ്ങളാണ്. അതിപ്പോൾ സിനിമയിൽ മാത്രമല്ല എല്ലാ സ്ഥലത്തും സ്ത്രീകൾക്ക് പരിഗണനയും സ്ത്രീകളുടെ കാര്യങ്ങളെ അത്രയും ഗൗരവത്തോടെ കാണുകയും ചെയ്യേണ്ടതായിട്ടുണ്ട്.
അതേസമയം ഹേമ കമ്മറ്റി റിപ്പോർട്ട് പുറത്തുവിടുന്നത് തടയണമെന്നാവശ്യപ്പെട്ട് നടി രഞ്ജിനി ഹൈക്കോടതയിൽ ഹർജി നൽകിയിരുന്നു. ഇതിനെ തുടർന്ന് ഇന്നും റിപ്പോർട്ട് പുറത്തു വിടില്ല. റിപ്പോർട്ട് പുറത്തുവിടുന്നത് അനുവദിച്ചുകൊണ്ടുള്ള ഹൈക്കോടതി സിംഗിൾ ബെഞ്ച് ഉത്തരവിനെതിരെയാണ് നടി അപ്പീൽ നൽകിയത്. ഹർജി തിങ്കളാഴ്ച ഹൈക്കോടതി പരിഗണിക്കും. നടി രഞ്ജിനിയുടെ മൊഴിയും ഹേമ കമ്മറ്റി സ്വരൂപിച്ചിരുന്നു എന്നാൽ റിപ്പോർട്ടിൽ എന്താണ് എഴുതിയിരിക്കുന്നത് എന്നതിനെക്കുറിച്ച് തനിക്ക് അറിയില്ലെന്നും, അതിന്റെ പകർപ്പ് ബന്ധപ്പെട്ടവർ തന്നിട്ടില്ല. അതിലെന്താണ് എഴുതിയിരിക്കുന്നതെന്ന് തനിക്കറിയണമെന്നുമാണ് രഞ്ജിനി ആവശ്യം. ഹേമ കമ്മിറ്റി റിപ്പോർട്ട് ഓഗസ്റ്റിന് 17-ന് പുറത്തുവിടുമെന്നാണ് നേരത്തേ അറിയിച്ചിരുന്നത്. 233 പേജുള്ള റിപ്പോർട്ടാകും പുറത്തുവിടുക.