വയാനാട്ടിലെ ഉരുൾപൊട്ടൽ ദുരിതബാധിതരുടെ പുനരധിവാസത്തിനായി മൂന്ന് കോടി രൂപ പ്രഖ്യാപിച്ച് മോഹൻലാൽ തേതൃത്വം നൽകുന്ന വിശ്വശാന്തി ഫൗണ്ടേഷൻ. തീർച്ചയായും സ്ഥിതിഗതികൾ നിരീക്ഷിച്ച ശേഷം ആവശ്യമെങ്കിൽ വീണ്ടും ഫൗണ്ടേഷൻ പണം നൽകുമെന്നും രക്ഷപ്രവർത്തനത്തിന് നേതൃത്വം നൽകുന്ന എല്ലാവർക്കും ഹൃദയത്തിൽ നിന്ന് നന്ദി അറിയിക്കുന്നുവെന്നും മോഹൻലാൽ മാധ്യമങ്ങളോട് പറഞ്ഞു. ഇന്നാണ് ദുരന്തഭൂമി സന്ദർശിക്കാൻ മോഹൻലാൽ വയനാട്ടിലേക്ക് എത്തിയത്. ആർമി യൂണിഫോമിൽ സൈന്യത്തിനൊപ്പമായിരുന്നു മോഹൻലാലിന്റെ സന്ദർശനം. അതേ സമയം കഴിഞ്ഞ ദിവസം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 25 ലക്ഷം രൂപ മോഹൻലാൽ സംഭാവനയും നൽകിയിരുന്നു.
മോഹൻലാൽ പറഞ്ഞത്:
നമ്മുടെ രാജ്യം കണ്ടതിൽ വച്ച് ഏറ്റവും സങ്കടകരമായ കാഴ്ചകളാണ് കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ടിവിയിലും വാർത്തകളിലൂടെയും നാം അറിയുന്നത്. വളരെ സങ്കടകരമായ കാര്യമാണ്. അവിടെ പോയി കണ്ട് കഴിഞ്ഞാൽ മാത്രമേ അതിന്റെ വ്യാപ്തി മനസ്സിലാവുകയുള്ളൂ. ഒരുപാട് പേർക്ക് ഉറ്റവരെയും ഉടയവരെയും വീടും സ്വത്തും എല്ലാം നഷ്ടപ്പെട്ടു. പക്ഷേ നമ്മൾ എല്ലാവരും ഒരുമിച്ച് ചേർന്ന് അവരെ സഹായിക്കുന്നു എന്നത് വലിയ കാര്യമാണ്. അതിൽ എടുത്തു പറയേണ്ടതാണ് ഇന്ത്യൻ ആർമി, നേവി എയർഫോഴ്സ്, ഫയർ ആന്റ് റെസ്ക്യു, എൻഡിആർഫ്, പൊലീസ്, ഹോസ്പിറ്റൽ, ഡോക്ടേഴ്സ്, സന്നദ്ധതസംഘടനകൾ, സാധാരണ ജനങ്ങൾ തുടങ്ങിയവർ, ഒരു കല്ലെടുത്ത് മാറ്റാൻ ഇരിക്കുന്ന ഒരു കുട്ടി പോലും ഇതിന്റെ ഭാഗമായി മാറുന്നു. എന്റെ കാര്യത്തിൽ ഇവിടെ ആദ്യമെത്തിയത് ഞാനും കൂടി ഉൾപ്പെടുന്ന 122 ഇൻഫെന്ററി ബെറ്റാലിയൻ ആയിരുന്നു. റി.എ മദ്രാസ്. അവരാണ് ആദ്യം ഇവിടെ എത്തിയത്. അവർ പത്ത് നാൽപത് പേർ വളരെയധികം ശ്രമങ്ങൾ നടത്തി ഒരുപാട് പേരെ രക്ഷിക്കാൻ സാധിച്ചു. കഴിഞ്ഞ പതിനാറ് വർഷമായിട്ട് ഞാൻ ആ ബെറ്റാലിയനിലാണ് ഉള്ളത്. തീർച്ചയായിട്ടും അവർ മാത്രമല്ല ഇവിടെ വന്നിരിക്കുന്ന വേറെ പല യൂണിറ്റുകളും ഉണ്ട്. അവർക്കൊക്കെ ഒരു നന്ദി പറയാൻ, മനസ്സുകൊണ്ട് അവരെ നമസ്കരിക്കാൻ വേണ്ടിയിട്ടാണ് ഞാൻ വന്നിരിക്കുന്നത്. നമുക്ക് എല്ലാവർക്കും ചേർന്ന് ഇതിനെതിരെ വളരെ ശക്തമായിട്ട് നീങ്ങണം. ഇത്തരം പ്രകൃതി ദുരന്തങ്ങൾ ഉണ്ടാകാതെയിരിക്കാൻ നമുക്ക് എല്ലാവർക്കും ചേർന്ന് ഒരു തീരുമാനമെടുക്കണം. ഈ ബ്രിഡ്ജ് ഉണ്ടാക്കിയത് തന്നെ ഒരു അത്ഭുതമാണ്. ഈ പാലം ഉണ്ടായിരുന്നില്ല എങ്കിൽ ആർക്കും താഴേക്കും മുകളിലേക്കും പോകാൻ കഴിയുമായിരുന്നില്ല, ഈശ്വരന്റെ ഒരു സഹായം കൂടി ഇതിന് പിറകിൽ ഉണ്ടെന്ന് വിചാരിക്കം. ഒരുപാട് പേരെ ഇനിയും കണ്ടെത്താനുണ്ട്. അവരെ കണ്ടെത്താൻ സാധിക്കട്ടെ എന്ന് നമുക്ക് പ്രതീക്ഷിക്കാം. അതിലുപരിയായി എനിക്ക് പറയാനുള്ളത് ഞാനുമായി അസോസിയേറ്റ് ചെയ്യുന്ന ഞങ്ങളുടെ ഒരു ഫൗണ്ടേഷൻ ഉണ്ട്. വിശ്വശാന്തി ഫൗണ്ടേഷൻ. ഇവിടുത്തെ പുനരധിവാസത്തിന് വേണ്ടി ഇപ്പോൾ നമ്മൾ ഒരു മൂന്ന് കോടി രൂപയാണ് കൊടുക്കാൻ തയ്യാറാവുന്നത്. തീർച്ചയായും സ്ഥിതിഗതികൾ നിരീക്ഷിച്ച ശേഷം ആവശ്യമെങ്കിൽ വീണ്ടും ഫൗണ്ടേഷൻ പണം നൽകും. മൂന്ന് കോടി രൂപയുടെ ഒരു പുനരുദ്ധാരണ പ്രൊജക്ട് ഞങ്ങൾ ഇപ്പോൾ പ്രഖ്യാപിക്കുകയാണ്. ആർമിയോട് മാത്രമല്ല എല്ലാവരോടും നന്ദി പറയുന്നു. എങ്ങനെയാണ് നന്ദി പറയേണ്ടത് എന്ന് അറിയില്ല, ജീവൻ പണയം വച്ച് മറ്റൊരു ജീവനെ രക്ഷിക്കുക എന്ന് പറയുന്നത് വലിയ കാര്യമാണ്. ഇതിന് വേണ്ടി പ്രവർത്തിക്കുന്ന എല്ലാവർക്കും ഹൃദയത്തിൽ നിന്നുമുള്ള എന്റെ നന്ദി.
സാമൂഹിക ഉന്നമനം ലക്ഷ്യമിട്ട് കേരളത്തിനകത്തും പുറത്തും ഒട്ടവനധി ജീവകാരുണ്യപ്രവര്‍ത്തനങ്ങള്‍ നടത്തിവരുന്ന ഫൗണ്ടേഷനാണ് വിശ്വശാന്തി. മോഹൻലാലിൻ്റെ അച്ഛൻ്റെയും അമ്മയുടേയും പേരിൽ ആരംഭിച്ച ഫൗണ്ടേഷനാണ് ഇത്.