ലോകം കണ്ട ഏറ്റവും വലിയ സോഷ്യലിസ്റ്റാണ് മഹാബലി എന്ന് നടൻ മമ്മൂട്ടി. അത്തം എന്ന് പറയുന്നത് കേരളത്തിന്റെ ഓണം എന്ന് പറയുന്നത് പോലെ തന്നെ കേരളത്തിന്റെ ഒരു വലിയ ടാഗ് ലെെൻ ആവുകയും ട്രേഡ് മാർക്ക് ആവുകയും ചെയ്യുന്ന ടൂറിസ്റ്റുകളെ ആകർഷിക്കുന്ന ഒരാഘോഷമാക്കി മാറ്റണം എന്നും മമ്മൂട്ടി. ഞാൻ ചെമ്പിലുള്ള ആളാണ്. നിങ്ങളറിയുന്ന മമ്മൂട്ടി ആകുന്നതിന് മുന്നേ ഇവിടെ ഈ അത്താഘോഷത്തിനൊക്കെ ഞാൻ വായി നോക്കി നിന്നിട്ടുണ്ട്. എനിക്ക് അന്നും അത്താഘോഷത്തിന്റെ ഒരു പുതുമയുണ്ട്, ഒരത്ഭുതം. ഇന്നും എനിക്ക് ആ അത്ഭുതം വിട്ടു മാറിയിട്ടില്ല. വലിയൊരു ജനാധിപത്യ കാലഘട്ടത്തിൽ നമ്മൾ ജീവിക്കുമ്പോൾ ഈ ആഘോഷം പൂർണ്ണമായും ജനങ്ങളുടേതാണ്. ഇത് നമ്മുടെ സന്തോഷത്തിന്റെയും സൗഹാർദത്തിന്റെയും സ്നേഹത്തിന്റെയും ഒക്കെ വലിയൊരു ആഘോഷമാണ്. അത്താഘോഷം എന്ന് പറയുന്ന ഈ സങ്കൽപം അല്ലെങ്കിൽ ഈ ഒരു ആഘോഷം വലിയ സാഹിത്യ, സംഗീത, സാംസ്കാരിക ആഘോഷമാക്കി മാറ്റാനായി സർക്കാർ മുൻകെെ എടുക്കണം എന്നും തൃപ്പൂണിത്തുറയിൽ അത്തച്ചമയ ഘോഷയാത്രയ്ക്ക് തുടക്കം കുറിച്ച് സംസാരിക്കവേ മമ്മൂട്ടി പറഞ്ഞു.
മമ്മൂട്ടി പറഞ്ഞത്
നമ്മൾ ഈ പടർത്തുന്നത് സ്നേഹത്തിന്റെ സന്ദേശമാണ്. ഈ ലോകം കണ്ട ഏറ്റവും വലിയ സോഷ്യലിസ്റ്റാണ് മഹാബലി. മനുഷ്യരെ എല്ലാം ഒന്നുപോലെ കാണുക എന്നുള്ളത് അങ്ങനെ ഒരു സങ്കൽപം ഈ ലോകത്തെങ്ങും നടന്നിട്ടുള്ളതായി നമുക്ക് അറിയില്ല. ഈ സൃഷ്ടിയിൽ പോലും മനുഷ്യരെല്ലാരും ഒന്നുപോലെയല്ല, പക്ഷേ എന്നാലും നമ്മുടെ മനസ് കൊണ്ടും സ്നേഹം കൊണ്ടും പരസ്പരം ഉള്ള പെരുമാറ്റം കൊണ്ടും അങ്ങോട്ടും ഇങ്ങോട്ടുമുള്ള സൗഹാർദം കൊണ്ടുമൊക്കെ നമുക്ക് ഒരേ പോലെയുള്ള മനുഷ്യരാകാം. ഒരേ മനസ്സുള്ള മനുഷ്യരാകാം. അതിന് ഈ ആഘോഷങ്ങളും സങ്കൽപ്പങ്ങളും ഒക്കെ ഉപകരിക്കട്ടെ. ഓണത്തിന്റെ നല്ല നാളുകൾ അത്തം മുതൽ പത്ത് ദിവസത്തിനപ്പുറത്തേക്ക് മുന്നൂറ്റിയറുപത്തിയഞ്ച് ദിവസവും നമ്മുടെ സന്തോഷത്തിനും നമ്മുടെ സ്നേഹത്തിനും ഒക്കെ കാലമുണ്ടാകട്ടെ. എല്ലാ കാലങ്ങളിലും നമ്മൾ ഓണാഘോഷത്തിൻെറ ഓണത്തിന്റെ മനസ്സോടെ ഇരിക്കാൻ നമ്മളെ കൊണ്ട് കഴിയട്ടെ എന്ന് ആഗ്രഹിക്കുന്നു.
വ്യവസായ മന്ത്രി പി. രാജീവ് അത്തം നഗറായ തൃപ്പൂണിത്തുറ ബോയ്‌സ് സ്‌കൂളിൽ പതാക ഉയർത്തിയാണ് തൃപ്പൂണിത്തുറ അത്തച്ചമയ ഘോഷയാത്രയ്ക്ക് തുടക്കം കുറിച്ചത്. തുടർന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അത്തമച്ചമയം ഉദ്ഘാനം ചെയ്യുകയും മമ്മൂട്ടി ഘോഷയാത്ര ഫ്ലാഗ് ഓഫ് ചെയ്യുകയും ചെയ്തു.