റോജിന്‍ തോമസിന്റെ സംവിധാനത്തിലൊരുങ്ങിയ പുതിയ ചിത്രം 'ഹോം'ല്‍ പ്രധാനപ്പെട്ട വേഷമാണ് നടന്‍ ഇന്ദ്രന്‍സ് കൈകാര്യം ചെയ്തിരിക്കുന്നത്. ചിത്രത്തെ കുറിച്ചും, ചിത്രത്തിലെ ഇന്ദ്രന്‍സിന്റെ പ്രകടനത്തെക്കുറിച്ചും വലിയ രീതിയില്‍ പ്രശംസ ലഭിക്കുന്നുണ്ട്.
നടന്‍ ശ്രീനിവാസന്‍ ചെയ്യാനിരുന്ന കഥാപാത്രമാണ് തന്നിലേക്ക് എത്തിയതെന്ന് പറയുകയാണ് ഇന്ദ്രന്‍സ്. ശ്രീനിവാസന്‍ ചെയ്യാനിരുന്ന കഥാപാത്രമായിരുന്നു എന്ന് കേട്ടപ്പോള്‍ ആദ്യം കിടുങ്ങി പോയെന്നും പിന്നീട് സ്‌ക്രിപ്റ്റ് വായിച്ചപ്പോള്‍ കൊതിയായെന്നും അദ്ദേഹം പറഞ്ഞു. റിപ്പോര്‍ട്ടര്‍ ടിവിയ്ക്ക് നല്‍കിയ അഭിമുഖത്തിലായിരുന്നു അദ്ദേഹം ഇക്കാര്യങ്ങള്‍ പറഞ്ഞത്.
'സ്‌ക്രിപ്റ്റ് വായിക്കുമ്പോള്‍ തന്നെ കൊതി തോന്നും. ആദ്യം ഷിബു കുറ്റുമൂട് പറഞ്ഞു, റോജിന്‍ ഒരു സ്‌ക്രിപ്റ്റ് തരും. ചേട്ടന്‍ ഒന്ന് വായിക്കണമെന്ന്. അതിന് മുമ്പ് ശ്രീനിയേട്ടന്‍ ചെയ്യാന്‍ വെച്ച കഥാപാത്രമായിരുന്നു. അത് കേട്ടപ്പോള്‍ ഞാന്‍ ഒന്ന് കിടുങ്ങി പോയി. പിന്നെ വായിച്ചപ്പോഴേക്കും കൊതിയായി. അത്രയും രസമായിരുന്നു ആ സ്‌ക്രിപ്റ്റ്. ജനമൈത്രി പൊലീസ് നടക്കുമ്പോഴായിരുന്നു സ്‌ക്രിപ്റ്റ് കിട്ടുന്നത്. ബാബു സാര്‍ (വിജയ് ബാബു) ചെയ്യാമെന്ന് പറഞ്ഞു. പിന്നെ കൊറോണ ഒക്കെ ആയി ഷൂട്ടിംഗ് വൈകുകയായിരുന്നു,' ഇന്ദ്രന്‍സ് പറഞ്ഞു.
ചില കഥകള്‍ കേട്ട് കഥാപാത്രങ്ങള്‍ ഇഷ്ടപ്പെട്ടാല്‍ ആ സിനിമയ്ക്ക് വേണ്ടി കാത്തിരിക്കാറുണ്ടെന്നും ഇന്ദ്രന്‍സ് പറയുന്നു.
ഒ.ടി.ടി പ്ലാറ്റ്‌ഫോമായ ആമസോണിലൂടെയാണ് ഹോം പ്രേക്ഷകരിലെത്തിയത്. ഒലിവര്‍ ട്വിസ്റ്റ് എന്ന കഥാപാത്രത്തെയാണ് ഇന്ദ്രന്‍സ് ചിത്രത്തില്‍ അവതരിപ്പിച്ചത്. വിജയ് ബാബുവാണ് നിര്‍മ്മാണം.
സാങ്കേതിക പരിജ്ഞാനം കുറഞ്ഞ ഒലിവര്‍ ട്വിസ്റ്റ് എന്ന ഒരു പിതാവിന്റെ കഥ പറയുന്നതാണ് #ഹോം. പുതുതലമുറക്കാരായ തന്റെ മക്കളുമായി അടുക്കാന്‍ വെമ്പുന്ന അച്ഛന്റെ വേഷമാണ് ഇന്ദ്രന്‍സ് ഇതില്‍ ചെയ്യുന്നത്.
ഹോം ആമസോണ്‍ പ്രൈം വീഡിയോയിലൂടെ വിപുലമായ പ്രേക്ഷകര്‍ക്ക് മുന്നിലേക്ക് എത്തിക്കാന്‍ കഴിയുന്നതില്‍ സന്തോഷമുണ്ടെന്ന് ചിത്രത്തിന്റെ നിര്‍മാതാവും ഒരു പ്രധാന കഥാപാത്രം അവതരിപ്പിക്കുകയും ചെയ്യുന്ന വിജയ്ബാബു പറഞ്ഞിരുന്നു.
ഇന്ദ്രന്‍സിനെ കൂടാതെ ശ്രീനാഥ് ഭാസി, വിജയ്ബാബു, മഞ്ജു പിള്ള, നസ്ലന്‍, കൈനകരി തങ്കരാജ്, കെപിഎസി ലളിത, ശ്രീകാന്ത് മുരളി, ജോണി ആന്റണി, പോളി വില്‍സണ്‍, മണിയന്‍പിള്ള രാജു, അനൂപ് മേനോന്‍, അജു വര്‍ഗീസ്, കിരണ്‍ അരവിന്ദാക്ഷന്‍, ചിത്ര, പ്രിയങ്ക നായര്‍ എന്നിവരും പ്രധാന വേഷങ്ങളില്‍ എത്തുന്നു.