വിക്രമിനെ നായകനാക്കി ഗൗതം വാസുദേവ് മേനോൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് ധ്രുവനച്ചത്തിരം. ഏഴ് വർഷം നീണ്ട നാളത്തെ കാത്തിരിപ്പുകൾക്കൊടുവിൽ ചിത്രം നവംബർ 24 ന് തിയറ്ററുകളിലെത്തും. ഒരു സമയത്ത് ധ്രുവനച്ചത്തിരം റിലീസ് ചെയ്യുക എന്നത് അസാധ്യം എന്നുവരെ തോന്നിയെന്നും അഭിനയത്തിൽ നിന്ന് കിട്ടുന്ന റെമ്യൂണറേഷൻ ഉപയോഗിച്ച് ചിത്രം കംപ്ലീറ്റ് ചെയ്യാം എന്ന ഉദ്ദേശത്തോടെയാണ് അഭിനയിക്കാൻ ഇറങ്ങിയതെന്നും ഗൗതം വാസുദേവ് മേനോൻ. അഭിനയമാണ് ഉദ്ദേശിച്ച രീതിയിൽ ധ്രുവനച്ചത്തിരം പൂർത്തിയാക്കാൻ തന്നെ സഹായിച്ചതെന്ന് ഒൺഡ്രാഗാ എന്റർടൈൻമെന്റ് എന്ന യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ ഗൗതം മേനോൻ പറഞ്ഞു.
ഗൗതം മേനോൻ പറഞ്ഞത് :
ധ്രുവനച്ചത്തിരം എന്ന് റിലീസ് ആകുമെന്ന് എന്നോട് ഒരുപാട് പേര് ചോദിക്കുമായിരുന്നു, ഒരു സമയത്ത് അത് അസാധ്യം ആണെന്ന് വരെ തോന്നിയിരുന്നു. ആ സമയത്ത് ഒരുപാട് പേര് എന്നെ അഭിനയിക്കാൻ വിളിച്ചു. ഞാൻ അങ്ങോട്ട് പോയി ആരോടും ചാൻസ് ചോദിച്ചിട്ടില്ല അത് തനിയെ സംഭവിച്ചതാണ്. അഭിനയത്തിൽ നിന്ന് കിട്ടുന്ന റെമ്യൂണറേഷൻ ഉപയോഗിച്ച് ധ്രുവനച്ചത്തിരം കംപ്ലീറ്റ് ചെയ്യാം എന്ന ഉദ്ദേശത്തോടെയാണ് അഭിനയിക്കാൻ ഇറങ്ങിയത്. അതുവഴി എനിക്ക് നല്ല പേയ്മെന്റ്റ് കിട്ടി. അഭിനയമാണ് സിനിമ പൂർത്തിയാക്കാൻ എന്നെ സഹായിച്ചത്.
സപൈ ത്രില്ലറായ ധ്രുവനച്ചത്തിരം 2016ലാണ് ആരംഭിക്കുന്നത്. ഗൗതം മേനോന്റെ സാമ്പത്തിക പ്രശ്നം മൂലം 2018 മുതല്‍ ചിത്രത്തിന്റെ ജോലികള്‍ നിര്‍ത്തി വെച്ചിരിക്കുകയായിരുന്നു. പിന്നീട് 2019ല്‍ ചിത്രം റിലീസ് ചെയ്യുമെന്ന് പ്രഖ്യാപിച്ചെങ്കിലും സാങ്കേതിക തടസങ്ങള്‍ മൂലം നീണ്ട് പോവുകയായിരുന്നു. ചിത്രം റിലീസ് ചെയ്യാന്‍ വർഷങ്ങൾ നീണ്ടതോടെ 'ധ്രുവനച്ചത്തിര'വുമായി ബന്ധപ്പെട്ട് നിരവധി ട്രോളുകള്‍ സമൂഹമാധ്യമത്തില്‍ പ്രചരിച്ചിരുന്നു.
ഒരുവൂരിലെയോരു ഫിലിം ഹൗസും ഒൺഡ്രാഗ എന്റെർറ്റൈന്മെന്റും ചേർന്നാണ് ചിത്രം നിർമിക്കുന്നത്. ചിത്രത്തില്‍ രഹസ്യ അന്വേഷണ ഏജന്റായ ജോണ്‍ എന്ന കഥാപാത്രത്തെയാണ് വിക്രം അവതരിപ്പിക്കുന്നത്. റിതു വർമ്മ, പാർത്ഥിപൻ, സിമ്രാൻ, ശരത്കുമാർ, വിനായകൻ, രാധിക ശരത്കുമാർ, ദിവ്യ ദർശിനി എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന കഥാപാത്രങ്ങൾ. ഹാരിസ് ജയരാജാണ് ചിത്രത്തിന്റെ സംഗീതം നിർവഹിക്കുന്നത്. മനോജ് പരമഹംസ, കതിർ, വിഷ്ണു ദേവ് ഛായാഗ്രഹണം നിർവഹിക്കുന്ന ചിത്രത്തിന്റെ എഡിറ്റിംഗ് ആന്റണി നിർവഹിക്കുന്നു.