Film News

'മനസിലുള്ള കോളേജ് മഹാരാജാസ് തന്നെയായിരുന്നു'; ആന്റണിയുടെ ലൈറ്റര്‍ സൈഡ് 'ഓ മേരി ലൈല'യില്‍ കാണാമെന്ന് സംവിധായകന്‍ അഭിഷേക് കെ എസ്

ആന്റണി വര്‍ഗീസിനെ നായകനാക്കി നവാഗതനായ അഭിഷേക് കെ എസ് സംവിധാനം ചെയ്യുന്ന ചിത്രമാണ് 'ഓ മേരി ലൈല'. കാമ്പസ് പ്രമേയമായി വരുന്ന ചിത്രത്തിന്റെ ട്രെയ്ലര്‍ കഴിഞ്ഞ ദിവസം റിലീസ് ചെയ്തിരുന്നു. മഹാരാജാസ് കോളേജില്‍ ഒരേ കാലഘട്ടത്തില്‍ വിവിധ ബാച്ചുകളില്‍ പഠിച്ചിരുന്നവരാണ് ആന്റണി വര്‍ഗീസും ചിത്രത്തിന്റെ സംവിധായകനും, ചിത്രത്തിന്റെ പ്രധാന ലൊക്കേഷനായതും മഹാരാജാസ് തന്നെയായിരുന്നു.

വെറുമൊരു കാമ്പസ് പടമല്ല 'ഓ മേരി ലൈല'യെന്ന് സംവിധായകന്‍ പറയുന്നു. ലവ് സ്റ്റോറിയാണ്. പക്ഷെ, ആ പ്രണയത്തെ വേറെ ഒരു രീതിയില്‍ കാണാന്‍ ശ്രമിക്കുന്ന ഒരു പടം കൂടിയാണ്. ആന്റണി വര്‍ഗീസിന് ഒരു ലൈറ്റര്‍ സൈഡ് ഉണ്ട്, അതാരും കണ്ടിട്ടില്ല. അതൊക്കെ വരുന്ന ഒരു ലൈറ്റ് ട്രാക്ക് മൂവിയായിരിക്കും ചിത്രം. 'ഓ മേരി ലൈല'യെക്കുറിച്ച് അഭിഷേക് ദ ക്യുവിനോട് സംസാരിക്കുന്നു.

ഒരു ലൈറ്റ് ട്രാക്ക് മൂവിയാണ് 'ഓ മേരി ലൈല'...

ആന്റണിയെ നോക്കുമ്പോള്‍ അവന്‍ ഇതുവരെ ഈ സിനിമയിലേത് പോലെ ഒരു റോള്‍ ചെയ്തിട്ടില്ല. ഭയങ്കര റഫ് ആയിട്ടുള്ള റോളുകളാണല്ലോ ആന്റണി ഇതുവരെ ചെയ്തത്. ഞങ്ങള്‍ ഷോര്‍ട്ട് ഫിലിം ചെയ്തിരുന്ന സമയത്താണെങ്കിലും വളരെ ലൈറ്റായിട്ടുള്ള ഷോര്‍ട്ട് ഫിലിം ആണ് ഞാന്‍ ചെയ്തിട്ടുള്ളത്. കോമഡി സബ്ജക്റ്റെല്ലാം, അപ്പോള്‍ എനിക്ക് അറിയുന്ന ഒരു ആന്റണി ഉണ്ട്. അധികം സിനിമാക്കാര്‍ കാണാത്ത, പ്രേക്ഷകരും കാണാത്ത ഒരു ആന്റണി ഉണ്ടെന്ന് എനിക്കറിയാം. അത് പ്രൊജക്ട് ചെയ്യുക എന്നതിലാണ് ഈ സിനിമ ചെയ്യുന്നത്. കാരണം, അവന്റെ ഒരു ലൈറ്റര്‍ സൈഡ് നല്ല രസമാണ്. അതാരും കണ്ടിട്ടില്ല. അതൊക്കെ കൂടി വരുന്ന ഒരു ലൈറ്റ് ട്രാക്ക് മൂവിയാണിത്.

അന്ന് മഹാരാജാസില്‍ സിനിമ ഗാങ് ഉണ്ടായിരുന്നു...

ഞാന്‍ ഫിസിക്സും ആന്റണി ഫിസിക്സ് ഇന്‍സ്ട്രുമെന്റേഷനുമാണ് മഹാരാജാസില്‍ പഠിച്ചത്. ഒരേ ക്ലാസ് അല്ല, തൊട്ടടുത്ത ക്ലാസുകള്‍. ഞങ്ങള്‍ക്ക് മഹാരാജാസില്‍ സിനിമ ഗാങ് ഉണ്ടായിരുന്നു. അതിന്റെ ഭാഗമായിട്ട് എല്ലാവരും ഉണ്ടായിരുന്നു. ഞങ്ങള്‍ അവിടെ കോളേജില്‍ പഠിക്കുമ്പോള്‍ എല്ലാവരുടെയും സ്വപ്നം സിനിമ ചെയ്യണം എന്നുള്ളത് തന്നെ ആയിരുന്നു. അതില്‍ ഞാന്‍ സംവിധാനം ചെയ്തിരുന്നു, ആന്റണി അഭിനയിച്ചിരുന്നു. പക്ഷെ, പിന്നെ ഇത്രയും സമയം കഴിഞ്ഞു, പലരും പല വഴിക്ക് പോയി. കുറച്ച് പേരാണ് അതില്‍ സ്റ്റിക്ക് ഓണ്‍ ചെയ്തത്. അതില്‍ ആന്റണി, ഞാന്‍ അങ്ങനെ എല്ലാവരും കൂടി ഈ സിനിമ ചെയ്യുമ്പോള്‍ അത് ഒരു ഭയങ്കര കാര്യമായിട്ടാണ് കാണുന്നത്. അത് ആളുകളിലേക്ക് എത്തികഴിഞ്ഞാല്‍ കുറച്ച് കൂടി സന്തോഷം.

എന്റെ ഷോര്‍ട്ട് ഫിലിമിലാണ് ആന്റണി ആദ്യമായി അഭിനയിക്കുന്നത്...

ഞാനും ആന്റണിയും കൂടി കോളേജില്‍ പഠിക്കുന്ന കാലത്ത് തന്നെ രണ്ടു മൂന്ന് ഷോര്‍ട്ട് ഫിലിമുകള്‍ വര്‍ക്ക് ചെയ്തിട്ടുണ്ട്. ഞങ്ങള്‍ ചെയ്ത ഒരു ഷോര്‍ട്ട് ഫിലിമാലാണ് ആന്റണി ആദ്യമായി അഭിനയിക്കുന്നത്. ആദ്യത്തെ ഒരു ഷോര്‍ട്ട് ഫിലിമില്‍ കുറേ ആളുകള്‍ ഒക്കെ വേണമായിരുന്നു. അതിനുവേണ്ടി ആ കോളേജില്‍ നിന്ന് കുറേ ആള്‍ക്കാരെ അന്വേഷിച്ച് കണ്ടെത്തുന്നതിനിടയില്‍ പരിചയപ്പെട്ടതാണ് ആന്റണിയേയും. എന്റെയും അവിടുത്തെ ആദ്യത്തെ ഷോര്‍ട്ട് ഫിലിം അതായിരുന്നു.

അനുരാജിന്റെ എഴുത്ത് നല്ല രസമാണ്...

ആന്റണി വഴി തന്നെയാണ് ഞാന്‍ അനുരാജിനേയും പരിചയപ്പെടുന്നത്. സിനിമയില്‍ ഒക്കെ വരുന്നതിന് മുന്‍പ് തന്നെ ആന്റണിക്ക് അറിയുന്ന ഒരു വ്യക്തിയാണ് അനുരാജ്. അനുരാജ് തന്നെയാണ് നമ്മളോട് പറഞ്ഞത് ഇങ്ങനെ കോളേജ് ടൈപ്പ് ഒരു സബ്ജക്ട് ഉണ്ട്, ചെയ്യാം എന്ന്. ആ സമയത്ത് എനിക്ക് എഴുത്തില്ല. ഞാന്‍ എഴുതാന്‍ കുറച്ച് ബാക്കിലേക്കാണ്. അനുരാജ് എഴുതും. അനുരാജും ഞാനും ഡിസ്‌കസ് ചെയ്ത് ഉണ്ടാക്കിയ സബ്ജക്ട് ആണ് സിനിമയുടേത്. അവന്റെ എഴുത്ത് നല്ല രസമാണ്. എല്ലാം തമാശ രീതിയിലാണ് ആള് നോക്കി കാണുന്നത്. ഭയങ്കര കോണ്‍ഫ്ളിക്റ്റ് ഉള്ള സംഭവങ്ങളില്‍ പോലും കോമഡി കണ്ടെത്താന്‍ ഒരു പ്രത്യേക കഴിവുണ്ട് അനുരാജിന്.

വെറുമൊരു കാമ്പസ് പടം അല്ല...

സിനിമയ്ക്ക് ഒരു രസം ഉണ്ട്. പത്ത് മിനിറ്റ് കഴിഞ്ഞാല്‍ പടം ഭയങ്കര സ്പോയ്ലെറാണ്. നമുക്ക് പറയാന്‍ പറ്റാത്ത കുറച്ച് എലമെന്റ്സ് പടത്തിലുണ്ട്. വെറും കാമ്പസ് പടം അല്ല, ലവ് സ്റ്റോറിയാണ്. പക്ഷെ, ആ പ്രണയത്തെ വേറെ ഒരു രീതിയില്‍ കാണാന്‍ ശ്രമിക്കുന്ന ഒരു പടം കൂടിയാണ്. അത് പടം കണ്ട് കഴിഞ്ഞാലേ പറയാന്‍ പറ്റൂ. നമ്മള്‍ കാണാത്ത കുറച്ച് കാരക്ടറുകള്‍ ആ പടത്തിലുണ്ട്. സ്ഥിരം കാമ്പസ് പടങ്ങളില്‍ കാണുന്ന കഥാപാത്രങ്ങളല്ല സിനിമയില്‍. കുറച്ചുകൂടി രസകരമായിട്ടുള്ള കുറച്ച് ആള്‍ക്കാര്‍ ചിത്രത്തിലുണ്ട്.

ഫ്രെഷ് ആയിട്ടുള്ള ആളുകളെ വച്ച് ചെയ്യുമ്പോള്‍ ഉള്ള ഒരു ഭംഗി ഈ സിനിമയ്ക്കുണ്ട്...

ബാലചന്ദ്രന്‍ സര്‍, അല്‍ത്താഫ് എന്നിങ്ങനെയുള്ള കുറച്ച് ആളുകളെ മാറ്റി നിര്‍ത്തിയാല്‍ ബാക്കി എല്ലാവരും പുതുമുഖങ്ങളാണ്. സിനിമയില്‍ കുറേ പുതുമുഖങ്ങളെ കാസ്റ്റ് ചെയ്യാന്‍ കാരണം, സ്ഥിരം കാണുന്ന ആള്‍ക്കാരെ വച്ച് ചെയ്യുമ്പോള്‍ നമ്മള്‍ മൈന്‍ഡില്‍ ഒരു പ്രീ സെറ്റ് ആയിട്ടാണ് സിനിമ ചെയ്യാന്‍ പോകുന്നത് എന്ന് ഒരു ഐഡിയ ഉണ്ടാകും. അവര്‍ ചെയ്യുന്ന കാര്യങ്ങളൊക്കെ നമ്മുടെ മനസില്‍ ഉണ്ടാകും. അതൊന്നും ഇല്ലാതെ കുറച്ച് ഫ്രെഷ് ആയിട്ടുള്ള ആള്‍ക്കാരെ വച്ച് സിനിമ ചെയ്യുമ്പോള്‍ ഉള്ള ഒരു ഭംഗി ഈ സിനിമയ്ക്കുണ്ട്. അതുപോലെ ചിത്രത്തില്‍ സോനയിലേക്ക് എത്തുന്നത് എങ്ങനെയാണ് എന്ന് വച്ചാല്‍ അതും പുതിയ ആളെ തന്നെയായിരുന്നു നോക്കിയിരുന്നത്. ആ കാസ്റ്റിംഗ് ആയിരുന്നു ഏറ്റവും ബുദ്ധിമുട്ട്. അതുകൊണ്ട് കുറേ പേരെ നോക്കി, ഒന്നും വര്‍ക്ക് ആയില്ല. അപ്പോള്‍ പ്രൊഡ്യൂസറാണ് സജസ്റ്റ് ചെയ്യുന്നത് ഇങ്ങനെ ഒരു കുട്ടി ഉണ്ടെന്ന്. അന്ന് സോന ഓസ്ട്രേലിയയില്‍ ആയിരുന്നു. അന്ന് 'വെയില്‍' എന്ന് പറയുന്ന സിനിമ ചെയ്തിരുന്നു. അത് റിലീസ് ആയിരുന്നില്ല. നേരിട്ട് കണ്ട് ഓഡിഷനൊക്കെ ചെയ്തിട്ട് വേണം ആളെ എടുക്കാന്‍ എന്ന് എനിക്ക് ഉണ്ടായിരുന്നു. അങ്ങനെ ആദ്യം ഒരു കണ്‍ഫ്യൂഷന്‍ ഉണ്ടായിരുന്നു. പിന്നീട് വീഡിയോ കോണ്‍ഫറന്‍സ് വഴി നമ്മള്‍ സംസാരിച്ച്, സ്‌ക്രിപ്റ്റിന്റെ ഭാഗമൊക്കെ അയച്ചു കൊടുത്തു. അത് റെക്കോര്‍ഡ് ചെയ്ത് അയച്ച് തന്നിരുന്നു. അത് കണ്ടപ്പോള്‍ നന്നായിരുന്നു. സോനയുടെ കാരക്ടറിന് ഒരു പ്രത്യേകത ഉണ്ട്. അത് സോന നന്നായി ചെയ്തിട്ടുണ്ട്. സിനിമ കാണുമ്പോള്‍ അത് മനസിലാകും. നന്ദനയേയും അങ്ങനെ കാസ്റ്റ് ചെയ്തതാണ്. ആള് കണ്ണൂരുകാരിയാണ്. ആ ഒരു സ്ളാങ് ചിത്രത്തിലുണ്ട്. ഇങ്ങനെ ഓരോ പ്രത്യേകത ഉള്ള ആളുകള്‍ വേണം എന്നുള്ളതിനാലാണ് പുതിയ ആള്‍ക്കാരെ കാസ്റ്റ് ചെയ്തിരിക്കുന്നത്.

എന്റെ മനസില്‍ ഉള്ള കോളേജ് മഹാരാജാസ് ആയിരുന്നു...

എനിക്ക് അറിയുന്ന ഒരു കോളേജ് മഹാരാജാസ് ആണ്. പഠിച്ച് കഴിഞ്ഞിട്ടും കുറച്ചുനാള്‍ ഞങ്ങള്‍ അവിടെ ഉണ്ടായിരുന്നു. സിനിമയുടെ കഥ എഴുതുന്ന സമയത്തും കഥ ഡിസ്‌കസ് ചെയ്യുന്ന സമയത്തും എല്ലാം മനസില്‍ ഉള്ള ഒരു കോളേജ് മഹാരാജാസ് ആയിരുന്നു. കാരണം, കോളേജിന്റെ എല്ലാ മുക്കും മൂലയും അറിയാം എന്നതാണ്. അതിപ്പോള്‍ ക്ലാസ് മുറികള്‍ ആയാലും കോളേജില്‍ കണ്ട കുറച്ച് കാര്യങ്ങള്‍ ആയാലും വേറെ പുറത്തേക്ക് ഒരു സ്ഥലം ആലോചിക്കേണ്ടി വന്നില്ല. പിന്നെ, മഹാരാജാസിന്റെ പ്രത്യേകത എന്നു പറഞ്ഞാല്‍ എക്സ്റ്റീരിയര്‍ അധികം ഇല്ല. അതുകൊണ്ട് മാത്രം എക്സ്റ്റീരിയര്‍ ഒക്കെ കുറച്ച് ഭാഗം കാലടിയില്‍ ഷൂട്ട് ചെയ്തു. ബാക്കി മുഴുവന്‍ മഹാരാജാസിലാണ്. കാരണം, ആ കഥയ്ക്ക് വേണ്ട കുറേ കാര്യങ്ങള്‍ അവിടെയുണ്ട്.

ചിത്രത്തില്‍ ആന്റണി വര്‍ഗീസിനൊപ്പം സോന ഒലിക്കല്‍, ശബരീഷ് വര്‍മ്മ, ബാലചന്ദ്രന്‍ ചുള്ളിക്കാട്, സെന്തില്‍ കൃഷ്ണ, അല്‍ത്താഫ് സലീം, ശിവകാമി, ശ്രീജ നായര്‍, ബ്രിറ്റൊ ഡേവിസ് എന്നിവര്‍ പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്. അനുരാജ് ഒ ബിയാണ് ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത്. ഡിസംബര്‍ 23 ന് ചിത്രം ക്രിസ്മസ് റിലീസായി തിയ്യേറ്ററുകളിലെത്തും.

ആ സിനിമയുടെ പേരിൽ ഞാനും പ്രിയദർശനും വഴക്കു കൂടിയിട്ടുണ്ട്, പ്രതീക്ഷിച്ച ക്ലൈമാക്സ് ആയിരുന്നില്ല സിനിമയ്ക്ക്: ജഗദീഷ്

ലോക ടൂറിസം ഓർഗനൈസേഷനിൽ അഫിലിയേറ്റ് അംഗമായി ഐസിഎല്‍

ടൊവിനോ ചിത്രം 'നരിവേട്ട'യുടെ പേരിൽ വ്യാജ കാസ്റ്റിം​ഗ് കോൾ തട്ടിപ്പ്, ആളുകൾ ജാഗ്രത പാലിക്കണമെന്ന് സംവിധായകൻ അനുരാജ് മനോഹർ

ദേശീയ ദിനം: യുഎഇയില്‍ അവധി പ്രഖ്യാപിച്ചു

സിനിമയുടെ റിവ്യൂ പറയുന്നവരെ ചോദ്യം ചെയ്യാനാകില്ല, കാശ് കൊടുത്ത് സിനിമ കാണുന്നവന് റിവ്യൂ പറയാനുള്ള അവകാശമുണ്ട്: ആർ ജെ ബാലാജി

SCROLL FOR NEXT