സെപ്റ്റംബർ 30 ബുധനാഴ്ച്ച കേന്ദ്രസർക്കാർ പുറപ്പെടുവിച്ച പ്രത്യേക ഉത്തരവ് പ്രകാരം ഒക്ടോബർ 15 മുതൽ അമ്പത് ശതമാനം സീറ്റിംഗ് കപ്പാസിറ്റിയിൽ രാജ്യത്തെ തിയറ്റുകൾ തുറന്ന് പ്രവർത്തിക്കാം. കൊവിഡ് അൺലോക് 5ന്റെ ഭാഗമായാണ് ഉത്തരവ്. സിനിമാ ഹാളുകൾ, തീയറ്ററുകൾ, മൾട്ടിപ്ലസ്സുകൾ തുടങ്ങിയവയ്ക്കെല്ലാം ഇളവുകൾ ബാധകമാണ്. ഉത്തരവ് വന്നതോടെ ഈ ആഴ്ചയിലെ ഏറ്റവും സന്തോഷം നൽകിയ വാർത്ത എന്ന അടിക്കുറിപ്പിൽ ബോളിവുഡ് താരം അഭിഷേക് ബച്ചൻ വാർത്ത ട്വിറ്ററിൽ പങ്കുവെച്ചിരുന്നു.
ട്വീറ്റിന് താഴെ വന്ന ഒരു കമന്റും അതിന് താരം നൽകിയ മറുപടിയുമാണ് ശ്രദ്ധേയം. നിങ്ങൾ അപ്പോഴും തൊഴിലില്ലാത്തവരായിരിക്കില്ലേ? എന്നായിരുന്നു ട്വീറ്റിന് താഴെ വന്ന ചോദ്യം. നിങ്ങൾ പ്രേക്ഷകരുടെ കൈയിലാണ് എല്ലാം. ഞങ്ങൾ ചെയ്യുന്നത് നിങ്ങൾക്ക് ഇഷ്ടപ്പെട്ടില്ലെങ്കിൽ, ഞങ്ങൾക്ക് ജോലി നഷ്ടമാകും. അതുകൊണ്ട് ഞങ്ങൾ ഞങ്ങളുടെ കഴിവിന്റെ പരമാവധി പ്രവർത്തിക്കുകയും പ്രത്യാശിക്കുകയും പ്രാർത്ഥിക്കുകയും ചെയ്യുമെന്ന് അഭിഷേക് ബച്ചൻ മറുപടി പറഞ്ഞു.
കൊവിഡ് വ്യാപനത്തിന്റെ തുടക്ക ഘട്ടത്തിൽ സിനിമയിൽ കടുത്ത നിയന്ത്രണങ്ങൾ വന്നപ്പോൾ തന്റെ ജോലിയെ കുറിച്ച് ആശങ്ക പ്രകടിപ്പിച്ച് അമിതാഭ് ബച്ചനും രംഗത്ത് വന്നിരുന്നു. 65 വയസ്സിനു മുകളിലുള്ള അഭിനേതാക്കൾക്കും അണിയറപ്രവർത്തകർക്കും ഷൂട്ടിംഗിൽ നിന്നും വിലക്കേർപ്പെടുത്തിക്കൊണ്ടുള്ള മഹാരാഷ്ട്ര സർക്കാറിന്റെ ഉത്തരവുമായി ബന്ധപ്പെട്ടായിരുന്നു അമിതാഭ് ബച്ചന്റെ ട്വീറ്റ്. സിനിമയിൽ നിന്ന് മാറ്റി നിർത്തിയാൽ വേറെന്ത് ജോലിയാണ് തനിക്ക് ചെയ്യാൻ കഴിയുന്നതെന്നു കൂടി നിർദ്ദേശിക്കണമെന്നും അമിതാഭ് ബച്ചൻ ട്വിറ്ററിലൂടെ പറഞ്ഞിരുന്നു. ഇതിനിടയിൽ ബച്ചനും കുടുംബാംഗങ്ങൾക്കും കോവിഡ് സ്ഥിരീകരിച്ചിരുന്നു. അഭിഷേക് ബച്ചൻ, മരുമകൾ ഐശ്വര്യ റായ് ബച്ചൻ, കൊച്ചുമകൾ ആരാധ്യ ബച്ചൻ എന്നിവർക്കായിരുന്നു രോഗബാധ. രോഗമുക്തി നേടിയതോടെ ബച്ചനും കുടുംബവും വീട്ടിൽ തിരിച്ചെത്തുകയായിരുന്നു.