അനുരാഗ് ബസു സംവിധാനം ചെയ്യുന്ന കിഷോർ കുമാറിന്റെ ബയോപികിൽ നായകനായെത്തുന്നത് നടൻ ആമിർ ഖാൻ എന്ന് റിപ്പോർട്ട്. ആമിർ ഖാനും സംവിധായകൻ അനുരാഗ് ബസുവും നിർമാതാവ് ഭൂഷൻ കുമാറും തമ്മിൽ ചിത്രത്തെക്കുറിച്ചുള്ള ചർച്ചകളിലാണെന്ന് ബോളിവുഡ് ഓൺലൈൻ ന്യൂസ് പോർട്ടലായ പിങ്ക് വില്ല റിപ്പോർട്ട് ചെയ്യുന്നു. കിഷോർ കുമാറിന്റെ വലിയ ആരാധകൻ കൂടിയാണ് ആമിർ ഖാൻ. ചിത്രത്തെക്കുറിച്ച് അനുരാഗ് ബസുവും ആമിറും ചേർന്ന് നടത്തിയ നാല് ചർച്ചകൾക്കും പോസ്റ്റീവ് പ്രതികരണങ്ങളാണ് ഇരുവർക്കുമുള്ളതെന്നാണാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
അനുരാഗ് ബസുവിന്റെയും നിർമാതാവ് ഭൂഷൺ കുമാറിന്റെയും ഹൃദയത്തോട് ചേർന്ന് നിൽക്കുന്ന പ്രൊജക്ടാണ് കിഷോർ കുമാറിന്റെ ബയോപിക്. അതുകൊണ്ട് തന്നെ ഏറ്റവും മികച്ച രീതിയിൽ ഈ ചിത്രത്തെ സ്ക്രീനിലേക്ക് കൊണ്ടു വരനാണ് ഇരുവരുടെയും ശ്രമം. കിഷോർ കുമാറിന്റെ വലിയ ആരാധകൻ കൂടിയാണ് ആമിർ ഖാൻ. കിഷോർ കുമാറിന്റെ ജീവിതം സ്ക്രീനിലേക്ക് കൊണ്ടു വരാനുള്ള അനുരാഗ് ബസുവിന്റെ ശ്രമം ആമിർ ഖാൻ ഇഷ്ടപ്പെട്ടിട്ടുണ്ടെന്നും സംവിധായകൻ ബയോപികിനെ വ്യത്യസ്തമായ രീതിയിലാണ് കൈകാര്യം ചെയ്തിരിക്കുന്നത് എന്നതാണ് ആമിറിനെ ഏറ്റവും കൂടുതൽ ആകർഷിച്ചതെന്നും നടന്റെ അടുത്ത വൃത്തങ്ങൾ അറിയിച്ചതായി പിങ്ക് വില്ല റിപ്പോർട്ട് ചെയ്യുന്നു. ചിത്രത്തെക്കുറിച്ച് സംസാരിക്കാനായി ഇരുവരും ഇതുവരെ നാലോളം മീറ്റിംഗുകൾ നടത്തിയെന്നും നാല് മീറ്റിംഗുകളിലും ഇരുവരും സംതൃപ്തരാണെന്നാണും റിപ്പോർട്ട് ഉണ്ട്.
അതേ സമയം അനുരാഗ് ബസു ചിത്രം കൂടാതെ അഞ്ചോളം ചിത്രങ്ങളുടെ ചർച്ചകളിലാണ് ഇപ്പോൾ നടൻ ആമിർ ഖാൻ. സ്‌പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ ഉജ്ജ്വൽ നിഗത്തിന്റെ ബയോപിക്, രാജ്കുമാർ സന്തോഷിയുടെ കോമഡി ചിത്രം ചാർ ദിൻ കി സിന്ദഗി, ലോകേഷ് കനകരാജുമൊത്തുള്ള ഒരു സൂപ്പർ ഹീറോ ചിത്രം, സോയ അക്തറുമൊത്തുള്ള കൾട്ട് ചിത്രം ഗജനിയുടെ സീക്വിൽ തുടങ്ങിയവയാണ് ചർച്ചകളിലുള്ള ചിത്രങ്ങൾ. ഇവയിൽ മൂന്ന് ചിത്രങ്ങൾ നടൻ ഏറ്റെടുക്കുമെന്നും മൂന്ന് ചിത്രങ്ങൾ ഉപേക്ഷിക്കുമെന്നും പിങ്ക് വില്ല റിപ്പോർട്ട് ചെയ്യുന്നു. ഇത് ആദ്യമായല്ല അനുരാഗ് ബസുവും ആമിർ ഖാനും ഒരു സിനിമയുടെ ചർച്ചയ്ക്ക് വേണ്ടി ഒന്നിക്കുന്നത്. കൊവിഡ് സമയത്ത് ആമിർ ഖാനെയും രൺബീർ കപൂറിനെയും ഉൾപ്പെടുത്തി ഒരു സിനിമ ചെയ്യാൻ അനുരാഗ് ബസു ആസൂത്രണം ചെയ്തിരുന്നെങ്കിലും അത് നടന്നിരുന്നില്ല.
ആര്‍ എസ് പ്രസന്ന സംവിധാനം ചെയ്യുന്ന സിത്താരേ സമീൻ പർ ആണ് ഇനി പുറത്തു വരാനിരിക്കുന്ന ആമിർ ഖാൻ ചിത്രം. ചിത്രത്തിന്റെ ഷൂട്ടിംഗ് പൂർത്തിയായതായി സംവിധായകൻ ആര്‍ എസ് പ്രസന്ന തന്നെ മുമ്പ് അറിയിച്ചിരുന്നു. താരേ സമീൻ പർ എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗമായി ഒരുക്കുന്ന ചിത്രമാണ് സിത്താരേ സമീൻ പർ. 2022 ആഗസ്റ്റില്‍ 11 ന് റിലീസിനെത്തിയ ലാൽ സിംഗ് ഛദ്ദയായിരുന്നു ഒടുവിൽ തിയറ്ററുകളിലെത്തിയ ആമിർ ഖാൻ ചിത്രം. ഇംഗ്ലീഷ് ചിത്രം ഫോറസ്റ്റ് ഗംപിന്റെ ഹിന്ദി റീമേക്കായിരുന്നു ലാൽ സിംഗ് ഛദ്ദ. ആമിർ ഖാന്റെ സ്വപ്ന പദ്ധതിയായി എത്തിയ ചിത്രത്തിന് പക്ഷേ തിയറ്ററുകളിൽ കടുത്ത പരാജയമാണ് നേരിട്ടത്. കരീന കപൂര്‍, നാഗ ചൈതന്യ, മോണ സിംഗ് എന്നിവരായിരുന്നു ചിത്രത്തില്‍ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. നടന്‍ അതുല്‍ കുല്‍ക്കര്‍ണിയാണ് ഫോറസ്റ്റ് ഗംപിന്റെ തിരക്കഥ ഹിന്ദിയിലേക്ക് എഴുതിയത്. സേതുവാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിർവഹിച്ചത്. സംഗീത സംവിധാനം പ്രീതം. ആമീര്‍ ഖാന്‍ പ്രൊഡക്ഷന്‍സ്, വിയാകോം 18 എന്നിവ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചത്.