ബ്ലെസി സംവിധാനം ചെയ്ത് പൃഥ്വിരാജ് പ്രധാന വേഷത്തിലെത്തുന്ന ആടുജീവിതം എന്ന ചിത്രത്തിന്റെ പുതിയ റീലിസ് തീയതി പുറത്തുവിട്ട് അണിയറപ്രവർത്തകർ. ചിത്രം മാർച്ച് 28ന് തിയറ്ററുകളിലെത്തും. നേരത്തെ ഏപ്രിൽ 10 നായിരുന്നു ചിത്രത്തിന്റെ റിലീസ് പ്രഖ്യാപിച്ചിരുന്നത്. നീണ്ട കാത്തിരിപ്പ് കുറയാൻ പോകുന്നു എന്ന ക്യാപ്‌ഷനോടെയാണ് അണിയറപ്രവർത്തകർ പുതിയ റിലീസ് തീയതി സോഷ്യൽ മീഡിയയിലൂടെ അറിയിച്ചത്. ബെന്യാമിന്റെ ആടുജീവിതം എന്ന നോവലിനെ ആസ്പദമാക്കി ഒരുങ്ങുന്ന ചിത്രത്തിൽ നജീബ് എന്ന കഥാപാത്രത്തെയാണ് പൃഥ്വിരാജ് അവതരിപ്പിക്കുന്നത്.
വിദേശത്തേക്ക് കുടിയേറിയ നജീബ് എന്ന ചെറുപ്പക്കാരന്റെ ജീവിതത്തിന്റെയും സഹനത്തിന്റെയും കഥയാണ് ചിത്രം പറയുന്നത്. 14 വർഷവും കോവിഡ് എന്ന പ്രതിസന്ധിയും താണ്ടിയാണ് ചിത്രം തിയറ്ററുകളിലെത്താൻ പോകുന്നത്. മലയാളത്തിന് പുറമേ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ എന്നീ ഭാഷകളിൽ ചിത്രം തിയറ്ററുകളിൽ എത്തും. നജീബായി മാറാൻ പൃഥ്വിരാജ് സ്വീകരിച്ച ശാരീരികമായ മേക്ക് ഓവറുകളും ഏറെ ചർച്ചയായിരുന്നു. പൃഥ്വിരാജിന്റെ കരിയറിലെ തന്നെ ഏറ്റവും വലിയ പ്രൊജക്ടാണ് ആടുജീവിതം. വിഷ്വല്‍ റൊമാന്‍സിന്റെ ബാനറില്‍ ഒരുങ്ങുന്ന ചിത്രത്തിൽ ഹോളിവുഡ് നടൻ ജിമ്മി ജീൻ ലൂയിസ്, അമല പോൾ, ഇന്ത്യൻ നടൻ കെ.ആർ.ഗോകുൽ, പ്രശസ്ത അറബ് അഭിനേതാക്കളായ താലിബ് അൽ ബലൂഷി, റിക്കാബി എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നുണ്ട്. ചിത്രത്തിന്റെ സംഗീതം കൈകാര്യം ചെയ്തിരിക്കുന്നത് എ.ആര്‍. റഹ്‌മാനാണ്. ഛായാഗ്രഹണം സുനില്‍ കെ.സ്. എഡിറ്റിംഗ് ശ്രീകര്‍ പ്രസാദ്. ശബ്ദമിശ്രണം റസൂല്‍ പൂക്കുട്ടി.
2018ലാണ് 'ആടുജീവിതത്തിന്റെ' കേരളത്തിലെ ഷെഡ്യൂൾ ചിത്രീകരണം ആരംഭിച്ചത്. 4 വർഷം കൊണ്ടാണ് സിനിമയുടെ ചിത്രീകരണം പൂർത്തിയായത്. ഇതിനിടയിൽ വന്ന കോവിഡ് മഹാമാരിയും സിനിമയുടെ ചിത്രീകരണത്തെ ബാധിച്ചു.