ജോര്‍ദാനില്‍ കുടുങ്ങിയ നടന്‍ പൃഥ്വിരാജും സംവിധായകന്‍ ബ്ലെസിയും അടങ്ങുന്ന സംഘം മെയ് 22ന് കൊച്ചിയിലെത്തും. ആടുജീവിതം സിനിമയുടെ ചിത്രീകരണത്തിനായായിരുന്നു സംഘം ജോര്‍ദാനിലെത്തിയത്. പ്രത്യേക വിമാനത്തിലാണ് ഇവര്‍ ഇന്ത്യയിലേക്ക് തിരിക്കുക. 58 പേരാണ് സംഘത്തിലുള്ളത്.
ക്യു’ ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം
പ്രത്യേക വിമനത്തില്‍ ഡല്‍ഹിയിലെത്തുന്ന സംഘം, അവിടെ നിന്നാണ് കൊച്ചിയിലേക്ക് തിരിക്കുക. കൊച്ചിയിലെത്തുന്ന സംഘം ക്വാറന്റൈനില്‍ പ്രവേശിക്കും. ഇന്ത്യ കൊവിഡ് ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചപ്പോള്‍ ജോര്‍ദ്ദനിലെ വാദിറം മരുഭൂമിയില്‍ സമാന സാഹചര്യത്തിലായിരുന്നു പൃഥ്വിരാജും സംവിധായകന്‍ ബ്ലെസിയും സംഘവും. കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ചിത്രീകരണമുള്‍പ്പടെ നിര്‍ത്തിവെക്കേണ്ടിവന്നെങ്കിലും സ്ഥിതിഗതികള്‍ മെച്ചപ്പെട്ടതോടെ അവിടുത്തെ സര്‍ക്കാരിന്റെ പ്രത്യേക അനുമതിയോടെ ഷെഡ്യൂള്‍ പൂര്‍ത്തിയാക്കുകയായിരുന്നു. വാദിറമില്‍ സിനിമ പാക്കപ്പ് ചെയ്തതിന്റെ ചിത്രം അണിയറപ്രവര്‍ത്തകര്‍ നേരത്തെ പുറത്തുവിട്ടിരുന്നു.
ബെന്യാമിന്റെ പ്രശസ്ത നോവലായ ആടുജീവിതത്തിന്റെ ചലച്ചിത്രാവിഷ്‌കാരത്തിലെ നിര്‍ണായ രംഗങ്ങളാണ് വാദിറമില്‍ ചിത്രീകരിച്ചത്. നായക കഥാപാത്രം നജീബിന്റെ ആടുകള്‍ക്കൊപ്പമുള്ള ദൈന്യജീവിതമാണ് ഇവിടെ ചിത്രീകരിച്ചത്. മൂന്ന് മാസം സിനിമകളൊഴിവാക്കി ആടുജീവിതത്തിനായി പൃഥ്വിരാജ് ശരീരം മെലിഞ്ഞിരുന്നു. എ ആര്‍ റഹ്മാന്‍ ആണ് ആടുജീവിതത്തിന്റെ സംഗീത സംവിധായകന്‍. കെ യു മോഹനന്‍ ആണ് വാദിറം ഒഴികെയുള്ള ഷെഡ്യൂളുകള്‍ ചിത്രീകരിച്ചത്. മോഹന്‍ലാല്‍ ചിത്രം ബറോസ് പ്രീ പ്രൊഡക്ഷനിലേക്ക് കടന്നതിനെ തുടര്‍ന്ന് വാദിറം ഷെഡ്യൂള്‍ ചിത്രീകരിച്ചത് കെ.എസ് സുനില്‍ ആണ്. രതീഷ് അമ്പാട്ട് സംവിധാനം ചെയ്ത കമ്മാരസംഭവം ചിത്രീകരിച്ചതും സുനില്‍ ആയിരുന്നു. അമലാ പോള്‍ ആണ് ചിത്രത്തിലെ നായിക.