ഏറ്റവും പ്രചോദനം നൽകിയ സംവിധായകനാണ് മണിരത്നം എന്ന് എ ആർ റഹ്മാൻ. മണി രത്നത്തിനൊപ്പം ജോലി ചെയ്യുമ്പോൾ ചില ബുദ്ധിമുട്ടുകളും ഉണ്ട്. തന്റെ ഒരുപാട് ട്യൂണുകൾ മണിരത്നം മുൻപ് കേട്ടിട്ടുണ്ട്. പുതിയതായി എന്താണ് മണി രത്നത്തിന് കൊടുക്കുക എന്ന് ആലോചിക്കുന്നത് ബുദ്ധിമുട്ടുള്ള കാര്യമാണ്. എന്നാൽ അദ്ദേഹം ഈ കഷ്ടപ്പാടെല്ലാം രസിച്ചുകൊണ്ട് കൂടെ നിക്കുന്നുണ്ടാവും. മണി രത്നത്തിനു വേണ്ടി 'തഗ് ലൈഫ്' എന്ന ചിത്രത്തിന് സംഗീതം നൽകിക്കൊണ്ടിരിക്കുകയാണെന്ന് 'ദി വീക്കിന്' നൽകിയ അഭിമുഖത്തിൽ എ ആർ റഹ്മാൻ പറഞ്ഞു. 37 വർഷങ്ങൾക്ക് ശേഷം കമൽ ഹാസനും മണി രത്നവും ഒന്നിക്കുന്ന സിനിമയാണ് 'തഗ് ലൈഫ്'. കൽക്കി 2898 എ ഡി എന്ന ചിത്രത്തിന് ശേഷം കമൽ ഹാസന്റേതായി പുറത്തിറങ്ങാനിരിക്കുന്ന ചിത്രം കൂടിയാണിത്. മണി രത്നത്തിന്റെ സംവിധാനത്തിൽ അവസാനം തിയറ്ററിലെത്തിയ പൊന്നിയിൻ സെൽവൻ രണ്ടാം ഭാഗത്തിനും സംഗീതം നൽകിയത് എ ആർ റഹ്മാനായിരുന്നു.
എ ആർ റഹ്മാൻ പറഞ്ഞത്:
സിനിമയിൽ സംഗീതം നൽകാൻ ഏറ്റവും കൂടുതൽ പ്രചോദനം നൽകിയ സംവിധായകരിൽ ഒരാളാണ് മണി രത്നം. അദ്ദേഹത്തിന്റെ ഒപ്പം ജോലി ചെയ്യുമ്പോൾ ചില ബുദ്ധിമുട്ടുകളും ഉണ്ട്. നിങ്ങളെ ഒരാൾ അത്രയധികം വിശ്വസിക്കുകയാണെങ്കിൽ അത്ര തന്നെ നിങ്ങൾക്ക് നിങ്ങളെ തന്നെ കഷ്ടപ്പെടുത്തേണ്ടതായി വരും. ചില സംവിധായകർ പാട്ടിന് വേണ്ടി വരുമ്പോൾ എന്തൊക്കെയാണ് പാട്ടിൽ വേണ്ടത് എന്ന് കൃത്യമായി പറയും. രണ്ടു ദിവസം കൊണ്ട് ഗാനം തയ്യാറാക്കാൻ കഴിയും. ചിലർ വരുമ്പോൾ എന്തെങ്കിലും ഒന്ന് തരാനാകും പറയുക. അത്തരത്തിൽ ഒരു സംവിധായകനാണ് മണി രത്നം. അദ്ദേഹം എന്റെ ഒരുപാട് ട്യൂണുകൾ കേട്ട് കഴിഞ്ഞു. പുതിയതായി ഇനിയെന്താണ് അദ്ദേഹത്തിന് പ്രചോദനമാകുന്ന രീതിയിൽ ചെയ്യാൻ കഴിയുക എന്ന ആലോചനയിൽ ആയിരിക്കും ഞാൻ. അതൊരു തരത്തിലുള്ള കഷ്ടപ്പാടാണ്. അദ്ദേഹം ആ കഷ്ടപ്പാട് കണ്ട് രസിച്ച് നിൽക്കുന്നുണ്ടാവും. മണി രത്നത്തിനൊപ്പം 'തഗ് ലൈഫ്' എന്ന പുതിയ സിനിമ ചെയ്യുകയാണ് ഇപ്പോൾ. കമൽ ഹാസനും ചിത്രത്തിലുണ്ട്. ആ ടീമിനുള്ളിൽ ജോലി ചെയ്യുന്നത് വലിയ കൗതുകമുള്ള കാര്യമാണ്. കാരണം രണ്ട് ജീനിയസുകളാണ് ആ ചിത്രത്തിലുള്ളത്.