68-ാമത് ഫിലിം ഫെയര്‍ അവാര്‍ഡ്‌സില്‍ ആലിയ ഭട്ടും, രാജ് കുമാര്‍ റാവുവും മികച്ച നടിക്കും നടനുമുള്ള പുരസ്‌കാരം സ്വന്തമാക്കി. സഞ്ജയ് ലീല ബന്‍സാലി സംവിധാനം ചെയ്ത 'ഗംഗുബായി കത്തിയാവാഡി'യാണ് മികച്ച സിനിമ. മികച്ച നടി,സംവിധാനം, സംഭാഷണം, പശ്ചാത്തലസംഗീതം, ഛായാഗ്രഹണം, കോസ്റ്റ്യും ഡിസൈന്‍, പ്രൊഡക്ഷന്‍ ഡിസൈന്‍ തുടങ്ങി പത്ത് അവാര്‍ഡുകള്‍ 'ഗംഗുഭായി കത്തിയാവാഡി' സ്വന്തമാക്കി.
ഹര്‍ഷ്വര്‍ദ്ധന്‍ കുല്‍ക്കര്‍ണി സംവിധാനം ചെയ്ത ബദായി ദോയിലെ പ്രകടനത്തിനാണ് രാജ്കുമാര്‍ റാവുവിന് പുരസ്‌കാരം ലഭിച്ചത്. ചിത്രം മികച്ച തിരക്കഥയ്ക്കുള്ള അവാര്‍ഡും നേടി. അക്ഷന്ത് ഘില്‍ടിയല്‍, സുമന്‍ അധികാരി, ഹര്‍ഷ്വര്‍ധന്‍ കുല്‍ക്കര്‍ണി എന്നിവരുടേതാണ് തിരക്കഥ.
ബദായി ദോയിലെ പ്രകടനത്തിന് ഭൂമി പട്ട്‌നേകര്‍, ഭൂല്‍ഭുല്ലയ്യ-2-ഇലെ പ്രകടനത്തിന് തബു എന്നിവര്‍ മികച്ച നടി(ക്രിട്ടിക്‌സ്) പുരസ്‌കാരം പങ്കിട്ടു. മികച്ച ചിത്രം(ക്രിട്ടിക്‌സ്) പുരസ്‌കാരം ബദായി ദോയ്ക്ക് ലഭിച്ചു.
മികച്ച ഗായകനുള്ള പുരസ്‌കാരം ബ്രഹ്‌മാസ്ത്ര പാര്‍ട്ട്-1 ലെ 'കേസരിയ' എന്ന ഗാനത്തിന് അര്‍ജിത് സിങ് കരസ്ഥമാക്കി. ജുഗ് ജുഗ് ജിയോ എന്ന ചിത്രത്തിലെ രംഗിസാരി എന്ന ഗാനത്തിന് കവിത സേഥ് മികച്ച ഗായികയായി തെരഞ്ഞെടുക്കപ്പെട്ടു.