തൊണ്ണൂറ്റി നാലാമത് അക്കാദമി അവാർഡ്‌സിൽ ഏറ്റവും കൂടുതൽ അവാർഡുകൾ സ്വന്തമാക്കി ഡെനിസ് വില്ലെന്യൂവിന്റെ ഡ്യൂൺ. 10 നോമിനേഷനുകളിൽ നിന്ന് 6 എണ്ണവും സ്വന്തമാക്കിയാണ് ഓസ്കറിൽ ഡ്യൂൺ മുന്നോട്ട് കുതിച്ചത്. ഓസ്കർ ചടങ്ങ് ആരംഭിക്കുന്നതിന് മുമ്പ് തന്നെ ഡ്യൂണിന്റെ നാല് വിജയങ്ങൾ പ്രഖ്യാപിച്ചിരുന്നു. മികച്ച ഒറിജിനൽ സ്‌കോർ, മികച്ച സൗണ്ട്, മികച്ച ഫിലിം എഡിറ്റിംഗ്, മികച്ച വിഷ്വൽ ഇഫക്‌ട്‌സ്, മികച്ച പ്രൊഡക്ഷൻ ഡിസൈൻ, മികച്ച ഛായാഗ്രഹണം എന്നിവ ഡ്യൂൺ നേടി.
ഫ്രാങ്ക് ഹെർബർട്ടിൻ്റെ 'ഡ്യൂൺ' എന്ന സയൻസ് ഫിക്ഷൻ നോവലിനെ ആധാരമാക്കിയാണ് ഡെനിസ് വില്ലെന്യൂവ് 'ഡ്യൂൺ' ഒരുക്കിയത്. 1965-ൽ പ്രസിദ്ധീകരിച്ച നോവലിനെ ആസ്പദമാക്കി 1984-ലും ഒരു ചിത്രം പുറത്തിറങ്ങിയിരുന്നു, പക്ഷേ ആ ചിത്രത്തിന് വേണ്ടത്ര പ്രേക്ഷക ശ്രദ്ധ ലഭിച്ചിരുന്നില്ല. പോൾ ആട്രെയ്‌ഡ്‌സ്, ബുദ്ധിമാനും പ്രതിഭാധനനുമായ യുവാവാണ്. തന്റെ കുടുംബത്തിന്റെയും ജനങ്ങളുടെയും ഭാവി ഉറപ്പാക്കാൻ പ്രപഞ്ചത്തിലെ ഏറ്റവും അപകടകരമായ ഗ്രഹത്തിലേക്ക് യാത്ര ചെയ്യണം പോൾ ആട്രെയ്‌ഡ്‌സിന്. ആ ഗ്രഹത്തിലുള്ള അമൂല്യമായ വിഭവത്തിന്റെ വിതരണത്തെച്ചൊല്ലി ദുഷ്ടശക്തികൾ സംഘർഷത്തിലേക്ക് പൊട്ടിത്തെറിക്കുന്നതിനാൽ, സ്വന്തം ഭയത്തെ ജയിക്കാൻ കഴിഞ്ഞാൽ മാത്രമേ അതിജീവിക്കുകയുള്ളൂ.
മികച്ച ഒറിജിനൽ സ്‌കോറിനുള്ള അവാർഡ് നേടിയത് ഹാൻസ് സിമ്മറാണ്. ഡെനിസ് വില്ലെന്യൂവിന്റെ ഡ്യൂൺ റീമേക്കിലെ അദ്ദേഹത്തിന്റെ സ്‌കോറുകൾ ജോണി ഗ്രീൻവുഡ് (ദ പവർ ഓഫ് ദി ഡോഗ്), നിക്കോളാസ് ബ്രിട്ടെൽ (ഡോണ്ട് ലുക്ക് അപ്പ്), ജെർമെയ്ൻ ഫ്രാങ്കോ (എൻകാന്റോ), ആൽബർട്ടോ ഇഗ്ലേഷ്യസ് (പാരലൽ മദേഴ്സ് ) എന്നിവരുടെ സ്കോറുകളെ മറികടന്നായിരുന്നു അവാർഡ് കരസ്ഥമാക്കിയത്.
1994ൽ ലയൺ കിങ്ങിന് ശേഷം ഒരുപാട് തവണ പല ചിത്രങ്ങൾക്ക് വേണ്ടി നോമിനേറ്റഡ് ആയിരുന്നെങ്കിലും 2022ലാണ് ഹാൻസ് സിമ്മറിന് ഓസ്കർ ലഭിക്കുന്നത്. ഇന്റെർസ്റ്റെല്ലാർ, ഇൻസെപ്‌ഷൻ, ഗ്ലാഡിയേറ്റർ, ഡൺകിർക്, ഷെർലക് ഹോംസ് തുടങ്ങിയവയാണ് നോമിനേഷൻ നേടിയ സിനിമകളിൽ ചിലത്.
മാക് റൂത്ത്, മാർക്ക് മാംഗിനി, തിയോ ഗ്രീൻ, ഡഗ് ഹെംഫിൽ, റോൺ ബാർട്ട്ലെറ്റ് എന്നിവരാണ് 'ഡ്യൂണി'ലൂടെ മികച്ച സൗണ്ടിനുള്ള ഓസ്കർ നേടിയത്. 2013ൽ '12 ഇയേഴ്സ് എ സ്ലേവിനും', 2016ൽ 'എറൈവലിനും' നോമിനേഷൻ ലഭിച്ചിരുന്നെങ്കിലും ഈ വർഷമാണ് 'ഡ്യൂണി'ലൂടെ ജോ വാൽകർ മികച്ച ഫിലിം എഡിറ്റിംഗിനുള്ള അവാർഡ് നേടിയത്. ഓസ്‌ട്രേലിയൻ സിനിമാട്ടോഗ്രാഫർ ഗ്രെയ്ഗ് ഫ്രാസറിനാണ് മികച്ച ഛായാഗ്രഹണത്തിനുള്ള ഓസ്കർ ലഭിച്ചത്. നേരത്തെ 2017ൽ ലയണിലൂടെ നോമിനേഷൻ ലഭിച്ചിരുന്നുവെങ്കിലും ഓസ്കർ നേടാനായില്ല.
പ്രൊഡക്ഷൻ ഡിസൈനർ പാട്രിസ് വെർമെറ്റും സെറ്റ് ഡെക്കറേറ്റർ സുസ്സന്ന സിപോസും 'ഡ്യൂണിലൂടെ' മികച്ച പ്രൊഡക്ഷൻ ഡിസൈനുള്ള അക്കാദമി അവാർഡ് കരസ്ഥമാക്കി. 2021ൽ മരണപ്പെട്ട കനേഡിയൻ ഫിലിം മേക്കർ 'ജീൻ-മാർക് വല്ലി' യ്ക്കാണ് പാട്രിസ് വെർമെറ്റ് തന്റെ അവാർഡ് സമർപ്പിച്ചത്. ഇതിനു മുൻപും രണ്ട് തവണ പാട്രിസ് വെർമെറ്റ് നോമിനേഷൻ നേടിയിരുന്നു. മികച്ച വിഷ്വൽ എഫക്ട്സിനുള്ള ഓസ്കർ നേടിയതും ഡ്യൂണാണ്. ഡ്യൂണിലെ വിഷ്വൽ ഇഫക്ട് സൂപ്പർവൈസർ പോൾ ലാംബർട്ട് ആയിരുന്നു.