Film News

ജെല്ലിക്കെട്ട്, ട്രാന്‍സ്, മരക്കാര്‍, തുറമുഖം, മാമാങ്കം 2019 രണ്ടാം പകുതിയിലെ വമ്പന്‍ റിലീസുകള്‍

THE CUE

ആസ്വാദനത്തെ പുതിയ തലത്തിലേക്ക് ഉയര്‍ത്തുകയും ഫോര്‍മുലകളെ വകഞ്ഞുമാറ്റി മുന്നേറുകയും ചെയ്ത സിനിമകളുടെ വിജയക്കുതിപ്പിലാണ് 2019ലെ ആദ്യ പകുതി മലയാള സിനിമ പിന്നിട്ടത്. മെഡിക്കല്‍ ത്രില്ലര്‍ സ്വഭാവമുള്ള വൈറസ്, കഥ പറച്ചില്‍ കൊണ്ട് അമ്പരപ്പിച്ച കുമ്പളങ്ങി നൈറ്റ്‌സ്, പാന്‍ ഇന്ത്യന്‍ സ്വഭാവമുള്ള ഉണ്ട, ക്ലൈമാക്‌സിനൊപ്പം ഞെട്ടിച്ച ഇഷ്‌ക്, ആസിഡ് ആക്രമണത്തിന്റെ രാഷ്ട്രീയം പറഞ്ഞ ഉയരേ, ബോഡി ഷെയ്മിംഗ് വിഷയമാക്കിയ തമാശ തുടങ്ങിയ സിനിമകള്‍ മാറുന്ന മലയാള സിനിമയുടെ ആഘോഷമായിരുന്നു. അതിനൊപ്പം തന്നെ ലൂസിഫര്‍, മധുരരാജ, വിജയ് സൂപ്പറും പൗര്‍ണമിയും, യമണ്ടന്‍ പ്രണയകഥ, ജൂണ്‍ തുടങ്ങിയ സിനിമകള്‍ ബോക്‌സ് ഓഫീസിലും തിളക്കമറിയിച്ചു. 2019ലെ രണ്ടാം പകുതി പ്രേക്ഷകര്‍ വമ്പന്‍ കാത്തിരിപ്പ് തുടങ്ങിയ സിനിമകളുടേത്.

ജെല്ലിക്കെട്ട്

ലിജോ ജോസ് പെല്ലിശേരിയുടെ ജെല്ലിക്കെട്ട് വര്‍ഷാവസാനം തിയറ്ററുകളിലെത്തും. ഒക്ടോബര്‍ റിലീസായി ചിത്രമെത്തുമെന്നാണ് സൂചന. എസ് ഹരീഷ് എഴുതിയ മാവോയിസ്റ്റ് എന്ന കഥയെ ആധാരമാക്കി എസ് ഹരീഷും കെ പി ജയകുമാറും തിരക്കഥയെഴുതിയിരിക്കുന്ന സിനിമ ലിജോ മാജിക്കിന്റെ തിരിച്ചുവരവെന്നാണ് സിനിമാ രംഗത്തുള്ളവര്‍ അഭിപ്രായപ്പെടുന്നത്. ഔട്ട് സ്റ്റാന്‍ഡിംഗ് ചിത്രമെന്ന് ഇന്ദ്രജിത്തും, ലിജോയുടെ മാജിക്കും ഉന്മാദവും തിരിച്ചുവരുന്നുവെന്ന ഗീതു മോഹന്‍ദാസും സിനിമയുടെ പോസ്റ്റ് പ്രൊഡക്ഷന്‍ വേര്‍ഷന്‍ കണ്ട് പ്രതികരിച്ചിരുന്നു. ചെമ്പന്‍ വിനോദ് ജോസും ലിജോ പെല്ലിശേരിയും നിര്‍മ്മാണ പങ്കാളികളായ സിനിമ തോമസ് പണിക്കര്‍ ആണ് നിര്‍മ്മിച്ചിരിക്കുന്നത്. ആന്റണി വര്‍ഗീസ്, ചെമ്പന്‍ വിനോദ് ജോസ്, സാബുമോന്‍ അബ്ദുസമദ്, ശാന്തി ബാലചന്ദ്രന്‍, ജാഫര്‍ ഇടുക്കി തുടങ്ങിയവര്‍ സിനിമയിലെ പ്രധാന കഥാപാത്രങ്ങളാണ്.

ഇടുക്കിയുടെ പശ്ചാത്തലത്തിലാണ് സിനിമ. ഗിരീഷ് ഗംഗാധരനാണ് ഛായാഗ്രഹണം. പ്രശാന്ത് പിള്ള സംഗീതവും രംഗനാഥ് രവി സൗണ്ട് ഡിസൈനും. ഇന്ത്യന്‍ സംവിധായകനെന്ന നിലയില്‍ ലിജോയെ അടയാളപ്പെടുത്തുന്ന ചിത്രമായിരിക്കും ഇതെന്ന് ചലച്ചിത്ര രംഗത്തുള്ളവര്‍ പറയുന്നു.

ട്രാന്‍സ്

മലയാളത്തിലെ മറ്റൊരു മോസ്റ്റ് എവെയിറ്റിംഗ് സിനിമ. ഏഴ് വര്‍ഷത്തിന് ശേഷം അന്‍വര്‍ റഷീദ് സംവിധാനം ചെയ്യുന്ന സിനിമ. പുതുനിരയിലെ ഏറ്റവും പ്രധാനപ്പെട്ട നടനായ ഫഹദ് ഫാസില്‍ നായകനായ ചിത്രമായിരുന്നിട്ടും അന്‍വര്‍ റഷീദ് എന്ന സംവിധായകന്റെ ചിത്രമെന്ന നിലയില്‍ ആളുകള്‍ കാത്തിരിക്കാന്‍ തുടങ്ങിയ ചിത്രവുമാണ് ട്രാന്‍സ്. പക്കാ കമേഴ്‌സ്യല്‍ എന്റര്‍ടെയിനറായി ഒരുക്കിയ രാജമാണിക്യം, ചോട്ടാമുംബൈ, അണ്ണന്‍ തമ്പി എന്നീ സിനിമകള്‍ക്ക് ശേഷം ബ്രിഡ്ജ് എന്ന ചെറുസിനിമയിലൂടെ തന്നിലെ സംവിധായകന്റെ മറ്റൊരു തലം അനുഭവപ്പെടുത്തിയിരുന്നു അന്‍വര്‍ റഷീദ്. ഇതിന്റെ തുടര്‍ച്ചയായിരുന്നു ഉസ്താദ് ഹോട്ടല്‍. വമ്പന്‍ താരനിരക്കൊപ്പമാണ് ട്രാന്‍സ് വരുന്നത്.

കേരളത്തിലും തമിഴ്‌നാട്ടിലും ആംസ്റ്റര്‍ഡാമിലും മുംബൈയിലുമായി ഒരു വര്‍ഷത്തിലേറെയായി ട്രാന്‍സ് ചിത്രീകരിക്കുന്നു. അന്‍വര്‍ റഷീദ് എന്റര്‍ടെയിന്‍മെന്റാണ് നിര്‍മ്മാണം. ഫഹദിനൊപ്പം വിനായകന്‍, ഗൗതം വാസുദേവ മേനോന്‍, നസ്രിയാ നസിം, സൗബിന്‍ ഷാഹിര്‍, ശ്രീനാഥ് ഭാസി എന്നിവരും ചിത്രത്തിലുണ്ട്. ഫഹദ് വ്യത്യസ്ഥ ഗെറ്റപ്പുകളിലെത്തുന്ന സിനിമയുടെ ഛായാഗ്രഹണം അമല്‍ നീരദ് ആണ്. റസൂല്‍ പൂക്കുട്ടിയാണ് സൗണ്ട് ഡിസൈന്‍. ക്രിസ്മസ് റിലീസായി ട്രാന്‍സ് എ ആന്‍ഡ് എ റിലീസ് തിയറ്ററുകളിലെത്തിക്കുമെന്നാണ് സൂചനകള്‍. വിനായകനും ഈ ചിത്രത്തിനായി പാട്ടൊരുക്കുന്നുണ്ട്.

മരക്കാര്‍ അറബിക്കടലിന്റെ സിംഹം

മോഹന്‍ലാല്‍ നായകനാകുന്ന 100 കോടി ബജറ്റില്‍ ഒരുങ്ങുന്ന സിനിമയാണ് മരക്കാര്‍, അറബിക്കടലിന്റെ സിംഹം. പ്രിയദര്‍ശന്‍ സംവിധാനം ചെയ്യുന്ന പിരിഡ് ചിത്രത്തിന്റെ വിഎഫ്എക്, പോ്‌സ്റ്റ് പ്രൊഡക്ഷന്‍ ജോലികള്‍ പുരോഗമിക്കുകയാണ്. കുഞ്ഞാലിമരക്കാര്‍ ആയി മോഹന്‍ലാല്‍ അഭിനയിക്കുന്ന സിനിമയില്‍ അര്‍ജുന്‍, പ്രണവ് മോഹന്‍ലാല്‍, മഞ്ജു വാര്യര്‍, കീര്‍ത്തി സുരേഷ്, കല്യാണി പ്രിയദര്‍ശന്‍, സിദ്ദീഖ്, സംവിധായകന്‍ ഫാസില്‍ എന്നിവര്‍ കഥാപാത്രങ്ങളാണ്. റോണി റാഫേല്‍ ആണ് സംഗീത സംവിധായകന്‍. തിരുവാണ് ക്യാമറ. ആന്റണി പെരുമ്പാവൂറിനൊപ്പം സന്തോഷ് ടി കുരുവിളയും കോണ്‍ഫിഡന്റ് ഗ്രൂപ്പ് ഉടമ സി ജെ റോയ് എന്നിവരാണ് സിനിമ നിര്‍മ്മിച്ചിരിക്കുന്നത്. നിരവധി വിദേശ താരങ്ങളും ചിത്രത്തിലുണ്ട്. ലൂസിഫറിന് പിന്നാലെ ആഗോള റിലീസില്‍ മോഹന്‍ലാല്‍ സിനിമകള്‍ക്ക് ലഭിച്ച സ്വീകാര്യത പൂര്‍ണമായും ഉപയോഗപ്പെടുത്തുന്ന ചിത്രമായിരിക്കും മരക്കാര്‍ എന്നറിയുന്നു. മലയാളത്തിനൊപ്പം തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലും സിനിമ റിലീസ് ചെയ്യുന്നുണ്ട്. സാബു സിറില്‍ ആണ് പ്രൊഡക്ഷന്‍ ഡിസൈന്‍, രാമോജി റാവു ഫിലിം സിറ്റില്‍ ഒരുക്കിയ കൂറ്റന്‍ സെറ്റുകളിലാണ് സിനിമ ചിത്രീകരിച്ചത്. മോഹന്‍ലാലിന്റെ കരിയറിലെ ഏറ്റവും ഉയര്‍ന്ന ബജറ്റിലുള്ള ചിത്രവുമാണ് മരക്കാര്‍. മരക്കാര്‍ ക്രിസ്മസ് റിലീസായി എത്തുമെന്നാണ് അറിയുന്നത്.

തുറമുഖം

രാജീവ് രവി സംവിധാനം ചെയ്യുന്ന മള്‍ട്ടിസ്റ്റാര്‍ ചിത്രമായ തുറമുഖം ഈ വര്‍ഷം അവസാനത്തോടെ തിയറ്ററുകളിലെത്തുമെന്നറിയുന്നു. നിവിന്‍ പോളി,അര്‍ജുന്‍ അശോകന്‍, ബിജു മേനോന്‍, ഇന്ദ്രജിത്ത്, നിമിഷാ സജയന്‍, പൂര്‍ണിമാ ഇന്ദ്രജിത്ത് തുടങ്ങിയവരാണ് സിനിമയിലെ പ്രധാന താരങ്ങള്‍. തെക്കേപ്പാട്ട് ഫിലിംസിന്റെ ബാനറില്‍ സുകുമാര്‍ തെക്കേപ്പാട്ട് ആണ് നിര്‍മ്മാണം. രാജീവ് രവിയാണ് ഛായാഗ്രഹണം. ഇയ്യോബിന്റെ പുസ്തകം എന്ന സിനിമയുടെ രചയിതാവ് ഗോപന്‍ ചിദംബരം തിരക്കഥയെഴുതിയ ചിത്രം ഫോര്‍ട്ട് കൊച്ചിയില്‍ വര്‍ഷങ്ങള്‍ക്ക് മുമ്പ് നടന്ന തൊഴിലാളി സമരങ്ങളുടെ പശ്ചാത്തലത്തിലാണ് കഥ പറയുന്നത്.

തൊഴിലവസരം വിഭജിക്കുന്നതിനായി കൊച്ചി തുറമുഖത്ത് ഏര്‍പ്പെടുത്തിയിരുന്ന ചാപ്പ (ലോഹ ടോക്കണ്‍) സമ്പ്രദായവും ഇതിനെതിരെ നടന്ന തൊഴിലാഴി സമരവും വെടിവയ്പ്പുമെല്ലാം ചിത്രത്തിന്റെ ഉള്ളടക്കമാകുമെന്നറിയുന്നു.

മാമാങ്കം

മമ്മൂട്ടി കേന്ദ്രകഥാപാത്രമാകുന്ന പിരിഡ് ബിഗ് ബജറ്റ് ചിത്രമാണ് മാമാങ്കം. എം പദ്മകുമാര്‍ സംവിധാനം ചെയ്ത സിനിമയില്‍ ഉണ്ണി മുകുന്ദനും പ്രധാന കഥാപാത്രമാണ്. 17ാം നൂറ്റാണ്ടില്‍ ഭാരതപ്പുഴയുടെ തീരത്ത് നടന്നിരുന്ന മാമാങ്കത്തിന്റെ ചരിത്രപശ്ചാത്തലത്തിലാണ് ചിത്രം ഒരുങ്ങുന്നത്. സാമൂതിരിയ്ക്ക് നേരെ ചാവേറുകള്‍ എന്ന് വിളിപ്പേരുള്ള യോദ്ധാക്കള്‍ നടത്തിവന്നിരുന്ന പോരാട്ടമാണ് ചിത്രത്തിന്റെ പ്രമേയം. കാവ്യ ഫിലിംസിന്റെ ബാനറില്‍ വേണു കുന്നപ്പിള്ളി നിര്‍മിക്കുന് ചിത്രത്തില്‍ നീരജ് മാധവ് സിദ്ധിഖ്, തരുണ്‍ അറോറ, സുദേവ് നായര്‍, മണികണ്ഠന്‍, സുരേഷ് കൃഷ്ണ, മാസ്റ്റര്‍ അച്യുതന്‍ തുടങ്ങിയവര്‍ പ്രധാന വേഷങ്ങളിലെത്തുന്നു. അനു സിതാര,പ്രചി തേലാന്‍, മാളവിക മേനോന്‍, അഭിരാമി വി അയ്യര്‍ എന്നിവരാണ് ചിത്രത്തിലെ നായികമാര്‍.

മനോജ് പിള്ള ക്യാമറ കൈകാര്യം ചെയ്യുന്ന ചിത്രത്തിലെ ആക്ഷന്‍ രംഗങ്ങള്‍ ഒരുക്കുന്നത് ശ്യാം കൗശലാണ്. എം ജയചന്ദ്രനാണ് സംഗീതം. മോഹന്‍ദാസ് കലാസംവിധാനം നിര്‍വഹിക്കുന്ന ചിത്രത്തിനായി കൂറ്റന്‍ സെറ്റ് വര്‍ക്കുകളും നടന്നിരുന്നു.

തൊണ്ടിമുതലും ദൃക്‌സാക്ഷിയും എന്ന സിനിമയിലൂടെ തിരക്കഥയ്ക്ക് ദേശീയ പുരസ്‌കാരം നേടിയ സജീവ് പാഴൂരിന്റെ രചനയില്‍ ജി പ്രജിത്ത് സംവിധാനം ചെയ്ത സത്യം പറഞ്ഞാ വിശ്വസിക്കുവോ റിലീസിന് തയ്യാറെടുക്കുകയാണ്. ബിജു മേനോന്റെ നായികയായി സംവൃത സുനില്‍ ഇടവേള അവസാനിപ്പിച്ച് തിരിച്ചെത്തുന്ന ചിത്രമാണ് ഇത്. ജോജു, ചെമ്പന്‍, നൈല എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി ജോഷി സംവിധാനം ചെയ്യുന്ന പൊറിഞ്ചു മറിയം ജോസ് ഉടന്‍ തിയറ്ററുകളിലെത്തും. വിജയ് സേതുപതി പ്രധാന കഥാപാത്രമാകുന്ന ജയറാം ചിത്രം മാര്‍ക്കോണി മത്തായി, വിനായകനെ നായകനാക്കി കമല്‍ സംവിധാനം ചെയ്ത പ്രണയമീനുകളുടെ കടല്‍ എന്നീ സിനിമകളും ഉടന്‍ തിയറ്ററുകളിലെത്തു.

കുമ്പളങ്ങി നൈറ്റ്‌സിന് പിന്നാലെ മലയാളത്തിലെ ഏറ്റവും മികച്ച അഭിനേതാക്കളിലൊരാള്‍ എന്ന വിശേഷണം ലഭിച്ച സൗബിന്‍ ഷാഹിര്‍ നായകനായ അമ്പിളി റിലീസിന് തയ്യാറടുക്കുകയാണ. ഗപ്പി എന്ന ആദ്യസിനിമയിലൂടെ സ്വീകാര്യത നേടിയ ജോണ്‍പോള്‍ ജോര്‍ജ്ജ് രചനയും സംവിധാനവും നിര്‍വഹിക്കുന്ന ട്രാവല്‍ മുവീയാണ് അമ്പിളി. നസ്രിയയുടെ സഹോദരന്‍ നവീന്‍ നസീം ചിത്രത്തില്‍ പ്രധാന റോളിലുണ്ട്.

ടൊവിനോ തോമസിനെ നായകനാക്കി പ്രവീണ്‍ പ്രഭാറാം സംവിധാനം ചെയ്ത കല്‍ക്കി, സ്വപ്‌നേഷ് കെ നായരുടെ ടൊവിനോ ചിത്രം എടക്കാട് ബറ്റാലിയന്‍ എന്നിവയും ഈ വര്‍ഷം രണ്ടാംപകുതിയുടെ റിലീസുകളാണ്. സെക്കന്‍ഡ് ഷോ എന്ന ചിത്രത്തിലൂടെ ദുല്‍ഖര്‍ സല്‍മാനെ മലയാളത്തിന് പരിചയപ്പെടുത്തിയ ശ്രീനാഥ് രാജേന്ദ്രന്‍ സുകുമാരക്കുറുപ്പിന്റെ ജീവിതം പ്രമേയമാക്കി കുറുപ്പ് എന്ന സിനിമയുമാണ് വരുന്നുണ്ട്. ചിത്രീകരണം പുരോഗമിക്കുന്ന കുറുപ്പ് ഈ വര്‍ഷം തന്നെ തിയറ്ററുകളിലെത്തുമെന്ന് സൂചനയുണ്ട്.

ധ്യാന്‍ ശ്രീനിവാസന്‍ സംവിധായകനാകുന്ന നിവിന്‍ പോളി-നയന്‍താരാ ചിത്രം ലവ് ആക്ഷന്‍ ഡ്രാമാ ഓണം റിലീസാണ്. അജു വര്‍ഗീസും വൈശാഖ് സുബ്രഹ്മണ്യനും നിര്‍മ്മിക്കുന്ന ചിത്രം ക്ലീന്‍ എന്റര്‍ടെയിനറായിരിക്കുമെന്നറിയുന്നു. ജോമോന്‍ ടി ജോണ്‍ ആണ് ക്യാമറ. രസികന്‍ ചെറു സിനിമകളിലൂടെ ശ്രദ്ധേയനായ എ ഡി ഗിരീഷ് സംവിധാനം ചെയ്ത തണ്ണീര്‍മത്തന്‍ ദിനങ്ങള്‍ വിനീത് ശ്രീനിവാസനൊപ്പം നിരവധി പുതുമുഖങ്ങള്‍ അഭിനയിച്ച സിനിമയാണ്. ഈ സിനിമയും വരും മാസങ്ങളിലുണ്ടാകും. മോഹന്‍ലാല്‍ നായകനായ ഇട്ടിമാണി മെയ്ഡ് ഇന്‍ ചൈന, മമ്മൂട്ടിയെ നായകനാക്കി രമേഷ് പിഷാരടി സംവിധാനം ചെയ്യുന്ന ഗാനഗന്ധര്‍വന്‍, ദിലീപ് അര്‍ജുന്‍ ചിത്രം ജാക്ക് ഡാനിയേല്‍, പൃഥ്വിരാജിനെ നായകനാക്കി കലാഭവന്‍ ഷാജോണ്‍ സംവിധാനം ചെയ്ത ബ്രദേഴ്‌സ് ഡേ, സന്തോഷ് ശിവന്‍ മഞ്ജു വാര്യരെയും കാളിദാസിനെയും കേന്ദ്രകഥാപാത്രങ്ങളാക്കി ഒരുക്കിയ ജാക്ക് ആന്‍ഡ് ജില്‍, ഷെയ്ന്‍ നിഗം നായകനാകുന്ന വലിയ പെരുന്നാള്‍, രജിഷാ വിജയനെ കേന്ദ്രകഥാപാത്രമാക്കി അരുണ്‍ പി ആര്‍ സംവിധാനം ചെയ്ത ഫൈനല്‍സ്, സുധീപ് ഗീതിക ടീമിന്റെ കാളിദാസന്‍ ചിത്രം ഹാപ്പി സര്‍ദാര്‍, സണ്ണി വെയന്‍ നായകനായ ഗൗതമി നായര്‍ ചിത്രം വൃത്തം, അരുണ്‍കുമാര്‍ അരവിന്ദ് ആസിഫലിയെ നായകനാക്കി ഒരുക്കിയ അണ്ടര്‍ വേള്‍ഡ് എന്നീ സിനിമകളും ഈ വര്‍ഷം രണ്ടാം പകുതിയിലുണ്ട്.

രാജ്യാന്തര പുരസ്‌കാരം നേടിയ ഡോക്ടര്‍ ബിജു ചിത്രം വെയില്‍മരങ്ങള്‍, ഷാജി എന്‍ കരുണ്‍ ചിത്രം ഓള്, സനല്‍കുമാര്‍ ശശിധരന്റെ ചോല, ഗീതു മോഹന്‍ദാസിന്റെ മൂത്തോന്‍ എന്നീ സിനിമകളും ഈ വര്‍ഷം രണ്ടാംപകുതിയില്‍ റിലീസിനെത്തുമെന്നറിയുന്നു.

അനൂപ് മേനോന്‍ ആദ്യമായി സംവിധായകനാകുന്ന കിംഗ് ഫിഷ്, ടികെ രാജീവ് കുമാര്‍ ചിത്രം കോളാമ്പി, വിനയന്‍ ചിത്രം ആകാശഗംഗ സെക്കന്‍ഡ് എന്നിവയും വരാനിരിക്കുന്ന റിലീസുകളാണ്.

ആ സിനിമയുടെ പേരിൽ ഞാനും പ്രിയദർശനും വഴക്കു കൂടിയിട്ടുണ്ട്, പ്രതീക്ഷിച്ച ക്ലൈമാക്സ് ആയിരുന്നില്ല സിനിമയ്ക്ക്: ജഗദീഷ്

ലോക ടൂറിസം ഓർഗനൈസേഷനിൽ അഫിലിയേറ്റ് അംഗമായി ഐസിഎല്‍

ടൊവിനോ ചിത്രം 'നരിവേട്ട'യുടെ പേരിൽ വ്യാജ കാസ്റ്റിം​ഗ് കോൾ തട്ടിപ്പ്, ആളുകൾ ജാഗ്രത പാലിക്കണമെന്ന് സംവിധായകൻ അനുരാജ് മനോഹർ

ദേശീയ ദിനം: യുഎഇയില്‍ അവധി പ്രഖ്യാപിച്ചു

സിനിമയുടെ റിവ്യൂ പറയുന്നവരെ ചോദ്യം ചെയ്യാനാകില്ല, കാശ് കൊടുത്ത് സിനിമ കാണുന്നവന് റിവ്യൂ പറയാനുള്ള അവകാശമുണ്ട്: ആർ ജെ ബാലാജി

SCROLL FOR NEXT