മലയാള സിനിമയിലെ ആദ്യ അഭിനേത്രിയായ പി കെ റോസിയുടെ പേരില്‍ ഫിലിം സൊസൈറ്റി പ്രഖ്യാപിച്ച് വിമെന്‍ ഇന്‍ സിനിമ കളക്ടീവ്. 'വിഗതകുമാരനില്‍' അഭിനയിച്ചതിന്റെ പേരില്‍ സാമൂഹികമായ ഭ്രഷ്ടിന് ഇരയായി നാടുകടത്തപ്പെട്ട പി കെ റോസിയുടെ പേരില്‍ ഒരു ഫിലിം സൊസൈറ്റി ആരംഭിക്കുന്നതിലൂടെ കൊണ്ടാടപ്പെടുന്ന സിനിമാ ചരിത്രത്തില്‍ നിന്ന് ലിംഗ, ജാതി, മത, വംശ, സ്ഥല, വര്‍ണ്ണ സ്വത്വങ്ങളാല്‍ മാറ്റി നിര്‍ത്തപ്പെട്ടവരോടൊപ്പം നില്‍ക്കാനും അതിനെ കുറിച്ചു സംസാരിക്കാനുമാണ് ലക്ഷ്യമിടുന്നതെന്ന് ഡബ്ലിയുസിസി വ്യക്തമാക്കി. പി കെ റോസിയെ ദൃശ്യവല്‍ക്കരിച്ചുകൊണ്ടുള്ള ലോഗോയും പുറത്തിറക്കിയിട്ടുണ്ട്. സ്ത്രീപക്ഷ കാഴ്ച്ചപ്പാടിന് കൂടുതല്‍ ഇടമുണ്ടാക്കലാണ് സൊസൈറ്റിയിലൂടെ ഉദ്ദേശിക്കുന്നതെന്ന് സംവിധായകയും ഡബ്ലിയുസിസി ഭരണസമിതി അംഗവുമായ അഞ്ജലി മേനോന്‍ 'ദ ക്യൂ'വിനോട് പ്രതികരിച്ചു.
ചലച്ചിത്ര മേളകള്‍ പലതുണ്ടെങ്കിലും സ്ത്രീപക്ഷ നരേറ്റീവിന് ഇടം കൊടുക്കുന്ന അവസരങ്ങള്‍ കുറവാണ്. സിനിമാ പ്രദര്‍ശനങ്ങളില്‍ ജെന്‍ഡറും സ്ത്രീകളുടെ വീക്ഷണവും വിവിധങ്ങളായ കാഴ്ച്ചപ്പാടുകളും ചര്‍ച്ച ചെയ്യപ്പെടണം.അഞ്ജലി മേനോന്‍
സ്ത്രീകളുടെ ഇടപെടല്‍ കൂടാന്‍ വേണ്ടിയുള്ള പ്രവര്‍ത്തനങ്ങളിലാകും പി കെ റോസി ഫിലിം സൊസൈറ്റി കൂടുതല്‍ ഫോക്കസ് ചെയ്യുകയെന്നും അഞ്ജലിമേനോന്‍ കൂട്ടിച്ചേര്‍ത്തു. സൊസൈറ്റിയുടെ പ്രഖ്യാപനവുമായി ബന്ധപ്പെട്ട ഇവന്റ് സെപ്തംബര്‍ 15നുണ്ടാകുമെന്നും സാമൂഹിക സേവനരംഗത്തും രാഷ്ട്രീയത്തിലും സിനിമാമേഖലയിലും സജീവമായവരുടെ സോഷ്യല്‍ മീഡിയ ഹാന്‍ഡിലുകളിലൂടെ ഇന്ന് ലോഗോ പ്രകാശനം നടത്തിയെന്നും ഡബ്ലിയുസിസി അംഗം ദിവ്യാ ഗോപിനാഥ് പറഞ്ഞു.
ഡബ്ലിയുസിസിയുടെ ഫേസ്ബുക്ക് കുറിപ്പ്
മലയാളസിനിമയുടെ ആദ്യ അഭിനേത്രിയായ പി.കെ റോസിയുടെ പേരിൽ വിമെൻ ഇൻ സിനിമ കളക്ടീവ്, ഒരു ഫിലിം സൊസൈറ്റി ആരംഭിക്കുകയാണ്. 1928 ൽ പുറത്തിറങ്ങിയ 'വിഗതകുമാരൻ' എന്ന നിശബ്ദ ചിത്രത്തിൽ അഭിനയിച്ചു എന്ന ഒരൊറ്റക്കാരണത്താൽ വേട്ടയാടപ്പെടുകയും സാമൂഹികമായ ഭ്രഷ്ട് കല്പിച്ച് നാടുകടത്തപ്പെടുകയും ചെയ്ത ദളിത് സ്ത്രീയാണ് പി.കെ.റോസി. പി.കെ റോസിയുടെ പേരിൽ ഒരു ഫിലിം സൊസൈറ്റി ആരംഭിക്കുക എന്നതിലൂടെ കൊണ്ടാടപ്പെടുന്ന സിനിമാ ചരിത്രത്തിൽ നിന്ന് ലിംഗ, ജാതി, മത, വംശ, സ്ഥല, വർണ്ണ സ്വത്വങ്ങളാൽ മാറ്റി നിർത്തപ്പെട്ടവരോടൊപ്പം നിൽക്കാനും അതിനെ കുറിച്ചു സംസാരിച്ച് തുടങ്ങാനുമുള്ള ഒരെളിയ ശ്രമമാണ് ഉദ്ദേശിക്കുന്നത്.
മുംബൈ ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന ഡിസൈനറായ സോയ റിയാസ് രൂപകല്പന ചെയ്ത നമ്മുടെ ലോഗോയും പി.കെ റോസിയെ ദൃശ്യവത്കരിക്കുന്നതാണ്.
മിക്കപ്പോഴും ആണിടങ്ങളാവാറുള്ള ഇത്തരത്തിലുള്ള വ്യൂവിങ് സ്പെയ്സുകൾക്കിടയിൽ ഒരിടം സൃഷ്ടിക്കാനുള്ള ഞങ്ങളുടെ ശ്രമമാണ് പി.കെ റോസി ഫിലിം സൊസൈറ്റി. സ്ത്രീകളായിട്ടുള്ള സംവിധായകരേയും ചലച്ചിത്രപ്രവർത്തകരെയും സ്ത്രീപക്ഷ ചലച്ചിത്ര സൗന്ദര്യശാസ്ത്രത്തെയും പ്രദർശിപ്പിക്കുകയും ചർച്ച ചെയ്യുകയും ആഘോഷിക്കുകയുമാണ് പൂർണ്ണമായും സ്ത്രീ/ട്രാൻസ്-സ്ത്രീകളാൽ നയിക്കപ്പെടുന്ന ഈ സൊസൈറ്റിയുടെ ലക്ഷ്യം.
ഇതൊരു ജനാധിപത്യപരമായ ഇടമായിരിക്കുകയും ഇതിന് സമകാലീന ചലച്ചിത്ര കലാവിജ്ഞാനീയത്തിലേക്കും, അത് സംബന്ധിച്ച ചർച്ചകളിലേക്കും, സംഭാവനകൾ നൽകാൻ സാധിക്കുകയും ചെയ്യുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു.