Film Festivals

സംസ്‌ക്കാര നഗരത്തിന്റെ ദേശാന്തരയാത്രകള്‍

പ്രശസ്തമായ അന്താരാഷ്ട്ര ചലച്ചിത്രമേളകളിലൊന്നായ സ്‌ളെമാനി ഇന്റര്‍നാഷനല്‍ ഫിലിം ഫെസ്റ്റിവലില്‍ ജൂറിയായി പങ്കെടുത്ത നിരൂപകന്‍ ജി.പി.രാമചന്ദ്രന്‍ ചലച്ചിത്രമേളയെക്കുറിച്ച് എഴുതുന്നു

രാജ്യമില്ലാത്ത രാഷ്ട്രം (സ്റ്റേറ്റ്‌ലെസ്സ് നാഷന്‍) എന്നറിയപ്പെടുന്ന കുര്‍ദിസ്ഥാനില്‍ പ്രധാനമായും രണ്ട് അന്താരാഷ്ട്ര ചലച്ചിത്ര മേളകളാണ് നടക്കുന്നത്. ദുഹോക്കിലും സുലൈമാനിയയിലുമാണ് ഈ മേളകള്‍. ഇറാഖ് ഫെഡറല്‍ റിപ്പബ്ലിക്കിനകത്തുള്ള സ്വതന്ത്ര/സ്വാശ്രയ ഭരണകൂടമാണ് റീജിയണല്‍ ഗവണ്മെന്റ് ഓഫ് കുര്‍ദിസ്ഥാന്‍. സുലൈമാനിയ, എര്‍ബില്‍, ദുഹോക്ക് എന്നീ മൂന്ന് ഗവര്‍ണറേറ്റുകളാണ് ഈ പ്രാദേശിക സര്‍ക്കാരിന് കീഴിലുള്ളത്. എര്‍ബിലിലാണ് തലസ്ഥാനം. ഇറാഖിലെ പ്രധാന എണ്ണ ഖനന നഗരമായ കിര്‍ക്കുക്കില്‍ ഇറാഖ് ഫെഡറല്‍ റിപ്പബ്ലിക്കിനു പുറമെ കുര്‍ദിസ്ഥാന്‍ സര്‍ക്കാരിനും ചില അധികാരങ്ങളുണ്ട്. കുര്‍ദിഷ് സംസ്‌ക്കാരത്തിന്റെയും ഭാഷയുടെയും ആഗിരണവും ഐക്യബോധവും സ്വത്വപ്രകാശനവുമാണ് ഈ മേളകളിലൂടെ പ്രധാനമായും ലക്ഷ്യമിടുന്നത്. കുര്‍ദിഷ് സിനിമയുടെ രാജ്യാന്തര പ്രയാണത്തിലൂടെയും ലക്ഷ്യമിടുന്നത് ഇതു തന്നെ. ഇറാഖിനു പുറമെ; ഇറാന്‍, തുര്‍ക്കി, സിറിയ എന്നീ രാജ്യങ്ങളിലാണ് പ്രധാനമായും കുര്‍ദ് വംശജര്‍ താമസിക്കുന്നത്. ഇറാനിലും സിറിയയിലും നിലനില്ക്കുന്ന സാംസ്‌ക്കാരിക അധിനിവേശ സാഹചര്യങ്ങള്‍ മൂലം അവിടങ്ങളിലൊന്നും കുര്‍ദിഷ് ചലച്ചിത്രമേളകള്‍ സംഘടിപ്പിക്കപ്പെടുന്നില്ല. തുര്‍ക്കിയുടെ തലസ്ഥാനമായ ഇസ്താന്‍ബുള്ളില്‍ 2019ല്‍ ചെറിയ തോതില്‍ കുര്‍ദിഷ് ഫിലിം ഫെസ്റ്റിവല്‍ ആരംഭിച്ചിട്ടുണ്ട്.

ഇറാഖി കുര്‍ദിസ്ഥാന്‍ എന്നറിയപ്പെടുന്ന തെക്കേ കുര്‍ദിസ്ഥാനിലെ രണ്ടു മേളകള്‍ക്കു പുറമെ, ബര്‍ലിന്‍ കുര്‍ദിഷ് ഫിലിം ഫെസ്റ്റിവല്‍, മോസ്‌ക്കോ കുര്‍ദിഷ് ഫിലിം ഫെസ്റ്റിവല്‍, ലണ്ടന്‍ കുര്‍ദിഷ് ഫിലിം ഫെസ്റ്റിവല്‍,ന്യൂയോര്‍ക്ക് കുര്‍ദിഷ് ഫിലിം ഫെസ്റ്റിവല്‍, ഗ്ലോബല്‍ കുര്‍ദിഷ് ഫിലിം ഫെസ്റ്റിവല്‍, കുര്‍ദിസ്ഥാന്‍ ഇന്‍ഡിപെന്‍ഡന്റ് ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവല്‍ എന്നിങ്ങനെ ചില മേളകളും സംഘടിപ്പിക്കപ്പെട്ടു വരുന്നു.

കുര്‍ദിഷ് സിനിമകള്‍ എന്നറിയപ്പെടുന്ന സിനിമകള്‍ ലോക സിനിമാ പ്രേക്ഷകര്‍ക്കു മുന്നില്‍ ആ വിധത്തില്‍ അവതരിപ്പിക്കപ്പെടുന്നതിനു മുമ്പു തന്നെ കുര്‍ദിഷ് സിനിമകളുടെ ചരിത്രം ആരംഭിക്കുന്നു എന്നതാണ് വിചിത്രമെന്നു തോന്നിപ്പിക്കുമെങ്കിലും യാഥാര്‍ത്ഥ്യമായ വസ്തുത. പ്രസിദ്ധ ടര്‍ക്കിഷ് സംവിധായകനും അഭിനേതാവുമായിരുന്ന യില്‍മാസ് ഗുനെ കുര്‍ദ് വംശജനാണ്. അമ്പതു വയസ്സാകുന്നതിനു മുമ്പു തന്നെ മരണമടഞ്ഞ യില്‍മാസ് ഗുനെയ്ക്ക് അതു വരെയും മാതൃഭാഷയായ കുര്‍ദിഷില്‍ ഒരു സിനിമ സംവിധാനം ചെയ്യാനോ അഭിനയിക്കാനോ സാധിച്ചില്ല. അക്കാലത്തെല്ലാം തുര്‍ക്കിയില്‍ കുര്‍ദ് ഭാഷ നിരോധിക്കപ്പെട്ടിരിക്കുകയായിരുന്നു. നിരവധി വര്‍ഷം തടവറയില്‍ കഴിഞ്ഞ യില്‍മാസ് ഗുനെ പിന്നീട് പാരീസിലേക്ക് പോകുകയും ഫ്രാന്‍സില്‍ രാഷ്ട്രീയാഭയം നേടുകയും ചെയ്തു. അവിടെ വെച്ചെടുത്ത യോള്‍ എന്ന സിനിമയ്ക്ക് അദ്ദേഹത്തിന് കാന്‍ മേളയില്‍ പാം ദ ഓര്‍ ലഭിച്ചു. അതായത് ലോകസിനിമയുടെ നെറുകയില്‍ യില്‍മാസ് ഗുനെയ്ക്ക് എത്താന്‍ സാധിച്ചു. എന്നാല്‍, സ്വന്തം ഭാഷയില്‍ ഒരു സിനിമ പ്രകാശനം ചെയ്യാന്‍ ജീവിച്ചിരുന്ന കാലത്ത് അദ്ദേഹത്തിന് സാധിച്ചില്ല. സുലൈമാനിയ നഗരത്തിലെ അംനാ സുരാക്കാ എന്ന മ്യൂസിയത്തില്‍ കുര്‍ദിഷ് സിനിമയുടെ (പിറക്കാത്ത സിനിമകളുടെ) പിതാവായ യില്‍മാസ് ഗുനെയുടെ പേരിലാണ് സിനിമാ ഹാളുള്ളത്. മറ്റൊരു പ്രസിദ്ധ കുര്‍ദിഷ് ചലച്ചിത്രകാരനായ ബഹ്മാന്‍ ഗൊബാഡി ഇറാനിലാണുള്ളത്. ടര്‍ട്ടില്‍സ് കാന്‍ ഫ്‌ളൈ പോലുള്ള പ്രസിദ്ധ സിനിമകളെടുത്ത ഗൊബാഡി കുര്‍ദിഷ് ഭാഷയിലാണ് സിനിമയെടുക്കുന്നതെങ്കിലും ഇറാനിയന്‍ സംവിധായകന്‍ എന്ന നിലയ്ക്കാണ് അറിയപ്പെടുന്നത്.

നാഗരികതയുടെ ജന്മദേശമായി കണക്കാക്കപ്പെടുന്ന മെസോപ്പോട്ടാമിയയിലാണ് സാഹിത്യരചനയും തത്വശാസ്ത്രവും ആരംഭിച്ചത്. പാശ്ചാത്യ നാഗരികതയും സംസ്‌ക്കാരവും പില്‍ക്കാല നൂറ്റാണ്ടുകളില്‍ വികാസം പ്രാപിച്ചതിനു പിറകിലെ യഥാര്‍ത്ഥ കാരണവും മെസപ്പോട്ടാമിയയുടെ സങ്കീര്‍ണമായ സാമൂഹിക പരികല്പനകളാണെന്നതും കാണേണ്ടതുണ്ട്.

ഡോക്യുമെന്ററി ജൂറി അംഗങ്ങള്‍ക്കൊപ്പം ലേഖകന്‍

പ്രാചീന മെസോപ്പോട്ടാമിയയുടെ ഭാഗമായിരുന്ന ഭൂപ്രദേശത്തിന്റെ വലിയൊരു പങ്ക് ഇന്നത്തെ കുര്‍ദിസ്ഥാനിലാണുള്ളത്. ഈ പ്രദേശത്തിന്റെ സാംസ്‌ക്കാരിക സ്വത്വം തിരിച്ചു പിടിക്കുന്നതിനു വേണ്ടിയാണ്, മറ്റു കലാപ്രവര്‍ത്തനങ്ങളെന്നതു പോലെ ഇവിടത്തെ ചലച്ചിത്രമേളകളും ശ്രമിക്കുന്നത്. നിത്യമായ രാഷ്ട്രീയ സംഘര്‍ഷത്തിന്റെ കേന്ദ്രം എന്നതിനു പകരം, പുരോഗമനത്തിന്റെയും സാംസ്‌ക്കാരിക നവോത്ഥാനത്തിന്റെയും മേഖലയാക്കി കുര്‍ദിസ്ഥാനെ വികസിപ്പിക്കുക കൂടിയാണ് ദുഹോക്കിലെയും സ്ലെമാനിയിലെയും ചലച്ചിത്രമേളകള്‍.

നാഗരികതയുടെ ജന്മദേശമായി കണക്കാക്കപ്പെടുന്ന മെസോപ്പോട്ടാമിയയിലാണ് സാഹിത്യരചനയും തത്വശാസ്ത്രവും ആരംഭിച്ചത്. പാശ്ചാത്യ നാഗരികതയും സംസ്‌ക്കാരവും പില്‍ക്കാല നൂറ്റാണ്ടുകളില്‍ വികാസം പ്രാപിച്ചതിനു പിറകിലെ യഥാര്‍ത്ഥ കാരണവും മെസപ്പോട്ടാമിയയുടെ സങ്കീര്‍ണമായ സാമൂഹിക പരികല്പനകളാണെന്നതും കാണേണ്ടതുണ്ട്. ആധുനിക കാലത്ത്, വിശേഷിച്ച് ഇരുപതാം നൂറ്റാണ്ടിലും ഇരുപത്തൊന്നാം നൂറ്റാണ്ടിന്റെ ആദ്യ ദശകങ്ങളിലും ആവര്‍ത്തിക്കുന്ന യുദ്ധങ്ങളും കലാപങ്ങളും സംഘര്‍ഷങ്ങളും ഇറാഖ്, ഇറാന്‍, സിറിയ, തുര്‍ക്കി എന്നിവിടങ്ങളെല്ലാം സംഘര്‍ഷഭരിതമായി. ഇപ്പോഴും അത് അവസാനിച്ചിട്ടുമില്ല. എന്നാല്‍, സൗന്ദര്യത്തിന്റെയും സര്‍ഗാത്മകതയുടെയും ഉപാസകര്‍ക്ക് അനന്തമായി കാത്തിരിക്കാനാവില്ല എന്ന സന്ദേശമാണ്, കുര്‍ദിസ്ഥാന്‍ മേഖലയില്‍ അടുത്ത കാലത്തായി നടക്കുന്ന കലാ പ്രവര്‍ത്തനങ്ങള്‍ നല്‍കുന്നത്. ഗ്രന്ഥശാലകളും പുസ്തകവില്പനാകേന്ദ്രങ്ങളും സാഹിത്യ ഫൗണ്ടേഷനുകളും എന്തിന് കമനീയമായ പുസ്തക അലമാരകള്‍ കൊണ്ട് ആകര്‍ഷകമായ ചായക്കടകളുമുള്ള സുലൈമാനിയ എന്ന നഗരത്തെ സാഹിത്യത്തിന്റെ നഗരം എന്നാണ് ഐക്യരാഷ്ട്രസഭ തന്നെ ഔദ്യോഗികമായി വിശേഷിപ്പിക്കുന്നത്. സുലൈമാനിയ ലിറ്റററി ഫെസ്റ്റിവലും പ്രസിദ്ധമാണ്.

ഒന്നും രണ്ടും ലോകയുദ്ധങ്ങള്‍ക്കിടയില്‍ രൂപീകരിക്കപ്പെട്ട വിവിധ രാജ്യങ്ങള്‍ക്കിടയില്‍ പെട്ട് പലതായി പിളര്‍ന്നു പോയ കുര്‍ദ് ജനതയുടെ ഐക്യ ഭാവനയെയും സ്ലെമാനി അന്താരാഷ്ട്ര ചലച്ചിത്രമേള ഉയര്‍ത്തിപ്പിടിക്കുന്നു. 2021 ഡിസംബര്‍ 17 മുതല്‍ 23 വരെ സുലൈമാനിയയിലെ സിറ്റി സിനിമയില്‍ നടന്ന അഞ്ചാമത് സ്ലെമാനി അന്താരാഷ്ട്ര ചലച്ചിത്രമേളയില്‍ ഡോക്കുമെന്ററി വിഭാഗം ഔദ്യോഗിക ജൂറി അംഗമായി പങ്കെടുക്കാന്‍ എനിക്ക് സാധ്യമായി. പോളിഷ് സംവിധായികയും നിര്‍മാതാവും ആയ അന്ന സമെസ്‌ക്കയായിരുന്നു ജൂറി പ്രസിഡണ്ട്. ഇറാനില്‍ നിന്നുള്ള അദ്ധ്യാപകന്‍ അഹമ്മദ് അലാസ്തിയായിരുന്നു മറ്റൊരംഗം. മറ്റു വിവിധ വിഭാഗങ്ങളിലെ ജൂറികളില്‍ നല്ലൊരളവ് അംഗങ്ങളും കുര്‍ദിഷ് വേരുകളുള്ളവരാണ്. കുര്‍ദിഷ് ഹ്രസ്വ സിനിമാ വിഭാഗത്തിലെ കാമെറന്‍ ബെതാസി ഇറാഖി കുര്‍ദിസ്ഥാനിലെ സാക്‌ഖോയില്‍ ജനിച്ചയാളാണ്. ആനിമേഷന്‍ വിഭാഗത്തിലെ അക്ബര്‍ ഷഹ്ബാസി ഇറാനിയന്‍ കുര്‍ദിഷ് വംശജനാണ്. ഫീച്ചര്‍ വിഭാഗത്തിലെ അംഗം ഇബ്രാഹിം സയീദിയും ഇറാനിയന്‍ കുര്‍ദിഷ് വംശജനാണ്. അതേ വിഭാഗത്തിലെ അംഗങ്ങളായ സെബഹാറ്റിന്‍ സെനും മിസ്ഗിന്‍ എം ആര്‍സിയനും തുര്‍ക്കിയില്‍ നിന്നുള്ള കുര്‍ദിഷ് വംശജരാണ്. സെബഹാറ്റിന്‍ ഇപ്പോള്‍ പാരീസിലും മിസ്ഗിന്‍ ഇപ്പോഴുള്ളത് ലണ്ടനിലുമാണ്. ലോകമെമ്പാടുമായി ചിതറിക്കിടക്കുന്ന കുര്‍ദ് വംശജരായ ചലച്ചിത്ര പ്രവര്‍ത്തകര്‍ക്ക് കൂടിയിരിക്കാനും അതോടൊപ്പം, ലോകത്തിന്റെ മറ്റെല്ലാ കോണുകളിലുമുള്ള കലാസ്‌നേഹികള്‍ക്കിടയില്‍ കുര്‍ദിഷ് സിനിമയുടെയും അവരുടെ ചലച്ചിത്രാഭിരുചിയുടെയും പ്രാധാന്യം എത്തിക്കുകയും ചെയ്യുക എന്നതാണ് സ്ലെമാനി മേളയുടെ ലക്ഷ്യം. അക്കൂട്ടത്തില്‍ ഇന്ത്യയില്‍ നിന്നുള്ള ഏക ജൂറി അംഗമായി ഞാനുമെത്തി. ഇതിനു മുമ്പുള്ള എഡിഷനുകളില്‍ പ്രേമേന്ദ്ര മജൂംദാര്‍, വി കെ ജോസഫ് എന്നിവരും ഇന്ത്യയില്‍ നിന്ന് സ്ലെമാനി മേളയില്‍ ജൂറിയായി പങ്കെടുത്തിട്ടുണ്ട്.അവരുടെ ശുപാര്‍ശ പ്രകാരമാണ് ഫെസ്റ്റിവല്‍ കമ്മീഷന്റെ ക്ഷണം എനിക്ക് ലഭിച്ചത്.


sulaymaniyah international literature festival

പ്രാചീന നാഗരികത ആധുനിക സംസ്‌ക്കാരവുമായി കണ്ണി ചേരുന്ന വിസ്മയകരമായ പശ്ചാത്തലമാണ് സുലൈമാനിയയ്ക്കും കുര്‍ദിസ്ഥാനുമുള്ളത്. ഇവിടെ കുര്‍ദിഷ് സിനിമയും ലോക സിനിമയും തമ്മിലുള്ള പാരസ്പര്യം ഈ മേളയിലൂടെ സംഭവിക്കുകയും ചെയ്യുന്നു.

2021ലിറങ്ങിയ ലോക സിനിമകളില്‍ ഏറ്റവും ശ്രദ്ധേയം എന്നു വിശേഷിപ്പിക്കാവുന്ന അസ്ഗര്‍ ഫര്‍ഹാദിയുടെ എ ഹീറോ (ഒരു നായകന്‍) എന്ന ഇറാനിയന്‍ സിനിമയ്ക്ക് ഫീച്ചര്‍ സിനിമാ വിഭാഗത്തില്‍ നിരവധി പുരസ്‌കാരങ്ങള്‍ ലഭിച്ചു. കാനില്‍ ഗ്രാന്റ് പ്രി ലഭിച്ച എ ഹീറോയ്ക്ക് മറ്റു നിരവധി മേളകളിലും പുരസ്‌കാരങ്ങള്‍ ലഭിച്ചു. ഗോവയിലെ പനാജിയില്‍ നടന്ന 2021 ഇഫിയില്‍ സമാപന ചിത്രമായിരുന്നു എ ഹീറോ. ദാരിദ്ര്യം, കുടുംബം, പ്രണയം, സത്യസന്ധത, തുടങ്ങി ഏറെ സാധാരണമായ കാര്യങ്ങള്‍ തന്നെയാണ് സിനിമയുടെ പ്രമേയത്തിനാസ്പദമായ കഥ. എന്നാല്‍, യാഥാര്‍ത്ഥ്യാനന്തര കാലം (പോസ്റ്റ് ട്രൂത്ത്) ഇവയെയൊക്കെയും മനുഷ്യ ജീവിതത്തെയാകെയും മാറ്റി മറിക്കുകയും കുഴച്ചു മറിക്കുകയും ചെയ്യുന്നതെങ്ങനെ എന്നതാണ് എ ഹീറോ പരിശോധിക്കുന്നത്. അതിലൂടെ ആണ് അത് ഒരു അസാധാരണ സിനിമയാകുന്നത്.
റഹീമിന് അയാളെ തടവിലടച്ച ജയിലില്‍ നിന്ന് രണ്ടു ദിവസത്തെ പരോള്‍ ലഭിക്കുന്നു. പുറത്തയാളുടെ കാമുകി ഫര്‍ക്കോന്ദെ കാത്തു നില്ക്കുന്നുണ്ട്. കടം കൃത്യമായി തിരിച്ചടക്കാത്ത കുറ്റത്തിനാണ് അയാള്‍ ജയിലില്‍ കിടക്കുന്നത്. നമ്മുടെ നാട്ടിലെ ചെക്കു കേസു പോലെ ഒന്നാണത്. ബസ് സ്‌റ്റോപ്പില്‍ നിന്ന് ഫര്‍ക്കൊന്ദെയ്ക്ക് ഉടമയാരാണെന്നറിയാത്ത ഒരു ലേഡീസ് ഹാന്റ് ബാഗ് ലഭിക്കുന്നു. അതില്‍ കുറച്ചധികം സ്വര്‍ണനാണയങ്ങളുണ്ടായിരുന്നു. സ്വര്‍ണം വിലക്കെടുക്കുന്ന വ്യാപാരിയുടെ അടുത്ത് അവര്‍ രണ്ടു പേരും ചേര്‍ന്ന് അത് വില്ക്കാനായി പോകുന്നുണ്ടെങ്കിലും വ്യാപാരിയുടെ നിസ്സഹകരണം കണ്ട് അവര്‍ മടങ്ങിപ്പോരുന്നു. പിന്നീട്, ഇക്കാര്യം അറിയുന്ന റഹീമിന്റെ സഹോദരിയാണ് ഇത് നീതിയ്ക്ക് നിരക്കുന്ന കാര്യമല്ലെന്നും ആ ബാഗ് ഉടമയ്ക്ക് തിരിച്ചുകൊടുക്കുകയാണ് വേണ്ടത് എന്നും അയാളെ നിര്‍ബന്ധിക്കുന്നത്. പുനര്‍ ചിന്തനത്തിന് വിധേയനായ റഹീം അപ്രകാരം ബസ് സ്റ്റോപ്പിലും തൊട്ടടുത്ത ബാങ്കിലും എല്ലാം ബാഗ് ലഭിച്ച വിവരവും അടയാളങ്ങള്‍ സഹിതം ആവശ്യപ്പെട്ടാല്‍ തിരിച്ചു തരുന്നതാണെന്ന കാര്യവും പോസ്റ്ററായി എഴുതി പതിക്കുന്നു. കമേഴ്‌സ്യല്‍ ആര്‍ടിസ്റ്റായ റഹീമിന്റെ കയ്യക്ഷരത്തിന്റെ ചാരുത ഈ പോസ്റ്ററുകളില്‍ കാണാം. ജയിലിലെ ലാന്റ് ഫോണ്‍ നമ്പറാണ് പോസ്റ്ററില്‍ കൊടുത്തിരുന്നത്. അതനുസരിച്ച് ഒരു സ്ത്രീ ബന്ധപ്പെടുകയും അവര്‍ പറഞ്ഞ അടയാളങ്ങള്‍ ബോധ്യപ്പെട്ട് ബാഗ് അവരെ ഏല്പിക്കുകയുമാണ് റഹീം. പെട്ടെന്നാണ് റഹീമിന്റെ സല്‍പ്രവൃത്തി സാമൂഹ്യ മാധ്യമങ്ങളിലൂടെ വൈറലാകുന്നത്. കടത്തില്‍ മുങ്ങി ജയിലില്‍ പോകേണ്ടി വന്നിട്ടും സത്യസന്ധത പുലര്‍ത്തുന്ന മാതൃകാ നായകനായി സാമൂഹ്യ മാധ്യമങ്ങളിലൂടെ റഹീം വാഴ്ത്തപ്പെട്ടു. ലൈക്കുകളും കമന്റുകളും ഷെയറുകളും ഇമോജികളും എല്ലാമായി കാര്യങ്ങളാകെ ജോറായെന്ന് പറയേണ്ടതില്ലല്ലോ. ഷിറാസ് എന്ന നഗരത്തിലാണ് ഇതൊക്കെ നടക്കുന്നത്. അമീര്‍ ജദീദിയാണ് റഹീമിന്റെ വേഷം ഏറെ മികവോടെ കൈകാര്യം ചെയ്തിരിക്കുന്നത്. പ്രാദേശിക ടിവി ചാനലിലൊക്കെ ഈ കാര്യം പൊടിപ്പും തൊങ്ങലുകളോടെ വിവരിക്കപ്പെട്ടു.
ഇതിന്റെ ഭാഗമായി റഹീമിന് മുനിസിപ്പാലിറ്റിയില്‍ ഒരു താല്ക്കാലിക ജോലി പോലും വാഗ്ദാനം ചെയ്യപ്പെട്ടു. അത് സ്വീകരിക്കാനും ജോലിയില്‍ ചേരാനുമായി മുനിസിപ്പിലാപ്പീസില്‍ എത്തുമ്പോഴാണ് കാര്യങ്ങളാകെ തകിടം മറിയുന്നത്. ജയിലില്‍ നടക്കുന്ന പീഡനങ്ങളെ മറച്ചുവെക്കുന്നതിനു വേണ്ടി ജയിലധികാരികള്‍ തല്ലിക്കൂട്ടിയ ഒരു നാടകം മാത്രമാണിതെന്നും ഇക്കാര്യം വിശ്വസിക്കരുതെന്നും ഉള്ള വിശദീകരണങ്ങളോടെ നിരവധി പോസ്റ്റുകളും കമന്റുകളും അതിനകം സാമൂഹ്യമാധ്യമങ്ങളില്‍ നിറഞ്ഞിരുന്നു. അതുകൊണ്ട്, കാര്യങ്ങളുടെ നിജസ്ഥിതി അറിഞ്ഞാലേ ജോലി തരുന്നത് പരിഗണിക്കാന്‍ സാധിക്കൂ എന്നാണ് അധികാരിയുടെ കര്‍ക്കശ നിലപാട്. ബാഗ് തിരിച്ചുകൊടുത്തപ്പോള്‍, അതു അവകാശപ്പെട്ട് മേടിച്ച സ്ത്രീയുടെ മേല്‍വിലാസമോ ഫോണ്‍ നമ്പര്‍ പോലും റഹീം ശേഖരിച്ചിരുന്നില്ല. അവരെ തിരഞ്ഞുള്ള അയാളുടെ അന്വേഷണം, കൂടുതല്‍ കുഴപ്പത്തിലേക്ക് പോകുന്നു. ഓരോ വിശദീകരണങ്ങളും തെളിവ് ഹാജരാക്കലും അയാളെ കൂടുതല്‍ നുണയനാക്കുന്നു.

കൊളമ്പിയന്‍ ചലച്ചിത്രകാരനായ അപിചത്‌പോംഗ് വീരസെതാകുല്‍ സംവിധാനം ചെയ്ത മെമ്മോറിയ, ചലച്ചിത്ര മാധ്യമത്തെ തന്നെ അപൂര്‍വ്വമായ രീതിയില്‍ സമീപിക്കുന്ന സിനിമയാണ്. മെമ്മോറിയയ്ക്കും വിവിധ പുരസ്‌കാരങ്ങള്‍ ലഭിച്ചു.ടില്‍ഡ സ്വിന്റണ്‍ അവതരിപ്പിക്കുന്ന മുഖ്യ കഥാപാത്രത്തിന്റെ തലച്ചോറിനകത്ത് ഒരു ശബ്ദശകലം വന്നു സ്ഥാനം പിടിക്കുന്നു. അത് അവരുടെ ഉറക്കം നഷ്ടപ്പെടുത്തുന്നതോടെ അതെന്താണ്, എവിടെയാണ് കേട്ടത്/കേള്‍ക്കാതിരുന്നത് എന്നീ കാര്യങ്ങളും പശ്ചാത്തലങ്ങളും അന്വേഷിച്ചിറങ്ങുകയാണവര്‍. ടെക്‌നീഷ്യന്‍, സ്റ്റുഡിയോ ശേഖരത്തിലുള്ള നിരവധി ശബ്ദങ്ങള്‍ അവര്‍ക്കായി കേള്‍പ്പിച്ചുകൊടുക്കുന്നു. ജീവിതത്തിന്റെ അനുബന്ധം തന്നെയാണ് സിനിമ അഥവാ സിനിമയുടെ അനുബന്ധമാണ് ജീവിതം എന്ന വസ്തുതയെയാണ് വീരസെതാകുല്‍ അടിസ്ഥാനമാക്കുന്നത്. ബൊഗോറ്റയില്‍ താമസിക്കുന്ന അസുഖബാധിതയായ സഹോദരിയെ സന്ദര്‍ശിക്കുന്ന ജെസ്സിക്ക എന്ന കഥാപാത്രത്തെയാണ് സ്വിന്റണ്‍ അവതരിപ്പിക്കുന്നത്. സ്‌കോട്‌ലന്റുകാരിയായ ജെസ്സിക്ക ഇപ്പോല്‍ മെഡെലിനില്‍ ആണ് താമസിക്കുന്നത്. ഇപ്പോള്‍ കൊളമ്പിയയിലെത്തിയിരിക്കുന്നു. സാംസ്‌ക്കാരിക പ്രാദേശികതയില്‍ നിന്ന് അന്യം നിന്നു പോകുന്ന മനുഷ്യവംശങ്ങളുടെ പ്രതിനിധിയാണവര്‍. അവരെ തിരിച്ചറിയാന്‍ അല്ലെങ്കില്‍ അവര്‍ക്ക് സ്വയം തിരിച്ചറിയാന്‍ ആ ശബ്ദശകലം മാത്രമാണവരുടെ പക്കലുള്ളത്. അതാണെങ്കില്‍ തലച്ചോറിനകത്ത് കുടുങ്ങിക്കിടക്കുകയാണു താനും. ശബ്ദത്തിനെക്കുറിച്ചുള്ള സിനിമയാണെന്നു തോന്നിപ്പിക്കുന്ന മെമ്മോറിയ യഥാര്‍ത്ഥത്തില്‍ ഡിസ്‌പ്ലേസ്‌മെന്റിനെക്കുറിച്ചുള്ള സിനിമയാണ്.കാവേ മസാഹരെയുടെ ബോട്ടോക്സ് (ഇറാൻ/കാനഡ/2021) ടുറിനോ മേളയിൽ വിവിധ അവാർഡുകൾ നേടുകയുണ്ടായി. നിരവധി ഹ്രസ്വ ചിത്രങ്ങൾ എടുത്തിട്ടുള്ള കാവേ മസാഹരേയുടെ ആദ്യ ഫീച്ചറാണ് ബോട്ടോക്സ്.
ബോട്ടോക്സ് എന്നത് മുഖഭംഗി നിലനിർത്തുന്നതിന് വേണ്ടി നൽകുന്ന ഒരു ഇഞ്ചക്ഷനാണ്. ഒടിയനിലെ വേഷത്തിനു വേണ്ടി മോഹൻലാലിന്റെ മുഖത്തിന് ബോട്ടോക്സ് ഇഞ്ചക്ഷൻ നൽകി എന്ന് വാർത്തകളുണ്ടായിരുന്നു. വീര്യം കുറച്ച ഒരു വിഷമരുന്നാണ് ബോട്ടോക്സ്. മൂന്നു മസിലുകളെ അത് നിർവീര്യമാക്കു‌ന്നു. അങ്ങനെ നിങ്ങളുടെ മുഖ യൗവനത്തെ മരവിപ്പിച്ചു നിർത്തുന്നു. ബോട്ടോക്സ് ക്ലിനിക്കിലെ വിദഗ്ദ്ധ നഴ്സും ബ്യൂട്ടിഷ്യനുമാണ് അസർ. അസറിനേക്കാൾ പതിനൊന്ന് വയസ്സു മൂത്ത സഹോദരിയാണ് അക്രം. ഓട്ടിസ്റ്റിക്കായ അക്രം അവിചാരിതമായി അക്രമാസക്തയാകുകയും ചെയ്യും. അവളെ പരിഹസിക്കുന്നതാണ് അവൾക്കിഷ്ടമില്ലാത്തത്. അവരുടെ ഏക സഹോദരൻ എമ്മാദ് അവരുടെ വീടിന്റെ മേൽക്കൂര റിപ്പയർ ചെയ്തുകൊണ്ടിരിക്കുകയായിരുന്നു. അക്രമും മുകളിൽ അയാളെ സഹായിച്ചു കൊണ്ടിരിക്കുന്നതിനിടയിൽ അയാൾ അവളെ എന്തോ പറഞ്ഞു കളിയാക്കുന്നു. പെട്ടെന്ന് സഹികെട്ട അവൾ എമ്മാദിന് ഒരു ചവിട്ടു വെച്ചു കൊടുക്കുന്നു. കായികാരോഗ്യമുള്ള അവളുടെ ചവിട്ടു കൊണ്ടതും എമ്മാദ് മിറ്റത്തേക്ക് ഠപ്പോന്ന് വീഴുന്നു. പുറത്തും അകത്തും മുറിവുകളുമായി ഞരങ്ങുന്ന അയാളുടെ ദൈന്യത കണ്ടു കൊണ്ടാണ് അസർ അവിടെ എത്തുന്നത്. ആദ്യം ആശുപത്രിയിലേയ്ക്ക് കൊണ്ടു പോകാനുള്ള ചില ശ്രമങ്ങൾ അവൾ നടത്തുന്നുണ്ടെങ്കിലും പിന്നീട് വേണ്ടെന്നു വെയ്ക്കുന്നു. അടുക്കളയിലെ ഷെൽഫിനുള്ളിൽ അയാളെ അവർ ഒളിപ്പിക്കുന്നു. അവിടെ കിടന്നു മരിക്കുന്ന അയാളുടെ ശരീരം മഞ്ഞു മൈതാനമായി മാറിയ ഒരു തടാകത്തിനുള്ളിൽ താഴ്ത്തി വിടുന്നു. ഒടിടി കാലത്തിറങ്ങിയ ആർക്കറിയാം എന്ന മലയാള സിനിമ ഇതു കണ്ടപ്പോൾ ഓർമ്മ വന്നു.
അവിചാരിതമായ ഒരു കയ്യബദ്ധമാണ് സംഭവിക്കുന്നതെങ്കിലും അവരുടെ ജീവിതത്തിനും ജീവിതാഭിലാഷങ്ങൾക്കും നിത്യ സമാധാന ത്തിനും അയാൾ ഒരു ഭീഷണിയായിരുന്നുവെന്ന, പ്രകടിപ്പിക്കപ്പെടാത്ത ഒരു യാഥാർത്ഥ്യം ആണ് അയാളെ തീർത്തും അപ്രത്യക്ഷമാക്കുന്നതാണ് യുക്തം എന്ന തോന്നലിലേയ്ക്ക് ഒരു പക്ഷെ അവരെ എത്തിച്ചിട്ടുണ്ടാവുക. അടുക്കളയ്ക്കകത്തേയ്ക്കും പിന്നീട് കാറിന്റെ ഡിക്കിയിലേയ്ക്കും അവിടന്ന് വലിച്ച് തടാകത്തിലേയ്ക്കുമെല്ലാം അയാളുടെ ശരീരത്തെ രണ്ടു സഹോദരിമാരും ചേർന്ന് വലിച്ചിഴയ്ക്കുന്നതെല്ലാം ഏറെ പാടുപെട്ടാണ്.
സമകാലിക ഇറാനിൽ ആണുങ്ങളില്ലാത്ത പെണ്ണുങ്ങൾ എങ്ങിനെയാണ് അവരവരുടെ കാര്യം നോക്കി ജീവിക്കുന്നത് എന്ന് പരോക്ഷമായി വിശദീകരിക്കുന്ന സിനിമയാണ് ബോട്ടോക്സ്. അസറിന്റെ കാമുകന്റെ സഹായം പോലും, അവർ ചെന്നുപെട്ട ഊരാക്കുടുക്കിൽ നിന്ന് രക്ഷപ്പെടാൻ അവർ പ്രയോജനപ്പെടുത്തുന്നില്ല. കുടുംബം എന്ന സങ്കല്പത്തിന്റെ പവിത്രതയ്ക്കും വ്യക്തികൾ വിശിഷ്യാ സ്ത്രീകൾ വലിയ മൂല്യം കൊടുക്കുന്നില്ല എന്നതും ശ്രദ്ധേയമാണ്. അബദ്ധത്തിൽ നടന്ന കൊലയിലെ ശരീരം ഒളിപ്പിക്കാനും അതിന്റെ മാനസിക-കായിക-ആത്മീയ ഭാരം മുഴുവനും ഏറ്റെടുക്കാനും തയ്യാറായ 'ദൃശ്യ'ത്തിലെ ആൺ നായകന്റെ ത്യാഗസുവിശേഷമായ ദൃശ്യവും ഈ ഘട്ടത്തിൽ ഓർക്കാതെ വയ്യ. എമ്മാദ് അപ്രത്യക്ഷനായ കാര്യം സുഹൃത്തുക്കളും ബന്ധുക്കളും അയൽക്കാരും അന്വേഷിക്കുമ്പോൾ പറയാനായി, അസർ ഒരു നുണ മെനയുന്നു. അയാൾ ജർമ്മനിയിലേയ്ക്ക് ഒളിച്ചു കടന്നു എന്നാണ് അവൾ എല്ലാവരെയും വിശ്വസിപ്പിക്കുന്നത്‌. ഇറാൻ അടക്കമുള്ള മൂന്നാം ലോക രാജ്യങ്ങളിൽ നിന്ന് പതിനായിരങ്ങളാണ് യൂറോപ്പിലേയ്ക്ക് അധികൃതമായും അനധികൃതമായും കടക്കുന്നത്. ഈ പലായനങ്ങളുടെ കഥകൾ വിവരിക്കുന്ന അനവധി സിനിമകളും കഴിഞ്ഞ വർഷങ്ങളിൽ ഇറങ്ങുന്നുണ്ട്‌. അവയും ഈ കള്ളക്കഥാ വിവരണത്തിനിടയിൽ ഓർത്തെടുത്തു. രാഷ്ട്രീയ സംഭവങ്ങൾ, മനുഷ്യകഥകളിലൂടെ‌ പറയാനുള്ള ഇറാനിയൻ സിനിമയുടെ കരുത്ത് ബോട്ടോക്സിനുമുണ്ട്. മറ്റുള്ളവർക്കു മേൽ പ്രത്യേകിച്ച് സഹോദരിമാർക്കു മേൽ അധികാരം പ്രയോഗിക്കുന്ന സ്വഭാവക്കാരനായിരുന്നു എമ്മാദ്. അക്രത്തിനാണവന്റെ ഉപദ്രവം അധികവും സഹിക്കേണ്ടി വന്നത്. അയാളെ ഒഴിവാക്കി മാന്ത്രിക ക്കൂൺ കൃഷി തുടങ്ങാനുള്ള പദ്ധതിയിലായിരുന്നു രണ്ടു സഹോദരിമാരും. അതിനിടയിൽ ആണ് ഉർവശീശാപം ഉപകാരം എന്ന വിധത്തിൽ എമ്മാദിന്റെ ജീവൻ നഷ്ടമാകുന്നത്.
ബോട്ടോക്സിൽ നീണ്ടു നിൽക്കുന്ന (ലോംഗ്) ഷോട്ടുകളാണധികവും. വിരസമായ പെൺ ജീവിത ദിനസരികളെ അടയാളപ്പെടുത്താനായിരിക്കണം ഈ സങ്കേതം മസാഹരെ ഉപയോഗിച്ചിട്ടുണ്ടാവുക എന്നാണ് നിരൂപകാഭിപ്രായം. ഓട്ടിസ്റ്റിക്കായ അക്രത്തിനെ ധാർമ്മികവത്ക്കരിക്കുകയോ കാല്പനികമായി ബൗദ്ധികവത്ക്കരിക്കുകയോ ചെയ്യുന്നില്ല. അവളുടെ ഒറ്റപ്പെടൽ എടുത്തു കാണിക്കുന്നതിലൂടെ, സ്ത്രീകളുടെ ഒറ്റപ്പെടലിന്റെ മറ്റൊരു തലമാണ് ആവിഷ്ക്കരിക്കപ്പെടുന്നത്. അസറായി മഹ്ദോക്ത് മൊലേയിയും അക്രമായി സൂസൻ പർവാറും മികച്ച അഭിനയപ്രകടനം നടത്തി.
വാരണാസിയിലെ മണികര്‍ണികാഘട്ടിലെ അവസാനത്തെ മൃതദേഹ ഫോട്ടോഗ്രാഫറായ സൂരജിന്റെ കഥ വിവരിക്കുന്ന, ഗൗരവ് മദന്‍ സംവിധാനം ചെയ്ത ബാരഹ് ബൈ ബാരഹ് (12 X 12) എന്ന ഹിന്ദി ചിത്രമാണ് ഇന്ത്യയില്‍ നിന്ന് ഫീച്ചര്‍ വിഭാഗത്തില്‍ മത്സരത്തിനുണ്ടായിരുന്നത്. ഈ ചിത്രത്തിന് പ്രത്യേക ജൂറി പുരസ്‌കാരം ലഭിച്ചു.
നൂറി ബില്‍ജെ സിലാന്‍ സംവിധാനം ചെയ്ത കാട്ടു പിയർ മരം(വൈല്‍ഡ് പിയർ ട്രീ/തുര്‍ക്കി, ഫ്രാന്‍സ്, ജര്‍മനി, ബള്‍ഗേറിയ/2018) അദ്ദേഹത്തിന്റെ സവിശേഷമായ ശൈലിയുടെ ഉദാഹരണമാണ് . എഴുത്തുകാരനാവാന്‍ പരിശ്രമിക്കുന്ന സിനാന്‍ ആണ് മുഖ്യകഥാപാത്രം. പ്രായോഗികമായ നിരവധി പ്രശ്‌നങ്ങളും അനാഥത്വങ്ങളും ദാര്‍ശനികമായ സംശയങ്ങളും ചേര്‍ന്ന് അയാളെ കുഴക്കുന്നുണ്ടെങ്കിലും അയാളതിനെ ഒരു പരിധി വരെ അതിജീവിക്കുന്നു. അനത്തോലിയയില്‍ ഒരു കാലത്ത്(വണ്‍സ് അപ്പോണ്‍ എ ടൈം ഇന്‍ അനത്തോലിയ/2011), വിന്റര്‍ സ്ലീപ്പ്(2014), മൂന്നു കുരങ്ങന്മാര്‍ തുടങ്ങിയവയാണ് നൂറി ബില്‍ജെ സിലാന്റെ മറ്റു ശ്രദ്ധേയമായ സിനിമകള്‍. കുടുംബത്തിനകത്തെ സങ്കീര്‍ണതകളും ആധുനിക തുര്‍ക്കിയിലെ അഭ്യസ്തവിദ്യര്‍ക്കിടയില്‍ വ്യാപകമായ തൊഴിലില്ലായ്മയും പോലുള്ള വസ്തുതയാഥാര്‍ത്ഥ്യങ്ങളാണ്, കാവ്യാത്മകമായ ഈ സിനിമയുടെയും അടിസ്ഥാനം എന്നത് എടുത്തു പറയേണ്ട കാര്യമാണ്. ഏകാന്തത, സാമൂഹ്യവും സാംസ്‌ക്കാരികവുമായ അന്യഥാത്വം എന്നിവ യുവതയെ എങ്ങനെയാണ് ബാധിക്കുന്നത് എന്നും സിലാന്‍ അന്വേഷിക്കുന്നു.
ദോഗു ദെമിര്‍ക്കോല്‍ ആണ് സിനാന്‍ കരാസു എന്ന മുഖ്യകഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ബിരുദാനന്തര ബിരുദപഠനം പൂര്‍ത്തിയാക്കി തന്റെ ജന്മഗ്രാമത്തിലേക്ക് തിരിച്ചെത്തുന്ന സിനാന്റെ ലക്ഷ്യം ശ്രദ്ധ ആകര്‍ഷിക്കുന്ന വിധത്തിലുള്ള ഒരു എഴുത്തുകാരനായി മാറുക എന്നതാണ്. അതേ സമയം, നീണ്ട കാലത്തെ പഠനം പൂര്‍ത്തിയായതിനെ തുടര്‍ന്ന് മതിയായ പ്രതിഫലമുള്ള ഒരു ജോലി കിട്ടണമെന്നും അയാള്‍ക്കാഗ്രഹമുണ്ട്. പശ്ചിമ തുര്‍ക്കിയിലുള്ള കാന്‍ എന്ന ഗ്രാമീണത വിട്ടുമാറാത്ത ചെറുനഗരത്തിലാണ് സിനാന്റെ വീട്. തുറമുഖ നഗരമായ കനാക്കലേക്കടുത്താണ് കാന്‍. ചരിത്രപരമായി ഏറെ പ്രാധാന്യമുള്ളതും വിനോദസഞ്ചാരത്തിന് പ്രചാരമുള്ളതുമായ പ്രകൃതിരമണീയമായ സ്ഥലമാണ് സിനാന്റെ ജന്മഗ്രാമമായ കാന്‍.തന്റെ വ്യക്തിപരമായ ഓര്‍മകള്‍ ചേര്‍ത്തെഴുതിയ പുസ്തകം പ്രസിദ്ധീകരിക്കാനുള്ള പണം കണ്ടെത്താനായി സിനാന്‍ നഗരസഭാമേയറെ സമീപിക്കുന്നു. എല്ലായിടത്തും അയാള്‍ക്ക് വിപരീതമായ പ്രതികരണങ്ങളാണ് ലഭ്യമാവുന്നത്. ഏറ്റവും അടുത്ത സുഹൃത്തുക്കള്‍ മുതല്‍, കുടുംബ ബന്ധുക്കള്‍ തൊട്ട് ഗ്രാമവാസികള്‍ വരെ ആര്‍ക്കും അയാളെ മനസ്സിലാക്കാനോ ഉള്‍ക്കൊള്ളാനോ സാധിക്കുന്നില്ല. ഇതിനിടയില്‍ സര്‍ക്കാര്‍ സ്‌കൂളില്‍ അധ്യാപകനായി ജോലി കിട്ടുന്നതിനായി യോഗ്യതാപരീക്ഷയുമയാളെഴുതുന്നുണ്ട്. അഥവാ ജോലി കിട്ടുകയാണെങ്കില്‍ കിഴക്കന്‍ തുര്‍ക്കിയിലെ കൂടുതല്‍ ഒറ്റപ്പെട്ട പ്രദേശങ്ങളിലേക്ക് അയാള്‍ക്ക് താല്ക്കാലികമായെങ്കിലും മാറിത്താമസിക്കേണ്ടി വരും.
സിനാന്റെ അഛന്‍ ഇദ്രിസ് അധ്യാപകനാണ്. വേണ്ടത്ര ആദരവ് ഗ്രാമത്തില്‍ അയാള്‍ക്ക് കിട്ടുകയും ചെയ്തിരുന്നു. എന്നാല്‍ തനിക്കവകാശപ്പെട്ട തരിശു നിലം ഹരിതാഭമാക്കുകയും മികച്ച ഒരു തോട്ടമാക്കിയെടുക്കുകയും ചെയ്യുക എന്നതിനു വേണ്ടി ഭ്രാന്തനെപ്പോലെ അധ്വാനിക്കുന്ന അയാളെ ആര്‍ക്കും വിലയില്ലാതാവുന്നു. തോട്ടം നനക്കാനായി വെള്ളം ലഭ്യമാക്കുന്നതിന് ഒരു കിണര്‍ കുഴിക്കാനാണ് അയാളുടെ ശ്രമം. അയാളുടെ ഭാര്യക്ക് പോലും അയാളിലുള്ള വിശ്വാസം നഷ്ടപ്പെടുന്നു. അസുനാന്‍ (ഇദ്രിസിന്റെ ഭാര്യ) അവരുടെ ആവലാതികള്‍ ഇറക്കി വെക്കുന്നത് സിനാന്റെ മുമ്പിലാണ്. സിനാനാകട്ടെ തന്റെ ലക്ഷ്യം നിറവേറ്റാനുള്ള യാതൊരു മാര്‍ഗവും കാണാതെ ഉഴലുകയുമാണ്. വീട്ടിനു പുറത്തേക്ക് നടക്കാനിറങ്ങുന്ന സിനാന്‍ കുട്ടിക്കാല സുഹൃത്തായ ഹാത്തീജിനെ കണ്ടു മുട്ടുന്നു. അവളിതിനകം സുന്ദരിയായ ഒരു യുവതിയായി വളര്‍ന്നു കഴിഞ്ഞിരുന്നു. സാമ്പത്തിക സുരക്ഷിതത്വത്തിനു വേണ്ടി അടുത്തു തന്നെ വിവാഹിതയാകാന്‍ പോകുകയാണവള്‍. ഹാത്തിജ്, മുസ്ലിം യുവതി എന് വാര്‍പ്പുമാതൃകയെ അസ്ഥിരീകരിക്കാനുദ്ദേശിച്ചിട്ടുള്ള കഥാപാത്രവത്ക്കരണം കൂടിയാണ്. വീടിനുള്ളില്‍ അടച്ചിരിക്കണമെന്ന നിബന്ധനക്കു പകരം അവള്‍ പറമ്പുകളില്‍ അലഞ്ഞു നടക്കുന്നു. സ്ഥലത്തെ ഒരു ആഭരണവ്യാപാരിയുമായി അവളുടെ വിവാഹം നിശ്ചയിക്കപ്പെട്ടുകഴിഞ്ഞിരിക്കുകയാണെന്നതും ഓര്‍ക്കേണ്ടതാണ്. സിനാനുമൊത്ത് അവള്‍ ഒരേ സിഗരറ്റ് പങ്കിട്ടു വലിക്കുന്നു. തട്ടം നീക്കി മനോഹരമായ മുടിയിതളുകള്‍ പ്രദര്‍ശിപ്പിക്കുന്നു. മാത്രമല്ല, അവളവന് ആര്‍ത്തി പിടിച്ച ഒരു ചുംബനം സമ്മാനിക്കുന്നു. അവന്റെ കീഴ്ചുണ്ട് അവള്‍ കടിച്ചു പറിക്കു്‌നനുണ്ട്. ആ മുറിപ്പാട് സിനിമ അവസാനിക്കുന്നതു വരെയും സിനാന്റെ ചുണ്ടില്‍ വ്യക്തമായി കാണാം.

യാഥാര്‍ത്ഥ്യവും വ്യക്തിയുടെ കാല്പനികമായ ജീവിത ലക്ഷ്യങ്ങളും തമ്മിലുള്ള വിടവുകളാണ് സിനാനിലൂടെ സംവിധായകന്‍ ആവിഷ്‌ക്കരിക്കുന്നത്. സുലൈമാന്‍ എന്ന പ്രശസ്തനായ എഴുത്തുകാരനെ സമീപിച്ച് തന്റെ പ്രായോഗികവും ദാര്‍ശനികവുമായ സംശയങ്ങള്‍ സിനാന്‍ ഉന്നയിക്കുന്നു. ഇമാമായ വെയ്‌സെലിനോട് മതപരവും ആചാരപരവുമായ കാര്യങ്ങളിലയാള്‍ സംവാദത്തിലേര്‍പ്പെടുന്നു. നസ്മി എന്ന ഇളംതലമുറക്കാരനായ ഇമാമും ചര്‍ച്ചകളില്‍ പങ്കെടുക്കുന്നുണ്ട്. ബിസിനസുകാരനായ ഇല്‍ഹാമിയോടും പുസ്തകമിറക്കാനുള്ള സഹായത്തിനായി സിനാന്‍ അഭ്യര്‍ത്ഥന നടത്തുന്നുണ്ട്. കച്ചവടക്കാര്‍ക്ക് എല്ലാം കച്ചവടത്തിന്റെ നീതിയും ധാര്‍മികതയുമാണല്ലോ ഉള്ളത്. അതേ രീതിയിലുള്ള മറുപടിയാണ് ഇല്‍ഹാമി കൊടുക്കുന്നത്. തന്റെ പുസ്തകമിറക്കണമെങ്കില്‍ താന്‍ തന്നെ പണം കണ്ടെത്തണമെന്ന യാഥാര്‍ത്ഥ്യത്തിലേക്ക് സിനാന്‍ എത്തിച്ചേരുന്നത് അങ്ങിനെയാണ്. അന്യവത്ക്കരണം, അസ്തിത്വ പ്രതിസന്ധി, ധാര്‍മിക സദാചാരം എന്നീ അടിസ്ഥാന പ്രഹേളികകള്‍ തെന്നയാണ് സിനാന്റെ നിരാശാകരമായ അനുഭവങ്ങളുടെ പശ്ചാത്തലത്തില്‍ സംവിധായകന്‍ വിശദീകരിക്കുന്നത്.
കുടുംബ ബാധ്യതകളും മതപരവും ആചാരപരവുമായ ജീവിതനിര്‍ബന്ധങ്ങളും പ്രാദേശികവും ദേശീയവും അന്തര്‍ദേശീയവുമായ രാഷ്ട്രീയ പരിതോവസ്ഥകളും സിനാന്റെ ജീവിതത്തെ അയാള്‍ക്കിഷ്ടമുള്ള പ്രകാരം മുന്നോട്ടു കൊണ്ടു പോകുന്നതില്‍ തടസ്സങ്ങള്‍ സൃഷ്ടിക്കുന്നുണ്ട്. ചുറ്റുപാടുകളോട് പൊരുത്തപ്പെട്ടു പോകാത്തവനും ഒറ്റപ്പെട്ടവനും നന്നായി വളര്‍ത്തപ്പെടാത്തവനുമാണ് സിനാന്‍ എന്നാണ് നാട്ടുകാരുടെ അഭിപ്രായം. മൂന്നു മണിക്കൂര്‍ ദൈര്‍ഘ്യമുള്ള സിനിമയാണ് കാട്ടു പൈല്‍ മരം. സിനാന്‍ എന്ന കഥാപാത്രമെതു പോലെ, കാനിലെ പ്രകൃതിയും ചിത്രത്തിലെ മുഖ്യ വിഷയമാണ്. ചെടികളും മരങ്ങളും അവയുടെ കൊമ്പുകളും ഇലകളും നിഴലും വെളിച്ചവും മണ്‍വഴികളും എന്നു വേണ്ട ജനസാന്ദ്രത കുറഞ്ഞ നഗര-ഗ്രാമത്തിന്റെ ഓരോ സൂക്ഷ്മതയും സിലാന്റെ ക്യാമറ രേഖപ്പെടുത്തുന്നുണ്ട്. സിനാന്‍ എന്ന മുഖ്യ കഥാപാത്രത്തിന്റെ ഒറ്റപ്പെടലും അനാഥത്വവും പ്രതിനിധീകരിക്കാന്‍ മാത്രമല്ല ഈ ചിത്രീകരണം ഉതകുന്നത്. പശ്ചിമ തുര്‍ക്കിയിലെ ഗ്രാമങ്ങളുടെ ചരിത്രവും പ്രകൃതിരമണീയതയും ഡോക്കുമെന്റ് ചെയ്യുക കൂടിയാണ് സംവിധായകന്‍.
അന്തോണിയോണി, ബെര്‍ഗ്മാന്‍, ബ്രെസ്സ, തര്‍ക്കോവ്‌സ്‌കി, ഓസു തുടങ്ങിയ മാസ്റ്റര്‍മാരുടെ ശൈലിയാണ് സിലാന്‍ പിന്തുടരുതെന്ന് ലിയാം ലാസെ നിരീക്ഷിക്കുന്നു. ജീവിതത്തിന്റെ ആത്യന്തികമായ അര്‍ത്ഥമെന്താണ് എന്നും ഏകാന്തതയുടെ ആഴങ്ങളും വിശാലതകളും സങ്കോചങ്ങളുമാണ് ഇവരുടെയെല്ലാം സിനിമകളില്‍ നിരന്തരമായി ആലോചിക്കപ്പെട്ടത്. പ്രമേയമെന്നതിനേക്കാള്‍ ആഖ്യാനമാണ് ശൈലിയെ നിര്‍ണയിക്കുന്നത് എന്ന കാര്യം, സിലാന്റെ ഈ സിനിമയില്‍ നിന്ന് വീണ്ടും ഉറപ്പിച്ചെടുക്കാം.

കാട്ടു പിയര്‍ മരമടക്കം നൂറി ബില്‍ജെ സിലാന്റെ സിനിമകളൊന്നും അഞ്ചാമത് സ്ലെമാനി മേളയില്‍ പ്രദര്‍ശിപ്പിച്ചില്ല. എന്നാല്‍, രണ്ടു മണിക്കൂറിലധികം സമയം നീണ്ടുനിന്ന ഒരു മാസ്റ്റര്‍ ക്ലാസ് അദ്ദേഹം എടുക്കുകയുണ്ടായി. അപൂര്‍വ്വമായ അനുഭവമായിരുന്നു അത്.

-- എനിക്കഭിനയിക്കാനുള്ളതു കൊണ്ടാണ് ഞാനാദ്യം മറ്റൊരാളെ ഛായാഗ്രാഹകനാക്കി വെച്ചത്. പിന്നീട് ആ രീതി എനിക്കിഷ്ടമാകുകയായിരുന്നു. ഞാനഭിനയം നിര്‍ത്തിയപ്പോഴും അതു തന്നെ തുടര്‍ന്നു. പില്‍ക്കാലത്താണെങ്കില്‍ സംവിധായകന്‍ മോണിറ്ററിനു മുന്നില്‍ ഇരിക്കുന്നു. ക്യാമറാമാന്റെ കസാരയില്‍ മറ്റൊരാള്‍ ഇരിക്കുന്നു. അത് വലിയ സൗകര്യമാണ്. അതായത് ഞാന്‍ തന്നെയാണ് യഥാര്‍ത്ഥ ഛായാഗ്രാഹകന്‍. അതുകൊണ്ട്, എന്റെ സിനിമയില്‍ ഒരു ഛായാഗ്രാഹകനെ മാറ്റി മറ്റൊരാളെ വെക്കുന്നതിലൂടെ ഒരു പാട് കാര്യങ്ങള്‍ മാറുന്നു എന്ന് ഞാന്‍ വിചാരിക്കുന്നില്ല എന്നാണ് സിലാന്‍ അഭിപ്രായപ്പെട്ടത്.
-എന്താണ് ചിത്രീകരിക്കേണ്ടത് എന്നാലോചിക്കാനും തീരുമാനിക്കാനും നിങ്ങള്‍ക്ക് ക്യാമറ ഉപയോഗിക്കേണ്ടി വരുന്നില്ല. അത് നിങ്ങളുടെ ചിന്തയെയും തലച്ചോറിനെയും സര്‍ഗാത്മകമായി വിനിയോഗിക്കാന്‍ സഹായിക്കും.
പുസ്തകങ്ങള്‍ മറ്റു പുസ്തകങ്ങളില്‍ നിന്നാണ് വരുന്നത് എന്നു പറയാറുണ്ട്. താങ്കളുടെ സിനിമകള്‍ മറ്റു സിനിമകളില്‍ നിന്നാണോ വരുന്നത്?എന്ന ചോദ്യത്തോടുള്ള സിലാന്റെ പ്രതികരണം ഇപ്രകാരമായിരുന്നു.
എല്ലാവരിലും മാറ്റങ്ങളുണ്ടാകുന്നുണ്ട്. പതുക്കെ പതുക്കെയായിരിക്കാം. അനത്തോളിയ(തുര്‍ക്കിയുടെ ഏഷ്യന്‍ ഭാഗം, ഈ ഭാഗത്താണ് നൂറി സൈനിക സേവനം നടത്തുകയും പില്‍ക്കാലത്ത് സിനിമയിലേക്ക് തിരിയുകയും ചെയ്തത്.)യില്‍ പുതിയ പുതിയ കാര്യങ്ങള്‍ ഞാന്‍ കണ്ടെത്തിക്കൊണ്ടിരിക്കുന്നുണ്ട്. എല്ലാ സിനിമകളിലും അതു വരെ കാണാത്ത ചില കാര്യങ്ങള്‍ ഞാന്‍ കണ്ടെത്തി ഉള്‍പ്പെടുത്താറുണ്ട്.
ഞാന്‍ മാറുന്നു എന്നു മാത്രമല്ല ഞാന്‍ മാറുന്നതിന്റെ അര്‍ത്ഥം. തീര്‍ച്ചയായും ഞാന്‍ മാറുന്നുണ്ട്. എന്നാല്‍ ഞാന്‍ കൂടുതല്‍ ആത്മവിശ്വാസം നേടുന്നു എന്നതാണ് മാറ്റത്തിന്റെ അര്‍ത്ഥം. കൂടുതല്‍ സങ്കീര്‍ണമായ പ്രമേയങ്ങള്‍ എനിക്ക് കൈകാര്യം ചെയ്യാനാവുന്നു. കൂടുതല്‍ മുടക്കുമുതല്‍ എന്റെ സിനിമകള്‍ക്ക് ലഭിക്കുന്നു എന്നെല്ലാം കാണേണ്ടതുണ്ട്.
ഈയിടെയായി എന്റെ സിനിമകളില്‍ കൂടുതല്‍ സംഭാഷണങ്ങള്‍ ഉണ്ട്. അതു കൊണ്ട് ഞാന്‍ പഴയ രീതിയിലേക്ക് (ദൃശ്യങ്ങള്‍ക്കും ലോംഗ് ടേക്കുകള്‍ക്കും പ്രാധാന്യമുണ്ടായിരുന്ന രീതി) തിരിച്ചു പോകില്ല എന്നും കരുതേണ്ടതില്ല. കുറച്ചു ഡയലോഗുകള്‍ ഉള്ള സിനിമയും എനിക്കിഷ്ടമാണ്. കുര്‍ദ് ഡയലോഗുകളും എനിക്കിഷ്ടമാണ്.
സിനിമ തത്വശാസ്ത്രം കാണിക്കാനുള്ളതാണെന്ന് ഞാന്‍ കരുതുന്നില്ല. സത്യത്തില്‍ തത്വശാസ്ത്രം സിനിമയ്ക്ക് അപകടമാണുണ്ടാക്കുക. അനുഭവിപ്പിക്കുക, തോന്നിപ്പിക്കുക (മെയ്ക്ക് ഫീല്‍) എന്നതായിരിക്കണം ഒരു സിനിമയുടെ ഉദ്ദേശ്യം.
ആന്റണ്‍ ചെക്കോവ് എനിക്ക് വലിയ പ്രചോദനം തന്നെയായിരുന്നു. ദോസ്‌തോയ് വ്‌സ്‌ക്കിയും സ്വാധീനിച്ചിട്ടുണ്ട്. എന്റെ സിനിമയിലല്ല ചെക്കോവിന്റെ സ്വാധീനം ഉണ്ടായിട്ടുള്ളത്. ജീവിതത്തെ എങ്ങിനെയാണ് നോക്കിക്കാണേണ്ടത് എന്ന കാര്യത്തിലാണ് ചെക്കോവിന്റെ ദര്‍ശനങ്ങള്‍ എന്നെ സ്വാധീനിച്ചിട്ടുള്ളത്. കല തന്നെ ആവശ്യം വരുന്നത് നമ്മുടെ ജീവിതാസക്തിയുടെ നിദര്‍ശനമാണ്. കുട്ടികള്‍ ജീവിതത്തെ കാണുന്നതു പോലെയാണ് നാം കലയെ പ്രയോഗവത്ക്കരിക്കുന്നത്. അധികം ചോദ്യങ്ങളോ സംശയങ്ങളോ ഇല്ലാതെ ജീവിതത്തെ സ്വീകരിക്കുകയാണ് കുട്ടികള്‍ ചെയ്യുന്നത്. അത് വലിയ പാഠമാണ് നമുക്ക് നല്കുന്നത്.
ഞാനെന്റെ സിനിമകളെ വിശകലനപരമായി കാണാറില്ല. അവയെ സൗന്ദര്യപരമായും ലാവണ്യപരമായും കാണാനാണ് എനിക്കിഷ്ടം.
മുഖ്യ കഥാപാത്രത്തിന്റെ പുറകില്‍ ക്യാമറ സ്ഥാപിച്ച് അയാളുടെ വീക്ഷണകോണിലൂടെ കാര്യങ്ങളെ കാണുന്ന, അതേ സമയം അയാളുടെ മുഖത്തെ വികാരവിക്ഷോഭങ്ങളെ സംബന്ധിച്ച് നേരിട്ടറിയാതെ കാണികള്‍ ഊഹോപോഹങ്ങളിലേര്‍പ്പെടുന്ന രീതി എനിക്ക് അനത്തോളിയയില്‍ നിന്ന് ലഭിച്ചതാണെന്നു പറയാം.
സിനിമയെടുക്കുന്നതിന് ഏതെങ്കിലും ഫോര്‍മുലകള്‍ ഉള്ളതായി ഞാന്‍ കരുതുന്നില്ല. ഏതു രീതിയും സ്വീകരിക്കാം. ഏതാണ് പ്രധാനമെന്ന് നിങ്ങള്‍ കണ്ടെത്തുകയും അത് പിന്തുടരുകയും ചെയ്യുക എന്നതാണ് മുഖ്യം. യഥാതഥമായ ഒരു കാര്യം പറയുകയാണെന്നു കരുതുക, അത് സവിശേഷവുമായിരിക്കണം. അതോടൊപ്പം ആത്മാര്‍ത്ഥതയും സുപ്രധാനമാണ്. മനുഷ്യപ്രകൃതി എല്ലായിടത്തും ഒന്നുതന്നെയാണ്, അല്ലെങ്കില്‍ ഒരു പോലെ തന്നെയാണ്. മനുഷ്യപ്രകൃതിയെ സത്യസന്ധമായി ആവിഷ്‌ക്കരിക്കുകയാണെങ്കില്‍ അതെല്ലാവര്‍ക്കും മനസ്സിലാകുകയും ചെയ്യും. സാര്‍വദേശീയമായി സിനിമയെടുക്കണമെന്ന് ആലോചിച്ച് വ്യാകുലപ്പെടേണ്ട ഒരു കാര്യവുമില്ല. തന്റെ ദേശത്തോടും കാലത്തോടും സത്യസന്ധമായ സിനിമ ദേശാന്തരത്വത്തോടും സാര്‍വദേശീയതയോടും സത്യസന്ധമായിരിക്കും.

ബോടോക്‌സ് സംവിധായകനൊപ്പം ലേഖകന്‍

ഞാന്‍ കണ്ട ചില കാര്യങ്ങള്‍ സിനിമകളില്‍ കാണാനായില്ല, അതുകൊണ്ടാണ് ഞാന്‍ സിനിമയെടുക്കാന്‍ ആരംഭിച്ചത്, അതോടൊപ്പം സിനിമയിലൂടെ കാര്യങ്ങള്‍ പറയാനുള്ള ഒരു അനുഭവപ്രേരണ എന്നിലുണ്ടായി.
സംഗീതമാണ് നൂറി ബില്‍ജെ സെലാന്റെ സിനിമകളുടെ അന്തരീക്ഷം നിര്‍മ്മിച്ചെടുക്കുന്നതെന്നതിനെക്കുറിച്ചെന്തു പറയുന്നു? എന്ന ചോദ്യത്തോടുള്ള സിലാന്റെ പ്രതികരണം ഇപ്രകാരമായിരുന്നു.
ഞാനത്ര അധികം സംഗീതം സിനിമയില്‍ ഉപയോഗിക്കുന്ന ആളല്ല. മാത്രമല്ല, മിക്കപ്പോഴും സ്വാഭാവിക (നാച്ചുറല്‍) ശബ്ദങ്ങളാണ് ഞാനുപയോഗിക്കാറ്. നമ്മുടെ ചെവികള്‍ വളരെ സെലക്ടീവ് ആണ്. എന്താണ് കേള്‍ക്കാനാഗ്രഹിക്കുന്നത്, അതാണ് നാം കേള്‍ക്കാറുള്ളത്. അതു പോലെ പ്രേക്ഷകര്‍ (ശ്രവിതാക്കള്‍) കേള്‍ക്കണമെന്ന് ആഗ്രഹിക്കുന്ന ചില ശബ്ദങ്ങള്‍, ശബ്ദശകലങ്ങള്‍ പ്രാധാന്യത്തോടെ അവതരിപ്പിക്കേണ്ടി വരും. എഡിറ്റിങ്ങ് സമയത്തും അതിനു ശേഷവും ശബ്ദം ചിട്ടപ്പെടുത്താന്‍ ഒരു പാട് സമയം ഞാന്‍ ചിലവഴിക്കാറുണ്ട്. സിനിമയില്‍ ശബ്ദം വളരെ പ്രധാനമാണ്. ഒരു പക്ഷെ ഇമേജിനേക്കാളും പ്രാധാന്യമേറിയതാണെന്നും കാണാം. നിങ്ങള്‍ക്ക് ചില കാര്യങ്ങള്‍ ശബ്ദത്തിലൂടെ പറയാന്‍ കഴിയും. അത് പ്രത്യേകമായി കാണിക്കണമെന്നില്ല.
കലയ്ക്കും സിനിമയ്ക്കും ജീവിതത്തെ മാറ്റാനും പരിഷ്‌ക്കരിക്കാനും കഴിയും. അതിന് നമ്മെ സ്വാധീനിക്കാന്‍ സാധിക്കും. ഒരു സിനിമയ്ക്ക് ഒരു ശതമാനം മാറ്റം ഉണ്ടാക്കാന്‍ കഴിഞ്ഞാല്‍ തന്നെ അത് മഹത്തായ കാര്യമാണ്.
പല മഹത്തായ സിനിമകള്‍ കണ്ടതിനു ശേഷം എന്റെ ജീവിതത്തില്‍ കാര്യമായ മാറ്റങ്ങളുണ്ടായിട്ടുണ്ട്. ജീവിക്കുന്നതിനെ സംബന്ധിച്ച്, യാത്ര ചെയ്യുന്നതിനെ സംബന്ധിച്ച്, കവിതയെ സംബന്ധിച്ച് അങ്ങിനെ അങ്ങിനെ. വ്യക്തിയെ മാറ്റാന്‍ കഴിയുമെങ്കില്‍ സമൂഹത്തെയും മാറ്റാന്‍ കഴിയും.
നിങ്ങള്‍ക്കിഷ്ടപ്പെട്ടാലും ഇല്ലെങ്കിലും ശരി, സിനിമകളില്‍ പല സന്ദേശങ്ങളുണ്ടാകും. നിങ്ങള്‍ക്ക് അനുഭവപ്പെടുന്നത് അതു തന്നെയാകണമെന്നില്ലെന്നു മാത്രം.

കുര്‍ദിഷ് സിനിമയുടെ പിതാവായി ഗണിക്കപ്പെടുന്ന യില്‍മാസ് ഗുനെയുടെ സിനിമകള്‍ എനിക്കേറെ ഇഷ്ടമാണ്. ആ സിനിമകളോടൊപ്പമാണ് ഞങ്ങള്‍ വളര്‍ന്നത്. അദ്ദേഹത്തിന്റെ ചലച്ചിത്ര ശൈലികളിലും നിലപാടുകളിലും നിരന്തരമായ മാറ്റങ്ങള്‍ നമുക്ക് കാണാന്‍ കഴിയും.
എന്റെ സര്‍വകലാശാല പഠനത്തിനു ശേഷം, ഒരു ബാക്ക് പാക്കുമായി ഞാന്‍ ഇന്ത്യ, പാക്കിസ്ഥാന്‍, ഇറാന്‍ എന്നീ രാജ്യങ്ങളിലേക്ക് പോകുകയും അവിടെ അലഞ്ഞ് നിരവധി കാര്യങ്ങള്‍, യാഥാര്‍ത്ഥ്യങ്ങള്‍, സംസ്‌ക്കാരങ്ങള്‍, ജീവിതരീതികള്‍ എല്ലാം കണ്ടു മനസ്സിലാക്കുകയാണ് ചെയ്തത്. ഇറാനില്‍ അതിനു ശേഷം പല അവസരങ്ങളിലും ഞാന്‍ പോയി. ഇറാനിലെ മാറ്റങ്ങളുടെ അവസ്ഥകള്‍ ഓരോ ഘട്ടത്തിലും മനസ്സിലാക്കാനും ഉള്‍ക്കൊള്ളാനും എനിക്ക് സാധ്യമായി. ഇറാനിയന്‍ ജനത വളരെ ആതിഥേയത്വ മനോഭാവമുള്ളവരാണ്. അവിടെ നിരവധി സുഹൃത്തുക്കളുമുണ്ടെനിയ്ക്ക്. ഇറാനിയന്‍ സിനിമ,ലോകത്തിലെ തന്നെ ഏറ്റവും സുപ്രധാനമായ സിനിമകളിലൊന്നാണ്. അത് ലോകം മുഴുവനും അംഗീകരിച്ച കാര്യമാണ്. ഇറാനിയന്‍ മാസ്റ്ററായ അബ്ബാസ് കിയരോസ്തമി എന്നെ ഏറെ സ്വാധീനിച്ചിട്ടുണ്ട്. കാന്‍ മേളയില്‍ വെച്ചദ്ദേഹവുമായി സംസാരിക്കാന്‍ സാധിച്ചു. ഞാന്‍ സിനിമയെടുത്തു തുടങ്ങുന്നതിനു മുമ്പു തന്നെ കിയരോസ്തമിയുടെ സിനിമകള്‍ കാണാന്‍ കഴിഞ്ഞു.
വണ്‍സ് അപ്പോണ്‍ എ ടൈം ഇന്‍ അനത്തോലിയ, വിന്റര്‍ സ്ലീപ്പ്, ദ് വൈല്‍ഡ് പിയര്‍ ട്രീ എന്നീ സിനിമകളിലെല്ലാം സംഭാഷണം താരതമ്യേന കൂടുതലാണ്.
സംഭാഷണം എന്നത് ഭാഷയുടെയും സാഹിത്യത്തിന്റെയും സവിശേഷമായ പ്രയോഗമാണ്. സിനിമയിലും അത് പ്രവര്‍ത്തിക്കുന്നുണ്ട്. സംഭാഷണം സിനിമാറ്റിക്കാക്കുക എന്നത് ഒരു തികഞ്ഞ വെല്ലുവിളിയാണ്.

തിരക്കഥാ രചനയാണ് സിനിമയെടുക്കുന്ന പ്രക്രിയയില്‍ എനിക്കേറ്റവും പ്രയാസമേറിയ കാര്യം. ഒരു വര്‍ഷം വരെയെടുക്കും എനിക്കൊരു തിരക്കഥ പൂര്‍ത്തിയാക്കാന്‍. മുമ്പ് ഒറ്റയ്ക്ക് എഴുത്തുജോലികള്‍ ചെയ്തിരുന്ന ഞാനിപ്പോള്‍ കൂടുതല്‍ ആളുകളുടെ സഹായത്തോടെയാണ് എഴുതുന്നത്. അവസാനത്തെ സിനിമയില്‍ മൂന്നു പേരുണ്ടായിരുന്നു. എന്റെ ഭാര്യയോടൊപ്പം (എബ്രു) ജോലി ചെയ്യാനും ഞാനിഷ്ടപ്പെടുന്നു.
എന്തുകൊണ്ടാണ് താങ്കളുടെ സിനിമയില്‍ ഇത്രയും മന്ദത ഉള്ളതെന്ന ചോദ്യത്തിന് അതെന്റെ താളമാണെന്നും ഞാനൊരു മന്ദതാളക്കാരനാണെന്നും നൂറി ബില്‍ജെ സിലാന്‍ മറുപടി നല്‍കി.
സിനിമകള്‍ മനസ്സിലാക്കാന്‍ പരിശീലനം വേണമെന്നും അദ്ദേഹം പറഞ്ഞു. സര്‍വകലാശാലയിലാദ്യമെത്തിയപ്പോള്‍ തര്‍ക്കോവ്‌സ്‌കിയുടെ ഒരു സിനിമയ്ക്ക് കയറിയ ഞാന്‍ പകുതി സമയമായപ്പോള്‍ ഇറങ്ങിപ്പോന്നു. എന്നാല്‍, പിന്നീട് ആ സിനിമ അന്വേഷിച്ച് നടന്ന് കണ്ടിട്ടുണ്ട് ഞാന്‍.


--
ഭൂമിയുടെ അര്‍ബുദം, പലായനം (എര്‍ത്ത് ക്യാന്‍സര്‍, എക്‌സോഡസ്) എന്നീ വിഷയങ്ങളായിരുന്നു അഞ്ചാമത് സ്ലെമാനി ഫെസ്റ്റിവലിന്റെ കേന്ദ്രവീക്ഷണങ്ങള്‍. ഡോക്കുമെന്ററിയിലാണ് ഈ വിഷയത്തിന്മേലുള്ള സിനിമകളധികവും ഉണ്ടായിരുന്നത്. പ്രത്യേക വിഭാഗങ്ങളും ഇതിനു പുറമെ ഉണ്ടായിരുന്നു. അര്‍മീനിയയും അസര്‍ബൈജാനും തമ്മിലുള്ള കരാറിനു ശേഷം, ഗ്രാമവാസികള്‍ അനുഭവിച്ച അക്രമാസക്തമായ ഡിസ്‌പ്ലേസ്‌മെന്റ് ആണ് ടോം സിദെരിസ് സംവിധാനം ചെയ്ത എക്‌സോഡസ് എന്ന ഡോക്കുമെന്ററിയിലുള്ളത്. ഓരോരുത്തരുടെയും കൃഷിയിടങ്ങള്‍ ഏതു രാജ്യത്താണുള്ളതെന്ന് അവര്‍ക്കു തന്നെ വ്യക്തമാകുന്നില്ല. പ്രിയപ്പെട്ടവരുടെ ശവകുടീരങ്ങളിലവര്‍ക്കെത്താനാകുന്നില്ല. മനുഷ്യര്‍ അഭയാര്‍ത്ഥികളായിത്തീരുകയും അവരൊന്നുമല്ലാതായിത്തീരുകയും ചെയ്യുന്ന ലോകദുരവസ്ഥ കൃത്യമായി അവതരിപ്പിച്ചിരിക്കുന്നു.
നഷ്ടപ്പെട്ടതും തിരിച്ചു പിടിക്കുന്നതുമായ ഓര്‍മ്മകളാണ് സില്‍വിയ അരെക്കോ സംവിധാനം ചെയ്ത ലീവിങ് ഇത്താക്ക(ഫ്രാന്‍സ്)യിലുള്ളത്. നാം ജീവിച്ചിരുന്ന പ്രദേശങ്ങളുടെ പശ്ചാത്തലത്തിലായിരിക്കും നമ്മുടെ ഓര്‍മ്മകളും. അവിടെ നിന്ന് സ്ഥിരമായി ഒഴിച്ചുനിര്‍ത്തപ്പെടുമ്പോള്‍; ചിലപ്പോള്‍ ഓര്‍മ്മകളുടെ തീവ്രത കൂടുന്നു, മറ്റു ചിലപ്പോള്‍ ഓര്‍മ്മകള്‍ നഷ്ടപ്പെടുന്നു. കാവ്യാത്മകമായ സംഭാഷണങ്ങളും ബ്ലാക്ക് & വൈറ്റ് ചിത്രീകരണവും ഗൃഹാതുരതയുമെല്ലാം ചേര്‍ന്ന് വ്യത്യസ്തമായ ഒരു ഫീലാണീ ചിത്രത്തിനുള്ളത്.

ലോസ്റ്റ് റൂട്ട്‌സ് (നഷ്ടമായ വേരുകള്‍/സ്‌പെയിന്‍) എന്ന എയ്മാര്‍ദ് ഉബെരെറ്റഗോന ഒയര്‍സബാല്‍ സംവിധാനം ചെയ്ത ഡോക്കുമെന്ററിയില്‍ യുദ്ധവും അതിനു ശേഷവുമുള്ള പ്രശ്‌നങ്ങളാണുള്ളത്. പുരുഷാധിപത്യവും സംസ്‌ക്കാരത്തിന്റെ തിരോധാനവും സമൂഹ പുനര്‍നിര്‍മ്മാണത്തെ അസാധ്യമാക്കുന്നു. ഉഗാണ്ടയിലെ മാഅദി വംശത്തില്‍ പെട്ട ജനങ്ങളുടെ അനുഭവങ്ങളാണിതിലുള്ളതെങ്കിലും ലോകത്താകെ സമാനമായ പ്രശ്‌നങ്ങള്‍ കാണാം. മാഅദി വംശത്തില്‍ പെട്ടവര്‍ മൂന്നു രാജ്യങ്ങള്‍ക്കിടയിലായി ചിതറിപ്പോയിരിക്കുന്നു. ഉഗാണ്ട, ടാന്‍സാനിയ, സുഡാന്‍ എന്നീ രാജ്യങ്ങളിലാണിവരുള്ളത്. സാമ്രാജ്യത്വമാണ് ഈ അവസ്ഥ ഉണ്ടാക്കിയത്. കുര്‍ദ് ജനതയും അനുഭവിക്കുന്നത് സമാനമായ പ്രശ്‌നങ്ങളാണ്.
സാന്തിയാഗോ ദ്വീപിലെ തറാഫാലില്‍ ജീവിക്കുന്ന മുന്നൂറോളം സ്ത്രീകള്‍ മണല്‍ കടത്തിയാണ് ജീവസന്ധാരണം നിര്‍വഹിക്കുന്നത്. അവരുടെ ജീവിതമാണ് അഗസ്റ്റിന്‍ ഡോമിന്‍ഗ്വെ സംവിധാനം ചെയ്ത സാന്‍ഡ് വുമണ്‍ (സ്‌പെയിന്‍) എന്ന ഡോക്കുമെന്ററിയിലുള്ളത്. കഠിന യാഥാര്‍ത്ഥ്യങ്ങള്‍ കൃത്യതയോടെയും വ്യക്തതയോടെയും നൂതനമായ ശൈലിയില്‍ അവതരിപ്പിക്കുന്ന മണല്‍ സ്ത്രീകള്‍, ദൈന്യത്തെ മാത്രമല്ല അവരുടെ ആഹ്ലാദത്തെയും രേഖപ്പെടുത്തുന്നു.
സെക്ക ബ്രിട്ടോ സംവിധാനം ചെയ്ത വാഗ്ദത്ത ഭൂമി(പ്രോമിസ്ഡ് ലാന്റ് / അര്‍ജന്റീന, ബ്രസീല്‍, പരാഗ്വേ) ലാറ്റിനമേരിക്കയിലേക്കുള്ള ജെസ്യൂട്ട് മിഷന്റെ ചരിത്രമാണ് രേഖപ്പെടുത്തുന്നത്. നാശങ്ങളും കാഴ്ചബംഗ്ലാവുകളും ഗ്രാമങ്ങളും അനുഷ്ഠാനങ്ങളുമെല്ലാമായി തദ്ദേശീയ ജീവിതത്തെ മുച്ചൂടും മാറ്റി തീര്‍ത്ത ഒന്നാണല്ലോ സുവിശേഷവത്ക്കരണം. ആദിമജനതയും കടന്നു വന്നവരും; കല, മതം, രാഷ്ട്രീയം എന്നിവയെല്ലാം വിശദമായി ചര്‍ച്ച ചെയ്യുന്നു.
ലോറന്‍സോ മാനിസ്‌കോ സംവിധാനം ചെയ്ത ലിയോനാര്‍ഡോ, ഡാവിഞ്ചിയുടെ മഹത്തായ കലാപ്രപഞ്ചത്തെ പരിചയപ്പെടുത്തുന്നു.
തോമസ്സോ കൊട്രോനെല്‍ സംവിധാനം ചെയ്ത ദെയര്‍ ഹോം, നൈജീരിയയിലെ പാശ്ചാത്യ എണ്ണക്കോര്‍പ്പറേറ്റുകളുടെ പ്രവര്‍ത്തനത്തെയാണ് തുറന്നു കാട്ടുന്നത്. ചേരികളിലെ ദുസ്സഹമായ ജീവിതം ഈ അധിനവേശത്തിന്റെ മറുപുറമാണ്.
ഡെന്നീസ് സാബോ സംവിധാനം ചെയ്ത ലെറ്റേഴ്‌സ് ഫോര്‍ സിസിലിയ (ബ്രസീല്‍), അഭയാര്‍്ത്ഥിയായ വൃദ്ധ സിസിലിയയുടെ കത്തോര്‍മ്മകളാണ് വിവരിക്കുന്നത്. പ്രണയത്തിന്റെയും അതിലടങ്ങിയിട്ടുള്ള സങ്കീര്‍ണതകളുടെയും കഥനമാണ് സിസിലിയയ്ക്കുള്ള കത്തുകള്‍.
പശുവളര്‍ത്തുകാരിയായ വൃദ്ധ ഒറ്റയ്ക്കുള്ള ജീവിതം നയിക്കുന്നതാണ് സറഫ്ഷൂണി(ഇറാന്‍)ലുള്ളത്. മഹ്ദി രജാബിയാന്‍ ആണ് സംവിധായകന്‍. ഗ്രാമീണ ഇറാനില്‍ കാടിനോട് തൊട്ടാണ് അവരുടെ ജീവിതവും പശു പരിപാലനവും. അവരുടെ ആസക്തികളും ബന്ധങ്ങളുമാണ് സറഫ്ഷൂണിലുള്ളത്.
മെഹ്ര്ദാദ് ഒസ്‌ക്കോയെ സംവിധാനം ചെയ്ത സണ്‍ലെസ്സ് ഷാഡോസ്(ഇറാന്‍), പെണ്‍ജയിലിനകത്തെ ജീവിതയാഥാര്‍ത്ഥ്യങ്ങളും അധികാരബലതന്ത്രവും വിശദീകരിക്കുന്നു. പുറത്തെന്നതു പോലെ അവിടെയും വേദനയോടൊപ്പം ആഹ്ലാദങ്ങളുമുണ്ട്. ഏറ്റവും നല്ല അന്താരാഷ്ട്ര ഡോക്കുമെന്ററിയ്ക്കുള്ള അവാര്‍ഡ് സണ്‍ലെസ്സ് ഷാഡോസിനാണ്.


സ്ലെമാനി മേളയിലെ ദേശീയ ഡോക്കുമെന്ററി വിഭാഗത്തിന്റെ ഏറ്റവും പ്രത്യേകമായ സവിശേഷത, അത് ഏതെങ്കിലും ഒരു രാജ്യത്തുനിന്നുള്ള എന്‍ട്രികള്‍ മാത്രമല്ല ഉള്‍പ്പെടുത്തിയിട്ടുള്ളത് എന്നാണ്. കുര്‍ദിഷ് സിനിമകളാണ് അതിലുള്ളത്. ഇറാഖ്, ഇറാന്‍, തുര്‍ക്കി, സിറിയ എന്നീ കുര്‍ദ് വംശജര്‍ ധാരാളമായുള്ള രാജ്യങ്ങള്‍ക്കു പുറമെ നിന്നുള്ള നെതര്‍ലാന്റ്‌സ് പോലുള്ള രാജ്യങ്ങളില്‍ നിന്നുള്ള സിനിമയും ഈ വിഭാഗത്തിലുണ്ടായിരുന്നു. രാജ്യമില്ലാത്ത രാഷ്ട്രത്തിന്റെ (സ്‌റ്റേറ്റ്‌ലെസ്സ് നാഷന്‍) ദേശീയതയാണ് നമുക്കിവിടെ കാണാനാകുക.
സിറിയയിലെ (പരിമിത) സ്വതന്ത്ര പ്രദേശമായ റോജോവാ (പശ്ചിമ കുര്‍ദിസ്ഥാന്‍) യിലെ തിര്‍ബെസ്പിയെ എന്ന നഗരത്തില്‍ ജനിച്ച റോണാക്ക് മുറാദ് എന്ന എഴുത്തുകാരിയുടെ ജീവിതമാണ് റോണാക്ക് എന്ന ഡോക്കുമെന്ററിയിലുള്ളത്. ബാവെര്‍ ഒഗുര്‍ലു ആണ് സംവിധായകന്‍. എഴുത്തിന്റെയും കാഴ്ചപ്പാടിന്റെയും ചരിത്രം വിവരിക്കുന്നതിലൂടെ, കുര്‍ദിഷ് വിമോചനപ്പോരാട്ടത്തിന്റെയും സിറിയന്‍ കുര്‍ദ് പ്രദേശങ്ങളില്‍ അറബികളെ കൊണ്ടു വന്ന് താമസിപ്പിച്ചതിന്റെയും എല്ലാം യാഥാര്‍ത്ഥ്യങ്ങള്‍ മനസ്സിലാക്കാം.
കാമില്‍ ഖാദര്‍ സംവിധാനം ചെയ്ത് സേഫ്റ്റികോഡ് എന്ന ഡോക്കുമെന്ററി ഇറാഖി കുര്‍ദിസ്ഥാനില്‍ നിന്നാണ്. പെഷ്‌മെര്‍ഗ (മരിക്കാന്‍ തയ്യാര്‍/ചാവേര്‍) എന്ന കുര്‍ദിഷ് വിമോചന സേനയുടെ പ്രതിരോധമാണ് ഈ സിനിമയിലുള്ളത്. ഐസിസിന്റെ അധീനതയിലായിരുന്ന കിര്‍ക്കുക്ക് എന്ന നഗരം തിരിച്ചു പിടിക്കുന്നതിന്റെയും പുനര്‍നിര്‍മ്മിക്കുന്നതിന്റെയും ചരിത്രമാണിതിലുള്ളത്. ഇറാഖിലെ തന്നെ ഏറ്റവും എണ്ണ നിക്ഷേപമുള്ള പ്രദേശമാണ് കിര്‍ക്കുക്ക്.
തുര്‍ക്കിയില്‍ നിന്നുള്ള റിട്ടേണ്‍ ടു പോവര്‍ട്ടി, ഉമയ് ഐസിക്ക് ആണ് സംവിധാനം ചെയ്തത്. 1990കളില്‍ നൂറു കണക്കിന് കുര്‍ദിഷ് ഗ്രാമങ്ങളാണ് തുര്‍ക്കിയില്‍ തകര്‍ക്കപ്പെട്ടത്. ഗ്രാമവാസികള്‍ക്കെല്ലാം തങ്ങളുടെ വീടും കുടിയും നഷ്ടപ്പെട്ട് അലയേണ്ടി വന്നു. അവരുടെ തിരിച്ചുവരവാണ് ഈ സിനിമയിലുള്ളത്. ദാരിദ്ര്യമാണവരെ കാത്തിരുന്നതെങ്കിലും സ്വന്തം സ്ഥലത്ത് തിരിച്ചെത്തുക എന്നത് അനിര്‍വചനീയമായ സുരക്ഷിതത്വം അവര്‍ക്ക് പ്രദാനം ചെയ്യുന്നു. പാരമ്പര്യവും ആധുനികതയും തമ്മിലെന്നതു പോലെ, സ്ഥിരവാസവും നാടോടിത്തവും തമ്മിലുള്ള വൈരുദ്ധ്യവും ഇവിടെ കാണാം.
ഇറാനില്‍ നിന്നുള്ള, അബ്ദോള്‍ഖാദര്‍ ഖലേദി സംവിധാനം ചെയ്ത ബലോറ, പഴയ രീതിയിലുള്ളതും ഇപ്പോള്‍ വിസ്മരിക്കപ്പെട്ടതുമായ ഒരു കുര്‍ദിഷ് ഗാനാലാപനത്തിന്റെ ഡോക്കുമെന്റേഷനാണ്.
ഇറാഖി കുര്‍ദിസ്ഥാനില്‍ നിന്നുള്ള, ഷുക്രി മുഹമ്മദ് സംവിധാനം ചെയ്ത 40 റെഡ് ഡേയ്‌സ്, ദുഹോക്ക് പ്രവിശ്യയിലുള്ള ഒരു ഗ്രാമത്തിലെ പരമ്പരാഗത വൈന്‍ നിര്‍മ്മാതാക്കളായ കുടുംബത്തിന്റെ ജീവിതം ചിത്രീകരിക്കുന്നു.
കുര്‍ദിസ്ഥാനില്‍ നിന്നു തന്നെ ഉള്ള, ബോര്‍ഹാന്‍ അഹ്മദി സംവിധാനം ചെയ്ത എ മാന്‍ ഫ്രം റാഷ് ഹാര്‍മെ, അധിനിവേശത്തിന്റെ ഇരകളെയാണ് കേന്ദ്രവിഷയമാക്കുന്നത്. എണ്‍പതുകളില്‍ ബാഗ്ദാദിലെ ബാത്തിസ്റ്റ് ഭരണകൂടം കുര്‍ദിഷ് വംശജരെ കൊന്നൊടുക്കുന്നതിനായി രാസാക്രമണം നടത്തുകയുണ്ടായി. ഇത് നേരിട്ടവരും അതിജീവിച്ചവരുമാണ് ഈ സിനിമയിലുള്ളത്.
എദ്രിസ് അബ്ദിയും ആവാര ഒമറും ചേര്‍ന്ന് സംവിധാനം ചെയ്ത ലബോറട്ടറി നമ്പര്‍ 2, സുലൈമാനിയ യൂണിവേഴ്‌സിറ്റി ഓഫ് മെഡിക്കല്‍ സയന്‍സസിലെ ഒരു ലാബ് അസിസ്റ്റന്റിന്റെ കഥയാണ് പറയുന്നത്. അവിടെ ജോലി ചെയ്ത പതിനാലു വര്‍ഷവും അയാള്‍ ഒരേ മൃതദേഹത്തെ തന്നെയാണ് പരിപാലിച്ചു പോന്നതും വിദ്യാര്‍ത്ഥികള്‍ക്കായി അവതരിപ്പിച്ചതും. ജിവിതവും മരണവും തമ്മിലുള്ള കൊടുക്കല്‍ വാങ്ങലിന്റെ അപൂര്‍വതയാണീ സിനിമയിലുള്ളത്. ഏറ്റവും നല്ല ദേശീയ(കുര്‍ദിഷ്) ഡോക്കുമെന്ററിയ്ക്കുള്ള അവാര്‍ഡ് ലബോറട്ടറി നമ്പര്‍ രണ്ടിനാണ്.
ഇറാനില്‍ നിന്നുള്ള 13 തൗസന്റ് സ്റ്റെപ്‌സ് സംവിധാനം ചെയ്തത് അഷ്‌ക്കാന്‍ അഹ്മദി ആണ്. ഉരാമനാത്ത് മലനിരകള്‍ സ്ഥിരമായി സാധനങ്ങളും ഏറ്റി കയറിയിറങ്ങുന്ന നാസ്സര്‍ എന്ന തൊഴിലാളിയുടെ കഥയാണിത്.
ഇബ്രാഹിം സെല്‍മന്‍ സംവിധാനം ചെയ്ത എ ലെറ്റര്‍ ടു മൈ ഡാഡ് (നെതര്‍ലാന്റ്‌സ്) അച്ഛന്റെ ശവകുടീരം തെരയുന്ന മകന്റെ അന്വേഷണമാണ് രേഖപ്പെടുത്തുന്നത്. ഏഴായിരം കൊല്ലത്തെ സ്വാതന്ത്ര്യസമരമാണ് കുര്‍ദുകള്‍ നടത്തുന്നതെന്നും അതിനിനിയും അവസാനമില്ലെന്നുമുള്ള ചരിത്രയാഥാര്‍ത്ഥ്യം, ഈ വ്യക്ത്യധിഷ്ഠിതമെന്നു തോന്നിപ്പിക്കുന്ന പ്രമേയത്തിലൂടെ അവതരിപ്പിക്കപ്പെടുന്നു.

ആനിമേഷന്‍, ഷോര്‍ട് ഫിലിം വിഭാഗങ്ങളിലും മത്സരങ്ങളുണ്ടായിരുന്നു. കുര്‍ദിഷ് വ്യൂ എന്ന വിഭാഗത്തില്‍ നിരവധി ഹ്രസ്വ ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കപ്പെട്ടു. ഉദ്ഘാടന ചടങ്ങും സമാപന ചടങ്ങും ആര്‍ട് പാലസ് എന്ന കമനീയമായ ഹാളിലാണ് നടന്നത്. രണ്ടു പരിപാടിയുടെയും മുന്നോടിയായുള്ള സംഗീത വിരുന്നുകള്‍ അവിസ്മരണീയമായിരുന്നു.

ആ സിനിമയുടെ പേരിൽ ഞാനും പ്രിയദർശനും വഴക്കു കൂടിയിട്ടുണ്ട്, പ്രതീക്ഷിച്ച ക്ലൈമാക്സ് ആയിരുന്നില്ല സിനിമയ്ക്ക്: ജഗദീഷ്

ലോക ടൂറിസം ഓർഗനൈസേഷനിൽ അഫിലിയേറ്റ് അംഗമായി ഐസിഎല്‍

ടൊവിനോ ചിത്രം 'നരിവേട്ട'യുടെ പേരിൽ വ്യാജ കാസ്റ്റിം​ഗ് കോൾ തട്ടിപ്പ്, ആളുകൾ ജാഗ്രത പാലിക്കണമെന്ന് സംവിധായകൻ അനുരാജ് മനോഹർ

ദേശീയ ദിനം: യുഎഇയില്‍ അവധി പ്രഖ്യാപിച്ചു

സിനിമയുടെ റിവ്യൂ പറയുന്നവരെ ചോദ്യം ചെയ്യാനാകില്ല, കാശ് കൊടുത്ത് സിനിമ കാണുന്നവന് റിവ്യൂ പറയാനുള്ള അവകാശമുണ്ട്: ആർ ജെ ബാലാജി

SCROLL FOR NEXT