Film Festivals

സനല്‍കുമാറിന്റെ ചോല വെനീസ് ഫിലിം ഫെസ്റ്റിവലില്‍, ഒറിസോണ്ടി മത്സരവിഭാഗത്തിലെ ഏക ഇന്ത്യന്‍ സിനിമ

THE CUE

സനല്‍കുമാര്‍ ശശിധരന്‍ സംവിധാനം ചെയ്ത പുതിയ ചിത്രം ചോല വെനീസ് ഫിലിം ഫെസ്റ്റിവലില്‍. നിമിഷാ സജയനും ജോജു ജോര്‍ജ്ജും കേന്ദ്രകഥാപാത്രങ്ങളായ സിനിമ പ്രധാന മത്സരവിഭാഗത്തിന് സമാന്തരമായി നടക്കുന്ന ഒറിസോണ്ടി(ഹൊറൈസണ്‍) കാറ്റഗറിയില്‍ മത്സരിക്കും. ഈ വിഭാഗത്തില്‍ ഉള്‍പ്പെട്ട ഏക ഇന്ത്യന്‍ സിനിമ കൂടിയാണ് ചോല. വിവിധ രാജ്യങ്ങളില്‍ നിന്നായി 19 ചിത്രങ്ങളാണ് ഹൊറൈസണ്‍ വിഭാഗത്തില്‍ നാല് പ്രധാന പുരസ്‌കാരങ്ങള്‍ക്കായി മത്സരിക്കുന്നത്. മികച്ച ചിത്രത്തിനുള്‍പ്പെടെയാണ് മത്സരം.

ചോല എന്ന സിനിമയിലെ അഭിയം കൂടി പരിഗണിച്ചാണ് നിമിഷാ സജയന് മികച്ച നടിക്കുള്ള സംസ്ഥാന പുരസ്‌കാരം ലഭിച്ചത്. ചോലയിലെയും ഒരു കുപ്രസിദ്ധ പയ്യനിലെയും പ്രകടനമാണ് പരിഗണിച്ചിരുന്നത്. ഇത്തവണ വെനീസ് മേളയുടെ ക്രിട്ടിക്‌സ് വീക്ക് സൈഡ് ബാര്‍ സെക്ഷനില്‍ ഉദ്ഘാടന ചിത്രമായി തെരഞ്ഞെടുക്കപ്പെട്ടത് ഗീതാഞ്ജലി റാവു സംവിധാനം ചെയ്ത ബോംബെ റോസ് എന്ന ആനിമേറ്റഡ് ഫീച്ചര്‍ ആണ്. ഓഗസ്റ്റ് 28 മുതല്‍ സെപ്തംബര്‍ ഏഴ് വരെയാണ് വെനീസ് ഫിലിം ഫെസ്റ്റിവല്‍.

2014ല്‍ ചൈതന്യാ തമാന്നേ സംവിധാനം ചെയ്ത കോര്‍ട്ട് ഒറിസോണ്ടി കാഗറ്ററിയില്‍ മികച്ച ചിത്രമായി തെരഞ്ഞെടുക്കപ്പെട്ടിരുന്നു. വ്യക്തികളുടെ മാനസിക തലങ്ങളിലൂടെ സഞ്ചരിക്കുന്ന സിനിമയാണ് ചോലയെന്ന് സനല്‍കുമാര്‍ ശശിധരന്‍ ദ ക്യുവിനോട് പ്രതികരിച്ചു.

സെക്‌സി ദുര്‍ഗ കൈകാര്യം ചെയ്ത പ്രമേയം മറ്റൊരു രീതിയില്‍ കടന്നുവരുന്ന സിനിമയാണ്. ഒരു പെണ്‍കുട്ടി ഒരു പുരുഷനൊപ്പം നഗരത്തിലേക്ക് യാത്ര തിരിക്കുന്നതും തുടര്‍ന്നുണ്ടാകുന്ന സംഭവങ്ങളുമാണ് ചോല. റോഡ് മൂവി സ്വഭാത്തിലുള്ള ത്രില്ലര്‍ ആണ്.
സനല്‍കുമാര്‍ ശശിധരന്‍

സെക്‌സി ദുര്‍ഗയ്ക്ക് ശേഷം സനല്‍കുമാര്‍ ശശിധരന് രാജ്യാന്തര ചലച്ചിത്രവേദിയില്‍ കിട്ടുന്ന അംഗീകാരം കൂടിയാണ് ചോലയുടെ വെനീസ് മേളയിലെ സാന്നിധ്യം.

സെന്‍സര്‍ വിലക്കിനെ തുടര്‍ന്ന് പിന്നീട് എസ് ദുര്‍ഗ എന്ന് പേര് മാറ്റേണ്ടി വന്ന സെക്‌സി ദുര്‍ഗ റോട്ടര്‍ഡാം ഇന്റര്‍നാഷനല്‍ ഫിലിം ഫെസ്റ്റിവലില്‍ ടൈഗര്‍ അവാര്‍ഡ് നേടിയിരുന്നു. സനല്‍കുമാര്‍ സംവിധാനം ചെയ്ത ആദ്യ രണ്ട് ചിത്രങ്ങളായ ഒരാള്‍പൊക്കം, ഒഴിവുദിവസത്തെ കളി എന്നിവ സംസ്ഥാന ചലച്ചിത്ര പുരസ്‌കാരവും സ്വന്തമാക്കിയിരുന്നു. ഒരാള്‍പ്പൊക്കത്തിന് മികച്ച സംവിധായകനുള്ള അവാര്‍ഡും ഒഴിവുദിവസത്തെ കളി മികച്ച ചിത്രത്തിനുള്ള സംസ്ഥാന അവാര്‍ഡുമാണ് നേടിയിരുന്നത്. ഗോവാ രാജ്യാന്തര ചലച്ചിത്രമേളയോട് അനുബന്ധിച്ചുള്ള എന്‍എഫ്ഡിസി ഫിലിം ബസാറില്‍ ചോല മികച്ച അഭിപ്രായം സ്വന്തമാക്കിയിരുന്നു. ജോജു ജോര്‍ജ്ജിനും നിമിഷാ സജയനും അഭിനേതാക്കള്‍ എന്ന നിലയില്‍ ലഭിച്ച നേട്ടം കൂടിയാണ് ചോലയ്ക്ക് കിട്ടിയ അംഗീകാരം.

ചിത്രത്തിന്റെ റെഡ് കാർപ്പറ്റ് വേൾഡ് പ്രിമിയറിന് സനൽ കുമാർ ശശിധരൻ, ജോജു ജോർജ്ജ്, നിമിഷ സജയൻ, സിജോ വടക്കൻ ,ഷാജി മാത്യു എന്നിവർ പങ്കെടുക്കും. വെനീസ് ലഗൂണിലെ ലിഡ ദ്വീപിലാണ് ലോകത്തെ മൂന്ന് പ്രധാന ചലചിത്രമേളകളിലൊന്നായ വെനീസ് ഫിലിം ഫെസ്റ്റിവൽ നടക്കുന്നത്. ലോകസിനിമയിലെ പുതിയ ട്രെൻഡുകളെ പരിചയപ്പെടുത്തുന്ന മത്സരവിഭാഗമാണ് ഒറിസോണ്ടി.ലോകത്തിലെ തന്നെ ആദ്യത്തെ ചലച്ചിത്രോത്സവമായ വെനീസ് ചലചിത്രമേളയിൽ ഇതിനു മുൻ‌പ് പ്രദർശിപ്പിക്കപ്പെട്ട മലയാള സിനിമകൾ അടൂർ ഗോപാലകൃഷ്ണന്റെ മതിലുകൾ, നിഴൽ കുത്ത് എന്നിവയാണ്. നിഴല്‍ക്കുത്ത് പ്രിമിയര്‍ ചെയ്തത് ഒറിസോണ്ടി വിഭാഗത്തിലായിരുന്നു.

അപ്പു പാത്തു പപ്പു പ്രൊഡക്ഷൻ ഹൗസിന്റെ ബാനറിൽ ജോജു ജോർജ്ജ് നിർമിച്ച ചോല, സിജോ വടക്കനും, നിവ് ആർട്ട് മൂവീസുമാണ് കോ പ്രൊഡ്യുസ് ചെയ്തിരിക്കുന്നത്. പുതുമുഖമായ അഖില്‍ വിശ്വനാഥാണ് ചിത്രത്തില്‍ മറ്റൊരു കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്..

വഖഫ് ബോര്‍ഡും 600 കുടുംബങ്ങളും; മുനമ്പം ഭൂമി വിഷയത്തില്‍ സംഭവിക്കുന്നതെന്ത്?

സാന്ദ്രാ തോമസിനെ പുറത്താക്കി നിർമ്മാതാക്കളുടെ സംഘടന, നടപടി അച്ചടക്ക ലംഘനം ആരോപിച്ച്

മല്ലിക സുകുമാരന്റെ പിറന്നാളാഘോഷിച്ച് ഇന്ദ്രജിത്തും പൃഥ്വിരാജും

ഓഹരികള്‍ക്ക് ആവശ്യക്കാരേറെ, ലുലു ഐപിഒ ഓഹരി ലിസ്റ്റിങ്ങ് 30 ശതമാനം ആയി വർധിപ്പിച്ചു

ദുബായ് -അബുദബി ഷെയറിങ് ടാക്സി പരീക്ഷിക്കാന്‍ ആർടിഎ

SCROLL FOR NEXT