അനുരാഗ് കശ്യപിന്റെ സംവിധാനത്തിൽ സണ്ണി ലിയോണും രാഹുൽ ഭട്ടും പ്രധാന വേഷങ്ങളിലെത്തുന്ന ചിത്രം 'കെന്നഡി' 76-മത് കാൻ ഫിലിം ഫെസ്റ്റിവലിൽ പ്രദർശിപ്പിക്കും. മിഡ്‌നെറ്റ് സ്ക്രീനിങ് വിഭാഗത്തിലാണ് ചിത്രം ഫെസ്റ്റിവലിൽ പ്രദർശിപ്പിക്കുന്നത്.
എലിയാസ് ബെൽകദ്ദർ സംവിധാനം ചെയ്ത 'ഒമർ ല ഫ്രൈസ്', ജസ്റ്റ് ഫിലിപ്പോട്ട് സംവിധാനം ചെയ്ത 'ആസിഡ്' എന്നിവയാണ് മിഡ്നൈറ്റ് സ്ക്രീനിംഗ് വിഭാഗത്തിൽ പ്രദർശിപ്പിക്കുന്ന മറ്റു സിനിമകൾ. മെയ് 16 തൊട്ട് 27 വരെയാണ് ചലച്ചിത്രോത്സവം നടക്കുന്നത്.
ഇതിന് മുൻപും അനുരാഗ് കശ്യപ് ചിത്രങ്ങൾ കാൻ ഫിലിം ഫെസ്റ്റിവലിൽ പ്രദർശിപ്പിച്ചിട്ടുണ്ട്. 'ഗ്യാങ്സ് ഓഫ് വാസിപ്പൂർ' 2012-ൽ ഡയറക്ടർസ് ഫോർട്നൈറ്റിൽ പ്രദർശിപ്പിച്ചിരുന്നു. 2013-ൽ 'ബോംബെ ടോക്കീസ്' എന്ന ആന്തോളജി ചിത്രം സ്‌പെഷ്യൽ സ്ക്രീനിംങ് ആയും, 'അഗ്ലി' എന്ന ചിത്രം ഡയറക്ടർസ് ഫോർട്നൈറ്റ് വിഭാഗത്തിലും പ്രദർശിപ്പിച്ചു. ശേഷം 2016-ൽ രമൺ രാഘവ് 2.0 യും ഡയറക്ടർസ് ഫോർട്നൈറ്റ് വിഭാഗത്തിൽ പ്രദർശിപ്പിച്ചിരുന്നു.
ഒരുപറ്റം പുതുമുഖങ്ങൾ അണിനിരന്ന 'ഓൾമോസ്റ്റ് പ്യാർ വിത്ത് ഡിജെ മൊഹബത്ത്' ആയിരുന്നു അവസാനമായി തിയ്യേറ്ററുകളിൽ എത്തിയ അനുരാഗ് കശ്യപ് ചിത്രം. സിനിമ ബോക്സ് ഓഫീസിൽ പരാജയമായിരുന്നു.