ആദായനികുതി വകുപ്പിന്റെ ചോദ്യം ചെയ്യലിനെ തുടര്‍ന്ന് ഷൂട്ടിങ്ങ് തടസപ്പെട്ട മാസ്റ്റര്‍ എന്ന ചിത്രത്തിന്റെ ലൊക്കേഷനില്‍ വിജയ് തിരിച്ചെത്തി, ചിത്രത്തിന്റെ നെയ് വേലിയിലെ ലൊക്കേഷനില്‍ വിജയ് എത്തിയെന്നും ഷൂട്ടിങ്ങ് പുഃനരാരംഭിച്ചെന്നും തമിഴ്മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. 24 മണിക്കൂറോളം നീണ്ട ചോദ്യം ചെയ്യലിനും അന്വേഷണത്തിനും ശേഷമാണ് വിജയ്‌യെ വകുപ്പ് വിട്ടയച്ചത്. താരത്തില്‍ നിന്ന് അനധികൃതമായി പണമൊന്നും കണ്ടെത്തിയിട്ടില്ലെന്നും വസ്തുവകളില്‍ അന്വേഷണം നടക്കുകയാണെന്നുമായിരുന്നു ആദായനികുതി വകുപ്പ് ഇന്നലെ വൈകീട്ട് പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചത്.
ബുധനാഴ്ച വൈകീട്ടായിരുന്നു നെയ്‌വേലിയിലെ ലൊക്കേഷനില്‍ ആദായനികുതി വകുപ്പ് എത്തിയതും കാരവാനില്‍ റെയ്ഡ് നടത്തിയതും ചോദ്യം ചെയ്യാന്‍ ചെന്നൈയിലേക്ക് എത്താന്‍ നിര്‍ദദേശിച്ചതും. വിജയുടെ വീട്ടിലും റെയ്ഡ് നടന്നിരുന്നു. ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന മാസ്റ്റര്‍ എന്ന ചിത്രത്തിന്റെ ലൊക്കേഷനില്‍ വെച്ചായിരുന്നു നടപടി. അതോടെ മുടങ്ങിയ ഷൂട്ടിങ്ങ് ഇന്നലെ മറ്റ് താരങ്ങളെ വച്ച് പുഃനരാരംഭിച്ചിരുന്നു.
ബിഗില്‍ എന്ന സിനിമയുമായി ബന്ധപ്പെട്ട് നടന്ന റെയ്ഡില്‍ ഫിനാന്‍ഷ്യര്‍ അന്‍പ് ചെഴിയാനില്‍ നിന്ന് കണക്കില്‍ പെടാത്ത 77 കോടിരൂപ കണ്ടെത്തിയാതായി ആദായനികുതി വകുപ്പ് അറിയിച്ചിട്ടുണ്ട്. ചെന്നൈ, മധുര എന്നിവിടങ്ങളിലായി ഫിനാന്‍ഷ്യരില്‍ നിന്ന് വസ്തുക്കളുടെ പ്രമാണങ്ങളും,പ്രോമിസറി നോട്ട്, ചെക്കുകള്‍ തുടങ്ങിയവ കണ്ടെത്തിയിട്ടുണ്ട്. 300 കോടിയോളം രൂപയുടെ ക്രമക്കേട് നടന്നതായിട്ടാണ് തെളിവുകള്‍ സൂചിപ്പിക്കുന്നതെന്നും ആദായനികുതി വകുപ്പ് വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. ബോക്സ് ഓഫീസില്‍ 300 കോടിയോളം രൂപ കളക്ട് ചെയ്ത ചിത്രവുമായി ബന്ധപ്പെട്ടാണ് അന്വേഷണം. ചിത്രത്തിന്റെ നിര്‍മാതാവ്,നടന്‍, വിതരണക്കാരന്‍, ഫിനാന്‍ഷ്യര്‍ എന്നിവരുമായി ബന്ധപ്പെട്ട 38 സ്ഥലങ്ങളില്‍ റെയ്ഡ് നടത്തി. ചിത്രത്തിന്റെ വിതരണക്കാരനില്‍ നിന്നും ഒളിപ്പിച്ച രേഖകള്‍ കണ്ടെത്തിയിട്ടുണ്ടെന്ന് വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.
നാഷനല്‍ ലിഗ്‌നൈറ്റ് കോര്‍പ്പറേഷന്റെ കടലൂര്‍ കാമ്പസില്‍ 'മാസ്റ്റര്‍' എന്ന സിനിമയുടെ ലൊക്കേഷനിലായിരുന്നു വിജയ്. കൈദി സംവിധാനം ചെയ്ത ലോഗേഷ് കനകരാജിന്റെ സംവിധാനത്തില്‍ വിജയ്യും വിജയ് സേതുപതിയും കേന്ദ്രകഥാപാത്രങ്ങളാകുന്ന സിനിമയാണ് മാസ്റ്റര്‍. വിജയ്ക്ക് നേരെയുണ്ടായ നടപടി രാഷ്ട്രീയ പ്രേരിതമാണെന്നുള്ള ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു. വിജയ്യുടെ മുന്‍ ചിത്രങ്ങളിലെ കേന്ദ്രസര്‍ക്കാര്‍ വിരുദ്ധ പരാമര്‍ശങ്ങളാണ് വിജയ്ക്ക് നേരായ നടപടിക്ക് കാരണമെന്നായിരുന്നു ആരോപണം. വിജയ്ക്ക ്പിന്തുണയുമായി ഒരുപാട് പേര്‍ സോഷ്യല്‍ മീഡിയയില്‍ രംഗത്തെത്തിയിരുന്നു. ഷൂട്ടിങ്ങില്‍ തിരിച്ചെത്തിയ വിജയെയും ആര്‍പ്പു വിളിച്ചാണ് ആരാധകര്‍ സ്വീകരിച്ചത്.