Film Events

വിശാല്‍ പരസ്യമായി മാപ്പ് പറയേണ്ടി വരും, തുപ്പരിവാലന്‍ ടു പ്രശ്‌നം സിനിമാ സംഘടനകളിലേക്ക്

THE CUE

തുപ്പരിവാലന്‍ ടു വിവാദം തമിഴകത്തെ ചലച്ചിത്ര സംഘടനകള്‍ക്ക് മുന്നിലേക്ക്. തുപ്പരിവാലന്‍ ടു സംവിധാനത്തില്‍ നിന്ന് പിന്‍മാറുന്നതായും എല്ലാ അവകാശവും വിശാലിന്റെ നേതൃത്വത്തിലുള്ള വിശാല്‍ ഫിലിം ഫാക്ടറിക്ക് കൈമാറുന്നതായും നിയമപരമായി മിഷ്‌കിന്‍ അറിയിച്ചെങ്കിലും വിവാദം അവിടെ തീരുന്നില്ല. അമ്മയെ വിശാല്‍ വേശ്യയെന്ന് വിളിച്ചെന്നും, അനിയനെ തല്ലിയെന്നും ഉള്ള മിഷ്‌കിന്റെ ആരോപണങ്ങള്‍ പ്രൊഡ്യൂസേഴ്‌സ് കൗണ്‍സിലിന് മുന്നിലും സൗത്ത് ഇന്ത്യന്‍ ഫിലിം ചേംബറിന് മുന്നിലും എത്തിയിട്ടുണ്ട്. മിഷ്‌കിന്‍ മുമ്പ് അഭിനയിച്ച അയോഗ്യ ഉള്‍പ്പെടെയുള്ള സിനിമകളുടെ നിര്‍മ്മാതാക്കള്‍ പരാതികളുമായി സംഘടനയെ സമീപിച്ചിട്ടുണ്ടെന്നാണ് വിവരം. വിശാല്‍ പരസ്യമായി ക്ഷമ പറയാതെ തുപ്പരിവാലന്‍ ടു അവസാന ഷെഡ്യൂള്‍ പൂര്‍ത്തിയാക്കുന്നതും റിലീസ് ഉള്‍പ്പെടെയുള്ള കാര്യങ്ങളും എളുപ്പമാകില്ല. വിശാലിനെതിരെ ഫോണ്‍ ശബ്ദരേഖകള്‍ ഉള്‍പ്പെടെ തെളിവുകള്‍ ഉള്ളതായി മിഷ്‌കിന്‍ വെളിപ്പെടുത്തിയിരുന്നു. മിഷ്‌കിന്‍ പൊലീസിനെ സമീപിക്കാത്തത് വിഷയം ആദ്യം ചലച്ചിത്ര സംഘടനകള്‍ ചര്‍ച്ച ചെയ്യട്ടെ എന്ന മുതിര്‍ന്ന ചലച്ചിത്രകാരന്‍മാരുടെ നിര്‍ദേശം പരിഗണിച്ചാണെന്നാണ് അറിയുന്നത്. തന്നെയും ഭാരതിരാജയെയും മിഷ്‌കിന്‍ വിശാല്‍ അസഭ്യം പറയുന്ന ഓഡിയോ റെക്കോര്‍ഡ് കാണിച്ചതായി മുതിര്‍ന്ന നിര്‍മ്മാതാവ് കെ രാജന്‍ കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയിരുന്നു. വിശാല്‍ കാലില്‍ വീണ് മാപ്പ് പറയണമെന്ന അഭിപ്രായമാണ് കെ രാജന്‍ പങ്കുവച്ചത്.

മാര്‍ച്ച് 12ന് വിശാല്‍ തുപ്പരിവാലന്‍ ടു ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടിരുന്നു. ചക്ര എന്ന സിനിമയിലാണ് വിശാല്‍ ഇപ്പോള്‍ അഭിനയിച്ചുകൊണ്ടിരിക്കുന്നത്. ഈ സിനിമ പൂര്‍ത്തിയായതിന് പിന്നാലെ തുപ്പരിവാലന്‍ ടു പൂര്‍ത്തിയാക്കാനാണ് വിശാലിന്റെ ആലോചന. വിശാല്‍ സംവിധാനം ഏറ്റെടുത്തതിന് പിന്നാലെ സിനിമയുടെ പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികള്‍ താല്‍ക്കാലികമായി നിര്‍ത്തിവച്ചിരിക്കുകയാണെന്നാണ് സൂചന.

തുപ്പരിവാലന്‍ ടു വിവാദത്തെക്കുറിച്ച് മിഷ്‌കിന്‍

തുപ്പരിവാലന്‍ രണ്ടാം ഭാഗം ഞാന്‍ സഹോദരനായി കരുതിയിരുന്ന വിശാലിന് വേണ്ടിയാണ് ചെയ്തത്. തമിഴകം ഒന്നാകെ മോശക്കാരനായി കണ്ടപ്പോഴും അയാളെ സ്വന്തം സഹോദരനേക്കാള്‍ തോളോട് ചേര്‍ത്തിരുന്നയാളാണ് ഞാന്‍. നാല് ദിവസം കൊണ്ട് തീര്‍ക്കേണ്ട ക്ലൈമാക്‌സ് ഫൈറ്റ് ആറ് മണിക്കൂര്‍ കൊണ്ട് തീര്‍ത്താണ് തുപ്പരിവാലന്‍ ആദ്യഭാഗം റിലീസ് ചെയ്തത്. തുടര്‍ച്ചയായി വിശാലിന്റെ മൂന്ന് സിനിമ ഫ്‌ളോപ്പായിരുന്ന സമയത്താണ് തുപ്പരിവാലന്‍ വന്‍വിജയമായത്. മൂന്ന് കോടി രൂപയാണ് ആ സിനിമയ്ക്ക് പ്രതിഫലമായി ലഭിച്ചത്. തുപ്പരിവാലന്‍ ടു പാന്‍ ഇന്ത്യന്‍ സിനിമയാക്കാമെന്നായിരുന്നു ആലോചിച്ചിരുന്നത്. ആ കഥ പൂര്‍ത്തിയായപ്പോള്‍ 20 കോടിയില്‍ പൂര്‍ത്തിയാക്കാനായി ഒരു നിര്‍മ്മാതാവും വന്നു. കഥ അദ്ദേഹത്തിന് നന്നായി ഇഷ്ടപ്പെട്ടു. എനിക്ക് അഡ്വാന്‍സ് തന്നു. കൊഹിനൂര്‍ ഡയമണ്ടുമായി ബന്ധപ്പെട്ടായിരുന്നു ആ സിനിമ. സൗത്ത് ഇന്ത്യയിലും നോര്‍ത്ത് ഇന്ത്യയിലും സ്വീകാര്യത കിട്ടുമെന്നത് മുന്‍നിര്‍ത്തിയായിരുന്നു ആ സിനിമ. വിശാലിനോട് കഥ പറഞ്ഞപ്പോള്‍ അദ്ദേഹമെന്നെ കെട്ടിപ്പിടിച്ചു. കണ്ണ് നിറഞ്ഞുകൊണ്ട് എന്നോട് പറഞ്ഞു ഈ സിനിമ കൊണ്ട് എന്റെ എല്ലാ കടവും വീട്ടുമെന്ന് പറഞ്ഞു. മൂന്നാം ദിവസം ഈ സിനിമ ഞാന്‍ നിര്‍മ്മിക്കാമെന്ന് വിശാല്‍ പറഞ്ഞു. അന്ന് തുടങ്ങിയതാണ് എന്റെ തലവിധി. നിനക്ക് കടമുള്ളത് കൊണ്ട് ഈ സിനിമ നിര്‍മ്മിക്കേണ്ടെന്ന് ഞാന്‍ പറഞ്ഞു.

സിനിമ പൂര്‍ത്തിയാകാന്‍ ചുരുങ്ങിയത് ഇരുപത് കോടിയെങ്കിലും ആകും. അടുത്ത സിനിമയായ ആക്ഷന്‍ നല്ല രീതിയില്‍ ഓടിയില്ലെങ്കില്‍ കടം വീണ്ടും കൂടുമെന്നും ഞാന്‍ പറഞ്ഞു. ഇത് തുപ്പരിവാലന്‍ ത്രീ ആയി ചെയ്യാം. തുപ്പരിവാലന്‍ സെക്കന്‍ഡ് ചെന്നൈയില്‍ നടക്കുന്ന രീതിയില്‍ 10 കോടിക്ക് പൂര്‍ത്തിയാക്കാമെന്ന് പറഞ്ഞു. തിരക്കഥ പൂര്‍ത്തിയാക്കാന്‍ ഏഴ് ലക്ഷമാണ് ചെലവഴിച്ചത്. 35 ലക്ഷം ചെലവാക്കിയെന്നാണ് വിശാലിന്റെ ആരോപണം. അത് അദ്ദേഹം തെളിയിക്കട്ടെ. 13 കോടി രൂപ ഇതുവരെ ചെലവാക്കിയെന്നാണ് വിശാല്‍ പറഞ്ഞത്. അതിനും അദ്ദേഹം തെളിവ് പുറത്തുവിടട്ടേ. യുകെയില്‍ പുട്ടൂര്‍ അമ്മന്‍ എന്ന കമ്പനിയെയാണ് നിര്‍മ്മാണം ഏല്‍പ്പിച്ചത്. ആ കമ്പനിക്ക് എത്ര രൂപ വിശാല്‍ ഫിലിം ഫാക്ടറി ട്രാന്‍സ്ഫര്‍ ചെയ്തിട്ടുണ്ടെന്ന് നോക്കിയാല്‍ കാര്യങ്ങള്‍ അറിയാം. ഞാന്‍ മകനായും അനിയനായും കണക്കാക്കിയവന്‍ എന്റെ അമ്മയെ വേശ്യയെന്ന് വിളിച്ച് അപമാനിച്ചു.

ഞാന്‍ അവന് എന്ത് ദ്രോഹമാണ് ചെയ്തത്. നല്ല കഥ എഴുതിക്കൊടുത്തത് ആണോ ഞാന്‍ ചെയ്തതാണോ തെറ്റ്. ഒരു പ്രൊഡ്യൂസറും എനിക്ക് സിനിമ കൊടുക്കരുതെന്നാണ് അയാള്‍ പറഞ്ഞത്. അയാള്‍ ഒരു നിര്‍മ്മാതാവിന്റെ മകനാണ്, ഞാന്‍ ദരിദ്രനായ ഒരു തയ്യല്‍ക്കാരന്റെ മകനും. ഒരു വെള്ള പേപ്പറും പെന്‍സിലും കിട്ടിയാല്‍ എനിക്ക് കഥ എഴുതാനാകും. അതുമല്ലെങ്കില്‍ സിനിമാ പഠിപ്പിക്കാനാകും. എന്റെ സിനിമകള്‍ പറയും ഞാന്‍ ആരാണെന്ന്. എട്ട് മാസം ആലോചിച്ച്, 32 ദിവസം ഷൂട്ട് ചെയ്ത സിനിമയുടെ സംവിധാനമാണ് ഞാന്‍ കൈമാറിയത്. നിര്‍മ്മാതാക്കളുടെയും സംവിധായകരുടെയും സംഘടനയില്‍ ഞാന്‍ പരാതിയുമായി പോയിരുന്നെങ്കില്‍ അവന്‍ ഇന്ന് പോസ്റ്റര്‍ ഇറക്കുമായിരുന്നോ?. അവന്‍ ഇപ്പോള്‍ അഭിനയിക്കുന്ന എന്ന സിനിമ പ്രശ്‌നത്തിലായപ്പോള്‍ ഞാനാണ് കഥ മാറ്റിയത്. അതിന് ശേഷമാണ് ചക്ര എന്ന് ആ സിനിമക്ക് പേരിട്ടത്. ഇവന് ടോള്‍സ്‌റ്റോയി ആരാണെന്ന് അറിയാമോ, പൊറുക്കി പയ്യനാണ് അവന്‍. നീ എംജിആറോ കലൈഞ്ജറോ അല്ല വെറും പൊറുക്കി പയ്യനാണ്. നീ പ്രൊഡ്യൂസര്‍ കൗണ്‍സിലില്‍ എന്താണ് ചെയ്തത്. നിന്നെ ഈ സമൂഹം കാണുന്നുണ്ട്.

നീ എത്തരത്തിലുള്ള ആളാണെന്ന് സമൂഹം മനസിലാക്കും. നിന്റെ ജീവിതം പറയും നീ ആരാണെന്ന്. എന്റെ നിര്‍മ്മാതാക്കളോട് ചോദിച്ചാല്‍ അറിയാം ഞാന്‍ എങ്ങനെയുള്ള സംവിധായകനാണെന്ന്. കാര്യമില്ലാതെ എന്റെ അനിയനെ തല്ലിയവനാണ് വിശാല്‍. എന്റെ അമ്മയെ വേശ്യയെന്ന് വിളിക്കുമ്പോള്‍ എങ്ങനെ സിനിമ ഉപേക്ഷിക്കാതിരിക്കാം

ഫോണ്‍ ശബ്ദരേഖ കേട്ടിരുന്നതായി കെ രാജന്‍

മിഷ്‌കിനും വിശാലുമായി ഉണ്ടായിരുന്നത് പണത്തെ ചൊല്ലിയുള്ള പ്രശ്‌നം അല്ല. ഷൂട്ടിനിടയില്‍ തെന്നി വീണതിനാല്‍ മിഷ്‌കിന് കാലിന് പരുക്കേറ്റിരുന്നു. അതും വച്ചാണ് മിഷ്‌കിന്‍ 32 ദിവസം ചിത്രീകരിച്ചത്. തുടക്കം മുതല്‍ മിഷ്‌കിന്‍ മാനസിക പീഢനം നേരിട്ടിരുന്നു. വിശാലിനൊപ്പം രമണ, നന്ദ എന്നീ രണ്ട് സുഹൃത്തുക്കളുണ്ട്. രമണ മദ്യപിച്ച് ലണ്ടനില്‍ ഉള്ള ഒരു പെണ്‍കുട്ടിയെ ആക്രമിച്ചു. അവരുടെ പരാതിയില്‍ രമണയെ പൊലീസ് കസ്റ്റഡിയില്‍ ആയിരുന്നു. അതിന് തെളിവുകളുണ്ട്. വിശാല്‍ ആര്‍ക്ക് മുന്നിലും തലകുനിക്കില്ല, വിശാലിന് മുന്നില്‍ എല്ലാവരും തലകുനിക്കണം എന്നാണ് നിലപാട്. പണം മുടക്കുന്നത് വിശാല്‍ ആയിരിക്കാം പക്ഷേ മിഷ്‌കിന്‍ ആണ് സംവിധായകന്‍. അദ്ദേഹം ചെയ്യുന്ന കാര്യത്തില്‍ വിശാല്‍ അനാവശ്യമായി തലയിടരുതായിരുന്നു.

സംവിധായകന് വേണ്ടതാണ് ശിവാജി ഗണേശനും രജനികാന്തും നല്‍കിയിരുന്നത്. അയോഗ്യ എന്നൊരു സിനിമ വിശാല്‍ ചെയ്തിരുന്നു. ആ സിനിമയുടെ നിര്‍മ്മാതാവ് വമ്പന്‍ സെറ്റ് ഒരുക്കി നാനൂറിലധികം ജൂനിയര്‍ ആര്‍ട്ടിസ്റ്റുകളുമായി വിശാലിന് വേണ്ടി എത്രയോ ദിവസം കാത്തിരുന്നു. നടികര്‍ സംഘം, പ്രൊഡ്യൂസര്‍ കൗണ്‍സില്‍ എന്നൊക്കെ പറഞ്ഞായിരുന്നു വിശാല്‍ ഷൂട്ടിന് വരാതെ നിര്‍മ്മാതാവിന്റെ പണം നഷ്ടപ്പെടുത്തിയിരുന്നത്. അയോഗ്യ എന്ന സിനിമയില്‍ വിശാലിന് ആറ് കോടിയായിരുന്നു ശമ്പളം. എന്നിട്ടാണ് ഷൂട്ട് ചെയ്യാന്‍ വരാതിരുന്നത്. ഷൂട്ട് ചെയ്യാന്‍ വരണമെങ്കില്‍ എട്ട് കോടി വേണമെന്ന് പറഞ്ഞു. ആദ്യത്തെ എഗ്രിമെന്റ് വിശാല്‍ കീറിക്കളഞ്ഞു.

Also Read: മിഷ്‌കിനെതിരെ വെളിപ്പെടുത്തലുമായി വിശാല്‍, ‘സ്വന്തം കുഞ്ഞിനെ അനാഥാലയത്തില്‍ ഉപേക്ഷിക്കുന്ന പ്രവര്‍ത്തി’

തുപ്പരിവാലന്‍ സെക്കന്‍ഡിന് മിഷ്‌കിന്‍ 32 ലക്ഷം വാങ്ങിയെന്ന് പറയുന്നത് തെറ്റാണ്. അദ്ദേഹം വാങ്ങിയത് ഏഴ് ലക്ഷം മാത്രമാണ് അതിന് തെളിവുണ്ട്. മിഷ്‌കിന്റെ അമ്മയെ വേശ്യയെന്ന് വിശാല്‍ വിളിക്കുന്ന ഓഡിയോ ഞാന്‍ കേട്ടിരുന്നു. ഞാന്‍ മാത്രമല്ല സംവിധായകന്‍ ഭാരതിരാജയും അത് കേട്ടതാണ്. മിഷ്‌കിന്റെ ഫോണില്‍ ഈ ഓഡിയോ റെക്കോര്‍ഡ് ഉണ്ട്. മിഷ്‌കിന്‍ സംയമനത്തോടെ സംസാരിക്കുമ്പോള്‍ വിശാല്‍ രോഷാകുലനായാണ് സംസാരിക്കുന്നത്. വിശാല്‍ നിന്നെ തുലച്ചിടുമെന്നാണ് മിഷ്‌കിനോട് പറയുന്നത്. ഇങ്ങനെ ഭീഷണി വന്നപ്പോഴാണ് തുപ്പരിവാലന്‍ സെക്കന്‍ഡിന്റെ എല്ലാ അവകാശവും വിശാലിന് എഴുതിക്കൊടുത്തത്. പോലീസിനെ ഇപ്പോള്‍ സമീപിക്കേണ്ട, സംവിധായകരുടെ സംഘടനയിലും, നിര്‍മ്മാതാക്കളുടെ സംഘടനയിലും ആദ്യം പോകാമെന്ന് ഞങ്ങളാണ് പറഞ്ഞത്. അമ്മയെ അധിക്ഷേപിച്ചാല്‍ എങ്ങനെ ഒരാള്‍ പൊറുക്കും.

വിശാലിന്റെ വിശദീകരണം

തുപ്പരിവാലന്‍ രണ്ടാം ഭാഗം സംവിധാനം ചെയ്യുന്നതില്‍ നിന്ന് മിഷ്‌കിന്‍ പിന്‍മാറിയതില്‍ വിശദീകരണവുമായി നായകന്‍ വിശാല്‍. അവസാന ഷെഡ്യൂള്‍ ഒഴികെ പൂര്‍ത്തിയായ സിനിമയില്‍ നിന്ന് മിഷ്‌കിന്‍ പിന്‍മാറിയതിനെ തുടര്‍ന്ന് വിശാല്‍ സംവിധാനം ഏറ്റെടുത്തിരുന്നു. 13 കോടി നിര്‍മ്മാതാവ് ചെലവഴിച്ച സിനിമ സംവിധായകന്‍ ഉപേക്ഷിക്കാന്‍ തീരുമാനിച്ചത് അമ്പരപ്പിച്ചെന്നും വിശാല്‍. വിശാല്‍ ഫിലിം ഫാക്ടറിയുടെ ബാനറില്‍ വിശാല്‍ തന്നെയാണ് തുപ്പരിവാലന്‍ ടു നിര്‍മ്മിക്കുന്നത്. ഇതാദ്യമായാണ് വിശാല്‍ മിഷ്‌കിനുമായി ബന്ധപ്പെട്ട പ്രശ്‌നത്തില്‍ തുറന്നടിച്ച് രംഗത്തെത്തുന്നത്.

യുകെയില്‍ മൂന്ന് മുതല്‍ നാല് മണിക്കൂര്‍ വരെ ചിത്രീകരിക്കാന്‍ ദിവസം പതിനഞ്ച് ലക്ഷം വച്ച് മുതല്‍മുടക്കുന്ന സിനിമയുടെ നല്ലതിന് വേണ്ടി നിര്‍മ്മാതാവ് സംസാരിച്ചത് പ്രശ്‌നമാണോ എന്നും വിശാല്‍. സിനിമ പാതിവഴിയില്‍ ഉപേക്ഷിക്കാനുള്ള മിഷ്‌കിന്റെ തീരുമാനത്തെ സ്വന്തം കുഞ്ഞിനെ അനാഥാലയത്തില്‍ ഉപേക്ഷിക്കുന്നതിന് സമാനമെന്നാണ് വിശാല്‍ വിശേഷിപ്പിക്കുന്നത്. മറ്റൊരു നിര്‍മ്മാതാവിന് സമാനമായ അനുഭവം ഉണ്ടാകാതിരിക്കാനാണ് ഇക്കാര്യങ്ങള്‍ വെളിപ്പെടുത്തുന്നതെന്നും മിഷ്‌കിന്‍.

മിഷ്‌കിന്‍ വിശാല്‍ ഫിലിം ഫാക്ടറിക്ക് മുന്നില്‍ തുപ്പരിവാലന്‍ പൂര്‍ത്തിയാക്കാന്‍ വച്ച നിബന്ധനകളെന്ന പേരില്‍ ചില രേഖകള്‍ സാമൂഹിക മാധ്യമങ്ങളില്‍ കഴിഞ്ഞ ദിവസം വന്നിരുന്നു. തുപ്പരിവാലന്‍ ടു ഹിന്ദി റീമേക്ക് റൈറ്റ്‌സ് നല്‍കണമെന്നും, തുപ്പരിവാലന്‍ സീക്വലോ, പ്രീക്വലോ തുടര്‍ന്ന് ചെയ്യാനുള്ള അവകാശം തനിക്കായിരിക്കണമെന്നും ഈ നിബന്ധനകളിലുണ്ട്. തുടര്‍ഭാഗങ്ങളില്‍ കന്നിയന്‍ പൂങ്കുട്രന്‍ എന്ന നായക കഥാപാത്രത്തെ ആര് അവതരിപ്പിക്കുമെന്ന കാര്യത്തിലും അന്തിമ തീരുമാനം തനിക്കായിരിക്കണമെന്നും നിബന്ധനയില്‍ ഉണ്ട്.

പ്രഖ്യാപിച്ചതിലും നേരത്തെ പൂർത്തിയാക്കി,താക്കോല്‍ കൈമാറി ജെംസ് ബൈ ഡാന്യൂബ്

മെറിന്റെ മരണത്തിന്റെ ദുരൂഹതകളഴിക്കാൻ 'ആനന്ദ് ശ്രീബാല' എത്തുന്നു, ചിത്രം നാളെ മുതൽ തിയറ്ററുകളിൽ

'മന്ദാകിനിയ്ക്ക് ശേഷം റൊമാന്റിക് കോമഡി ത്രില്ലറുമായി സ്പൈർ പ്രൊഡക്ഷൻസ്'; 'മേനേ പ്യാർ കിയാ' യുടെ പൂജ ചടങ്ങുകൾ നടന്നു

ഷാ‍ർജ പുസ്തകോത്സവത്തില്‍ സന്ദർശകരെ ആകർഷിച്ച് 'ഗോളത്തിലെ സുന്ദരി'

കൈരളിയെക്കുറിച്ച് മമ്മൂട്ടിക്ക് ഒരു സ്ഥാപിത താൽപര്യവുമില്ല; മമ്മൂട്ടിയുമായുള്ള 25 വർഷം നീണ്ട ബന്ധത്തെക്കുറിച്ച് ജോൺ ബ്രിട്ടാസ്

SCROLL FOR NEXT