തന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിന് താഴെ പൃഥ്വിരാജിനെ ആക്ഷേപിച്ച് കമന്റുകള്‍ നിറയുന്നതില്‍ പ്രതികരണവുമായി സുരേഷ് ഗോപി. 'ഇത് ഒരു ഫാന്‍ ഫൈറ്റ് ആവരുതേയെന്ന് എല്ലാവരോടും അഭ്യര്‍ത്ഥിക്കുന്നു. മലയാളികളുടെ പ്രിയ നടന്‍ തന്നെയാണ് പൃഥ്വി' എന്നായിരുന്നു സുരേഷ് ഗോപിയുടെ കമന്റ്. കരിയറിലെ 250ാം ചിത്രത്തിന്റെ ടൈറ്റില്‍ പ്രഖ്യാപനം ഇന്ന് വൈകീട്ടുണ്ടാകുമെന്ന് സുരേഷ് ഗോപി ഫെയ്‌സ്ബുക്കിലൂടെ അറിയിച്ചിരുന്നു. മോഹന്‍ലാലും മമ്മൂട്ടിയും ഉള്‍പ്പെടെ നൂറിലേറെ അഭിനേതാക്കളുടെ ഫെയ്‌സ്ബുക്ക് പേജുകളിലൂടെയാണ് ചിത്രത്തിന്റെ ടൈറ്റില്‍ വൈകീട്ട് ആറിന് പുറത്തുവിടുന്നത്. എന്നാല്‍ പകര്‍പ്പവകാശത്തര്‍ക്കത്തില്‍ വാര്‍ത്തകളില്‍ നിറഞ്ഞ ചിത്രത്തിന്റെ പ്രഖ്യാപനമാണ് ഇന്നുണ്ടാകുന്നത്.
പൃഥ്വിരാജിനെ നായകനാക്കി ഷാജി കൈലാസ് ഒരുക്കുന്ന കടുവ എന്ന ചിത്രത്തിന്റെ തിരക്കഥാകൃത്ത് ജിനു എബ്രഹാം ഇതേ പ്രമേയത്തില്‍ സുരേഷ് ഗോപി നായകനാകുന്ന ചിത്രത്തിനെതിരെ കോടതിയില്‍ പോയിരുന്നു. ഇതേ തുടര്‍ന്ന് കടുവാക്കുന്നേല്‍ കുറുവച്ചന്‍ എന്ന പേരോ പ്രമേയമോ സുരേഷ് ഗോപി ചിത്രത്തിനായി ഉപയോഗിക്കരുതെന്ന് ജില്ലാ കോടതിയും ഹൈക്കോടതിയും ഉത്തരവിട്ടു. എന്നാല്‍ നേരത്തേ തീരുമാനിച്ച പ്രകാരമുള്ള താരങ്ങളും സാങ്കേതിക പ്രവര്‍ത്തകരും തിരക്കഥയും അനുസരിച്ചാണ് തങ്ങള്‍ മുന്നോട്ടുപോകുന്നതെന്ന് സുരേഷ് ഗോപി ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ വ്യക്തമാക്കി. ഇതിന് താഴെ അദ്ദേഹത്തിന് പിന്‍തുണയര്‍പ്പിച്ച് ആരാധകര്‍ കമന്റുകളുമായെത്തി. എന്നാല്‍ അതില്‍ ചിലര്‍ പൃഥ്വിരാജിനെ ആക്ഷേപിച്ചും കമന്റുകളിട്ടു. ഇതോടെയാണ് വിഷയത്തില്‍ പ്രതികരിച്ച് സുരേഷ് ഗോപി രംഗത്തെത്തിയത്.
ക്യു’ ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം
ഇതൊരു ഫാന്‍ ഫൈറ്റ് ആവരുതേയെന്ന് എല്ലാവരോടും അഭ്യര്‍ത്ഥിക്കുന്നു. മലയാളികളുടെ പ്രിയ നടന്‍ തന്നെയാണ് പൃഥ്വി. ഇപ്പോള്‍ നമ്മള്‍ ചെയ്യേണ്ടത് സിനിമ എന്ന മാധ്യമം കൊണ്ട് ഉപജീവനം നടത്തുന്ന ഞാന്‍ ഉള്‍പ്പെടെയുള്ള ആളുകളുടെ നിലനില്‍പ്പിന് കോട്ടം വരുത്താത്ത രീതിയില്‍ മുന്നോട്ടുപോവുക എന്നതാണ്. രണ്ട് സിനിമയും നടക്കട്ടെ, രണ്ടിനും വേറിട്ട തിരക്കഥയാണുള്ളത്. രണ്ടും മികച്ച സിനിമാ സൃഷ്ടിയാകും എന്ന ശുഭാപ്തിപ്രതീക്ഷയോടെ, എന്റെ സിനിമയും പൃഥ്വിയുടെ സിനിമയും സ്വീകരിക്കും എന്ന് വിശ്വസിച്ചുകൊണ്ട് ഒരു മത്സരബുദ്ധിയോടെ ഒരു ഫാന്‍ വാര്‍ ആകരുതെന്ന് അപേക്ഷിക്കുന്നു - സുരേഷ് ഗോപി കുറിച്ചു. പകര്‍പ്പവകാശം ലംഘിച്ച ഈ സിനിമ ചെയ്യേണ്ടിയിരുന്നില്ലെന്ന് പറഞ്ഞ ആരാധകനോട് , ഈ സിനിമ ഒരു തിരക്കഥയുടെയും പകര്‍പ്പല്ലെന്നും ഒറിജിനല്‍ വര്‍ക്ക് ആണെന്നും മറ്റൊരു തിരക്കഥയുമായും യാതൊരു സാമ്യവുമില്ലെന്നും സുരേഷ് ഗോപി മറുപടി നല്‍കുന്നുണ്ട്. സുരേഷ് ഗോപിയുടെ കഴിഞ്ഞ പിറന്നാള്‍ ദിനത്തില്‍ 'എസ്ജി 250' ന്റെ മോഷന്‍ പിക്ചര്‍ പുറത്തുവിട്ടതോടെയാണ് വിവാദങ്ങള്‍ക്ക് തുടക്കമായത്.