മോഹന്‍ലാലിന്റെ കരിയറിലെ നിര്‍ണായക സിനിമകളിലൊന്നായ സ്ഫടികം റീമാസ്റ്ററിംഗ് നടത്തി 4k വേര്‍ഷന്‍ 2020 മാര്‍ച്ചില്‍ കേരളത്തിലെങ്ങും റീ റിലീസ് ചെയ്യാന്‍ സംവിധായകന്‍ ഭദ്രന്റെ നേതൃത്വത്തില്‍ ആലോചന ഉണ്ടായിരുന്നു. കൊവിഡ് മൂലം റി റിലീസ് നടന്നില്ല. ഉടന്‍ തന്നെ സ്ഫടികം ഫോര്‍ കെ ഡോള്‍ബി അറ്റ്‌മോസ് പതിപ്പ് പുറത്തുവരുമെന്ന പ്രഖ്യാപനം അടുത്തിടെ ഭദ്രന്‍ നടത്തുകയും ചെയ്തിരുന്നു.
ഇതിന് പിന്നാലെയാണ് സ്ഫടികം സിനിമയിലെ ഏഴിമല പൂഞ്ചോലയുടെ എച്ച് ഡി റീ മാസ്റ്ററിംഗ് പതിപ്പ് യൂ ട്യൂബിലെത്തിയത്. പാട്ടിന്റെ യൂട്യൂബ് അവകാശമുള്ള ശ്രീ മുവീസാണ് റീ മാസ്റ്ററിംഗ് പതിപ്പുകള്‍ പതിവായി പുറത്തിറക്കുന്ന മാറ്റിനി നൗ എന്ന യൂ ട്യൂബ് ചാനല്‍ പുറത്തുവിട്ടത്. ഇതിന് പിന്നാലെ എതിര്‍പ്പറിയിച്ച് സംവിധായകന്‍ ഭദ്രന്‍ രംഗത്ത് വന്നു. നിര്‍മ്മാതാവ് ഷോഗണ്‍ മോഹനില്‍ നിന്ന് ഒറിജിനല്‍ നെഗറ്റീവ് വാങ്ങിയാണ് ഫോര്‍ കെ പതിപ്പ് റീമാസ്റ്റര്‍ ചെയ്ത് പുറത്തുവരുന്നതെന്ന് ഭദ്രന്‍.
ഭദ്രന്റെ പ്രതികരണം
സ്‌ഫടികം സിനിമയിലെ "ഏഴിമല പൂഞ്ചോല "എന്ന പാട്ട് remaster ചെയ്ത് ഇറക്കിയതായി അവകാശപ്പെടുന്ന ഒരു വീഡിയോ കാണുക ഉണ്ടായി. അതിന്റെ കീഴെ ചേർത്തിരിക്കുന്ന ആരാധകരുടെ exciting ആയുള്ള കമന്റുകളും കണ്ടു. സന്തോഷം!!
അത് ഏത് തരത്തിലുള്ള remastering ആണ് അവർ ചെയ്തിരിക്കുന്നത് എന്ന് ഞങ്ങൾക്കറിയില്ല.. ആര് ചെയ്തിരിക്കുന്നു എന്നും അറിയില്ല...അതേ രൂപത്തിൽ സിനിമ കണ്ടാൽ കൊള്ളാം എന്നുള്ള കമെന്റുകൾ എന്നെ തെല്ല് അലോസരപ്പെടുത്താതിരുന്നില്ല. ഞാൻ കൂടി ഉൾപ്പെട്ട Geometrics Film House എന്ന കമ്പനി,10 മടങ്ങ് ക്വാളിറ്റിയിലും ടെക്നിക്കൽ എക്സലെൻസിയിലും അതിന്റെ ഒറിജിനൽ നെഗറ്റീവിൽ നിന്നുള്ള perfect remastering പ്രൊഡ്യൂസർ R. മോഹനിൽ നിന്ന് വാങ്ങി തിയേറ്ററിൽ എത്തിക്കാനുള്ള അവസാന പണിപ്പുരയിൽ ആണ്.
Chennai, 4frames sound കമ്പനിയിൽ അതിന്റെ 4k atmos മിക്സിങ്ങും interesting ആയുള്ള ആഡ് ഓണുകളും ചേർത്ത് കൊണ്ട് തിയേറ്റർ റിലീസിലേക്ക് ഒരുക്കി കൊണ്ടിരിക്കുകയാണ്..
മാറ്റിനി നൗ സ്ഫടികം സോംഗ് റീമാസ്റ്ററിംഗിനെക്കുറിച്ച്
മാറ്റിനി നൗ ന്റെ ഈ Remastered വേര്‍ഷനും ഭദ്രന്‍ സാറിന്റെ റിലീസിന് തയ്യാറെടുക്കുന്ന Remastered വേര്‍ഷനും തമ്മില്‍ യാതൊരു ബന്ധവും ഇല്ല എന്ന് അറിയിക്കുന്നു . His version could be more superior in terms of Picture and audio quality. കൊല്ലം ആസ്ഥാനമായ ശ്രീ മൂവീസ് കമ്പനിയുടെ ഉടമസ്ഥനായ സോമന്‍പിള്ളയും, അജിത് തുടങ്ങിയവരാണ് മാറ്റിനി നൗ ഉടമസ്ഥര്‍, റീ മാസ്റ്ററിങ് പ്രവര്‍ത്തനങ്ങള്‍ക്കു മേല്‍നോട്ടം വഹിക്കുന്നത് ശങ്കറാണ്. ഒറിജിനല്‍ നെഗറ്റിവുകള്‍ സ്‌കാന്‍ ചെയ്തത് ഫ്രെയിമുകള്‍ റീ സ്റ്റോറേഷന്‍ ചെയ്താണ് കാഴ്ചക്കാരിലേക്കെത്തിക്കുന്നത്. കിലുക്കം, ദേവാസുരം തുടങ്ങിയ സിനിമകളുടെ നെഗറ്റിവ് നഷ്ടമായത് ഒരു തിരിച്ചടിയായെന്നും, കൂടുതല്‍ സിനിമകള്‍ റീമാസ്റ്റര്‍ ചെയ്തു കാഴ്ചക്കാരിലേക്കെത്തിക്കാനാണ് ശ്രമമെന്നും മാറ്റിനി നൗ ടീമിനെ നയിക്കുന്ന ഉനൈസ് അടിവാട്.