ബോളിവുഡിന് പിന്നാലെ സിനിമകളുടെ ഡിജിറ്റല്‍ റിലീസിനെ എതിര്‍ത്ത് കേരളത്തിലെ തിയറ്ററുടമകളും രംഗത്ത്. ചലച്ചിത്ര സംഘടനകളുമായി ചര്‍ച്ച പോലുമില്ലാതെയാണ് വിജയ് ബാബു സിനിമ ഡിജിറ്റല്‍ റിലീസ് ചെയ്യാന്‍ തീരുമാനിച്ചത് സിനിമാ വ്യവസായത്തോട് കാണിച്ച ചതിയും അനീതിയുമാണെന്ന് ഫിലിം എക്‌സിബിറ്റേഴ്‌സ് ഫെഡറേഷന്‍ പ്രസിഡന്റും തിയറ്ററുടമയുമായ ലിബര്‍ട്ടി ബഷീര്‍ ദ ക്യുവിനോട് പ്രതികരിച്ചു. കൊവിഡ് ഒരിക്കലും അവസാനിക്കാതിരിക്കില്ലല്ലോ, തിയറ്ററുകള്‍ എന്ന് തുറക്കുന്നോ, അന്ന് മുതല്‍ ജയസൂര്യയുടെയോ, വിജയ് ബാബുവിന്റെയോ ഒറ്റ ചിത്രം പോലും തിയറ്ററില്‍ കളിക്കില്ലെന്നും ലിബര്‍ട്ടി ബഷീര്‍. ഇക്കാര്യത്തില്‍ തിയറ്ററുടമകളുടെ സംഘടനയായ ഫിയോകിന്റെയും മറ്റ് സിനിമാ സംഘടനകളുടെയും പിന്തുണ ഉണ്ടെന്നും ലിബര്‍ട്ടി ബഷീര്‍ അവകാശപ്പെട്ടു.
ലിബര്‍ട്ടി ബഷീറിന്റെ പ്രതികരണം
ചലച്ചിത്ര സംഘടനാ പ്രതിനിധികളോടും, ആന്റണി പെരുമ്പാവൂര്‍ ഉള്‍പ്പെടെ നിര്‍മ്മാതാക്കളോടും രാവിലെ സംസാരിച്ചിരുന്നു. ആന്റണി പെരുമ്പാവൂര്‍ ഇക്കാര്യത്തില്‍ ഞങ്ങളുടെ നിലപാടിനൊപ്പമാണ്, ലിബര്‍ട്ടി ബഷീര്‍ പറയുന്നു. കൊവിഡ് ലോക്ക് ഡൗണിനെ തുടര്‍ന്ന് കേരളത്തിലെ തിയറ്റുകള്‍ അടച്ചുപൂട്ടിയിട്ട് 67 ദിവസം കഴിഞ്ഞു. ഏതാണ്ട് ഇത്രനാള്‍ തന്നെ സിനിമയും സ്തംഭനത്തിലാണ്. ലോക്ക് ഡൗണില്‍ തിയറ്ററുകളില്‍ നിന്ന് എടുത്തുമാറ്റിയ സിനിമകളുണ്ട്, കപ്പേളയും ഫോറന്‍സികും കോഴിപ്പോരും ഉള്‍പ്പെടെ. ആ സിനിമകള്‍ ഓണ്‍ലൈന്‍ റിലീസ് ചെയ്താല്‍ പ്രശ്‌നമില്ല. ചലച്ചിത്ര വ്യവസായം മൊത്തമായി ഒരു പ്രതിസന്ധിയിലാകുമ്പോള്‍ ഒന്നോ രണ്ടോ പേര്‍ അവരുടെ സിനിമയ്ക്ക് സമാന്തര വിപണി ഉണ്ടാക്കി സിനിമ ഡിജിറ്റല്‍ റിലീസ് ചെയ്യുന്നത് മലയാള സിനിമയോട് നടത്തുന്ന കൊടും ചതിയാണ്. സൂഫിയും സുജാതയും എന്ന സിനിമയുടെ നിര്‍മ്മാതാവ് വിജയ് ബാബു തിയറ്ററുകളില്‍ സിനിമ പ്രദര്‍ശിപ്പിച്ച് വിജയം നേടിയ നിര്‍മ്മാതാവാണ്. ഇത്തരമൊരു നിര്‍ണായക ഘട്ടത്തില്‍ ബദല്‍ മാര്‍ഗ്ഗം തേടിപ്പോകുന്നത് നീതി കേടാണ്.
ജയസൂര്യ അല്ല മലയാളത്തിലെ എത്ര വലിയ താരമായാലും തിയറ്ററുകളെ ഒഴിവാക്കി റിലീസുമായി മുന്നോട്ട് പോയാല്‍ അവരുടെ സിനിമകള്‍ തിയറ്ററില്‍ കളിക്കില്ലെന്നാണ് തിയറ്ററുടമകളുടെ തീരുമാനം. ഇക്കാര്യത്തില്‍ കേരളത്തിലെ തിയറ്ററുകള്‍ ഒറ്റക്കെട്ടാണ്
സൂഫിയും സുജാതയും ഉള്‍പ്പെടെ വിവിധ ഭാഷാ സിനിമകള്‍
ലോക്ക് ഡൗണ്‍ അനിശ്ചിതമായി നീളുന്ന സാഹചര്യത്തിലാണ് തിയറ്റര്‍ റിലീസ് തീരുമാനിച്ചിരുന്ന സിനിമകള്‍ ഡിജിറ്റല്‍ റിലീസിലേക്ക് കടന്നത്. ബോളിവുഡിലും തമിഴിലും ഉള്‍പ്പെടെ ഏഴ് സിനിമകളാണ് ആമസോണ്‍ മെയ്, ജൂണ്‍, ജുലൈ മാസങ്ങളിലായി റിലീസ് പ്രഖ്യാപിച്ചിരിക്കുന്നത്.