ചലച്ചിത്ര നിര്‍മ്മാതാക്കളുടെ സംഘടന ഷെയിന്‍ നിഗത്തിന് വിലക്കേര്‍പ്പെടുത്തിയ വിഷയത്തില്‍ പ്രശ്‌ന പരിഹാരത്തിന് വഴിയൊരുങ്ങുന്നു. തീര്‍ത്ഥാടനത്തിന് ശേഷം കൊച്ചിയില്‍ വെള്ളിയാഴ്ച തിരിച്ചെത്തിയ ഷെയിന്‍ നിഗം താരസംഘടനയുമായി ചര്‍ച്ചയുടെ സമയം ചോദിച്ചിട്ടുണ്ട്. ശനിയാഴ്ച ചര്‍ച്ച നടക്കുമെന്നറിയുന്നു.
വെയില്‍ എന്ന സിനിമയുടെ ചിത്രീകരണത്തില്‍ നിന്ന് വിട്ടുനിന്നതും, ഉല്ലാസം എന്ന സിനിമയുടെ നിര്‍മ്മാതാക്കളുമായുള്ള പ്രശ്‌നവും ഖുര്‍ബാനി ചിത്രീകരണം മുടങ്ങിയതും എന്തുകൊണ്ടാണെന്ന് വിശദീകരിച്ച് ഷെയിന്‍ നിഗം താരസംഘടനയ്ക്ക് കത്ത് നല്‍കിയിരുന്നു. ഒത്തുതീര്‍പ്പിലെത്താമെന്ന് നിര്‍മ്മാതാക്കളുടെ സംഘടനയുടെ പ്രതിനിധികള്‍ അനൗദ്യോഗികമായി ഉറപ്പുനല്‍കിയിരുന്നുവെന്നും പീന്നിട് വിലക്ക് ഏര്‍പ്പെടുത്തിയതായി വാര്‍ത്താ സമ്മേളനത്തില്‍ പ്രഖ്യാപിക്കുകയായിരുന്നുവെന്നും ഷെയിന്‍ വിശദീകരിച്ചിരുന്നു. രണ്ട് സിനിമകള്‍ മുടങ്ങുന്ന സാഹചര്യം ഒഴിവാക്കാന്‍ സിനിമാ സംഘടനകള്‍ ഇടപെട്ടതിന് പിന്നാലെ അമ്മ മുന്നോട്ട് വയക്കുന്ന ഒത്തുതീര്‍പ്പ് നിര്‍ദ്ദേശം അംഗീകരിക്കുമെന്ന നിലപാടിലേക്ക് ഷെയിന്‍ എത്തുമെന്നാണ് സൂചന. ഷെയിന്‍ നിഗത്തെ സിനിമയില്‍ നിന്ന് വിലക്കിയത് അംഗീകരിക്കാനാകില്ലെന്ന് അമ്മ പ്രസിഡന്റ് മോഹന്‍ലാലും സംഘടനയും നിലപാട് എടുത്തിരുന്നു.
നിര്‍മ്മാതാക്കളുടെ സംഘടനയുടെ വിലക്കിനെതിരെയും സിനിമകള്‍ മുടങ്ങാനിടയായ സാഹചര്യത്തെക്കുറിച്ചും ദ ക്യുവിനോടാണ് ഷെയിന്‍ നിഗം സംസാരിച്ചിരുന്നത്. വെയില്‍ സിനിമയുടെ രണ്ടാം ഘട്ട ചിത്രീകരണത്തില്‍ കടുത്ത മാനസിക സമ്മര്‍ദ്ദം നേരിട്ടെന്ന് ഷെയിന്‍ നിഗം ദ ക്യു അഭിമുഖത്തില്‍ പറഞ്ഞിരുന്നു. ജോബി ജോര്‍ജ്ജിന്റെ വധഭീഷണിയില്‍ വീട്ടില്‍ കേസന്വേഷണത്തിന് ക്രൈംബ്രാഞ്ച് വീട്ടില്‍ വന്നിരുന്നു. അസോസിയേഷന്‍ ഇടപെട്ടതിനാല്‍ കേസ് വേണ്ടെന്നാണ് പറഞ്ഞത്. എന്നോട് മാധ്യമങ്ങളോട് സംസാരിക്കരുത് എന്ന് നിര്‍ദേശം നല്‍കിയ ഓരോ ദിവസമായി പല ഓഡിയോ ക്ലിപ്പുകള്‍ പുറത്തുവിടുകയായിരുന്നു. അസോസിയേഷന്‍ അല്ല മീഡിയയാണ് ഇത് പുറത്തുവിട്ടതെന്നാണ് ഇവര്‍ പറഞ്ഞത്. വെയില്‍ പൂര്‍ത്തിയാക്കാന്‍ ചര്‍ച്ച ചെയ്ത് തീരുമാനത്തിലെത്തിയിരുന്നുവെന്ന് ഷെയിന്‍ നിഗം ദ ക്യുവിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. രാത്രി വരെ നിര്‍മ്മാതാക്കളുടെ സംഘടനയിലെ ആന്റോ ജോസഫ്, സുബൈര്‍, സിയാദ് കോക്കര്‍ എന്നിവര്‍ പറഞ്ഞത് പ്രശ്നം തീര്‍ക്കാം, വിലക്ക് ഉണ്ടാകില്ലെന്നാണ്. മാധ്യമങ്ങളോട് സംസാരിക്കില്ലെന്ന് ഒപ്പിട്ട് നല്‍കിയിരുന്നതിനാലാണ് ഇതുവരെ സംസാരിക്കാതിരുന്നതെന്നും ഷെയിന്‍ നിഗം ദ ക്യുവിനോട് പറഞ്ഞു. അതുകൊണ്ട് പ്രതികരിക്കാതിരുന്നത്.