ഷെയിന്‍ നിഗത്തെ വിലക്കിയ നടപടിയില്‍ ഒത്തുതീര്‍പ്പ് ചര്‍ച്ചകളിലേക്ക് കടക്കേണ്ടെന്ന നിലപാടിലേക്ക് നിര്‍മ്മാതാക്കളുടെ സംഘടനയായ കേരളാ ഫിലിം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍. വെയില്‍, ഉല്ലാസം, ഖുര്‍ബാനി എന്നീ സിനിമകള്‍ നിര്‍ത്തിവച്ചിരിക്കുന്ന സാഹചര്യത്തില്‍ വിലക്ക് അവസാനിപ്പിച്ച് പ്രശ്‌ന പരിഹാരം വേണ്ടെന്ന നിലപാടിലാണ് നിര്‍മ്മാതാക്കള്‍. നിര്‍മ്മാതാക്കള്‍ക്ക് മനോരോഗമാണോ എന്ന വിവാദ പ്രസ്താവനയുടെ പശ്ചാത്തലത്തില്‍ സാമൂഹിക മാധ്യമങ്ങളിലൂടെയുള്ള ക്ഷമാപണത്തിന് പകരം പരസ്യമായി ക്ഷമ പറയണമെന്ന നിലപാടും സംഘടനയ്ക്കുണ്ട്. ഇക്കാര്യത്തില്‍ ഒരു വിട്ടുവീഴ്ചയ്ക്കും ഇല്ലെന്ന് പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് എം രഞ്ജിത്തും ഭാരവാഹിയായ ജി. സുരേഷ് കുമാറും വ്യക്തമാക്കിയിട്ടുണ്ട്. വ്യാഴാഴ്ചയാണ് നിര്‍മ്മാതാക്കളുടെ യോഗം കൊച്ചിയില്‍ ചേരുന്നത്.
മൂന്ന് സിനിമകള്‍ ഉപേക്ഷിച്ച് ഷെയിന്‍ നിഗത്തില്‍ നിന്ന് ഏഴ് കോടി രൂപാ നഷ്ടപരിഹാരം ഈടാക്കാനായിരുന്നു നിര്‍മ്മാതാക്കള്‍ നേരത്തെ എടുത്ത തീരുമാനം. എന്നാല്‍ ഈ സിനിമകളുടെ സംവിധായകരും ഫെഫ്കയും അമ്മയും ഉള്‍പ്പെടെ സിനിമ ഉപേക്ഷിക്കുന്ന തീരുമാനത്തോട് യോജിക്കുന്നില്ല. മൂന്ന് സിനിമകളും പൂര്‍ത്തിയാക്കുമെന്ന് താരസംഘടനയായ അമ്മ ഉറപ്പുനല്‍കണമെന്ന നിലപാടിലേക്കാണ് നിര്‍മ്മാതാക്കളുടെ സംഘടന നീങ്ങുന്നത്. ഷെയിന്‍ നിഗവുമായി ഇക്കാര്യത്തില്‍ തുടര്‍ചര്‍ച്ച വേണ്ടെന്നും സംഘടനകള്‍ തമ്മില്‍ ചര്‍ച്ച നടത്തിയാല്‍ മതിയെന്നുമാണ് പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ നിലപാട്.
ഷെയിന്‍ നിഗത്തില്‍ നിന്ന് നഷ്ടപരിഹാരം ഈടാക്കുന്നതിന് നിയമനടപടി സ്വീകരികുന്നത് ഉള്‍പ്പെടെ ചര്‍ച്ച ചെയ്യുമെങ്കിലും ഉല്ലാസം ഡബ്ബിംഗ് പൂര്‍ത്തിയാക്കുക, വെയില്‍, ഖുര്‍ബാനി എന്നീ സിനിമകളുടെ ച്ിത്രീകരണത്തോട് സഹകരിക്കുക എന്നീ ഉറപ്പിന്‍മേല്‍ വിലക്ക് നീക്കാമെന്ന നിലപാടും നിര്‍മ്മാതാക്കളുടെ സംഘടനയില്‍ ഒരു വിഭാഗത്തിന് ഉണ്ട്. പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ ഇക്കാര്യത്തില്‍ വിതരണക്കാരുടെ സംഘടനയുമായും കേരളാ ഫിലിം ചേംബറുമായും ദക്ഷിണേന്ത്യന്‍ ഫിലിം ചേംബറുമായും ചര്‍ച്ചകള്‍ നടത്തിയിട്ടുണ്ട്.
പ്രശ്‌നപരിഹാരത്തിനുള്ള ശ്രമങ്ങള്‍ അട്ടിമറിച്ചത് ഷെയിന്‍ നിഗം തന്നെയാണെന്നും പ്രശ്‌ന പരിഹാരത്തിന് ഷെയിന്‍ നിഗം എടുക്കുന്ന തീരുമാനങ്ങള്‍ക്ക് അമ്മയില്‍ നിന്ന് ഉറപ്പ് വേണമെന്നും നിര്‍മ്മാതാക്കള്‍ പറയുന്നു. മനോവിഷമമാണോ മനോരോഗമാണോ എന്ന് പറഞ്ഞത് നിര്‍മ്മാതാക്കളെ അല്ലെന്നും വെയില്‍ എന്ന സിനിമയുടെ നിര്‍മ്മാതാവ് ജോബി ജോര്‍ജ്ജിനെ ആണെന്നും ഷെയിന്‍ നിഗം പിന്നീട് വ്യക്തമാക്കിയിരുന്നു. നിര്‍മ്മാതാക്കളുടെ സംഘടന പ്രശ്‌ന പരിഹാരത്തിന് അനൗദ്യോഗിക ചര്‍ച്ച നടത്തിയതാണെന്നും വിലക്ക് അപ്രതീക്ഷിതമായിരുന്നുവെന്നും ദ ക്യുവിന് നല്‍കിയ അഭിമുഖത്തില്‍ ഷെയിന്‍ പറഞ്ഞിരുന്നു. വിവാദങ്ങള്‍ക്കിടെ ഷെയിന്‍ നിഗം നായകനായ വലിയ പെരുന്നാള്‍ വെള്ളിയാഴ്ച തിയറ്ററുകളിലെത്തുകയാണ്.