ഷെയിന്‍ നിഗത്തെ വിലക്കിയ നിര്‍മ്മാതാക്കളുടെ നിലപാടില്‍ വിയോജിപ്പറിയിച്ചതിന് പിന്നാലെ പ്രശ്‌നപരിഹാരത്തിന് ഇടപെടാന്‍ അമ്മ പ്രസിഡന്റ് മോഹന്‍ലാല്‍. ചര്‍ച്ചയിലൂടെ പരിഹാരം കണ്ടെത്തിയതിന് പകരം അമ്മയിലെ അംഗമായ ഒരു നടനെ വിലക്കിയത് അതിവൈകാരികമാണെന്നും അംഗീകരിക്കാനാകില്ലെന്നുമാണ് താരസംഘടനയുടെ നിലപാട്. ഷെയിന്‍ നിഗം വിലക്കിയതിനെതിരെയും, രണ്ട് സിനിമകളുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളിലും കത്ത് നല്‍കിയ സാഹചര്യത്തില്‍ അടിയന്തരമായി പ്രശ്‌നപരിഹാരത്തിന് നീക്കം നടത്തുകയാണ് അമ്മ. സിദ്ദീഖ് സംവിധാനം ചെയ്യുന്ന ബിഗ് ബ്രദര്‍ ചിത്രീകരണത്തിനായി പൊള്ളാച്ചിയിലാണ് മോഹന്‍ലാല്‍. ഷെയിന്‍ നിഗത്തിന്റെ ഉമ്മ സുനിലാ ഹബീബ് മോഹന്‍ലാലിനെ കാര്യങ്ങള്‍ ധരിപ്പിച്ചെന്നാണ് റിപ്പോര്‍ട്ടുകള്‍.
സിനിമകള്‍ ഉപേക്ഷിക്കുന്നതിന് പകരം വെയില്‍, ഖുര്‍ബാനി എന്നീ സിനിമകള്‍ പൂര്‍ത്തിയാക്കുന്ന രീതിയില്‍ ഇടപെടാനാണ് അമ്മ ഉദ്ദേശിക്കുന്നത്. നിര്‍മ്മാതാക്കള്‍ അമ്മയും ഫെഫ്കയുമായി ചര്‍ച്ച ചെയ്ത് പ്രശ്‌നപരിഹാരത്തിന് ശ്രമിക്കേണ്ടതിന് പകരം ധൃതിയില്‍ വിലക്ക് ഏര്‍പ്പെടുത്തിയത് താരസംഘടനയില്‍ പ്രതിഷേധത്തിന് വഴിവച്ചിട്ടുണ്ട്. താരങ്ങളുടെ കാരവാനുകള്‍ പരിശോധിക്കണമെന്നും ലൊക്കേഷനില്‍ ലഹരി പരിശോധന വേണമെന്നുമുള്ള നിര്‍മ്മാതാക്കളുടെ തീരുമാനവും സംഘടന ചര്‍ച്ച ചെയ്യുന്നുണ്ട്. ചിത്രീകരണത്തിന് താരങ്ങളുടെ പെരുമാറ്റച്ചട്ടം നിര്‍ബന്ധമാക്കുന്നതിനാണ് താരസംഘടന ആലോചിക്കുന്നത്.
ഷെയിന്‍ നിഗത്തിന്റെ ഉമ്മ ഇന്നലെ അമ്മ ജനറല്‍ സെക്രട്ടറി ഇടവേള ബാബുവിന് ഷെയിന്‍ നിഗത്തിന്റെ പരാതി കൈമാറിയിരുന്നു. മുടി വെട്ടിയതിനോടും ചിത്രീകരണത്തില്‍ നിന്ന് വിട്ടുനിന്നതിനോടും യോജിപ്പില്ലെന്നും പക്ഷേ വിലക്ക് അംഗീകരിക്കാനാകില്ലെന്നുമാണ് ഇടവേള ബാബു പറഞ്ഞത്.
ഷെയിന്‍ ദ ക്യു അഭിമുഖത്തില്‍ പറഞ്ഞത്
അമ്മ ഒപ്പം നില്‍ക്കുമെന്ന് തന്നെയാണ് പ്രതീക്ഷ. ലാലേട്ടനടക്കം കാര്യങ്ങള്‍ എല്ലാം അറിയാമല്ലോ. അവരൊക്കെ ഇങ്ങനെയുള്ള ഘട്ടങ്ങളിലൂടെ കടന്നുവന്നവരാണല്ലോ. ഇടവേള ബാബുച്ചേട്ടന്‍ കഴിഞ്ഞ പ്രശ്‌നത്തില്‍ ഉള്‍പ്പെടെ കൂടെ നിന്നിട്ടുണ്ട്. രണ്ട് സിനിമകളും ചെയ്യില്ലെന്ന് ആരോടും പറഞ്ഞിട്ടില്ല. സിനിമ നിര്‍ത്തിയതും ഉപേക്ഷിച്ചതും നിര്‍മ്മാതാക്കളാണ് ഞാനല്ല.