ചോലയുടെ പ്രദര്‍ശനത്തിനായി സംവിധായകന്‍ സനല്‍കുമാര്‍ ശശിധരനൊപ്പം ജോജു ജോര്‍ജ്ജും നിമിഷയും അഖില്‍ വിശ്വനാഥും വെനീസ് ഇന്റര്‍നാഷനല്‍ ഫിലിം ഫെസ്റ്റിവലില്‍. നിമിഷാ സജയനും ജോജു ജോര്‍ജ്ജും അഖില്‍ വിശ്വനാഥും കേന്ദ്രകഥാപാത്രങ്ങളായ സിനിമ പ്രധാന മത്സരവിഭാഗത്തിന് സമാന്തരമായി നടക്കുന്ന ഒറിസോണ്ടി(ഹൊറൈസണ്‍) കാറ്റഗറിയിലാണ് മത്സരിക്കുന്നത്. ഈ വിഭാഗത്തില്‍ ഉള്‍പ്പെട്ട ഏക ഇന്ത്യന്‍ സിനിമ കൂടിയാണ് ചോല. വിവിധ രാജ്യങ്ങളില്‍ നിന്നായി 19 ചിത്രങ്ങളാണ് ഹൊറൈസണ്‍ വിഭാഗത്തില്‍ നാല് പ്രധാന പുരസ്‌കാരങ്ങള്‍ക്കായി മത്സരിക്കുന്നത്. മികച്ച ചിത്രത്തിനുള്‍പ്പെടെയാണ് മത്സരം.
ഇറ്റലിയിലെ വെനിസില്‍ ഓഗസ്റ്റ് 28 മുതല്‍ സെപ്തംബര്‍ ഏഴ് വരെയാണ് വെനീസ് ഫിലിം ഫെസ്റ്റിവല്‍. ഓഗസ്റ്റ് 1,2,3 തിയതികളിലാണ് മത്സര വിഭാഗത്തില്‍ ചോല സ്‌ക്രീന്‍ ചെയ്യുന്നത്. ആറ് പ്രദര്‍ശനങ്ങളാണ് ഉള്ളത്. നടന്‍ ജോജു ജോര്‍ജ്ജിന്റെ അപ്പു പാത്തു പാപ്പു പ്രൊഡക്ഷന്‍ ഹൗസും നിവ് ആര്‍ട് മുവീസും ചേര്‍ന്നാണ് ചോല നിര്‍മ്മിച്ചിരിക്കുന്നത്.
ലിജോ പെല്ലിശേരി ചിത്രത്തിന്റെ ലൊക്കേഷനില്‍ നിന്നാണ് ജോജു ജോര്‍ജ്ജ് വെനീസില്‍ എത്തിയത്. വെനീസി്ല്‍ നിന്നുള്ള ചിത്രങ്ങള്‍ സനലും ജോജുവും നിമിഷയും സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവച്ചിട്ടുണ്ട്
ചോല എന്ന സിനിമയിലെ അഭിയം കൂടി പരിഗണിച്ചാണ് നിമിഷാ സജയന് മികച്ച നടിക്കുള്ള സംസ്ഥാന പുരസ്‌കാരം ലഭിച്ചത്. ചോലയിലെയും ഒരു കുപ്രസിദ്ധ പയ്യനിലെയും പ്രകടനമാണ് പരിഗണിച്ചിരുന്നത്. ഇത്തവണ വെനീസ് മേളയുടെ ക്രിട്ടിക്സ് വീക്ക് സൈഡ് ബാര്‍ സെക്ഷനില്‍ ഉദ്ഘാടന ചിത്രമായി തെരഞ്ഞെടുക്കപ്പെട്ടത് ഗീതാഞ്ജലി റാവു സംവിധാനം ചെയ്ത ബോംബെ റോസ് എന്ന ആനിമേറ്റഡ് ഫീച്ചര്‍ ആണ്. 2014ല്‍ ചൈതന്യാ തമാന്നേ സംവിധാനം ചെയ്ത കോര്‍ട്ട് ഒറിസോണ്ടി കാഗറ്ററിയില്‍ മികച്ച ചിത്രമായി തെരഞ്ഞെടുക്കപ്പെട്ടിരുന്നു. വ്യക്തികളുടെ മാനസിക തലങ്ങളിലൂടെ സഞ്ചരിക്കുന്ന സിനിമയാണ് ചോലയെന്ന് സനല്‍കുമാര്‍ ശശിധരന്‍ ദ ക്യുവിനോട് പ്രതികരിച്ചു.
സെക്സി ദുര്‍ഗ കൈകാര്യം ചെയ്ത പ്രമേയം മറ്റൊരു രീതിയില്‍ കടന്നുവരുന്ന സിനിമയാണ്. ഒരു പെണ്‍കുട്ടി ഒരു പുരുഷനൊപ്പം നഗരത്തിലേക്ക് യാത്ര തിരിക്കുന്നതും തുടര്‍ന്നുണ്ടാകുന്ന സംഭവങ്ങളുമാണ് ചോല. റോഡ് മൂവി സ്വഭാത്തിലുള്ള ത്രില്ലര്‍ ആണ്.സനല്‍കുമാര്‍ ശശിധരന്‍
സെക്സി ദുര്‍ഗയ്ക്ക് ശേഷം സനല്‍കുമാര്‍ ശശിധരന് രാജ്യാന്തര ചലച്ചിത്രവേദിയില്‍ കിട്ടുന്ന അംഗീകാരം കൂടിയാണ് ചോലയുടെ വെനീസ് മേളയിലെ സാന്നിധ്യം. സെന്‍സര്‍ വിലക്കിനെ തുടര്‍ന്ന് പിന്നീട് എസ് ദുര്‍ഗ എന്ന് പേര് മാറ്റേണ്ടി വന്ന സെക്സി ദുര്‍ഗ റോട്ടര്‍ഡാം ഇന്റര്‍നാഷനല്‍ ഫിലിം ഫെസ്റ്റിവലില്‍ ടൈഗര്‍ അവാര്‍ഡ് നേടിയിരുന്നു. സനല്‍കുമാര്‍ സംവിധാനം ചെയ്ത ആദ്യ രണ്ട് ചിത്രങ്ങളായ ഒരാള്‍പൊക്കം, ഒഴിവുദിവസത്തെ കളി എന്നിവ സംസ്ഥാന ചലച്ചിത്ര പുരസ്‌കാരവും സ്വന്തമാക്കിയിരുന്നു.
ഒരാള്‍പ്പൊക്കത്തിന് മികച്ച സംവിധായകനുള്ള അവാര്‍ഡും ഒഴിവുദിവസത്തെ കളി മികച്ച ചിത്രത്തിനുള്ള സംസ്ഥാന അവാര്‍ഡുമാണ് നേടിയിരുന്നത്. ഗോവാ രാജ്യാന്തര ചലച്ചിത്രമേളയോട് അനുബന്ധിച്ചുള്ള എന്‍എഫ്ഡിസി ഫിലിം ബസാറില്‍ ചോല മികച്ച അഭിപ്രായം സ്വന്തമാക്കിയിരുന്നു. ജോജു ജോര്‍ജ്ജിനും നിമിഷാ സജയനും അഭിനേതാക്കള്‍ എന്ന നിലയില്‍ ലഭിച്ച നേട്ടം കൂടിയാണ് ചോലയ്ക്ക് കിട്ടിയ അംഗീകാരം.