ലോക്ക് ഡൗണ്‍ മറ്റ് തൊഴില്‍ മേഖലകളിലെന്ന പോലെ ചലച്ചിത്ര മേഖലയെയും പൂര്‍ണമായും സ്തംഭിപ്പിച്ചിരുന്നു. 50 ദിവസത്തിന് മുകളിലായി നിര്‍മ്മാണം മുടങ്ങിയത് തമിഴ് ചലച്ചിത്ര വ്യവസായത്തിലും കടുത്ത പ്രതിസന്ധി സൃഷ്ടിച്ചിരിക്കുകയാണ്. സിനിമകളുടെയും സീരിയലുകളുടെയും പോസ്റ്റ് പ്രൊഡക്ഷന്‍ നിയന്ത്രണങ്ങളോടെ പുനരാരംഭിക്കാന്‍ അനുമതി നല്‍കണമെന്ന് തമിഴ് ചലച്ചിത്ര സാങ്കേതിക പ്രവര്‍ത്തകരുടെ സംഘടന ഫെഫ്‌സി പ്രസിഡന്റ് ആര്‍.കെ ശെല്‍വമണി. തമിഴ്‌നാട് മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമിക്ക് ഈ ആവശ്യം ഉന്നയിച്ച് കത്തയച്ചു.
സംഭാവനകളിലൂടെയും വ്യക്തിഗത സഹായങ്ങളിലൂടെയുമാണ് അമ്പത് ദിവസമായി തൊഴിലാളികളെ പിന്തുണച്ചത്. അത് ഇനി തുടരാനാകില്ല. ലോക്ക് ഡൗണ്‍ തുടര്‍ന്നാല്‍ തൊഴിലാളികള്‍ പട്ടിണി കിടന്ന് മരിക്കും.
സിനിമകളുടെയും സീരിയലുകളുടെയും റെക്കോര്‍ഡിംഗ്, റീ റെക്കോര്‍ഡിംഗ്, ഡബ്ബിംഗ് ഉള്‍പ്പെടെ പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികള്‍ തുടങ്ങാന്‍ അനുമതി നല്‍കണം. നാല്‍പ്പത് ശതമാനം ചലച്ചിത്ര തൊഴിലാളികള്‍ക്കെങ്കിലും ഇത് ഗുണകരമാകും. ആരോഗ്യമുന്‍കരുതലുകളോട് ജോലികള്‍ ചെയ്യാമെന്ന് സംഘടന ഉറപ്പുനല്‍കുന്നുവെന്നും ശെല്‍വമണി.
കേരളത്തില്‍ സിനിമയുടെ പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികള്‍ മെയ് നാല് മുതല്‍ ആരംഭിക്കാന്‍ അനുമതി നല്‍കിയിരുന്നു. പരമാവധി അഞ്ച് പേര്‍ക്ക് ചെയ്യാവുന്ന, സിനിമയുടെ പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികള്‍ക്കാണ് അനുമതി നല്‍കിയത്.
ഗ്രീന്‍ സോണില്‍ ഓഫീസുകള്‍ പരിമിതമായ ആളുകളെ വെച്ച് തുറക്കുന്ന സാഹചര്യത്തിലാണ് സിനിമാ-ടെലിവിഷന്‍ മേഖലയിലും ചില ജോലികള്‍ക്ക് അനുമതി നല്‍കുന്നത്. ഡബ്ബിങ്ങ്, സംഗീതം, സൗണ്ട് മിക്‌സിങ്ങ് എന്നീ ജോലികള്‍ തിങ്കളാഴ്ച്ച മുതല്‍ ആരംഭിക്കാം.
ജോലികള്‍ പുനഃരാരംഭിക്കുന്നതിനു മുമ്പ്, സ്റ്റുഡിയോകള്‍ അണുമുക്തമാക്കണം. സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചിട്ടുള്ള സുരക്ഷാ മര്‍ഗ്ഗങ്ങളായ മാസ്‌ക് ധരിക്കുക, കൈകള്‍ അണുവിമുക്തമാക്കുക, സാമൂഹ്യ അകലം തുടങ്ങിയവ കര്‍ശ്ശനമായി പാലിച്ചു വേണം സ്റ്റുഡിയോ ജോലികള്‍ പുനഃരാരംഭിക്കുവാന്‍.