കേരളാ രാജ്യാന്തര ചലച്ചിത്രമേളയിലെ സിനിമകളുടെ തെരഞ്ഞെടുപ്പിനെ ചൊല്ലിയുള്ള വിവാദം കോടതിയിലേക്ക്. മലയാള സിനിമകളുടെ തെരഞ്ഞെടുപ്പിലെ ക്രമക്കേടുകള്‍ ചൂണ്ടിക്കാട്ടി ഹൈക്കോടതിയെ സമീപിക്കുമെന്ന് ചലച്ചിത്ര കൂട്ടായ്മ. കേരളാ രാജ്യാന്തര ചലച്ചിത്രമേള നവീകരിക്കണമെന്ന് ആവശ്യപ്പെടുന്ന റിഫോം ദ ഐഎഫ്എഫ്‌കെ എന്ന ചലച്ചിത്രകൂട്ടായ്മയാണ് ചലച്ചിത്ര അക്കാദമിയെ ചോദ്യം ചെയ്ത് കോടതിയെ സമീപിക്കുന്നത്. മലയാളം സിനിമകളുടെ തെരഞ്ഞെടുപ്പില്‍ നിയമവിരുദ്ധ നടപടികളും ക്രമക്കേടുമാണ് നടന്നതെന്ന് സംവിധായകന്‍ സന്തോഷ് ബാബുസേന്‍ ദ ക്യുവിനോട് പ്രതികരിച്ചു.
ഞങ്ങളുടെ കൂട്ടത്തില്‍ ഉള്ള പലരുടെയും സിനിമകള്‍ ഐഎഫ്എഫ്‌കെയിലേക്ക് അയച്ചിരുന്നു. അവയില്‍ ചിലത് തെരഞ്ഞെടുക്കപ്പെട്ടിട്ടില്ല. അതില്‍ ഞങ്ങള്‍ക്ക് തര്‍ക്കമോ പ്രശ്‌നമോ ഇല്ല. അത് സെലക്ഷന്‍ കമ്മിറ്റിയുടെ സ്വാതന്ത്ര്യമാണ്. എന്നാല്‍ ഇത്തവണത്തെ തെരഞ്ഞെടുപ്പില്‍ ക്രമേക്കടും അനീതിയും നടന്നു. 108 സിനിമകള്‍ അക്കാദമിക്ക് മുന്നിലെത്തിയെന്നാണ് അറിഞ്ഞത്. 18 ദിവസം കൊണ്ട് ഇത്രയധികം സിനിമകള്‍ കാണണമെങ്കില്‍ ഒരു ദിവസം ആറ് സിനിമകളെങ്കിലും കാണണം. പല സിനിമകളും സെലക്ഷന്‍ ക്മ്മിറ്റിയില്‍ ഉള്ളവര്‍ കണ്ടില്ലെന്നാണ് മനസിലാക്കുന്നത്. ചില സിനിമകള്‍ പത്തോ പതിനഞ്ചോ മിനുട്ടാണ് കണ്ടതെന്നറിയുന്നു. ഇത് ഇല്ലീഗലാണ്. ഇത് ചോദ്യം ചെയ്താണ് ഞങ്ങള്‍ കോടതിയെ സമീപിക്കുന്നത്. ചലച്ചിത്ര അക്കാദമിയുടെ ജനറല്‍ കൗണ്‍സില്‍ ആണ് ചലച്ചിത്രമേളയിലേക്ക് സിനിമ തെരഞ്ഞെടുക്കാനുള്ള സെലക്ഷന്‍ കമ്മിറ്റിയെ നിശ്ചയിക്കുന്നത്. പക്ഷേ ആ കമ്മിറ്റിയില്‍ ജനറല്‍ കൗണ്‍സില്‍ അംഗങ്ങള്‍ പാടില്ല. ഇത്തവണ മലയാള സിനിമാ ടുഡേ വിഭാഗത്തിലും ജനറല്‍ കൗണ്‍സിംല്‍ അംഗമായ ഒരാളും ഇന്റര്‍നാഷനല്‍ ഫിലിം കാറ്റഗറില്‍ കൗണ്‍സിലിലെ രണ്ട് പേരും ഉണ്ടായിരുന്നു. പിന്നെങ്ങനെ നീതിപൂര്‍വകമായ തെരഞ്ഞെടുപ്പ് നടക്കും.സന്തോഷ് ബാബുസേന്‍, സംവിധായകന്‍
കേരളത്തില്‍ അങ്ങോളം തിയറ്ററുകളില്‍ നൂറ് ദിവസത്തോളം ഓടുകയും ചാനലുകളില്‍ ഡിവിഡിയിലും ഓണ്‍ലൈന്‍ സ്ട്രീമിംഗ് പ്ലാറ്റ്‌ഫോമുകളില്‍ വന്ന സിനിമകളാണ് മലയാളം സിനിമാ ടുഡേ കാറ്റഗറിയില്‍ കൂടുതലും. ഈ സിനിമകള്‍ മേളകളില്‍ ആരാണ് കാണുക. മേളയുടെ ഗുണനിലവാരം ഉയര്‍ത്തണമെന്ന ആവശ്യമാണ് ഞങ്ങള്‍ ഉന്നയിക്കുന്നത്. പോപ്പുലര്‍ സിനിമ എന്ന കാറ്റഗറിയുണ്ടാക്കി ഒന്നുകില്‍ ഈ സിനിമകള്‍ കാണിക്കൂ. തെരഞ്ഞെടുക്കപ്പെട്ട 14 സിനിമകള്‍ക്ക് രണ്ട് ലക്ഷം രൂപാ വീതം ഗ്രാന്‍ഡ് കിട്ടുന്നുണ്ട്. അത് കിട്ടുന്നത് കൂടുതലും തിയറ്ററില്‍ കളക്ട് ചെയ്ത സിനിമകള്‍ക്കാണ്. അത് എന്തൊരു അശ്ലീലമാണ്. സെലക്ഷന്‍ പാനലില്‍ യോഗ്യതയുള്ളവര്‍ ഉണ്ടാകണമെന്ന ആവശ്യവും ഞങ്ങള്‍ ഉന്നയിക്കുന്നുണ്ട്.
കേരളാ ചലച്ചിത്രമേളയില്‍ പ്രദര്‍ശിപ്പിക്കുന്ന സിനിമകള്‍ ഇവിടെ പ്രിമിയര്‍ ചെയ്യുന്നതായിരിക്കണം എന്ന ആവശ്യവും റിഫോം ഐഎഫ്എഫ്‌കെ ഉന്നയിക്കുന്നുണ്ട്.
ബര്‍ലിന്‍ ചലച്ചിത്രമേളയില്‍ മത്സരിച്ച സനല്‍കുമാര്‍ ശശിധരന്റെ ചോല, ടൊറന്റോ മേളയില്‍ പ്രദര്‍ശിപ്പിച്ച ഗീതു മോഹന്‍ദാസ് ചിത്രം മൂത്തോന്‍, ഏഷ്യാറ്റിക മേളയില്‍ പുരസ്‌കാരം നേടിയ സജിന്‍ ബാബുവിന്റെ ബിരിയാണി എന്നീ സിനിമകള്‍ മേളയില്‍ തിരസ്‌കരിക്കപ്പെട്ടതിനെതിരെയും വിമര്‍ശനം ഉയര്‍ന്നിരുന്നു. ഏതെങ്കിലും ഫെസ്റ്റിവലില്‍ പോയത് സിനിമ സെലക്ട് ചെയ്യുന്നതിനെ സ്വാധീനിക്കില്ലെന്നാണ് ഇതേക്കുറിച്ച് ചലച്ചിത്ര അക്കാദമി ജനറല്‍ കൗണ്‍സില്‍ അംഗവും സെലക്ഷന്‍ പാനലിലെ പ്രതിനിധിയുമായ വികെ ജോസഫ് ദ ക്യുവിനോട് പ്രതികരിച്ചത്.
രാജ്യാന്തരതലത്തില്‍ ശ്രദ്ധിക്കപ്പെട്ട ചിത്രങ്ങളെ ഉള്‍പ്പെടുത്തണം എന്ന് ഫെസ്റ്റിവല്‍ നിയമാവലിയിലില്ല. കമ്മിറ്റി സെലക്ട് ചെയ്യുന്ന സിനിമകളാണ് ഉള്‍പ്പെടുത്തുക. അതല്ലാതെ എഫ്ഐഎപിഎഫ് (ഇന്റര്‍നാഷണല്‍ ഫെഡറേഷന്‍ ഓഫ് ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍) അംഗീകാരമുള്ള ഫെസ്റ്റിവലുകളില്‍ പ്രദര്‍ശിപ്പിച്ച സിനിമകള്‍ ഫെസ്റ്റിവല്‍ കലേഡോസ്‌കോപ്പ് വിഭാഗത്തില്‍ പ്രദര്‍ശിപ്പിക്കാം. അതിന് സെലക്ഷന്‍ കമ്മിറ്റിയുമായി ബന്ധമില്ലെന്നും അത് അക്കാദമി നേരിട്ടാണ് ചെയ്യുന്നതെന്നും വികെ ജോസഫ് പറഞ്ഞു. ഫെസ്റ്റിവലില്‍ മത്സരവിഭാഗത്തില്‍ പ്രദര്‍ശിപ്പിക്കുന്ന മലയാള ചിത്രങ്ങള്‍ കേരള പ്രീമിയറായിരിക്കണമെന്ന നിര്‍ദേശം ആദ്യം ഉയര്‍ന്നു വന്നിരുന്നുവെങ്കിലും തുടര്‍ ചര്‍ച്ചകളില്‍ അത് ശരിയാവില്ലെന്ന് തീരുമാനിക്കുകയായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
‘ദ ക്യു’ ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം