കോവിഡ് രോഗവ്യാപനത്തെ തുടര്‍ന്ന് ഗുരുതര സാമ്പത്തിക പ്രതിസന്ധിയില്‍ ജീവിതം വഴിമുട്ടിയത് ലക്ഷക്കണക്കിന് ദിവസവേതനക്കാര്‍ക്കാണ്. കൊറോണ രോഗബാധയില്‍ ചലച്ചിത്ര ലോകവും പൂര്‍ണമായും സ്തംഭിച്ചതോടെ യൂണിറ്റ് ജീവനക്കാരും ദിവസ വേതനക്കാരായ മറ്റ് തൊഴിലാളികളും ഉള്‍പ്പെടെ ആയിരങ്ങള്‍ ദുരിതത്തിലായി. ഇവരെ സഹായിക്കാന്‍ മുന്നിട്ടിറങ്ങുകയാണ് തമിഴ് ചലച്ചിത്രലോകം.
സിനിമാ ചിത്രീകരണവും,പ്രൊഡക്ഷനും, റിലീസും മുടങ്ങിയ സാഹചര്യത്തില്‍ ദിവസക്കൂലിയില്‍ തൊഴിലെടുക്കുന്നവര്‍ പ്രതിസന്ധിയിലാണെന്ന് തമിഴ് സിനിമാ സാങ്കേതിക പ്രവര്‍ത്തകരുടെ സംഘടന ഫെപ്‌സി പ്രസിഡന്റ് ആര്‍ കെ ശെല്‍വമണി അറിയിച്ചിരുന്നു. തമിഴ് ചലച്ചിത്ര ലോകം ഇവരുടെ ക്ഷേമത്തിനായി മുന്നോട്ട് വരണമെന്നും സംവിധായകന്‍ കൂടിയായ ശെല്‍വമണി അഭ്യര്‍ത്ഥിച്ചു. സൂര്യയും കാര്‍ത്തിയും പിതാവ് ശിവകുമാറും പത്ത് ലക്ഷമാണ് നല്‍കിയത്. തൊട്ടുപിന്നാലെ സൂപ്പര്‍താരം രജനികാന്ത് 50 ലക്ഷം രൂപ തൊഴിലാളികള്‍ക്കായി നല്‍കിയെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തു. വിജയ് സേതുപതി പത്ത് ലക്ഷം രൂപാ നല്‍കി.
ശിവകാര്‍ത്തികേയന്‍ ഫെപ്‌സി അംഗങ്ങള്‍ക്ക് പത്ത് ലക്ഷം നല്‍കിയിരുന്നു. ഫെപ്‌സി അംഗങ്ങള്‍ക്ക് നല്‍കാന്‍ ഉദ്ദേശിക്കുന്ന ആകെ തുകയില്‍ 25 ശതമാനം തന്റെ വകയായി നല്‍കാമെന്നായിരുന്നു രജനികാന്തിന്റെ വാഗ്ദാനം. തമിഴ് സിനിമാ സംഘടന ഫെപ്‌സിയുടെ അഭ്യര്‍ത്ഥനക്ക് തൊട്ടുപിന്നാലെ സൂപ്പര്‍താരങ്ങള്‍ സഹായവാഗ്ദാനവുമായി എത്തിയത് സാമൂഹ്യ മാധ്യമങ്ങളിലും കയ്യടി നേടുന്നുണ്ട്.