തൊണ്ണൂറ്റിനാലാമത് അക്കാദമി അവാര്‍ഡ്‌സില്‍ 'ഫാന്‍ ഫേവറിറ്റ് വിഭാഗം' കൂടി ഉള്‍പ്പെടുത്താന്‍ തീരുമാനം. പല ജനപ്രിയ ചിത്രങ്ങളും മികച്ച ചിത്രത്തിന്റെ നോമിനേഷനുകളില്‍ ഉള്‍പെടാതിരുന്നത് സോഷ്യല്‍ മീഡിയയില്‍ ആരാധകരുടെ വിമര്‍ശനത്തിന് ഇടയാക്കിയിരുന്നു. കൊവിഡ് സാഹചര്യത്തില്‍ പോയവര്‍ഷം പുരസ്‌കാര ചടങ്ങിന്റെ കാഴ്ചക്കാര്‍ മുന്‍വര്‍ഷത്തേക്കാള്‍ കുറവായിരുന്നു. ഇത്തവണയും അത് ആവര്‍ത്തിക്കാന്‍ സാധ്യതയുണ്ടെന്ന ഭയം കൊണ്ടാണ് അക്കാദമി ഫാന്‍ ഫേവറിറ്റ് എന്ന വിഭാഗം കൂടി ഉള്‍പ്പെടുത്തുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. ട്വിറ്റര് വോട്ടിംഗ് ഉപയോഗിക്കിച്ചായിരിക്കും തെരഞ്ഞെടുപ്പ്.
പ്രേക്ഷകര്‍ക്ക് തങ്ങളുടെ പ്രിയപ്പെട്ട സിനിമക്ക് അക്കാദമിയുടെ സ്‌പെഷ്യല്‍ വെബ്‌സൈറ്റ് വഴിയോ ട്വിറ്ററില്‍ ഓസ്‌കാര്‍സ് ഫാന്‍ ഫേവറിറ്റ് എന്ന ഹാഷ്ടാഗ് ഉപയോഗിച്ചോ മാര്‍ച്ച് 3 വരെ വോട്ട് ചെയ്യാം. ആരാധകര്‍ക്ക് ഒരു ദിവസത്തില്‍ 20 തവണ വരെ വോട്ട് ചെയ്യാന്‍ കഴിയും. വോട്ട് ചെയ്യുന്നവരില്‍ നിന്ന് 3 പേരെ തെരഞ്ഞെടുത്ത് അടുത്ത വര്‍ഷം അവാര്‍ഡ്സ് നല്‍കാനായി ക്ഷണിക്കുമെന്നതും പ്രത്യേകതയാണ്. മറ്റൊരു പോളിലൂടെ പ്രേക്ഷകര്‍ക്ക് പ്രിയപ്പെട്ട മികച്ച അഞ്ച് 'മൂവി ചിയര്‍ മൊമെന്റും' തെരഞ്ഞെടുക്കാം. അവ പുരസ്‌കാര ചടങ്ങില്‍ പ്രദര്‍ശിപ്പിക്കുകയും ചെയ്യും.
ഡിജിറ്റല്‍ പ്രേക്ഷകരെ കൂടുതല്‍ അവാര്‍ഡ്‌സിലേക്ക് ആകര്‍ഷിക്കാന്‍ ഈ നീക്കം കൊണ്ട് കഴിയുമെന്ന് അക്കാദമിയുടെ ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് വൈസ് പ്രെസിഡന്റായ മെറില്‍ ജോണ്‍സണ്‍ പറഞ്ഞു. പ്രേക്ഷകര്‍ക്ക് ഷോയില്‍ തത്സമയം പങ്കെടുക്കാനും ഇത്തരത്തിലുള്ള ഒരു അനുഭവത്തിന്റെ ഭാഗമാവാനും അവസരം നല്‍കുമെന്നും അദ്ദേഹം പറയുന്നു.
കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി ഓസ്‌കാറിന്റെ ടെലിവിഷന്‍ റേറ്റിംഗില്‍ വലിയ ഇടിവ് വന്നിരുന്നു. നൊമാഡ് ലാന്‍ഡ്, ഫാദര്‍, മിനാരി, ജൂദാസ് ആന്‍ഡ് ദ ബ്ലാക് മെസിയാ തുടങ്ങിയ ചെറിയ ചിത്രങ്ങളാണ് കഴിഞ്ഞ വര്‍ഷം ഓസ്‌കാറില്‍ നേട്ടമുണ്ടാക്കിയത്. 10 മില്യണ്‍ കാഴ്ചക്കാര്‍ മാത്രമായിരുന്നു ഷോ കണ്ടതും. ഇത്തവണ നെറ്റ്ഫ്‌ലിക്‌സിന്റേത് അടക്കമുള്ള ഓടിടി ചിത്രങ്ങള്‍ നോമിനേഷനില്‍ മുന്നിലുണ്ട്.
ഡോണ്ട് ലുക്ക് അപ്പ്, ഡ്യൂണ്‍, വെസ്റ്റ് സൈഡ് സ്‌റ്റോറി, കിങ്ങ് റിച്ചാര്‍ഡ് തുടങ്ങിയ സിനിമകള്‍ മികച്ച ചിത്രത്തിനുള്ള നോമിനേഷനുകളിലുണ്ട്. സ്റ്റീവന്‍ സ്പില്‍ബെര്‍ഗ്, പോള്‍ തോമസ് ആന്‍ഡേഴ്‌സണ്‍ തുടങ്ങിയവര്‍ മികച്ച സംവിധായകനുള്ള നോമിനേഷനിലുമുണ്ട്. വില്‍ സ്മിത്ത്, ബെനഡിക്ട് കമ്പര്‍ബാച്ച്, ഡെന്‍സല്‍ വാഷിങ്ങ്ടണ്‍,ആന്‍ഡ്രൂ ഗാര്‍ഫീല്‍ഡ്, ജാവിയര്‍ ബെര്‍ദാം, ഒളിവിയ കോള്‍മാന്‍, ജെസിക ചാസ്റ്റിയന്‍, പെനലപ്പ് ക്രൂസ്, നികോള്‍ കിഡ്മാന്‍, ക്രിസ്റ്റിയന്‍ സ്റ്റൂവര്ട്ട് തുടങ്ങിയവര്‍ പെര്‍ഫോമന്‍സ് വിഭാഗത്തില്‍ നോമിനേഷനില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. ഇത്രയും വലിയ താരനിര ഇത്തവണ എത്തുമെന്നത് കൊണ്ട് തന്നെ പിന്നോട്ട് പോയ റേറ്റിംഗ് തിരിച്ച് പിടിക്കാന്‍ തന്നെയാണ് അക്കാദമി പരിശ്രമിക്കുന്നത്.
2018ല്‍ സ്റ്റാര്‍ വാര്‍ സിനിമകളും, മാര്‍വെല്‍ സൂപ്പര്‍ ഹീറോ സിനിമകളും പോലെയുള്ള ബ്ലോക്ക്ബസ്റ്റര്‍ ചിത്രങ്ങളെ ആദരിക്കാനായി 'പോപ്പുലര്‍ ഫിലിം' വിഭാഗം സംഘടകര്‍ നിര്‍ദ്ദേശിച്ചിരുന്നു. എന്നാല്‍ പല നിരൂപകരുടെയും പരിഹാസത്തിന് ശേഷം വേണ്ടെന്നു വെക്കുകയായിരുന്നു. അത് കൊണ്ട് തന്നെ പുതിയ 'ഫാന്‍ ഫേവറിറ്റ്' അവാര്‍ഡ് ഒരു ഫോര്‍മല്‍ ഓസ്‌കാര്‍ അവാര്‍ഡായിരിക്കില്ലെന്നാണ് റിപ്പോര്‍ട്ട്.
2018ന് ശേഷം ഇതാദ്യമായി ഓസ്‌കാറിന് അവതാരകര്‍ ഉണ്ടാവുമെന്നാണ് സൂചന. ടോം ഹോളണ്ട് അവതാരകനായെത്തുമെന്നായിരുന്നു റിപ്പോര്‍ട്ട്. എന്നാല്‍ ആമി ഷുമെറും , റെജീന ഹാളും, വാന്ഡ സൈക്സുമായിരിക്കും ഇത്തവണ അവാര്‍ഡ്‌സ് അവതരിപ്പിക്കുക എന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍.
മാര്‍ച്ച് 27ന് പരമ്പരാഗതമായ ഹോളിവുഡിലെ ഡോള്‍ബി തീയേറ്ററിലാണ് ചടങ്ങ് നടക്കുക. ഫെബ്രുവരിയിലെ വിന്റര്‍ ഒളിംപിക്സും, സണ്‍ഡേയസ് സൂപ്പര്‍ ബൗളുമായി ഒരുമിച്ചു വരാതിരിക്കാന്‍ ഇത്തവണ പതിവിലും വൈകിയാണ് ഷോ നടത്തുന്നത്.