ലോകോത്തര സിനിമകള്‍ മലയാളികള്‍ക്ക് പരിചയപ്പെടുത്തുന്ന, സിനിമകളെക്കുറിച്ച് സംവദിക്കുന്ന ഒട്ടേറെ ഫേസ്ബുക്ക് കൂട്ടായ്മകളുണ്ട്. സിനിമകളെക്കുറിച്ചുള്ള ചര്‍ച്ചകളും നിരൂപണങ്ങളും കൊണ്ട് അതില്‍ ബഹുഭൂരിപക്ഷവും പ്രേക്ഷകരെ സിനിമ കാണാന്‍ പ്രേരിപ്പിക്കുന്നുണ്ടെങ്കിലും ഭാഷ സാധാരണക്കാരില്‍ പലര്‍ക്കും തടസമായി നിലനില്‍ക്കുന്നു. അവിടെയാണ് എം സോണ്‍ എന്ന പേര് പ്രേക്ഷകര്‍ക്ക് മുന്നിലേക്കെത്തുന്നത്. ലോകപ്രശസ്തമായ ചിത്രങ്ങള്‍ക്ക് മലയാളം സബ്‌ടൈറ്റില്‍ ഒരുക്കിക്കൊണ്ട് എം സോണ്‍ സിനിമയും പ്രേക്ഷകനും തമ്മിലുള്ള ദൂരം കുറയ്ക്കുന്നു. ചില സാങ്കേതിക കാരണങ്ങള്‍ കൊണ്ട് തടസം നേരിട്ട എംസോണിന്റെ വെബ്‌സൈറ്റ് ആഴ്ചകള്‍ക്ക് ശേഷം വീണ്ടും പ്രേക്ഷകര്‍ക്ക് മുന്നിലേക്കെത്തുകയാണ്. പിഴവുകള്‍ പരിഹരിച്ച് നിര്‍മിച്ച പുതിയ വെബ്‌സൈറ്റ് സംവിധായകന്‍ ആഷിക് അബു ഇന്ന് വൈകീട്ട് ലോഞ്ച് ചെയ്യും.
വിദേശ സിനിമകള്‍ക്ക് പരിഭാഷകളൊരുക്കുന്നതിനുവേണ്ടി 2012 ഒക്ടോബര്‍ ഒന്നിനായിരുന്നു എംസോണ്‍ (Malayalam Subtitles For Everyone )എന്ന കൂട്ടായ്മ ആരംഭിച്ചത്. ഏഴ് വര്‍ഷങ്ങള്‍ കഴിയുമ്പോള്‍ അന്‍പതിനായിരത്തില്‍ പരം അംഗങ്ങള്‍ ഗ്രൂപ്പിലുണ്ട്. 270 ഓളം പരിഭാഷകര്‍ ചേര്‍ന്ന് ഇതിനകം പരിഭാഷപ്പെടുത്തിയത് 1300ലധികം ചിത്രങ്ങള്‍. ഭാഷയുടെ അതിര്‍ വരമ്പുകളില്ലാതെ ഇംഗ്ലീഷ്, അറബിക്,ഫ്രഞ്ച്, ജര്‍മന്‍, ജാപ്പനീസ്, കൊറിയന്‍, സ്പാനിഷ്, തുടങ്ങിയ സിനിമകള്‍ക്കും ഇന്ത്യയിലെ തന്നെ ഇതരഭാഷകളായ ഹിന്ദി, തെലുങ്ക്, കന്നഡ, മറാഠി, ബംഗാളി, തമിഴ് സിനിമകള്‍ക്കും എംസോണ്‍ മലയാളത്തില്‍ സബ്‌ടൈറ്റില്‍ ഒരുക്കിയിട്ടുണ്ട്. ഏതൊരു പ്രേക്ഷകനും സൗജന്യമായി അവ ഡൗണ്‍ലോഡ് ചെയ്യുകയും ചെയ്യാം.
സാങ്കേതിക പ്രശ്‌നങ്ങള്‍ കാരണം കഴിഞ്ഞ മാസമാണ് പഴയ വെബ്‌സൈറ്റ് നഷ്ടമായത്. ഒട്ടും സമയം നഷ്ടമാക്കാതെ തന്നെ പുതിയ സൈറ്റ് നിര്‍മിക്കാന്‍ തീരുമാനിക്കുകയായിരുന്നുവെന്ന് അഡ്മിനിലൊരാളായ പ്രവീണ്‍ അടൂര്‍ ദ ക്യൂവിനോട് പറഞ്ഞു. പല രാജ്യത്തിരുന്നാണ് അഡ്മിന്‍ പാനലിലുള്ളവര്‍ പ്രവര്‍ത്തിക്കുന്നത്. എല്ലാവരും ചേര്‍ന്ന് ഉടന്‍ തന്നെ പുതിയ സൈറ്റ് എങ്ങനെയായിരിക്കണമെന്ന് തീരുമാനിക്കുകയും അതിന് ആവശ്യമായ പണം കണ്ടെത്തുകയും ചെയ്തു.
1346 സബ്‌ടൈറ്റിലുകള്‍ ഇതുവരെ റിലീസ് ചെയ്തിരുന്നു, 1000-ാമത്തേത് ഡോ ബാബാസാഹേബ് അംബേദ്കര്‍ എന്ന ചിത്രമായിരുന്നു. പുതിയ സൈറ്റില്‍ ആദ്യം ഉള്‍പ്പെടുത്തുന്നത് ഏറ്റവും ഒടുവില്‍ റിലീസ് ചെയ്ത മുന്നൂറിലധികം സബ്‌ടൈറ്റിലുകള്‍ ആയിരിക്കും. ബാക്കിയുള്ളവ ഓരോന്നായി പിന്നീട് ഉള്‍പ്പെടുത്തും.പ്രവീണ്‍ അടൂര്‍
പഴയ സൈറ്റില്‍ മുന്‍പ് ഇല്ലാതിരുന്ന പല സൗകര്യങ്ങളും പുതിയ സൈറ്റില്‍ ഒരുക്കിയിട്ടുണ്ടെന്നും പ്രവീണ്‍ പറഞ്ഞു. സിനിമകള്‍ ഭാഷ, ഴോണര്‍, തുടങ്ങിയ വിഭാഗങ്ങളില്‍ സെര്‍ച്ച് ചെയ്യാം, പരിഭാഷകരുടെ പേര് അനുസരിച്ച് അവര്‍ ചെയ്ത പരിഭാഷകള്‍ തിരയാനും സൗകര്യമൊരുക്കിയിട്ടുണ്ട്. സൈറ്റില്‍ നിന്ന് തന്നെ നേരിട്ട് പരിഭാഷ ഡൗണ്‍ലോഡ് ചെയ്യും. മുന്‍പ് അതിനുള്ള സൗകര്യം ഇല്ലായിരുന്നു
പുതിയ സെറ്റിനായി എല്ലാം ആദ്യം മുതല്‍ തുടങ്ങുകയായിരുന്നുവെന്ന് പ്രവീണ്‍ പറയുന്നു. ആദ്യത്തെ സബ്‌ടൈറ്റില്‍ മുതല്‍ വീണ്ടും എടുത്ത്, അത് തരംതിരിച്ച്, നമ്പറിട്ട്, കുറച്ചുകൂടി വൃത്തിയായിട്ടാണ് കൊടുക്കുന്നത്. ഗ്രൂപ്പ് മെംബേഴ്‌സ് തന്നെയാണ് അതിന് വേണ്ട സഹായങ്ങള്‍ ചെയ്തത്. നൂറ് സബ്‌ടൈറ്റിലുകള്‍ വീതം പത്തുപേര്‍ക്കായി കൊടുത്ത് അത് തരംതരിക്കാന്‍ ഏല്‍പ്പിക്കുകയായിരുന്നു.
പരിഭാഷയ്‌ക്കൊപ്പം നല്‍കിയിരുന്ന പോസ്റ്ററുകളും പൂര്‍ണ്ണമായും നഷ്ടപ്പെട്ടിരുന്നു. എം സോണിന് വേണ്ടി ഡിസൈന്‍ ചെയ്ത മലയാളം പോസ്റ്ററുകളായിരുന്നു പരിഭാഷയ്‌ക്കൊപ്പം നല്‍കിയിരുന്നത്. മുന്‍പ് അവ ഡിസൈന്‍ ചെയ്ത് തന്ന ഡിസൈനര്‍മാരുടെ കയ്യില്‍ നിന്ന് കളക്ട് ചെയ്യുകയും അല്ലാത്തവ ബാക്കി മുന്നൂറെണ്ണത്തോളം വീണ്ടും ഡിസൈന്‍ ചെയ്‌തെടുക്കുകയുമായിരുന്നു.
‘ദ ക്യു’ ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം.
2012 ഒക്ടോബറില്‍ മജീദ് മജീദിയുടെ 'ചില്‍ഡ്രന്‍ ഓഫ് ഹെവന്‍' എന്ന സിനിമയ്ക്ക് മലയാളം സബ്ടൈറ്റില്‍ ഒരുക്കിയായിരുന്നു തുടക്കം. എംസോണിന്റെ തുടക്കകാരായ ശ്രീജിത്ത് പരിപ്പായി, ഗോകുല്‍ ദിനേശ് എന്നിവരായിരുന്നു ആ ശ്രമത്തിന് പിന്നില്‍. ഒരു ചാറ്റ് ഗ്രൂപ്പായി തുടങ്ങിയ എംസോണ്‍ ഇപ്പോള്‍ സ്വന്തം പേജും ആന്‍ഡ്രോയ്ഡ് ആപ്പും വെബ്‌സൈറ്റുമെല്ലാമുള്ള സിനിമാക്കൂട്ടായ്മയായി തന്നെ വളര്‍ന്നിരിക്കുന്നു. ഒരു കൂട്ടര്‍ക്കുമാത്രം ആസ്വദിക്കാന്‍ കഴിയുന്ന സിനിമകളല്ല എംസോണില്‍ പരിഭാഷപ്പെടുത്തുന്നത്. ഏതൊരാള്‍ക്കും ഒരു സിനിമയുടെ പരിഭാഷ വേണമെന്ന് ആവശ്യപ്പെടാം, ആവശ്യമനുസരിച്ച് പരിഭാഷകര്‍ ചിത്രം തെരഞ്ഞെടുക്കുകയും പരിഭാഷപ്പെടുത്തി സബ്മിറ്റ് ചെയ്യുകയും ചെയ്യുന്നു. തുടര്‍ന്ന് എംസോണിന്റെ തന്നെ അഡ്മിന്‍ പാനല്‍ പരിശോധിച്ചതിന് ശേഷമായിരിക്കും സബ്‌ടൈറ്റിലുകള്‍ പ്രസിദ്ധപ്പെടുത്തുക. വിവിധ ഫിലിം സൊസൈറ്റികളും അവര്‍ സംഘടിപ്പിക്കുന്ന ഫിലിം ഫെസ്റ്റിവലുകളിലും എംസോണ്‍ പരിഭാഷകള്‍ക്കൊപ്പം സിനിമകള്‍ പ്രദര്‍ശിപ്പിക്കാറുണ്ട്. ക്ലാസ്സിക് ചിത്രങ്ങളും തട്ടുപൊളിപ്പന്‍ ഹിറ്റുകളും ടെലിവിഷന്‍ സീരീസുകളുമെല്ലാം എംസോണില്‍ മലയാളത്തില്‍ എംസോണില്‍ ലഭ്യമാണ്. സിനിമയുടെ സബ്‌ടൈറ്റിലുകള്‍ ചെറിയൊരു വിവരണത്തോടെ സൈറ്റിലും ഫേസ്ബുക്ക് പേജിലും വരുന്ന 'റിലീസ്' പോസ്റ്റ് വഴിയാണ് സിനിമാസ്വാദകരില്‍ എത്തിക്കുന്നത്.
എം സോണ്‍ ഒഫീഷ്യല്‍ സൈറ്റ് : malayalamsubtitles.org