മമ്മൂട്ടിയുടെ ബിഗ് ബജറ്റ് ചിത്രം മാമാങ്കം ഡിസംബര്‍ 12ന് തിയറ്ററുകളിലെത്തുമ്പോള്‍ ആശംസകളുമായി മോഹന്‍ലാല്‍. വ്യക്തിപരമായ ആത്മബന്ധം പുലര്‍ത്തുമ്പോള്‍ മലയാള സിനിമയില്‍ മത്സരിക്കുന്ന മോഹന്‍ലാലും മമ്മൂട്ടിയും പുതിയ റിലീസുകളുടെ സമയത്ത് പരസ്പരം ആശംസകളുമായി എത്താറുള്ളത് അപൂര്‍വമാണ്. മാമാങ്കം മലയാളത്തിന്റെ ഉത്സവമായിത്തീരാന്‍ ആശംസകള്‍ നേരുന്നുവെന്നാണ് മോഹന്‍ലാല്‍ ഫേസ്ബുക്കില്‍ കുറിച്ചത്.
ലോകരാജ്യങ്ങൾ നമ്മുടെകേരളത്തിലേക്കൊഴുകിയെത്തിയ ഒരു മാമാങ്കകാലമുണ്ടായിരുന്നു, പറഞ്ഞും പറയാതെയും നിറം മങ്ങിപ്പോയ പഴമയിലേക്ക് വെളിച്ചം വീശുന്ന ഒരു ദേശത്തിൻ്റെവീരചരിത്രകഥകൾ വെള്ളിത്തിരയിലെത്തുകയാണ് ഡിസംബർ 12ന്..മാമാങ്കം മലയാളത്തിൻ്റെ ഉത്സവമായിത്തീരാൻ എല്ലാവിധ ആശംസകളും നേരുന്നു.. മോഹന്‍ലാല്‍
ചരിത്രത്തില്‍ ഇടം കിട്ടാതെ പോയ ചാവേര്‍ പോരാളികള്‍ക്കുള്ള ആദരമായാണ് എം പദ്കുമാറിന്റെ സംവിധാനത്തില്‍ മാമാങ്കം തിയറ്ററുകളിലെത്തുന്നത്. എറണാകുളത്ത് ഇരുപതേക്കറില്‍ ഒരുക്കിയ സെറ്റില്‍ രണ്ടായിരത്തോളം ആര്‍ട്ടിസ്റ്റുകളാണ് പോരാളികളായി അഭിനയിച്ചത്. ബോളിവുഡിലെ മുന്‍ നിര ആക്ഷന്‍ കൊറിയോഗ്രഫര്‍ ശ്യാം കൗശല്‍ ആയിരുന്നു ആക്ഷന്‍ കൊറിയോഗ്രഫി.
മമ്മൂട്ടി ഇതുവരെ ചെയ്തതില്‍ ഏറ്റവും ഉയര്‍ന്ന ബജറ്റും മാമാങ്കത്തിന്റേതാണ്. മലയാളത്തിനൊപ്പം തമിഴ്, തെലുങ്ക്, ഹിന്ദി പതിപ്പുകളിലാണ് റിലീസ്. മാമാങ്കം ചന്തയും പടനിലവും നിലപാട് തറയും കൂറ്റന്‍ കൊട്ടാരക്കെട്ടുകളും തറവാടും പടയാളികളുടെ വീടുകളുമാണ് സെറ്റിട്ടത്. കൊച്ചിയിലെ നെട്ടൂരിന് പുറമേ കണ്ണൂരിലെ ആറളം, കളമശേരി, വരിക്കാശേരി മന, ആതിരപ്പിള്ളി, വാഗമണ്‍ എന്നിവിടങ്ങളിലും മാമാങ്കം ചിത്രീകരിച്ചിരുന്നു. കാടുകളില്‍ പ്രധാനമായും ആക്ഷന്‍ രംഗങ്ങളാണ് ചിത്രീകരിച്ചത്.
മമ്മൂട്ടിയുടെ കഥാപാത്രം ആരെന്നത് വെളിപ്പെടുത്തിയിട്ടില്ല. മനോജ് പിള്ള ക്യാമറയും, ശ്യാം കൗശല്‍ ആക്ഷന്‍ കൊറിയോഗ്രഫിയും കൈകാര്യം ചെയ്തിരിക്കുന്നു. മലയാളത്തിന് പുറമേ തമിഴ്, തെലുങ്ക്, ഹിന്ദി പതിപ്പുകളില്‍ സിനിമ തിയറ്ററുകളിലെത്തും. മലയാളത്തില്‍ ഇതേവരെ നിര്‍മിച്ചിട്ടുള്ള ചിത്രങ്ങളില്‍ ഏറ്റവും ചെലവേറിയ ചിത്രമാണ് മാമാങ്കം. കാവ്യ ഫിലിംസിന്റെ ബാനറില്‍ വേണു കുന്നപ്പിള്ളി നിര്‍മിക്കുന്ന് ചിത്രത്തില്‍ സിദ്ധിഖ്, തരുണ്‍ അറോറ, സുദേവ് നായര്‍, മണികണ്ഠന്‍, സുരേഷ് കൃഷ്ണ, തുടങ്ങിയവര്‍ പ്രധാന വേഷങ്ങളിലെത്തുന്നു. അനു സിതാര, പ്രചി തേലാന്‍, കനിഹ,ഇനിയ എന്നിവരാണ് ചിത്രത്തിലെ നായികമാര്‍.
ഡിസംബറില്‍ രണ്ട് മമ്മൂട്ടി ചിത്രങ്ങളാണ് എത്തുന്നത്. മാമാങ്കത്തിന് പുറമേ അജയ് വാസുദേവ് സംവിധാനം ചെയ്ത ഷൈലോക്ക് ക്രിസ്മസ് റിലീസാണ്.
‘ദ ക്യു’ ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം