മോഹന്‍ലാലിനും പ്രിയദര്‍ശനും സ്വപ്‌ന ചിത്രമാണ് മരക്കാര്‍ അറബിക്കടലിന്റെ സിംഹം. നാലിലേറെ ഭാഷകളില്‍ 100 കോടി ബജറ്റില്‍ ഒരുങ്ങുന്ന മലയാളത്തിലെ ഏറ്റവും ചെലവേറിയ പീരിഡ് ഡ്രാമ. കുഞ്ഞാലിമരക്കാര്‍ നാലാമനായി മോഹന്‍ലാലിന്റെ ഗെറ്റപ്പ് വന്നപ്പോള്‍ യേശുവിനെ പോലെ ഉണ്ടെന്ന് പലരും പറഞ്ഞതായി പ്രിയദര്‍ശന്‍.
കുഞ്ഞാലിമരക്കാര്‍ 53ാം വയസില്‍ മരിച്ചതായാണ് അറിയപ്പെടുന്നത്. സ്‌ക്രീന്‍ ഏജ് നോക്കിയാല്‍ മരക്കാര്‍ മോഹന്‍ലാലിന് ഏറ്റവും അനുയോജ്യമായ കഥാപാത്രമാണ്. മരക്കാറിനെയും വേലുത്തമ്പി ദളവയെയും പോലുള്ള ചരിത്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുമ്പോള്‍ ഓറ മോഹന്‍ലാലിന് ഉണ്ട്. ഈ കഥാപാത്രമാകാന്‍ ലാലിനുണ്ടായ ഉത്സാഹമാണ് ഏറ്റവും പ്രധാനമായി ഞാന്‍ കണ്ടത്. പ്രിയദര്‍ശന്‍ പറയുന്നു. ടൈംസ് ഓഫ് ഇന്ത്യ അഭിമുഖത്തിലാണ് പ്രിയദര്‍ശന്‍ മരക്കാറിനെ കുറിച്ച് സംസാരിച്ചത്.
ഊട്ടിയില്‍ ഹിന്ദി സിനിമയുടെ ചിത്രീകരണത്തിലാണ് പ്രിയദര്‍ശന്‍.തമിഴിലെ മുന്‍നിര നിര്‍മ്മാതാക്കളായ വി ക്രിയേഷന്‍സ് കലൈപുലി താണുവാണ് മരക്കാര്‍ തമിഴില്‍ പ്രദര്‍ശനത്തിന് എത്തിക്കുന്നത്. മാര്‍ച്ച് 26നാണ് മരക്കാര്‍ വേള്‍ഡ് റിലീസ്.
2020ലും മോഹന്‍ലാല്‍ എല്ലാ റെക്കോര്‍ഡുകളും ഭേദിക്കുന്ന വിജയം ലക്ഷ്യമിടുന്നുവെന്ന സൂചന നല്‍കുകയാണ് മരക്കാര്‍ അഞ്ച് ഭാഷകളിലായി 5000 സ്‌ക്രീനുകളിലാണ് സിനിമയുടെ വേള്‍ഡ് റിലീസ്. മലയാളത്തിന് പുറമേ ചൈനീസ്, ഹിന്ദി, തമിഴ്, തെലുങ്ക്, തമിഴ് പതിപ്പുകള്‍.
ടി ദാമോദരന്‍ മാഷാണ് കുഞ്ഞാലിമരക്കാര്‍ എന്ന സിനിമയുടെ ചിന്ത എന്നില്‍ മുളപ്പിക്കുന്നത്. അതിനൊരു തിരക്കഥാരൂപം ഉണ്ടായിരുന്നു. കുഞ്ഞാലി മരക്കാരുടെ ഞാന്‍ വായിച്ചതും മനസിലാക്കിയതുമായ ചരിത്രം അവ്യക്തകള്‍ നിറഞ്ഞതായിരുന്നു, പ്രിയദര്‍ശന്‍ പറയുന്നു.
അറേബ്യന്‍ ചരിത്രത്തില്‍ മരക്കാര്‍ ദൈവതുല്യനും യൂറോപ്യന്‍ ചരിത്രത്തില്‍ അദ്ദേഹം മോശക്കാരനുമാണ്. ഞാന്‍ മൂന്നാം ക്ലാസില്‍ കുഞ്ഞാലിമരക്കാര്‍ എന്നൊരു പാഠം പഠിച്ചിട്ടുണ്ട്. അന്ന് മുതല്‍ എന്റെ മനസിലൂടെ വളര്‍ന്നൊരു ഹീറോയുണ്ട്. എന്നെ സംബന്ധിച്ചിടത്തോളം വലിയ ഹീറോ. എന്റെ കുഞ്ഞാലിമരക്കാര്‍ ആണത്. എന്ത് വിമര്‍ശനം വന്നാലും, നാളെ വരുമെന്നറിയാം. ഇതൊരു സെമി ഫിക്ഷനല്‍ സിനിമയാണ്.പ്രിയദര്‍ശന്‍.
ചരിത്രത്തിന് വേണ്ടിയൊരുക്കുന്ന സിനിമയല്ല, ആളുകളെ രസിപ്പിക്കുന്ന സിനിമ ആയിരിക്കും കുഞ്ഞാലിമരക്കാര്‍. ഇത് പ്രിയദര്‍ശന്റെ കുഞ്ഞാലിമരക്കാര്‍ ആണെന്നും സംവിധായകന്‍.
മരക്കാര്‍ അറബിക്കടലിന്റെ സിംഹം ഓവര്‍സീസ് അവകാശം റെക്കോര്‍ഡ് തുകയ്ക്ക് ആണ് വിറ്റുപോയത്. ഗള്‍ഫ് മേഖലയിലെ വമ്പന്‍മാരായ ഫാര്‍സ് ഫിലിംസാണ് പ്രിയദര്‍ശന്‍ സിനിമയുടെ ഓവര്‍സീസ് റൈറ്റ്സ് സ്വന്തമാക്കിയത്. സിനിമയുടെ ഓവര്‍സീസ് റൈറ്റ്സ് അഹമ്മദ് കോച്ലിന്‍ നേതൃത്വം നല്‍കുന്ന ഫാര്‍സിന് നല്‍കിയതായി നിര്‍മ്മാതാവ് ആന്റണി പെരുമ്പാവൂരും അറിയിച്ചു.