ഡിജിറ്റല്‍ റിലീസിന് മലയാളത്തില്‍ നിന്ന് കൂടുതല്‍ സിനിമകള്‍ തയ്യാറെടുക്കുമ്പോള്‍ തിയറ്ററുകളെ ഒഴിവാക്കി റിലീസ് ആലോചിക്കുന്നേയില്ലെന്ന് ആസിഫലി ചിത്രം കുഞ്ഞെല്‍ദോയുടെ നിര്‍മ്മാതാക്കള്‍. ഡിജിറ്റല്‍ റിലീസിനെ എതിര്‍ക്കേണ്ടതില്ലെന്ന നിലപാട് വ്യക്തമാക്കിയാണ് തങ്ങളുടെ പുതിയ ചിത്രം തിയറ്റര്‍ റിലീസാണ് ആഗ്രഹിക്കുന്നതെന്ന് ലിറ്റില്‍ ബിഗ് ഫിലിംസ് സാരഥികളായ സുവിന്‍ വര്‍ക്കിയും പ്രശോഭ് കൃഷ്ണയും വ്യക്തമാക്കുന്നത്. സ്ട്രീമിംഗ് പ്ലാറ്റ്‌ഫോമുകള്‍ സുപരിചിതമാകുന്നത് മുമ്പേ തിയറ്ററുകള്‍ക്ക് സമാന്തരമായി ഓണ്‍ലൈന്‍ റിലീസിന് തീരുമാനമെടുത്ത കമല്‍ഹാസനെ പ്രശംസിച്ചാണ് കുഞ്ഞെല്‍ദോ നിര്‍മ്മാതാക്കളുടെ വാര്‍ത്താക്കുറിപ്പ്.
കുഞ്ഞെല്‍ദോ ഞങ്ങളുടെ കൂട്ടുകാരന്റെ ചെറുത്തുനില്‍പ്പിന്റെ കഥയാണ്. എല്ലാം നഷ്ടപ്പെട്ടവന്‍ ജീവിതം തിരിച്ചുപിടിച്ച കഥ. തിയറ്ററുകളിലെ നിറഞ്ഞ കയ്യടികള്‍ക്കിടയില്‍ കാണുമ്പോള്‍ കിട്ടുന്ന രോമാഞ്ചം ആണ് ഞങ്ങള്‍ സ്വ്പ്‌നം കണ്ടത്. സിനിമ സ്വപ്‌നം കാണുന്നവന്റെയാണ്. കുഞ്ഞെല്‍ദോ ഡയറക്ട് ഒടിടി റിലീസ് ഇല്ല.
ലിറ്റില്‍ ബിഗ് ഫിലിംസ് സാരഥികള്‍ വ്യക്തമാക്കുന്നു. തിയറ്ററുടമകളെ നിശിതമായി വിമര്‍ശിച്ചാണ് കുഞ്ഞെല്‍ദോ നിര്‍മ്മാതാക്കളുടെ വാര്‍ത്താക്കുറിപ്പ്. മികച്ച നിലവാരമുള്ള നോണ്‍ കമേഴ്‌സ്യല്‍ സിനിമകള്‍ക്ക് പ്രദര്‍ശനം തുടരാന്‍ സൗകര്യമൊരുക്കുന്ന ഒരു തിയറ്ററുടമയെ പോലും കണ്ടിട്ടില്ല. ഡിജിറ്റല്‍ റിലീസ് ചലച്ചിത്രമേഖലയ്ക്ക് കൂടുതല്‍ സ്വാതന്ത്ര്യവും സാധ്യതയും നല്‍കുന്നതാണ്. വൈകിയാണെങ്കിലും തിയറ്ററുടമകള്‍ക്ക് ഇത് അംഗീകരിക്കേണ്ടി വരും. താരമൂല്യമില്ലാത്ത സിനിമകള്‍ പ്രദര്‍ശിപ്പിക്കാനും തിയറ്ററുകള്‍ തയ്യാറല്ല. കുഞ്ഞിരാമായണം, കല്‍ക്കി, എബി എന്നീ സിനിമകളുടെ നിര്‍മ്മാതാക്കളാണ് ലിറ്റില്‍ ബിഗ് ഫിലിംസ്.