സ്ത്രീശാക്തീകരണത്തിന്റെ ഭാഗമായി ചലച്ചിത്ര വികസന കോര്‍പ്പറേഷന്‍ തെരഞ്ഞെടുത്ത രണ്ട് വനിതാ സംവിധായകരുടെ സിനിമകള്‍ മാര്‍ച്ചില്‍ തുടങ്ങും. 60 മത്സരാര്‍ത്ഥികളില്‍ നിന്ന് രണ്ട് വനിതാ സംവിധായകരെ തെരഞ്ഞെടുത്തതിന് ശേഷമുണ്ടായ വിവാദങ്ങള്‍ വേദനിപ്പിച്ചെന്ന് കെഎസ്എഫ്ഡിസി ചെയര്‍മാനും സംവിധായകനുമായ ഷാജി എന്‍ കരുണ്‍ കൊച്ചിയില്‍ പറഞ്ഞു.
20192020 ബജറ്റിലാണ് ഒന്നരക്കോടി രൂപയ്ക്ക് രണ്ട് വനിതാ സംവിധായകരുടെ സിനിമകള്‍ നിര്‍മ്മിക്കുമെന്ന് സര്‍ക്കാര്‍ പ്രഖ്യാപിച്ചത്. 2019 ഓഗസ്റ്റില്‍ ചലച്ചിത്ര വികസന കോര്‍പ്പറേഷന്‍ അപേക്ഷകരില്‍ നിന്ന് സംവിധായകരെ കണ്ടെത്താന്‍ പ്രമുഖ സംവിധായകനും തിരക്കഥാകൃത്തുമായ രഘുനാഥ് പലേരി ചെയര്‍മാനായ ജൂറിയെ നിയോഗിച്ചു.
താരാ രാമാനുജന്‍, മിനി ഐ ജി എന്നിവരെയാണ് ജൂറി തെരഞ്ഞെടുത്തത്. ജൂറിയുടെ തെരഞ്ഞെടുപ്പിനെതിരെയും നടപടിക്രമങ്ങളെയും ചോദ്യം ചെയ്ത് അപേക്ഷകരില്‍ ചിലര്‍ ഹൈക്കോടതിയെ സമീപിച്ചതാണ് സിനിമ തുടങ്ങാന്‍ വൈകിയതെന്നും ഷാജി എന്‍ കരുണ്‍ കൊച്ചിയില്‍ പറഞ്ഞു. കാന്‍ ചലച്ചിത്രമേള ഉള്‍പ്പെടെ പ്രധാന ഫിലിം ഫെസ്റ്റിവലുകളിലേക്ക് ഈ സംവിധായകരുടെ സിനിമ എത്തിക്കണമെന്ന ആഗ്രഹവും ചലച്ചിത്ര വികസന കോര്‍പ്പറേഷന് ഉണ്ടായിരുന്നു. വിവാദങ്ങള്‍ മൂലം സിനിമാ നിര്‍മ്മാണം വൈകിയത് അത്തരം സാഹചര്യം നഷ്ടപ്പെടുത്തിയെന്നും ഷാജി എന്‍ കരുണ്‍.
സുതാര്യമായ വിധിനിര്‍ണയമാണ് നടന്നതെന്നും സംവിധായകരില്‍ നിന്ന് പൂര്‍ണമായി തിരക്കഥ വായിച്ച് കേട്ടില്ലെന്ന ആരോപണം അടിസ്ഥാന രഹിതമാണെന്നും ദീദി ദാമോദരന്‍ പറഞ്ഞു. മത്സരാര്‍ത്ഥികള്‍ തിരക്കഥ അവതരിപ്പിച്ച സമയം മുതല്‍ പൂര്‍ത്തിയാക്കിയ സമയം വരെ കൃത്യമായി രേഖപ്പെടുത്തിയിരുന്നു. കൊച്ചിയില്‍ നടന്ന വാര്‍ത്താസമ്മേളനത്തില്‍ ഷാജി എന്‍ കരുണിനെ കൂടാതെ കെഎസ്എഫ്ഡിസി എംഡി എന്‍ മായ, ജൂറി അംഗങ്ങളായ ദീദി ദാമോദരന്‍, കുക്കു പരമേശ്വരന്‍, ഫൗസിയ ഫാത്തിമ, മനീഷ് നാരായണന്‍ എന്നിവരും പങ്കെടുത്തു.
രണ്ട് വനിതാ സംവിധായകരെ തെരഞ്ഞെടുത്തതിനെതിരെ ഹൈക്കോടതിയിലും പിന്നീട് സുപ്രീം കോടതിയിലുമായി സമര്‍പ്പിച്ച ഹര്‍ജികള്‍ തള്ളിയിരുന്നു. രഘുനാഥ് പലേരി, ദീദി ദാമോദരന്‍, കുക്കു പരമേശ്വരന്‍, ഫൗസിയ ഫാത്തിമ, മനീഷ് നാരായണന്‍ എന്നിവരായിരുന്നു ജൂറി അംഗങ്ങള്‍. അറുപത് പേര്‍ പങ്കെടുത്തതില്‍ നിന്നാണ് മൂന്ന് പേരുടെ ചുരുക്കപ്പട്ടികയിലെത്തി. വിഖ്യാത തിരക്കഥാകൃത്ത് അന്‍ജും രജബാലിയുടെ നേതൃത്വത്തിലുള്ള വിലയിരുത്തലിന് ശേഷമാണ് രണ്ട് ഫൈനലിസ്റ്റുകളിലേക്ക് എത്തിയത്.