അടുത്ത വർഷം മുതലെങ്കിലും മികച്ച നടിക്കുള്ള കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരം നടി പി.കെ റോസിയുടെ പേരില്‍ നാമകരണം ചെയ്യണമെന്ന് കനി കുസൃതി. തിരുവനന്തപുരത്ത് വെച്ച് നടന്ന 50-ാമത് സംസ്ഥാന ചലച്ചിത്ര പുരസ്കാര വേദിയിൽ വെച്ചായിരുന്നു കനി കുസൃതി പുരസ്കാരത്തിന്‍റെ പേര് മാറ്റം ആവശ്യപ്പെട്ടത്. പുരസ്കാരം പി.കെ റോസിക്ക് സമര്‍പ്പിക്കുന്നുവെന്ന് കനി മുൻപും പ്രഖ്യപിച്ചിരുന്നു. സജിന്‍ ബാബു സംവിധാനം ചെയ്ത ബിരിയാണി എന്ന ചിത്രത്തിലെ അഭിനയത്തിനാണ് കനി മികച്ച നടിക്കുളള പുരസ്കാരത്തിന് അർഹയായത്. ബിരിയാണിയിലെ പ്രകടനത്തിന് 42-ാമത് മോസ്‌കോ ഫിലിം ഫെസ്റ്റിവല്‍ ബ്രിക്‌സ് മത്സര വിഭാഗത്തിലും മികച്ച നടിയായി കനി കുസൃതി തിരഞ്ഞെടുക്കപ്പെട്ടിരുന്നു.
റഹ്മാന്‍ ബ്രദേഴ്സ് സംവിധാനം ചെയ്ത 'വാസന്തി'യാണ് മലയാളത്തിലെ മികച്ച ചിത്രമായി തിരഞ്ഞെടുക്കപ്പെട്ടത്. സംവിധായകരായ സഹോദരങ്ങൾ ഷിനോസ് റഹ്മാനും സജാസ് റഹ്മാനും ചേർന്ന് പുരസ്കാരം സ്വീകരിച്ചു. സുരാജ് വെഞ്ഞാറമൂടാണ് മികച്ച നടൻ. ലിജോ ജോസ് പെല്ലിശ്ശേരി ആണ് മികച്ച സംവിധായകന്‍. സ്വഭാവ നടനുള്ള പുരസ്കാരം നേടിയ ഫഹദ് ഫാസിലും ജെ.സി.ഡാനിയേൽ പുരസ്കാരം നേടിയ സംവിധായകൻ ഹരിഹരനും കോവിഡ് സാഹചര്യം മൂലം ചടങ്ങിൽ പങ്കെടുക്കാനായില്ല. പ്രത്യേക ജൂറി പരാമർശം നേടിയ അന്തരിച്ച സംഗീത സംവിധായകൻ ദക്ഷിണാമൂർത്തിക്കു വേണ്ടി സംവിധായകൻ സേതു ഇയ്യാളാണ് പുരസ്കാരം ഏറ്റുവാങ്ങിയത്.
ജനപ്രിയ സിനിമയായ കുമ്പളങ്ങി നൈറ്റ്സിന്റെ നിർമാതാവെന്ന നിലയിലും ഫഹദിനും ഭാര്യ നസ്രിയയ്ക്കും ദിലീഷ് പോത്തനും പുരസ്കാരമുണ്ടായിരുന്നു. ഇവർക്കുളള പുരസ്കാരം ശ്യാം പുഷ്കരൻ ഏറ്റുവാങ്ങി. രണ്ടാമത്തെ മികച്ച ചിത്രമായ കെഞ്ചിരയുടെ സംവിധായകനും നിർമാതാവുമായ മനോജ് കാന ഇരട്ട പുരസ്കാരങ്ങൾ സ്വീകരിച്ചു. ശ്രുതി രാമചന്ദ്രൻ, നടൻ നിവിൻ പോളി, നടിമാരായ അന്ന ബെൻ, പ്രിയംവദ കൃഷ്ണൻ, ഛായാഗ്രാഹകൻ പ്രതാപ് പി.നായർ, തിരക്കഥാകൃത്ത് പി.എസ്.റഫീഖ്, കഥാകൃത്ത് ഷാഹുൽ അലിയാർ, ചിത്ര സംയോജകൻ കിരൺ ദാസ്, കലാസംവിധായകൻ ജ്യോതിഷ് ശങ്കർ തുടങ്ങിയവരും പുരസ്കാരങ്ങൾ ഏറ്റുവാങ്ങി.