പൃഥ്വിരാജ് സുകുമാരന്‍, മഞ്ജു വാര്യര്‍, ആസിഫലി, അന്ന ബെന്‍ എന്നീ താരനിരയുമായി വേണു സംവിധാനം ചെയ്യുന്ന സിനിമ. ജി ആര്‍ ഇന്ദുഗോപന്റെ ശംഖുമുഖി എന്ന കഥയാണ് കാപ്പ എന്ന പേരില്‍ ചിത്രമാകുന്നത്. ജി ആര്‍ ഇന്ദുഗോപനാണ് തിരക്കഥയും സംഭാഷണവും. ഫെഫ്ക റൈറ്റേഴ്‌സ് യൂണിയനാണ് ചിത്രം അവതരിപ്പിക്കുന്നത്.
കൊട്ടമധു എന്ന തിരുവനന്തപുരത്തുകാരന്‍ ഗുണ്ടാ നേതാവിന്റെ റോളിലാണ് പൃഥ്വിരാജ് സുകുമാരന്‍. സാനു ജോണ്‍ വര്‍ഗീസ് ക്യാമറയും, മഹേഷ് നാരായണന്‍ എഡിറ്റിംഗും ജസ്റ്റിന്‍ വര്‍ഗീസ് സംഗീത സംവിധാനവും നിര്‍വഹിക്കും.
തിയറ്റര്‍ ഓഫ് ഡ്രീംസിന്റെ ബാനറില്‍ സംവിധായകനും തിരക്കഥാകൃത്തുമായ ജിനു വി എബ്രഹാം, ദിലീഷ് നായര്‍, ഡോള്‍വിന്‍ കുര്യാക്കോസ് എന്നിവരാണ് നിര്‍മ്മാതാക്കള്‍. ദിലീപ് നാഥ് പ്രൊഡക്ഷന്‍ ഡിസൈന്‍. സമീറ സനീഷാണ് വസ്ത്രാലങ്കാരം. ദയ, മുന്നറിയിപ്പ്, കാര്‍ബണ്‍, രാച്ചിയമ്മ എന്നീ സിനിമകള്‍ക്ക് ശേഷം വേണു സംവിധാനം ചെയ്യുന്ന ചിത്രമാണ് കാപ്പ.
കേരള ആന്റി സോഷ്യല്‍ ആക്ടിവിറ്റീസ് പ്രിവന്‍ഷന്‍ ആക്ട് എന്നതിന്റെ ചുരുക്കമാണ് കാപ്പ. ഗുണ്ടാ നിയമം എന്നും അറിയപ്പെടുന്നു. നടന്‍ നന്ദുവിന്റെ ശബ്ദത്തിലുള്ള മോഷന്‍ ടീസറിലെ ഡയലോഗ് സിനിമയുടെ പ്രമേയത്തെക്കുറിച്ച് സൂചന നല്‍കുന്നുണ്ട് ' 'കേരളത്തില് കാപാ എന്നൊരു നിയമമുണ്ട്. ഗുണ്ടാ ആക്ട് എന്നും പറയും. നാല് കൊല്ലം മുമ്പ് എറണാകുളത്ത് പ്രമാദമായ ഒരു കേസുണ്ടായില്ലേ, അപ്പോ നമ്മുടെ മുഖ്യമന്ത്രി പിണറായി സാറ് കാപാ ലിസ്റ്റ് പുതുക്കാന്‍ ഇന്റലിജന്‍സിനോട് ആവശ്യപ്പെട്ടു. അതില്‍ 2011 ഗുണ്ടകളുടെ ലിസ്റ്റ് ഉണ്ടാക്കി. അതില്‍ 237 പേര് നമ്മുടെ ഈ തിരുവനന്തപുരത്ത് ഉള്ളവരായിരുന്നു.''
ദ റിംഗ് ഓഫ് ഡെത്ത് എന്നാണ് സിനിമയുടെ ടാഗ് ലൈന്‍. ചെങ്കല്‍ച്ചൂള ശംഖുമുഖി പൂര്‍ണമായും തിരുവനന്തപുരം വാഴുന്ന അധോലോകത്തെ കേന്ദ്രീകരിച്ച് നടക്കുന്ന കഥയാണ്. കഥയില്‍ നിന്ന് മാറ്റങ്ങളോടെയാണ് സിനിമ.
ഫെഫ്ക റൈറ്റേഴ്സ് യൂണിയൻ നിർമ്മാണ പങ്കാളിയാവുന്ന പ്രഥമ ചലച്ചിത്രനിർമ്മാണ സംരംഭമാണു “കാപ്പ” അംഗങ്ങളുടെ ക്ഷേമ പ്രവർത്തനത്തിനുള്ള ഫണ്ട് സ്വരൂപിക്കുന്നതിന്റെ ഭാഗമായിതിയേറ്റർ ഓഫ് ഡ്രീംസ് എന്ന ചലച്ചിത്രനിർമ്മാണ കമ്പനിയുമായ് ചേർന്നാണു റൈറ്റേഴ്സ് യൂണിയൻ നിർമ്മാണ പങ്കാളിയാവുന്നത്.
തിരുവനന്തപുരം, എന്റെ നഗരത്തിന്റെ കഥ, അഭിമാനത്തോടെ കാപയുടെ ഭാഗമാകുന്നുവെന്നാണ് പൃഥ്വിരാജ് ഫേസ്ബുക്കില്‍ കുറിച്ചത്. മികച്ച പ്രകടനങ്ങളിലൊന്നായി കണക്കാക്കുന്ന ദയക്ക് ശേഷം മഞ്ജു വാര്യര്‍ വേണുവിന്റെ സംവിധാനത്തില്‍ അഭിനയിക്കുന്ന ചിത്രവുമാണ് കാപ്പ