ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേറ്റരുടെ ഏകാധിപത്യനീക്കങ്ങള്‍ക്കെതിരെ നിലപാടെടുത്ത നടന്‍ പൃഥ്വിരാജ് സുകുമാരനെതിരെ വ്യക്തിഹത്യയുമായി സംഘപരിവാര്‍ നിയന്ത്രണത്തിലുള്ള ജനം ടി.വി. പൃഥ്വിരാജിനെയും പിതാവും നടനുമായ സുകുമാരനെയും അധിക്ഷേപിച്ചും വ്യക്തിഹത്യ നടത്തിയുമാണ് ചാനല്‍ ചീഫ് എഡിറ്റര്‍ ജി.കെ സുരേഷ് ബാബുവിന്റെ ലേഖനം.
ലക്ഷദ്വീപിനുവേണ്ടി പൃഥ്വിരാജ് കണ്ണീരൊഴുക്കി രംഗത്തു വരുമ്പോള്‍ അതിനു പിന്നില്‍ ജിഹാദികളുടെ കുരുമുളക് സ്പ്രേ ആണെന്ന് മനസ്സിലാക്കാന്‍ വലിയ പാണ്ഡിത്യമൊന്നും വേണ്ടെന്ന് സുരേഷ് ബാബു. കഴിഞ്ഞ കുറച്ചുകാലമായി ജിഹാദികള്‍ക്കും ഭീകരര്‍ക്കും വേണ്ടി പൃഥ്വിരാജ് കണ്ണീരൊഴുക്കാന്‍ തുടങ്ങിയിട്ട്. ഒരു നടന്‍ എന്ന നിലയിലും അഭിനേതാവ് എന്ന നിലയിലും പൃഥ്വിരാജിനോട് സ്നേഹവും ആദരവുമുണ്ട്. ദേശീയകാര്യങ്ങളിലും ഭരണപരമായ കാര്യങ്ങളിലും പൃഥ്വിരാജ് കുരയ്ക്കുന്നത് ആര്‍ക്കുവേണ്ടിയാണെന്ന് ഇപ്പോള്‍ എല്ലാവര്‍ക്കും അറിയാമെന്നും ചാനലിന്റെ വെബ് സൈറ്റിലുള്ള ലേഖനത്തില്‍ സുരേഷ് ബാബു.
ലേഖനത്തിലെ ഒരു ഭാഗം
പൃഥ്വിരാജിനോട് ഞാന്‍ അടക്കമുള്ള മലയാളികള്‍ക്ക് ഉള്ള സ്നേഹം പൗരുഷവും തന്റേടവുമുള്ള സുകുമാരന്റെ മകന്‍ എന്ന നിലയിലാണ്. സുകുമാരന്റെ മൂത്രത്തില്‍ ഉണ്ടായ പൗരുഷമെങ്കിലും പൃഥ്വിരാജ് കാട്ടണം. രാജ്യവിരുദ്ധ ശക്തികള്‍ക്കൊപ്പം പൃഥ്വിരാജ് കുരച്ചു ചാടുമ്പോള്‍ നല്ല നടനായ സുകുമാരനെ ആരെങ്കിലും ഓര്‍മ്മിപ്പിച്ചാല്‍ അത് പിതൃസ്മരണയായിപ്പോകും. നാലു സിനിമാ അവസരങ്ങള്‍ക്കു വേണ്ടി സ്വന്തം പിതൃസ്മരണ നടത്താന്‍ മറ്റുള്ളവര്‍ക്ക് അവസരം കൊടുക്കരുതേ എന്ന അഭ്യര്‍ത്ഥനയാണ് പൃഥ്വിരാജിനോടുള്ളത്. മറ്റു പലരും ഇത്തരത്തിലുള്ള ഒരു പരാമര്‍ശം പോലും അര്‍ഹിക്കുന്നില്ല. പിന്നെ പൃഥ്വിരാജല്ല, ആര് ചാടിയാലും ലക്ഷദ്വീപ് എന്നല്ല, ഇന്ത്യയുടെ ഒരു ഭാഗവും ഇനി ജിഹാദികള്‍ക്ക് കിട്ടില്ല.
സമാധാനപരമായി നൂറ്റാണ്ടുകളായി പിന്തുടരുന്ന ജീവിതരീതിയെ തടസ്സപ്പെടുത്തുന്നത് എങ്ങിനെ പുരോഗമനത്തിന്റെ സ്വീകാര്യമായ മാര്‍ഗമായി മാറും. പ്രത്യാഘാതങ്ങളെ പരിഗണിക്കാതെ അതിലോലമായ ദ്വീപിന്റെ ആവാസവ്യവസ്ഥയുടെ സന്തുലിതാവസ്ഥയെ തകര്‍ക്കുന്നത് എങ്ങനെ സുസ്ഥിര വികസനത്തിന് വഴിയൊരുക്കും.പൃഥ്വിരാജ് സുകുമാരന്‍
പൃഥ്വിരാജ് ഫേസ്ബുക്കില്‍
ലക്ഷദ്വീപില്‍ നടക്കുന്ന ഭരണ പരിഷ്‌കരണങ്ങളില്‍ അവിടുത്തെ ജനങ്ങള്‍ സംതൃപ്തരല്ലെന്നാണ് അവിടെയുള്ള സുഹൃത്തുക്കളുമായി സംസാരിച്ചതില്‍ നിന്ന് മനസിലായതെന്ന് പൃഥ്വിരാജ് പറഞ്ഞു.
''നിയമങ്ങളും പരിഷ്‌കരണങ്ങളും ഒരു പ്രദേശത്തിന് വേണ്ടി മാത്രമല്ല അവിടുത്തെ ജനങ്ങള്‍ക്ക് കൂടി വേണ്ടിയാണ്. രാഷ്ട്രീയമോ ഭൂമിശാസ്ത്രമോ ആയ അതിര്‍ത്തികളല്ല ഒരു രാജ്യത്തെയോ, സംസ്ഥാനത്തെയോ, കേന്ദ്ര ഭരണ പ്രദേശത്തയോ ഉണ്ടാക്കുന്നത്. അത് അവിടെ ജീവിക്കുന്ന ജനങ്ങളാണ്.
സമാധാനപരമായി നൂറ്റാണ്ടുകളായി പിന്തുടരുന്ന ജീവിതരീതിയെ തടസ്സപ്പെടുത്തുന്നത് എങ്ങിനെ പുരോഗമനത്തിന്റെ സ്വീകാര്യമായ മാര്‍ഗമായി മാറും. പ്രത്യാഘാതങ്ങളെ പരിഗണിക്കാതെ അതിലോലമായ ദ്വീപിന്റെ ആവാസവ്യവസ്ഥയുടെ സന്തുലിതാവസ്ഥയെ തകര്‍ക്കുന്നത് എങ്ങനെ സുസ്ഥിര വികസനത്തിന് വഴിയൊരുക്കും.
എനിക്ക് നമ്മുടെ സിസ്റ്റത്തില്‍ വിശ്വാസമുണ്ട്. അതിലേറെ വിശ്വാസം ജനങ്ങളിലുമുണ്ട്. നാമനിര്‍ദേശം ചെയ്യപ്പെട്ട ഒരു ഭരണാധികാരി എടുക്കുന്ന തീരുമാനത്തില്‍ ഒരു സമൂഹം മുഴുവന്‍ അസംതൃപ്തരാകുമ്പോള്‍, പ്രത്യേകിച്ച് അദ്ദേഹത്തിന്റെ നിയമനത്തില്‍ ജനങ്ങള്‍ക്ക് ഒരു ശബ്ദവുമില്ലാതിരിക്കുമ്പോള്‍ അവരത് ലോകത്തിന്റെ ശ്രദ്ധയില്‍ കൊണ്ടുവരാന്‍ ശ്രമിക്കും.
അതുകൊണ്ട് ലക്ഷദ്വീപ് ജനതയുടെ ശബ്ദം നിങ്ങള്‍ കേള്‍ക്കണം. അവര്‍ക്കാണ് അവരുടെ ഭൂമിക്ക് എന്താണ് വേണ്ടത് എന്ന് അറിയുക. ഈ ലോകത്തിലെ തന്നെ ഏറ്റവും മനോഹരമായ പ്രദേശങ്ങളിലൊന്നാണ് അത്. അതിലും മനോഹരമായ ജനതയാണ് അവിടുത്തേത്,'' പൃഥ്വിരാജ് പറഞ്ഞു.
സച്ചി സംവിധാനം ചെയ്ത അനാര്‍ക്കലി സിനിമയുടെയും, പൃഥ്വി രാജ് തന്നെ സംവിധാനം ചെയ്ത ലൂസിഫര്‍ എന്ന സിനിമയുടെയും ഷൂട്ടിങ്ങിനായി ലക്ഷദ്വീപില്‍ പോയപ്പോഴുള്ള അനുഭവങ്ങളും പൃഥ്വിരാജ് ഫേസ്ബുക്കില്‍ എഴുതി.