വാഹനാപകടത്തിന് ശേഷമുള്ള ആരോഗ്യപ്രശ്‌നങ്ങള്‍ മൂലം സിനിമയില്‍ നിന്ന് വര്‍ഷങ്ങളായി വിട്ടുനില്‍ക്കുകയാണ് മലയാളത്തിന്റെ അതുല്യ നടന്‍ ജഗതി ശ്രീകുമാര്‍. ജഗതി ശ്രീകുമാറിന് പകരക്കാരില്ലെന്ന് ബോധ്യപ്പെടുത്തുന്നതാണ് ആ നടന്‍ മാറിനിന്ന കാലയളവ്. മേക്കപ്പ് മാന്‍ എന്ന സിനിമയുടെ ചിത്രീകരണാനുഭവം ഓര്‍ത്തെടുത്ത് ജഗതി ശ്രീകുമാര്‍ എന്ന നടന്റെ സിനിമയോടുള്ള സമര്‍പ്പണ മനോഭാവം വിശദീകരിക്കുകയാണ് നിര്‍മ്മാതാവ് രജപുത്ര രഞ്ജിത്ത്. ജഗതിയെ മാറ്റിനിര്‍ത്തി മലയാള സിനിമയുടെ ചരിത്രം പറയാനാവില്ലെന്നും രഞ്ജിത്ത് പറയുന്നു. പ്രശസ്ത ഫോട്ടോഗ്രാഫര്‍ ജയപ്രകാശ് പയ്യന്നൂരിന്റെ ഷട്ടര്‍ സ്‌റ്റോക്ക് എന്ന യൂട്യൂബ് ചാനലിലൂടെയാണ് രഞ്ജിത്ത് ജഗതിയുടെ സിനിമയോടുള്ള അഭിനിവേശത്തെ കുറിച്ച് സംസാരിക്കുന്നത്.
അവിടെ ഉദ്ഘാടനം, ഇവിടെ ഷൂട്ടിംഗ്
ജയറാമിനെ നായകനാക്കി ഷാഫി സംവിധാനം ചെയ്ത് രഞ്ജിത്ത് നിര്‍മ്മിച്ച മേക്കപ്പ് മാന്‍ എന്ന ചിത്രത്തിന്റെ അവസാന ഷൂട്ടിങ്ങ് ഷെഡ്യൂള്‍ ഹൈദരാബാദിലെ രാമോജി റാവു ഫിലിം സിറ്റിയില്‍ പുരോഗമിക്കുന്ന സമയത്താണ് സംഭവം. ഷൂട്ടിങ്ങിന് തീയതി നിശ്ചയിച്ച് താന്‍ ജഗതി ചേട്ടനെ വിളിച്ചപ്പോള്‍ എല്ലാം തീരുമാനിച്ചോളാനും ഷൂട്ടിംഗ് തുടങ്ങുന്ന അന്ന് തന്നെ താന്‍ എത്തി കൊള്ളാം എന്നും പറഞ്ഞു. അങ്ങനെ എല്ലാം സെറ്റ് ചെയ്തു. ഷൂട്ടിങ് അടുക്കാറായ ദിവസം വീണ്ടും ജഗതി ചേട്ടനെ വിളിച്ചപ്പോഴാണ് അദ്ദേഹം പറയുന്നത് അന്നേദിവസം മകന്റെ ഒരു സ്ഥാപനത്തിന്റെ ഉദ്ഘാടനം ഉണ്ടായിരുന്നുവെന്നും താന്‍ ആയിരുന്നു അത് ചെയ്യേണ്ടതെന്നും. അദ്ദേഹം ആകെ വിഷമിച്ചാണ് അന്ന് സംസാരിച്ചതെന്ന് രജപുത്ര രഞ്ജിത്ത്. പെട്ടെന്നുതന്നെ ഞാന്‍ ജഗതി ചേട്ടനോട് പറഞ്ഞു ഒരു ദിവസം ഞങ്ങള്‍ എല്ലാവരും വെയിറ്റ് ചെയ്യാം ചേട്ടന്‍ ആ പരിപാടി കഴിഞ്ഞ് വന്നാല്‍ മതി.
കുറച്ചു കഴിഞ്ഞ് അദ്ദേഹം തിരിച്ചു വിളിച്ചിട്ട് പറഞ്ഞു. ഒന്നും എനിക്ക് വേണ്ടി മാറ്റി വെക്കേണ്ട കൃത്യസമയത്ത് തന്നെ നമുക്ക് ഷൂട്ടിംഗ് തുടങ്ങാം. അങ്ങനെ ജഗതിച്ചേട്ടന്‍ ചിത്രീകരണത്തിന്റെ അന്ന് രാവിലെ സെറ്റില്‍ എത്തിച്ചേരുകയും മേക്കപ്പ്മാനില്‍ അഭിനയിക്കുകയും ചെയ്തു. മകന്റെ സ്ഥാപനത്തിന് ആര് ഉദ്ഘാടകനായി എന്ന് ചോദിച്ചപ്പോള്‍ ജഗതി ചേട്ടന്‍ പറഞ്ഞത് ഇങ്ങനെയാണ്, എന്റെ മകനെ ഞാന്‍ കാര്യങ്ങള്‍ പറഞ്ഞു മനസ്സിലാക്കിയിട്ടുണ്ട്. എന്റെ മകനാണ് അവനെന്ന് എല്ലാവര്‍ക്കും അറിയാം. അതുകൊണ്ട് എനിക്ക് പകരം അവന്റെ അമ്മ ഉദ്ഘാടനം ചെയ്താലും കുഴപ്പമില്ല. പക്ഷേ ഞാന്‍ ചെന്നില്ലെങ്കില്‍ ബുദ്ധിമുട്ടിലാകുന്നത് ആ സിനിമയുടെ നിര്‍മ്മാതാവാണ്. ഇത്രയും പണവും മുടക്കി സമയവും കണ്ടെത്തി കുറേ മനുഷ്യര്‍ എനിക്കുവേണ്ടി കാത്തുനില്‍ക്കുമ്പോള്‍ എങ്ങനെയാണ് കണ്ടില്ല എന്ന് നടിക്കുക.
താന്‍ അടക്കമുള്ളവരെ നെഞ്ചോട് ചേര്‍ത്ത് പിടിച്ചാണ് ജഗതി ശ്രീകുമാര്‍ ഇത്രകാലവും സിനിമയില്‍ നിന്നതെന്നും അദ്ദേഹത്തിന്റെ അഭാവം വലിയൊരു വിടവ് തന്നെയാണ് മലയാളസിനിമയില്‍ ഉണ്ടാക്കിയിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞവസാനിപ്പിക്കുന്നു.