കേരളാ ചലച്ചിത്ര അക്കാദമി ജനറല്‍ കൗണ്‍സില്‍ അംഗമാകാന്‍ ഇല്ലെന്ന് നടന്‍ ഇന്ദ്രന്‍സ്. അക്കാദമി സെക്രട്ടറിയായിരുന്ന മഹേഷ് പഞ്ചുവിനെ പുറത്താക്കിക്കൊണ്ട് അക്കാദമി ജനറല്‍ കൗണ്‍സില്‍ കഴിഞ്ഞ ദിവസം പുനസംഘടിപ്പിച്ചിരുന്നു. അഭിനയിച്ച സിനിമകള്‍ ഇത്തവണ സംസ്ഥാന ചലച്ചിത്ര അവാര്‍ഡിന് മത്സരിക്കുന്ന സാഹചര്യത്തില്‍ അക്കാദമിയില്‍ അംഗമാകുന്നതിലെ അനൗചിത്യം മുന്‍നിര്‍ത്തിയാണ് ഇന്ദ്രന്‍സ് പദവി ഏറ്റെടുക്കേണ്ടെന്ന് തീരുമാനിച്ചത്.
സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് ജൂറിയെ നിശ്ചയിക്കുന്നതിനെ ചൊല്ലി അക്കാദമിയില്‍ കടുത്ത ഭിന്നതകള്‍ ഉണ്ടായിരുന്നു. ഇതിന് പിന്നാലെയാണ് സെക്രട്ടറി മഹേഷ് പഞ്ചുവിനെ ഒഴിവാക്കി ജനറല്‍ കൗണ്‍സില്‍ പുനസംഘടിപ്പിച്ചത്. അക്കാദമി ചെയര്‍മാന്‍ കമല്‍, വൈസ് ചെയര്‍പേഴ്‌സണ്‍ ബീനാ പോള്‍ എന്നിവര്‍ ജൂറിയെ നിശ്ചയിക്കുന്നതിലും അവാര്‍ഡ് നിര്‍ണയത്തിലും സ്വജനപക്ഷപാതം കാണിക്കുന്നുവെന്നായിരുന്നു ഒരു വിഭാഗത്തിന്റെ വിമര്‍ശനം. കമലിന്റെ മകന്‍ സംവിധാനം ചെയ്ത നയന്‍ അവാര്‍ഡിന് മത്സരിക്കുന്ന സാഹചര്യത്തില്‍ ജൂറി ചെയര്‍മാനെയും അംഗങ്ങളെയും കമല്‍ നിശ്ചയിക്കുന്നത് അംഗീകരിക്കാനാകില്ലെന്നതായിരുന്നു മഹേഷ് പഞ്ചുവിന്റെ നിലപാട്.
ധാര്‍മ്മികത ഉയര്‍ത്തികാട്ടിയുള്ള ഇന്ദ്രന്‍സിന്റെ രാജി മാതൃകാപരമാണെന്ന് ഡോ.ബിജു. 2016ല്‍ അക്കാദമി ജനറല്‍ കൗണ്‍സില്‍ രൂപീകരിച്ചപ്പോള്‍ തന്നെ ഉള്‍പ്പെടുത്തിരുന്നുവെന്നും നിരന്തരമായി സിനിമ ചെയ്യുകയും ചലച്ചിത്ര അവാര്‍ഡില്‍ മത്സരിക്കുകയും ചെയ്യുന്ന സാഹചര്യത്തില്‍ ജൂറിയെ തിരഞ്ഞെടുക്കുന്ന ഭരണസമിതിയില്‍ ഇരിക്കുന്നതില്‍ നിയമപ്രശ്‌നം ഇല്ലെങ്കിലും ധാര്‍മ്മികമായി ശരിയല്ലെന്ന് മനസിലാക്കിയായിരുന്നു രാജിയെന്നും ഡോ.ബിജു.