കോവിഡ് വ്യാപനം സൃഷ്ടിച്ച സ്തംഭനാവസ്ഥ മറികടക്കാന്‍ ദിവസവേതനക്കാര്‍ക്കായി സാമ്പത്തിക പാക്കേജ് പ്രഖ്യാപിക്കാന്‍ ചലച്ചിത്ര സാങ്കേതിക പ്രവര്‍ത്തകരുടെ സംഘടന ഫെഫ്ക. വരുന്ന രണ്ട് മാസം ചലച്ചിത്ര നിര്‍മ്മാണ മേഖല നിശ്ചലമാകാനുള്ള സാഹചര്യം പരിഗണിച്ച് യൂണിറ്റ് അംഗങ്ങള്‍ ഉള്‍പ്പെടെ ദിവസവേതനം കൊണ്ട് ജീവിതം പുലര്‍ത്തുന്ന വലിയൊരു വിഭാഗം ചലച്ചിത്ര പ്രവര്‍ത്തകര്‍ക്കായി സാമ്പത്തിക സഹായവും അവശ്യസാധനങ്ങളുടെ ലഭ്യത ഉറപ്പാക്കലും ഉള്‍പ്പെടെ വലിയ പദ്ധതിയാണ് ഫെഫ്ക ആലോചിക്കുന്നത്. ആലോചനാ വേളയില്‍ തന്നെ മോഹന്‍ലാലില്‍ നിന്ന് വലിയൊരു സാമ്പത്തിക സഹായ വാഗ്ദാനം ലഭിച്ചതായി ജനറല്‍ സെക്രട്ടറി ബി ഉണ്ണിക്കൃഷ്ണന്‍ ദ ക്യുവിനോട് പറഞ്ഞു. ആദ്യമായി സഹായവാഗ്ദാനം ഉണ്ടായത് മോഹന്‍ലാലില്‍ നിന്നാണ്.
ചിത്രീകരണം ഉള്‍പ്പെടെ നിര്‍മ്മാണ പ്രവര്‍ത്തനം നിലച്ചപ്പോള്‍ തന്നെ ദിവസവേതനത്തിന് ജോലി ചെയ്യുന്ന തൊഴിലാളികള്‍ക്കായി എന്ത് ചെയ്യുമെന്ന് ആലോചിച്ചിരുന്നു. മാര്‍ച്ച് 25ന് ഫെഫ്കയുടെ ജനറല്‍ കൗണ്‍സില്‍ നടക്കുന്നുണ്ട്. വെര്‍ച്വല്‍ സ്‌പേസിലാണ് ജനറല്‍ കൗണ്‍സില്‍. വാട്‌സ് ആപ്പിലായിരിക്കും ജനറല്‍ കൗണ്‍സില്‍. 5200 ഓളം ദിവസ വേതനക്കാരായ തൊഴിലാളികളുണ്ട്. ഭക്ഷ്യസാധനങ്ങള്‍ ലഭ്യമാക്കുന്നതും മെഡിക്കല്‍ സൗകര്യങ്ങളും സാമ്പത്തിക പാക്കേജുമാണ് ആലോചിക്കുന്നത്. മോഹന്‍ലാലിന് പിന്നാലെ തെലുങ്ക് സൂപ്പര്‍താരം അല്ലു അര്‍ജുനാണ് സഹായ വാഗ്ദാനവുമായി എത്തിയത്. ബി ഉണ്ണിക്കൃഷ്ണന്‍ ദ ക്യുവിനോട് പറഞ്ഞു.
ലോക്ക് ഡൗണിന് ഏഴ് ദിവസം മുമ്പ് തന്നെ ചലച്ചിത്ര മേഖലയിലെ തൊഴിലാളികള്‍ക്ക് വേണ്ടിയുള്ള പദ്ധതിയുടെ കാര്യം തീരുമാനിച്ചിരുന്നു. തിയറ്ററുകള്‍ അടച്ചിട്ടതും റിലീസുകള്‍ മാറ്റിവച്ചതും ചിത്രീകരണവും നിര്‍മ്മാണവും മുടങ്ങിയതും 150 കോടിയിലേറെ രൂപയുടെ സാമ്പത്തിക നഷ്ടമാണ് മലയാള ചലച്ചിത്ര വ്യവസായത്തിന് ഉണ്ടാക്കിയിരിക്കുന്നതെന്നാണ് വിലയിരുത്തല്‍. വിഷു റിലീസ് കൂടി മുടങ്ങുന്ന സാഹചര്യം ഫെസ്റ്റിവല്‍ സീസണ്‍ കളക്ഷന്‍ എന്ന സാധ്യതയെയും ബാധിക്കും.