Film Events

'ഈശോ' സിനിമ സര്‍ക്കാര്‍ നിരോധിക്കണമെന്ന് കത്തോലിക്ക കോണ്‍ഗ്രസ്

നാദിര്‍ഷ സംവിധാനം ചെയ്യുന്ന ഈശോ, കേശു ഈ വീടിന്റെ നാഥന്‍ എന്നീ സിനിമകള്‍ നിരോധിക്കണമെന്ന് കത്തോലിക്ക കോണ്‍ഗ്രസ്. ഈ ആവശ്യം ഉന്നയിച്ച് ഓഗസ്റ്റ് 18ന് സെക്രട്ടറിയറ്റ് ധര്‍ണ നടത്തുമെന്നും കത്തോലിക്ക കോണ്‍ഗ്രസ് ഭാരവാഹികള്‍. സംഘടനാ നേതാക്കളും ഭാരവാഹികളും പങ്കെടുക്കുമെന്നും സംഘടന.

സിനിമയുടെ പേര് മാറ്റില്ലെന്നും നോട്ട് ഫ്രം ബൈബിള്‍ എന്ന ടാഗ് ലൈന്‍ മാറ്റിയതായും നാദിര്‍ഷ അറിയിച്ചിരുന്നു. ക്രൈസ്തവ വിശ്വാസവുമായി ബന്ധപ്പെട്ടല്ല രണ്ട് സിനിമയുടെയും പേരുകളും ഉള്ളടക്കവും. സിനിമ കാണാതെ പേരുകളെച്ചൊല്ലി വിഭാഗീയ സൃഷ്ടിക്കുന്നതിനെതിരെ ചലച്ചിത്ര സംഘടന ഫെഫ്കയും രംഗത്ത് വന്നിരുന്നു. ഇതേ പേരുകളുമായി മുന്നോട്ട് പോകാനുള്ള നാദിര്‍ഷയുടെ തീരുമാനത്തെ പിന്തുണക്കുമെന്നാണ് ഫെഫ്കയുടെ നിലപാട്.

കത്തോലിക്ക കോണ്‍ഗ്രസിന് പുറമേ ജനപക്ഷം നേതാവ് പി.സി ജോര്‍ജ്ജും ഈശോ എന്ന പേരിനെതിരെ രംഗത്ത് വന്നിരുന്നു. ജയസൂര്യ നായകനാകുന്ന ഈശോ സുനീഷ് വാരനാട് തിരക്കഥ എഴുതുന്ന ചിത്രമാണ്. സിനിമയുടെ പ്രഖ്യാപന വേളയിലോ ഷൂട്ടിംഗ് ഘട്ടത്തിലോ ഇല്ലാത്ത വിവാദം പെട്ടെന്നുണ്ടായതിന്റെ കാരണം മനസിലാകുന്നില്ലെന്ന് സുനീഷ് വാരനാടും പ്രതികരിച്ചിരുന്നു.

ഫെഫ്കയുടെ വാര്‍ത്താക്കുറിപ്പ്

ശ്രീ. നാദിര്‍ഷ സംവിധാനം ചെയ്യുന്ന ഈശോ എന്ന സിനിമയുമായി ബന്ധപ്പെട്ട് സമീപ ദിവസങ്ങളില്‍ ചില തല്‍പ്പര കക്ഷികള്‍ ബോധപൂര്‍വ്വം സൃഷ്ടിച്ചുകൊണ്ടിരിക്കുന്ന വിവാദത്തില്‍ ഫെഫ്ക ഉത്കണ്ഠ രേഖപ്പെടുത്തുകയും ഈ വിഷയത്തില്‍ പ്രബുദ്ധമായ കേരളീയ പൊതുസമൂഹത്തിന്റെ സത്വര ശ്രദ്ധയും പിന്തുണയും അഭ്യര്‍ത്ഥിക്കുകയും ചെയ്യുന്നു.

സമൂഹത്തില്‍ ഭിന്നിപ്പ് ഉണ്ടാക്കുന്ന ഇത്തരം കുത്സിത നീക്കങ്ങളെ ചെറുക്കണമെന്ന് വിവേകമതികളായ കേരളീയരോട് അഭ്യര്‍ത്ഥിക്കുന്നു . വിശ്വാസി സമൂഹത്തില്‍ നിന്നു തന്നെ ഈ നീക്കത്തിനെതിരെ സിനിമക്ക് അനുകൂലമായി ശബ്ദങ്ങള്‍ ഉയരുന്നുണ്ട് എന്നത് ഏറെ പ്രതീക്ഷ നല്‍കുന്ന കാര്യമാണ് .

സിനിമയുടെ ടൈറ്റില്‍ ആയി കേന്ദ്ര കഥാപാത്രത്തിന്റെ പേര് വരുന്നത് ആദ്യ സംഭവമല്ല. അന്തര്‍ദേശീയ പുരസ്‌കാരങ്ങളും മുഖ്യധാരാ വിജയങ്ങളും നേടിയ ഒട്ടേറെ ചിത്രങ്ങള്‍ പ്രേക്ഷക സ്വീകാര്യതയോടെ നമ്മുടെ മുമ്പിലുണ്ട് . ഈ. മ യൗ ( ഈശോ മറിയം യൗസേപ്പ് ) , ജോസഫ് , നരസിംഹം തുടങ്ങിയ പേരുകളോടെ വന്ന ധാരാളം ചിത്രങ്ങള്‍ ഉദാഹരണങ്ങളാണ് . സിനിമ കാണുക പോലും ചെയ്യാതെ പ്രത്യേക അജണ്ടകള്‍ വെച്ച് മനുഷ്യരെ വിവിധ ചേരികളായി വിഭജിച്ചു നിര്‍ത്താനുള്ള ഗൂഢനീക്കങ്ങള്‍ അന്നൊന്നും ഉണ്ടായിട്ടില്ല .

ജാതി , മത , രാഷ്രീയ , പ്രാദേശിക വിഭജനങ്ങളില്ലാതെ , പൂര്‍ണ്ണമായും സാമുദായിക സൗഹാര്‍ദ്ദത്തോടെ പ്രവര്‍ത്തിക്കുന്ന തൊഴില്‍ ഇടമാണ് ചലച്ചിത്ര മേഖല .

വോട്ടെണ്ണല്‍; വയനാട്ടില്‍ മുന്നേറി പ്രിയങ്ക, പാലക്കാട് ലീഡ് തിരികെപ്പിടിച്ച് രാഹുല്‍, ചേലക്കരയില്‍ പ്രദീപ്- LIVE

മമ്മൂട്ടി ചിത്രം പുഴുവിന് ശേഷം രതീന പി ടിയുടെ സംവിധാനം, 'പാതിരാത്രി' ചിത്രീകരണം പൂർത്തിയായി

ആ സിനിമയുടെ പേരിൽ ഞാനും പ്രിയദർശനും വഴക്കു കൂടിയിട്ടുണ്ട്, പ്രതീക്ഷിച്ച ക്ലൈമാക്സ് ആയിരുന്നില്ല സിനിമയ്ക്ക്: ജഗദീഷ്

ലോക ടൂറിസം ഓർഗനൈസേഷനിൽ അഫിലിയേറ്റ് അംഗമായി ഐസിഎല്‍

ടൊവിനോ ചിത്രം 'നരിവേട്ട'യുടെ പേരിൽ വ്യാജ കാസ്റ്റിം​ഗ് കോൾ തട്ടിപ്പ്, ആളുകൾ ജാഗ്രത പാലിക്കണമെന്ന് സംവിധായകൻ അനുരാജ് മനോഹർ

SCROLL FOR NEXT