അഭിനേതാക്കള്‍ക്ക് തിരക്കഥ പൂര്‍ണമായി വായിക്കാന്‍ കൊടുക്കാറില്ലെങ്കിലും മമ്മൂട്ടിക്ക് മാത്രം മതിലുകള്‍ എന്ന ചിത്രത്തില്‍ ഇളവ് നല്‍കിയ അനുഭവം പങ്കുവെച്ച് സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണന്‍. ജീവിച്ചിരിക്കുന്ന ബഷീറിനെയല്ലേ അവതരിപ്പിക്കേണ്ടത്, അതിനാല്‍ സ്‌ക്രിപ്റ്റ് വായിക്കാന്‍ തരണം, ഒരു എക്‌സപ്ഷന്‍ ചെയ്യണം എന്ന് മമ്മൂട്ടി പറഞ്ഞു. മമ്മൂട്ടിയുടെ കാര്യത്തില്‍ ഒരു എക്‌സപ്ഷനാണ് എന്നുപറഞ്ഞ് തിരക്കഥ വായിക്കാന്‍ കൊടുത്തു. അതുവായിച്ച് സ്‌ക്രിപ്റ്റ് മടക്കുമ്പോള്‍ ചിത്രത്തില്‍ അഭിനയിക്കാന്‍ നടന്‍ വളരെ ആവേശത്തിലായിരുന്നുവെന്നും അടൂര്‍ പറയുന്നു. ചലച്ചിത്ര അക്കാദമിയുമായി സഹകരിച്ച് പാവനാത്മ കോളജ് ഇംഗ്ലീഷ് വിഭാഗം സംഘടിപ്പിക്കുന്ന ഇന്റര്‍നാഷണല്‍ വിര്‍ച്വല്‍ ലിറ്റററി ഫെസ്റ്റിവലിന്റെ ഉദ്ഘാടനം നിര്‍വഹിച്ചുകൊണ്ടുള്ള അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
മമ്മൂട്ടിക്ക് എക്‌സപ്ഷന്‍
മതിലുകള്‍ എന്ന ചിത്രത്തിന്റെ തിരക്കഥ വായിക്കാന്‍ മമ്മൂട്ടി വളരെയേറെ ആഗ്രഹം പ്രകടിപ്പിച്ചു. സാറ് കാണിക്കില്ലെന്നറിയാം. എന്നാലും ഒന്ന് കാണിക്കണം, ജീവിച്ചിരിക്കുന്ന ബഷീറിനെയല്ലേ ഞാന്‍ അവതരിപ്പിക്കേണ്ടത്, തിരക്കഥ തന്നാല്‍ കൊള്ളാം, ഒരു എക്‌സപ്ഷന്‍ ചെയ്യണമെന്ന് പറഞ്ഞു. മമ്മൂട്ടിയുടെ കാര്യത്തില്‍ ഒരു എക്‌സപ്ഷന്‍ എന്നുപറഞ്ഞാണ് തിരക്കഥ വായിക്കാന്‍ കൊടുത്തത്. ഭയങ്കര ത്രില്‍ഡ് ആയിട്ടാണ് അദ്ദേഹം സ്‌ക്രിപ്റ്റ് മടക്കിത്തന്നത്. ഒരു സിനിമയുടെ തിരക്കഥ എങ്ങനെയായിരിക്കണമെന്ന് അറിയണമെങ്കില്‍ ഈ സ്‌ക്രിപ്റ്റ് വായിച്ചുനോക്കിയാല്‍ മതിയെന്ന് മമ്മൂട്ടി പല തിരക്കഥാകൃത്തുക്കളോടും പറയുകയും ചെയ്തു. മതിലുകളില്‍ അഭിനയിക്കാന്‍ മമ്മൂട്ടി അത്രയേറെ എക്‌സൈറ്റഡായിരുന്നു. ബഷീര്‍ ആ കൃതിയില്‍ തന്നെ വളരെ സുന്ദരനായാണ് അവതരിപ്പിക്കുന്നത്. അങ്ങനെ നോക്കുമ്പോള്‍ മമ്മൂട്ടി വളരെ നാച്ചുറലായി വന്ന നടനാണ്. ആ രീതിയില്‍ സൗന്ദര്യമുള്ള വ്യക്തി എന്ന നിലയില്‍. കൂടാതെ ബഷീറിന്റെ കൃതികള്‍ വായിച്ച ധാരണയുമായാണ് മമ്മൂട്ടി വന്നത്.
ക്യു’ ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം
ബഷീറിന്റെ ചോദ്യങ്ങള്‍
ആരാണ് നാരായണിയായി അഭിനയിക്കുന്നതെന്ന് ബഷീര്‍ ചോദിച്ചു. അങ്ങനെയാരും അഭിനയിക്കുന്നില്ലെന്ന് മറുപടി നല്‍കി. എങ്കില്‍ പടം നന്നാകുമെന്ന് അദ്ദേഹം പറഞ്ഞു. അത് ഒരു അപ്രൂവലായിരുന്നു. പ്രദര്‍ശിപ്പിക്കുന്നതിന് മുന്‍പ് ആദ്യം ബഷീറിനെ കണിക്കാന്‍ എംടിയുടെ സഹായത്തോടെ കോഴിക്കോട്ട് സ്‌ക്രീനിംഗ് ഒരുക്കി. അന്ന് രാവിലെ തന്നെ ബഷീറും ഭാര്യയും ഞങ്ങള്‍ താമസിക്കുന്ന ഹോട്ടലിലെത്തി. സിനിമ കാണാനുള്ളതുകൊണ്ട് തലേന്ന് രാത്രിയില്‍ ബഷീര്‍ ഉറങ്ങിയില്ലെന്ന് ഭാര്യ പറഞ്ഞു. അതുകേട്ടപ്പോള്‍ എനിക്ക് ഒന്നുകൂടി പ്രശ്‌നമായി. അദ്ദേഹം വളരെ പ്രതീക്ഷയോടെയിരിക്കുകയാണ്. എന്തെങ്കിലും കരട് വന്നാല്‍ എന്താകുമെന്ന് ചിന്തിച്ചു. അപ്പോള്‍, ജയിലില്‍ നിന്ന് വിടുതല്‍വാങ്ങി പുറത്തുവരുന്ന നായകന്‍ റോസാപ്പൂവുമായി നില്‍ക്കുന്നതായിട്ടാണോ സിനിമ അവസാനിക്കുന്നതെന്ന് അദ്ദേഹം ചോദിച്ചു. അദ്ദേഹം ആ കൃതി അവസാനിപ്പിക്കുന്നത് അങ്ങനെയാണ്. അല്ലെന്ന് ഞാന്‍ ശബ്ദം താഴ്ത്തി പറഞ്ഞു. പിന്നെ ബഷീര്‍ ഒന്നും പറഞ്ഞില്ല. ശേഷം പടം കണ്ടു.അദ്ദേഹത്തിന്റെ ബന്ധുക്കളൊക്കെയുണ്ടായിരുന്നു. എല്ലാവരും എഴുന്നേറ്റിട്ടും ബഷീര്‍ അവിടെ തന്നെയിരുന്നു. സംശയിച്ചുകൊണ്ട് ഞാന്‍ പതുക്കെ അടുത്തു ചെന്നു. അപ്പോള്‍ എന്നെ തലയുയര്‍ത്തി നോക്കി. അദ്ദേഹത്തിന്റെ കണ്ണുനിറഞ്ഞിരുന്നു. നോട്ട് എ ഡള്‍ മൊമന്റ്. എന്ന് പറഞ്ഞു. അത് കേട്ടപ്പോള്‍ വലിയ സന്തോഷമായി. എഴുതിയ ആളാണ് പറയുന്നത്. അത് അദ്ദേഹത്തിന്റെ മഹത്വവുമാണ്. ബഷീറിന്റെ ഏത് കഥവേണമെങ്കിലും ഗോപാലകൃഷ്ണന് ഫ്രീയായി എടുത്ത് സിനിമ ചെയ്യാമെന്ന് അദ്ദേഹം കോഴിക്കോട് പ്രസ്‌ക്ലബ്ബിലെ മീറ്റ് ദ പ്രസില്‍ പറയുകയും ചെയ്തു.
Director Adoor Gopalakrishnan Shares on his Experiences With Mammootty and Basheer in Mathilukal
ക്യു’ ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം